Image

പാടാം ഒരു ഓണപ്പാട്ട് (സുധീർ പണിക്കവീട്ടിൽ)

Published on 24 August, 2022
പാടാം ഒരു ഓണപ്പാട്ട് (സുധീർ പണിക്കവീട്ടിൽ)

(ഇ-മലയാളിയുടെ ഓണപ്പാട്ട് വിഭാഗത്തിലേക്ക് ഓണത്തെപ്പറ്റി ഒരു നാടൻപാട്ട്)

കർക്കിടകം പെയ്‌തൊഴിഞ്ഞേ 
കാർമേഘം മാഞ്ഞു പോയെ 
വെയിലാട ചുറ്റി ചിങ്ങം 
ഓണക്കുറി തൊട്ടു വന്നേ....

പാൽക്കുടങ്ങൾ  ഏന്തി വരും 
സ്വർലോക സുന്ദരിമാർ 
ഇറ്റിക്കും പാൽകണങ്ങൾ
തുമ്പപൂവ്വായി നിറഞ്ഞേ

മണ്ണാകെ പൂവണിഞ്ഞു 
മാലോകർ അണിഞ്ഞൊരുങ്ങി 
കാറ്റേതൊ പാട്ടിനീളം 
മൂളി വന്നു – ഓണമായി

കൈക്കൊട്ടിക്കളികളുമായി  
അംഗനമാർ അണിനിരന്നു 
മലയാള നാട്ടിലെല്ലാം 
മാവേലി പാട്ടിൻ താളം

അത്തച്ചമയം കണ്ടവരെല്ലാം 
ചൊല്ലുന്നുണ്ടിനി പത്തിന് ഓണം 
അതുവരെ കോടിയുടുത്തുകൊണ്ടേ 
ഓണപ്പൂക്കൾ ചൂടി നടക്കാം

ഓണത്തല്ലും കയ്യാങ്കളിയും 
തുമ്പിതുള്ളലും വടം വലിയും 
മലയാളക്കര ഉണരുകയായി 
വഞ്ചിപ്പാട്ടും കേൾക്കാറായി

വരവേൽക്കാം തമ്പുരാനെ 
പ്രജകൾക്ക് പ്രിയമുള്ളോനെ
ഇലയിട്ട് ഓണസദ്യ 
മാവേലിക്കൊപ്പം ഉണ്ണാം

ശുഭം

Join WhatsApp News
അയ്യപ്പൻ കവി . 2022-08-25 00:33:34
"കൈക്കൊട്ടിക്കളികളുമായി  അംഗനമാർ അണിനിരന്നു മലയാള നാട്ടിലെല്ലാം മാവേലി പാട്ടിൻ താളം" അപ്പുറത്ത് ഒരു കവി കരയുന്നു . ഇപ്പുറത്ത് ഒരു കവി ആനന്ദംകൊണ്ടു തുള്ളി ചാടുന്നു . മാവേലിയാണ് കവിതയുടെ ആശയം എങ്കിലും വിഷയം, വിഷയം തന്നെ . അംഗനമാർ ഇല്ലെങ്കിൽ ഈ പ്രപഞ്ചം അർഥശൂന്യമാണ് കവി . പക്ഷെ എന്തു ചെയാം കവികൾക്ക് അവരുടെ സൗന്ദര്യത്തെക്കുറിച്ച് എഴുതാനല്ലേ വിധിച്ചിട്ടുള്ളു. മാവേലിയുടെ മറവിൽ നിന്ന് നമ്മൾക്ക് എഴുതാം കവി. സുന്ദരികൾ ഇല്ലെങ്കിൽ കവിത ഇല്ല കവിയില്ല . മാവേലി വരട്ടെ എല്ലാ വരഷവും വരട്ടെ . സുന്ദരികൾ അവരുടെ നിതംബം ഇളക്കി കയ്യുകൊട്ടിക്കളി നടത്തട്ടെ . നിങ്ങളുടെ കവിത സുന്ദരമായിരുന്നു . പക്ഷെ കവികൾക്ക് എഴുതാനല്ലേ പറ്റൂ . അവർ ഹൃദയശുദ്ധിയുള്ളവരാണ് . അവർ എഴുതി എഴുതി അവാർഡ് കിട്ടാതെ വല്ല ഓടയിലും കള്ളടിച്ചു അമേരിക്കയിൽ ആണെങ്കിൽ വോഡ്ക്ക അടിച്ചു മരിച്ചു വീഴും. പേടിക്കണ്ട ഞാൻ ആരുടെയും വാതിലിൽ പോയി മുട്ടില്ല . ഒന്നുകിൽ ഓടയിൽ കാണാം അല്ലെങ്കിൽ സ്വർഗ്ഗത്തിൽ കാണാം . നിങ്ങൾ സ്നേഹിച്ച നിങ്ങളുടെ സ്വന്തം ..
jyothylakshmy 2022-08-25 10:24:05
ആഘോഷങ്ങളും, പ്രകൃതി രമണീയതയും കവിഹൃദയങ്ങളെ വാചാലരാക്കുന്നു. ഇവിടെ പ്രകൃതിയൊരുക്കുന്ന ഓണാക്കാഴ്ചകളിൽ മതിമറന്നു പ്രവഹിച്ച വരികൾ മനോഹരം. എല്ലാ ഇ-മലയാളി എഴുത്തുകാർക്കും, വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
Sudhir Panikkaveetil 2022-08-26 12:54:18
ദിവംഗതനായിട്ടും വായിക്കുകയും എഴുതുകയും ചെയ്യുന്ന ശ്രീ അയ്യപ്പൻ കവിക്കും ശ്രീമതി ജ്യോതിലക്ഷ്മിക്കും നന്ദി.
KOCHAR SHANKAR 2022-08-27 16:35:47
സ്വാതിഷ്ട്ടങ്ങളായ പല വിധ വിഭവങ്ങളൊരുക്കി ഓണസ്സദ്യ ഉണ്ണുന്നതു ബഹു കേമം തന്നെ.. ഒപ്പം പ്രകൃതിയിലൂടെയും കേരളക്കരയുടെ തന്നതായ കലാ വൈവിദ്യങ്ങളിലൂടെയും ഊളിയിട്ട് അതിന്റെ കൂടെ ഭംഗിയെ വരികളിൽ ത്രസിപ്പിച്ചു വായനക്കാർക്കു നൽകിയ പ്രിയ സുധിർ ജി ക്ക്‌ പ്രത്യേക... ഓണാശംസകൾ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക