Image

പ്രതിരോധ മേഖലയ്ക്കായി പുത്തൻ ഉപകരണങ്ങൾ (ദുർഗ മനോജ്)

Published on 25 August, 2022
പ്രതിരോധ മേഖലയ്ക്കായി പുത്തൻ ഉപകരണങ്ങൾ (ദുർഗ മനോജ്)
 
നിയന്ത്രിത മേഖലകളിലേയും പൊതുസ്ഥലങ്ങളിലേയും സാമൂഹിക വിരുദ്ധരെ തിരിച്ചറിയാൻ കഴിയുന്ന മുഖം തിരിച്ചറിയൽ സംവിധാനം ഇന്ത്യ വികസിപ്പിച്ചെടുത്തു. കുറഞ്ഞ റെസല്യൂഷനിൽ പോലും മുഖം തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാണ് സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. പ്രശ്‌നബാധിത പ്രദേശങ്ങളുടെ നിരീക്ഷണത്തിനും സൈനിക സ്ഥാപനങ്ങളിലും അതിർത്തി പ്രദേശങ്ങളിലും അത്യാന്താധുനിക സുരക്ഷ ഉറപ്പാക്കുന്നതിനും ഈ സംവിധാനം ഉപയോഗപ്പെടുത്താം.  ആർട്ടിഫിഷൽ ഇന്‍റലിജൻസ് സംവിധാനത്തിലൂടെ കൃത്യമായി വിവരശേഖരണം നടത്താനും തീവ്രവാദികളെ പ്രതിരോധിക്കാനും ഇതിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
 
' ആൾ ഇൻ ഡിഫെൻസ്' എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇന്ത്യൻ സൈന്യത്തിനായി വികസിപ്പിച്ചെടുത്ത മറ്റ് സംവിധാനങ്ങളോട് ഒപ്പമാണ് പ്രതിരോധ മന്ത്രാലയം ഈ പുതിയ സംവിധാനത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.
 
 
വനമേഖലകളിൽ നിരീക്ഷണ കാമറകൾ പകർത്തിയ ചിത്രങ്ങൾക്ക് റെസല്യൂഷൻ കുറവായിരിക്കും. കൂടാതെ തിരിച്ചറിയാൻ പ്രയാസവുമായിരിക്കും. എംഒഡി റിപ്പോർട്ട് പ്രകാരം ഈ സംവിധാനത്തിന് മുഖംമൂടികൾ, താടി, മീശ, വിഗ്ഗുകൾ, സൺഗ്ലാസുകൾ, ശിരോവസ്‌ത്രം, മങ്കി കാപ്‌സ്, തൊപ്പികൾ തുടങ്ങി ഏത് വേഷത്തിലും മുഖം തിരിച്ചറിയാൻ കഴിയുന്നതായിരിക്കും. ഇത് മാത്രമല്ല, തത്സമയ വീഡിയോ നിരീക്ഷണത്തിനായി ഈ സംവിധാനം നിയന്ത്രിത മേഖലകളിലും പൊതു സ്ഥലങ്ങളിലും ഉപയോഗിക്കാനും സാധിക്കും. ഈ സംവിധാനത്തില്‍, വിവിധ നിരീക്ഷണ കാമറകൾ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ ഒരു കമ്പ്യൂട്ടർ സെർവറിലോ വിവിധ ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകളോ വഴി വളരെ ചെറിയ സമയം കൊണ്ട് പ്രോസസ്‌ ചെയ്‌ത് കമ്പ്യൂട്ടർ ഗ്രാഫിക്‌സിനും ഫോട്ടോകളുടെ വിവിധ ഉപയോഗത്തിനും സഹായിക്കും. ഒരു ജിപിയുവിൽ (ഗ്രാഫിക്‌സ്‌ പ്രോസസിങ് യൂണിറ്റുകൾ) ഒന്നിലധികം കാമറകൾ ഉപയോഗിക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ജിപിയുവിന്‍റെ പരമാവധി ഉപയോഗവും ഈ സംവിധാനം ഉറപ്പ് വരുത്തുന്നു. ഇത്തരത്തിലുള്ള മറ്റൊരു ആർട്ടിഫിഷൽ ഇന്‍റലിജൻസ് അധിഷ്‌ഠിത ഉപകരണമാണ് സീക്കർ സിസ്‌റ്റം. ഭീകരരുടെ ഭീഷണികൾ തിരിച്ചറിയുന്നതിനും ട്രാക്കു ചെയ്യുന്നതിനുമുള്ള സംവിധാനമാണിത്. രാജ്യത്തിൻ്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനും സായുധ സേനയെ ഏറ്റവും മികച്ചതാക്കി മാറ്റാനും ശക്തമായ നടപടികളാണ് പ്രതിരോധ മന്ത്രാലയം കൈകൊള്ളുന്നത്.
News summary: defence wepons
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക