Image

യാമിനി ( കഥ, കല്പിതം : ജാസ്മിൻ ജോയ് )

Published on 21 September, 2022
യാമിനി ( കഥ, കല്പിതം : ജാസ്മിൻ ജോയ്  )

ഇരുണ്ട സന്ധ്യയുടെ കവാടത്തിലൂടെ രാത്രിയിലേക്ക് കടന്നു.
ജ്ഞാനികളായ ഉലൂകങ്ങൾ ഭീഷണസ്വരത്തിൽ സ്വാഗതമോതി.
മിന്നാമിന്നികൾ വെളിച്ചം കാണിക്കുന്നു.
നിശാപുഷ്പികൾ വിടർന്ന് തുടങ്ങിയിട്ടുണ്ട്.

അകലെ ആ വീട് കാണാം..
വയലിൽ നിന്നുള്ള ഒരു വഴി ഏകാന്തമായ ആ വീട്ടിലേക്ക് നീളുന്നു.
മുകളിലെ മുറിയിൽ വെളിച്ചമുണ്ട്. ഒരു രാത്രി വീട്...പകലിൽ അദൃശ്യമാകുന്ന വീട്.
ഒരു അതിശയ കഥ അതിനു ചുറ്റുമുണ്ട്. എഴുതാൻ മോഹിക്കുന്ന ഒരു രാത്രി കഥ.
പല പകലുകളും ആ വീട് തേടി പോയി. കണ്ടില്ല..
വിശേഷപ്പെട്ട ഒരു മൗനം മാത്രം ആ തൊടിയിലുണ്ടായിരുന്നു. 
കാറ്റും കിളികളും വരെ അവിടെ നിശ്ശബ്ദരായിരുന്നു.

ഒരിക്കൽ പ്രിയ സ്നേഹിത  എന്നോട് ചോദിച്ചു:
" രാത്രി സ്വപ്നമാണോ ആ വീട്?"

മഞ്ഞും മഴയും നീല നിലാവും ചുംബിക്കുന്ന രാത്രിയുടെ താളുകളിലൂടെ മോഹിതയായ ഒരു 
നിദ്രാടകയെ
പോലെ സഞ്ചരിക്കുന്നവൾ.

വാനിൽ പവിഴമുല്ലകൾ വിടരുന്ന വൃശ്ചികരാത്രികൾ.
യാമിനിമാർ ഇരുണ്ട തഴച്ച മുടിയിൽ ചന്ദ്രപുഷ്പം ചൂടുന്ന ധനുമാസരാവുകൾ.
കറുത്ത നദി പോലെയുള്ള കർക്കടക രാത്രി .

ഒരിക്കൽ , മഴക്കാല രാത്രിയിലെ ശബ്ദപ്രപഞ്ചത്തിലേയ്ക്കുണർന്നു.
ഭേക സംഗീതവും ചിവീടുകളുടെ രാഗവിസ്താരവും കേട്ടുകൊണ്ട് കുളക്കരയിലേക്ക് നടന്നു.
അവിടെ മഴ നനഞ്ഞു കൊണ്ട് ഏതാനും പേർ സംസാരിച്ചിരിപ്പുണ്ടായിരുന്നു.

" ആരാണ് നിങ്ങൾ?"
" ഞങ്ങൾ പരേതരാണ്."
മറുപടി നൽകി കൊണ്ട് അവർ സംസാരം തുടർന്നു.

രാത്രിയുടെ ഓരോ തിരിവിലും അഗാധയാമങ്ങളിലും വെച്ച് കണ്ടുമുട്ടിയവർ..
ഗന്ധർവഗായകർ,  ആത്മാക്കൾ, യാമിനിമാർ, സ്പതർഷികൾ,  കഥാനായികമാർ , നാട്ടുഭൂതങ്ങൾ,  സ്വപ്നദേവതകൾ ..

താരകങ്ങൾ ചൂടിയ ഈ  രാത്രിയിൽ ഇപ്പോൾ
 ജഹനാര പാടുന്നു..
നിലാമഴയെ പ്രണയിച്ച ഒരു അനുരാഗിണിയെക്കുറിച്ച്.
അവളുടെ പ്രണയത്തിന് മുൻപിൽ 
നിസ്സാഹായനാകുന്ന കാമുകൻ.

പണ്ട് ,അകലെയുള്ള 
ദേശത്ത് നിന്ന് ബന്ധുവായ ഒരു മുത്തശ്ശി വരുമായിരുന്നു.
നീൾമുടിയും നീണ്ട ഉടലുമായി ഒരു സുന്ദരി മുത്തശ്ശി.
ഞങ്ങൾ അവരെ കഥാമുത്തശ്ശി എന്ന് വിളിച്ചു.

രാത്രിമുഴുവൻ മുത്തശ്ശി ഷെഹറസാദിനെപ്പോലെ കഥകൾ പറഞ്ഞു.
കുട്ടികൾ ഉറങ്ങിയാലും അവർ കഥകൾ തുടരും.

അവരുടെ കഥകളുടെ മായികപ്രകൃതിയിൽ  നിറയെ നിശാചരർ അലഞ്ഞു നടന്നു. ഭീതിയും സൗന്ദര്യവും നിറഞ്ഞ ആ ആഖ്യാനത്തിൽ ഞങ്ങൾ മയങ്ങി.

പകൽ അവർ പിറുപിറുക്കുന്നത് കണ്ടിട്ടുണ്ട്. കഥകൾ മെനഞ്ഞതായിരിക്കാം.
ഒരു മാന്ത്രിക കഥയിലെ കഥാപാത്രം പോലെ  തോന്നിച്ചിരുന്ന അവർ ഒരു രാത്രികഥ  പോലെ തന്നെ മാഞ്ഞു പോയി, കഥകൾ ബാക്കിയാക്കിക്കൊണ്ട് ..

ആരോ എഴുതിയതു പോലെ മനുഷ്യൻ  കല്പിതകഥകളുടെ സ്രഷ്ടാവ് മാത്രമല്ല, സ്വയം ഒരു കല്പിത കഥ തന്നെയാണ്.

YAAMINI STORY - FANTACY    JASMINE JOY

Join WhatsApp News
ടി കെ. ബോസ് 2022-09-21 17:55:18
കഥ സൂപ്പർ : അഭൗമ ചാരുത. ഹൃദ്യമായ ഭാഷ ആകാംഷ ഉണർത്തുന്ന രചനാതന്ത്രം . അഭിനന്ദനങ്ങൾ എഴുത്തുകാരി ::: ::
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക