Image

കരാമ ഷെയ്ഖ് കോളനി ഓർമ്മകൾ (അഞ്ചാം ഭാഗം: മിനി വിശ്വനാഥന്‍)

Published on 27 September, 2022
കരാമ ഷെയ്ഖ് കോളനി ഓർമ്മകൾ (അഞ്ചാം ഭാഗം: മിനി വിശ്വനാഥന്‍)

Read more: https://emalayalee.com/writer/171

ദുബായിലെ പുതുകാഴ്ചകളിൽ കൗതുകം തീരാതെ ഞാൻ ജനാലപ്പഴുതിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടേയിരുന്നു. സമയം അഞ്ചു മണിയോടടുക്കുമ്പോഴേക്ക് വീടിനു മുന്നിലെ പാർക്കിങ്ങിൽ പലതരം കാറുകൾ നിറഞ്ഞു തുടങ്ങി. അവയിൽ നിന്നിറങ്ങുന്ന വിധിധ ദേശക്കാരായ മനുഷ്യരെയും അവരുടെ  പലതരത്തിലുള്ള വേഷങ്ങളും ഭാവങ്ങളും ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചു. 

ഈ ബിൽഡിങ്ങിൽ എന്റെ അയൽക്കാർ ആരൊക്കെയാണെന്നറിയാനുള്ള തിടുക്കമായിരുന്നു എനിക്ക്. അപ്പോഴാണ് ഗർഭിണിയായ ഒരു സ്ത്രീയും അവരുടെ കൈ പിടിച്ച് ഒരു മിടുക്കൻ ആൺകുട്ടിയും സൂപ്പർ മാർക്കറ്റിലെ ബാഗുകളുമായി ഒരു ചെറുപ്പക്കാരനും തമാശകൾ പറഞ്ഞു ചിരിച്ചും പരസ്പരം ശ്രദ്ധിച്ചും സ്നേഹിച്ചും ഇങ്ങോട്ട് നടന്ന് കയറുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഞങ്ങൾക്ക് നേരെ എതിർ വശത്തുള്ള Flat No 4 മുന്നിലാണ് അവരുടെ നടത്തം അവസാനിച്ചത്. മലയാളിത്തം മുഖത്ത് പടർന്നിരുന്ന ആ സ്ത്രീയുടെ മുഖത്തേക്ക് ഞാൻ പ്രതീക്ഷയോടെ നോക്കിയെങ്കിലും മറുനോട്ടം നൽകാതെ അവർ വീട് തുറന്ന് അകത്ത് കയറി. അതിനിടെ ആ കുഞ്ഞിന്റെ കണ്ണുകൾ എന്നിലേക്ക് പാളി വീഴുകയും സൗഹൃദത്തിന്റെ ഒരു തരി നിമിഷാർദ്ധം കൊണ്ട് ഞാൻ അവനുമായി പങ്കു വെക്കുകയും ചെയ്തു. 

തെരുവുകളിൽ ആൾത്തിരക്ക് കൂടിയതോടെ ഞാൻ വീണ്ടും
വീട്ടിനുള്ളിലേക്ക് വലിഞ്ഞു.
ദുബായ് ജീവിതത്തിന്റെ പെരുമാറ്റച്ചട്ടങ്ങളും ശീലങ്ങളും വിശ്വേട്ടൻ പരിചയപ്പെടുത്തുന്നതിനിടയിലാണ് ഡോർബെൽ നീട്ടിയടിച്ചത്. "വേണുവും അനുവും നിന്നെക്കാണാൻ വരുമെന്ന് പറഞ്ഞിരുന്നു" എന്ന സൂചന തന്ന് വാതിൽ തുറക്കുമ്പോഴേക്കും ഒരു കൊച്ചുമിടുക്കൻ വീട്ടിനുള്ളിലേക്ക് ചാടിക്കയറി "വിശനങ്കിൾ ചോക്കലേറ്റ് എവിടെ"എന്ന് കൂവി വിളിച്ചു കൊണ്ട് സോഫയിൽ  കുത്തി മറഞ്ഞു. അവന് പിന്നാലെ കൗതുകം നിറഞ്ഞ കണ്ണുകളോടെ   പമ്മി നടക്കുന്ന നാലു വയസുകാരിചേച്ചിയുമുണ്ടായിരുന്നു. ചുരുള മുടിക്കാരിയായ ആ കൊച്ച് സുന്ദരിയെ ഞാൻ ചേർത്ത് പിടിക്കുമ്പോഴേക്ക് അവൻ സോഫയിൽ നിന്ന് ചാടിയിറങ്ങി എവിടെയോ കണ്ടു മറന്നതു പോലെ
"മിനിയാന്റീ" എന്ന് വിളിച്ച് എന്നെ വട്ടം ചുറ്റി. കുട്ടികളുടെ ബഹളങ്ങൾ ഒന്നൊതുങ്ങുമ്പോഴേക്ക് അനുവും വേണുവും അകത്ത് വന്നു. 

സ്വർണ്ണനിറത്തിൽ, തിളങ്ങുന്ന ഓവൽ ഷെയ്പ്പിലുള്ള ഒരു ചോക്കലേറ്റ് പെട്ടി എനിക്ക് സമ്മാനമായി തന്നു കൊണ്ട് അനു എന്നെ ദുബായി ജീവിതത്തിലേക് സ്വാഗതം ചെയ്തു. എന്നിലേക്ക് പുതിയ സൗഹൃദങ്ങളുടെ വേരുകൾ താഴ്തിക്കൊണ്ട് ആ കുടുംബം എന്റെ പരിഭ്രമങ്ങളെ അലിയിച്ച് കളഞ്ഞു. ഞാൻ പെട്ടെന്ന് ഉത്തരവാദിത്തങ്ങൾ ഉള്ള വീട്ടുകാരിയായി. മിനിക്കുട്ടിയിൽ നിന്ന് മിനി വിശ്വനാഥനാവുന്ന ആദ്യ പടികൾ ചവിട്ടിക്കൊണ്ട് പുതിയ ഒരു ലോകത്തേക്ക് നടന്നുകയറി. 

ഞങ്ങളുടെ കഥകളും കുട്ടികളുടെ തമാശകളും തുടരുന്നതിനിടയിലും എന്റെ മുഖത്തെ വേവലാതി കണ്ടപ്പോൾ അനു ചുറ്റുപാടും മലയാളികളും മലയാളിക്കടകളുണ്ടെന്നുമുള്ള വിവരങ്ങളും, ഒന്നും പേടിക്കാനില്ലെന്നും അവരൊക്കെ വന്ന കാലത്ത് ഇതു പോലെ പോലും കൂട്ടില്ലായിരുന്നു എന്നും പറഞ്ഞ് അവളെന്റെ പരിഭ്രമങ്ങൾ മായ്ചു കളഞ്ഞു. കൂട്ടത്തിൽ ദുബായിക്കുള്ളിൽ പരസ്പരം സംസാരിക്കാൻ ഫ്രീ കോളുകളാണെന്നുള്ള സന്തോഷ വാർത്തയും  പകർന്നു തന്നു. ദുബായി ജീവിതത്തിൽ ഞാനൊരിക്കലും മറക്കാത്ത ഒന്നും കൂടിയാണ് 043379052 എന്ന വീട്ടിലെ ഫോൺ നമ്പർ. ആ വീട് പോലെ എനിക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു അതും. 

ടോമിയും വേണുവും എറണാകുളത്ത് പഠിക്കുന്ന കാലം മുതലുള്ള കൂട്ടാണെന്നും വിശ്വേട്ടന്റെ ആത്മ സുഹൃത്തുക്കളാണെന്നും എനിക്കറിയാമായിരുന്നു. സഞ്ജയും അനിൽകോശിയും ഈപ്പനും , സുകുമാരനും കൂട്ടത്തിൽ ഉണ്ടെങ്കിലും ദുബായിൽ ഉള്ളത് വേണുവും ടോമിയുമായിരുന്നു. 
പക്ഷേ നഗരവാസികളായ അവരുടെ ഭാര്യമാരുമായി എനിക്ക് സൗഹൃദപ്പെടുവാൻ കഴിയുമോ എന്ന ആശങ്കയെ അലിയിച്ച് കൊണ്ട് അനുവും സോണിയയും എന്നെ അവരോടൊപ്പം ചേർത്തു നിർത്തി. ദുബായുടെ ശീലങ്ങളും ചിട്ടകൾക്കുമൊപ്പം പാചകത്തിന്റെ ടിപ്പുകൾ വരെ പഠിപ്പിച്ചത് അവരായിരുന്നു. ഈഗോകൾ നശിപ്പിക്കാത്ത ആ പെൺകൂട്ട് ഇന്നും തുടരുകയും ചെയ്യുന്നു.

എന്നെ സംബന്ധിച്ച് സന്തോഷങ്ങളും സൗഭാഗ്യങ്ങളും മാത്രം നിറഞ്ഞ ഒരു നേർരേഖയായിരുന്നു അതുവരെയുള്ള ജീവിതം.  ചുഴികളും അടിയൊഴുക്കുകളുമുള്ള മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ഞാൻ. അവിടെ വേരുറപ്പിക്കാൻ എന്നെ സഹായിച്ച രണ്ടു പേരായിരുന്നു അനുവും സോണിയയും. 

വേണുവും അനുവും യാത്ര പറഞ്ഞിറങ്ങിയപ്പോൾ വീണ്ടും നാടിനെ ഓർമ്മ വന്നു. സന്ധ്യക്ക് വിളക്ക് വെക്കുന്ന സമയമായെന്നും നിശബ്ദമായ എന്റെ വീട്ടിൽ മമ്മിയും ഡാഡിയും ഒറ്റയ്ക്കായിരിക്കുമെന്നതും എന്റെ സങ്കടത്തിന് ആഴം കൂട്ടി. 

"ഇവിടെ നിലവിളക്ക് ഉണ്ടോ" എന്ന ചോദ്യത്തിനുത്തരമായി വിശ്വേട്ടൻ എന്നെ അടുക്കളയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു ചെറിയ സ്റ്റാൻഡിൽ മറ്റു ദൈവങ്ങൾക്കിടയിൽ കൈയിൽ വെണ്ണയുമായി മുട്ടുകുത്തി നിൽക്കുന്ന ഉണ്ണിക്കണ്ണൻ കുസൃതിച്ചിരിയോടെ എന്നെ സ്വാഗതം ചെയ്തു. "ഓ ഇവിടെയുമുണ്ടായിരുന്നോ " എന്ന ഭാവത്തിൽ ഞാനും തിരിച്ച് പ്രത്യഭിവാദനം ചെയ്ത് ചെറിയ വിളക്കിലേക്ക് എണ്ണ പകർന്നു തിരിയിട്ട് വിളക്ക് കൊളുത്തി അടുക്കള ഭഗവതിയുമായി ഞാൻ സൗഹൃദം തുടങ്ങി.

" ഒരു ഡ്രൈവിന് പോയിട്ടു വന്നാൽ നിന്റെ മൂഡ് ശരിയാവും " എന്ന് പറഞ്ഞ് വിശ്വേട്ടൻ പുറത്തിറങ്ങാനൊരുങ്ങി. വീടടങ്ങേണ്ട സന്ധ്യാസമയത്ത് പുറത്തിറങ്ങാനോ എന്ന സംശയത്തോടെ ഞാൻ മൂപ്പരെ ഒന്ന് തുറിച്ച് നോക്കിയെങ്കിലും ആള് പുറത്തേക്കിറങ്ങിക്കഴിഞ്ഞിരുന്നു..

തീർത്താൽ തീരാത്ത വിസ്മയക്കാഴ്ചകളുമായി രാത്രിയിലെ ദുബായി എന്നെ കൈ വീശി സ്വാഗതം ചെയ്തു ....
അനുഭവങ്ങളുടെയും സൗഹൃദങ്ങളുടെയും കഥകൾ അടുത്ത ലക്കത്തിൽ തുടരാം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക