Image

ക്ലെപ്‌റ്റൊ മാനിയ..(കഥ )- നീനാ പനയ്ക്കല്‍

നീനാ പനയ്ക്കല്‍ Published on 10 August, 2012
ക്ലെപ്‌റ്റൊ മാനിയ..(കഥ )- നീനാ പനയ്ക്കല്‍
കൂരിരുട്ടിലേയ്ക്ക് നോക്കി കാത്തറീന നിന്നു. രാത്രി പതിനൊന്നിനുള്ള ടി.വി ന്യൂസും കഴിഞ്ഞേ വീടുകളില്‍ ആളുകള്‍ ഉറക്കമാവൂ. നല്ലവണ്ണം ഉറക്കം പിടിക്കണമെങ്കില്‍ പിന്നെയുമെടുക്കും ഒരു മണിക്കൂര്‍ കൂടി. ചെറിയ ക്ലോക്കില്‍ അലാറം വച്ചശേഷം കാത്തറീന കട്ടിലില്‍ കയറി കിടന്നു. കൃത്യം ഒരു മണിക്ക് അലാറം മുഴങ്ങും.

ഭയമുണ്ട്, ആശങ്കയുണ്ട്, ഒപ്പം ആവേശവും. ഇത് ആദ്യത്തെ മോഷണമല്ല. ചെറുതും വലുതുമായ മോഷണങ്ങള്‍ പലതവണ നടത്തിയിട്ടുണ്ട്. വെറും തമാശയ്ക്ക് തുടങ്ങിയവ. ഇപ്പോഴത് ഒരുന്മാദമായി മാറിയിരിക്കുന്നു.

കണ്ണുവെക്കുന്നതൊക്കെ കാത്തറീന കരസ്ഥമാക്കാറാണു പതിവ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഷോക്കേസുകളില്‍ സൂക്ഷിച്ചിരുന്ന മനോഹര വസ്തുക്കളും അക്കൂട്ടത്തില്‍ പെടും. ആരെങ്കിലും സംശയിക്കുന്നു എന്നു തോന്നിയാല്‍ പിന്നെ നില്‍ക്കില്ല. സ്ഥലം വിടും. ചിലപ്പോള്‍ സംസ്ഥാനവും. ഒരിക്കലും പിടിക്കപ്പെട്ടില്ല എന്‌ന സത്യം കൂടുതല്‍ ധൈര്യം പകരുന്നു. അപകടസാധ്യതയുള്ളവ പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പുളകമേകുന്നു.

പ്രൊഫസര്‍ ഇലീനാ ജഡ്കിന്‌സിന്റെ പിറന്നാള്‍ പാര്‍ട്ടില്‍ വെച്ചാണ് ആ മനോഹരമായ നെക്‌സേയ്‌സ് അവളുടെ കണ്ണില്‍പ്പെട്ടത്. നിറയെ വജ്രക്കല്ലുകള്‍ പതിച്ച ചിത്രപ്പണികളുള്ള നെക്ലെയ്‌സ്.
 
എല്ലാവരും കാണട്ടെ, കൊതിക്കട്ടെ എന്ന ഉദ്ദ്യേശത്തോടെയാവാം ആ മദ്ധ്യവയസ്‌ക തോളില്‍ വളരെ നേര്‍ത്ത വള്ളികള്‍ മാത്രമുള്ള നിലത്തിഴയുന്ന നീല സില്‍ക്കിന്റെ ഗൗണ്‍ ധരിച്ചിരുന്നത്.

കാത്തറീന കണ്ടു, കാത്തറീന കൊതിച്ചു, കാത്തറീനയതില്‍ കണ്ണുവെച്ചു, കാത്തറീനയതു കരസ്ഥമാക്കാന്‍ പോകയാണീ രാത്രിയില്‍.

ടോമിന്റെ പരിചയക്കാരിയോ മറ്റോ ആണെന്നു തോന്നി ആ മധ്യവയസ്‌ക. ശൃംഗാരി! ടോമിന്റെ തൊട്ടടുത്തു നിന്ന തന്നെ കണ്ട ഭാവം പോലും നടിക്കാതെ എത്ര തവണ അവര്‍ ടോമിനെ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു, പിടിച്ചു വലിച്ചു!

അവരുടെ കഴുത്തില്‍ നിന്ന് കണ്ണുകള്‍ മാറ്റാന്‍ കഴിഞ്ഞില്ല കാത്തറിനയ്ക്ക്. 'ആ നെക്ലെയ്‌സ് നിനക്ക് ഒരുപാടങ്ങ് ഇഷ്ടമായെന്നു തോന്നുന്നല്ലൊ' ടോം കളിയാക്കി.

"അതെ, അവള്‍ തലകുലുക്കി ആ നെക്ലെയ്‌സ് എങ്ങനെയെങ്കിലും എനിക്ക് കൊണ്ടുവന്നു തരുന്നയാളെ ഞാന്‍ വിവാഹം കഴിക്കും, അവന്‍ ആരായിരുന്നാലും അത്രക്കിഷ്ടപ്പെട്ടു."

ടോം പൊട്ടിച്ചിരിച്ചു.

ടോമിന് തന്നോട് കടുത്ത പ്രേമമാണെന്ന് കാത്തറീനയ്ക്കറിയാം. എന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ നിനക്കു തരുവാന്‍ ഞാനിച്ഛിക്കുന്നു കാത്തറീനാ പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ പ്രേമത്തിന്റെ തിളക്കവും നനവും അവള്‍
കണ്ടു. "അപ്പാര്‍ട്ട്‌മെന്റിലേക്കു മാത്രമല്ല എന്റെ ജീവിതത്തിലേക്കു തന്നെ നിന്നെ ക്ഷണിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഐ ലവ് യൂ കാത്തറീന."

തോമസ് എഡ്വേര്‍ഡ് വില്ല്യം ദി തേര്‍ഡ്. ധനവാനും സുന്ദരനുമായ ടോം. രാജ്ഞിയില്‍ നിന്നും "ലോര്‍ഡ് " സ്ഥാനം ലഭിച്ച ബെന്റിങ്ങ് പ്രഭുവിന്റെ കുടുംബത്തിലെ അംഗം. ജഡ്ജിയുടെ മകന്‍, നിയമ വിദ്യാര്‍ത്ഥി.
കാതറീന അയാളുടെ ക്ഷണം സ്വീകരിച്ചില്ല, നിരസിച്ചതുമില്ല.

ഇറ്റലിയില്‍ നിന്ന് കുടിയേറിയവരും റസ്റ്റോറന്റ് ശൃംഖലകള്‍ക്ക് ഉടമകളും ആയവരുടെ ഒരേയൊരു മകള്‍ക്ക് ടോമിന്റെ ധനം ആകര്‍ഷകവസ്തുവല്ല. അവളെ ആകര്‍ഷിച്ചത് ഒന്നു മാത്രം. അവന്റെ സംസാരം. കവിത തുളുമ്പുന്ന സംസാരം. പ്രഭു കുടുംബങ്ങളിലുള്ളവരുടെ കുത്തകയായ സംസാരം. അമേരിക്കന്‍ ടി.വി. ചാനലുകളിലെ അടുക്കള സാമഗ്രമിക്കച്ചവടക്കാരുടേയും, വ്യായാമ ഉപകരണ വില്പനക്കാരുടെയും കൃത്രിമ ഇംഗ്ലീഷ് ആക്‌സെന്റ് കേട്ട് മടുത്ത കാത്തറീന, ടോമിന്റെ സംസാരത്തെ പ്രേമിച്ചു, അയാലെക്കാളുപരി.

പ്യൂവര്‍
രിസ്റ്റോക്രാറ്റിക്ക് ഇംഗ്ലീഷ്!!

പക്ഷെ…. അവള്‍ക്ക് ഭയമാണു ടോമിനോട് കൂടുതല്‍ അടുക്കാന്‍. അവളൊരു മനോരോഗിയാണ്. ക്‌ളെപ്‌റ്റോമാനിയക്കാരി.

എന്തിനാണു താനിങ്ങനെ മോഷണം നടത്തന്നത് എന്നവള്‍ക്കറിയില്ല. കട്ടെടുക്കുമ്പോള്‍ കിട്ടുന്ന ഭ്രാന്തമായ ആനന്ദം കാംക്ഷിച്ചോ? കബളിപ്പിക്കാനുള്ള ആഗ്രഹം സാധിച്ചു എന്ന സന്തോഷത്തിനോ?
കൈവശമാക്കിക്കഴിയുമ്പോള്‍ ആ വസ്തുവിനോടുള്ള അഭിനിവേശം കെട്ടടങ്ങുകയായി. പിന്നെ മനസില്‍ ശൂന്യത മാത്രം.

ഇനി മോഷണം നടത്തില്ലെന്ന് ആയിരം വട്ടം പ്രതിജ്ഞ ചെയ്യും. എന്നാല്‍ പിന്നേയുമൊരു മനോഹര വസ്തു കാണുമ്പോള്‍ പ്രതിജ്ഞ ധൂളികളാവും. കട്ടെടുത്ത് ശീലിച്ച കൈകള്‍ തരിക്കും.

കറുത്ത വസ്ത്രങ്ങളിഞ്ഞ കാത്തറീന കാറില്‍ നിന്നിറങ്ങി ആ വീടിന്റെ അടുക്കള വാതില്‍ക്കലേക്ക് നടന്നു. ആസമയത്ത് വീടിനകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന അപരിചിതയെകണ്ട് മൂടല്‍ മഞ്ഞ് അവളെ മുറുകെ പിടിച്ചു. ഒരു നിമിഷം മൂടല്‍മഞ്ഞിനോട് സ്വകാര്യം പറഞ്ഞിട്ട് കാത്തറീന താക്കോല്‍ക്കൂട്ടത്തില്‍ നിന്നുമൊരു നീളമുള്ള അറ്റം വളഞ്ഞ പാസ്റ്റിക്ക് സൂചി തപ്പിയെടുത്ത ശ്രദ്ധാപൂര്‍വ്വം താക്കോല്‍ പഴുതിലിട്ട് തിരിച്ചു.

ഒരഞ്ചാറുവട്ടം ശ്രമിച്ചപ്പോഴേക്കും അവളുടെ കാതിനിമ്പമേകുന്ന ശബ്ദം കേട്ടു. “ക്ലിക്ക്”

ടോര്‍ച്ചിന്റെ മങ്ങിയ വെളിച്ചത്തില്‍ ഫര്‍ണിച്ചറുകളിലും, മറ്റു വീട്ടുസാമാനാങ്ങളിലുമൊന്നും തട്ടാതെയവള്‍ കിടക്കമുറിയിലേക്കുള്‌ല കോണിപ്പടികള്‍ കയറാന്‍ തുടങ്ങി.

പെട്ടെന്ന് മുകളിലെ മുറികളിലൊന്നില്‍ ഒരനക്കം. കാത്തറീന നിന്നു. ശ്രദ്ധിച്ചു ചെകിടോര്‍ത്തു. നെക്ലെയ്‌സ്‌കാരി ലോസ് വെഗാസില്‍ പോയിരിക്കുന്നു എന്നാണല്ലോ മനസ്സിലാക്കിയിരുന്നത്?
വെറു തോന്നലാണെന്ന് തീര്‍ച്ചയാക്കാന്‍ ഒരു മിനിട്ടെടുത്തു. ധൈര്യപൂര്‍വ്വം ആദ്യത്തെ ബഡ്‌റൂമിന്റെ കതക് തള്ളിത്തുറന്നു. കിടക്ക വിരിച്ചപടി കിടക്കുന്നു. മുറി മുഴുവന്‍ അരിച്ചുപെറുക്കി. ഒരാഭരണവും ആ മുറിയിലില്ല അടുത്ത മുറികളും തപ്പി. ചുവര്‍ചിത്രങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സേഫുകളുണ്ടോ എന്നു നോക്കാനും മറന്നില്ല.

നിരാശയോടെ അവള്‍ പടികളിറങ്ങി. പിന്നെയും മുകളിലെ മുറിയില്‍ അനക്കം കേട്ടെന്ന് തോന്നി. അവള്‍ തലയാട്ടി. വഴിയില്ല. എല്ലാ മുറികളും തപ്പിയതാണല്ലോ.

വിശാല സ്വീകരണ മുറിയോടു ചേര്‍ന്ന വലിയ ക്ലോസറ്റിനു മുന്നിലെ സ്റ്റാന്‍ഡില്‍ വിലപിടിപ്പു
ള്ള രോമക്കോട്ടുകള്‍. പെട്ടെന്ന് മാറ്റ്‌ലോക്ക് എന്ന് പേരുള്ള ടി.വി.ഷോ മനസ്സിലോടിവന്നു. ധനികയായ വൃദ്ധ അവരുടെ രത്‌നാഭരണങ്ങള്‍ സ്വീകരണമുറിയിലെ ക്ലോസറ്റില്‍ ഒളിപ്പിക്കുന്നു. കള്ളന്‍ വന്ന് മുറികള്‍ മുഴുവന്‍ കീഴ്‌മേല്‍ മറിച്ചിട്ട് തപ്പി വെറും കൈയോടെ തിരികെ പോകുന്നു. തന്നെപ്പോലെ.

ടി.വി. ഷോകള്‍ എത്രതവണ തന്റെ സഹായത്തിനെത്തിയിട്ടുണ്ടെന്ന് ഓര്‍ത്ത് കാത്തറീന പുഞ്ചിരിച്ചു. ക്ലോസറ്റ് കൂടി തപ്പി നോക്കിയിട്ട്…

ക്ലോസറ്റ് തുറന്നപ്പോള്‍ പിറകില്‍ അനക്കം കേട്ടു, വ്യക്തമായി വെറും തോന്നലല്ല. ആരോ ഈ വീട്ടിലുണ്ട്. മറ്റൊരു തസ്‌ക്കരന്‍?

കണ്ണുകള്‍ ക്ലോസറ്റിലും ചെവികള്‍ തലയ്ക്ക് പിന്നിലുമാക്കി അവള്‍ ക്ലോസറ്റിനകത്തേക്ക് കൈനീട്ടി, പരതി. അതാ ഒരു ചെറി ബോക്‌സ് കൈയില്‍ തടയുന്നു. ടോര്‍ച്ചിന്റെ മങ്ങിയ വെളിച്ചത്തില്‍ ബോക്‌സിനകത്ത് നീലാകാശം. നീലാകാശത്തില്‍ ആയിരം നക്ഷത്രങ്ങള്‍, വജ്ര നക്ഷത്രങ്ങള്‍. നിമിഷനേരത്തിനകം ബോക്‌സ് പോക്കറ്റിലാക്കി തിരിഞ്ഞതും ഒരു രൂപം അവളുടെ മേല്‍ ചാടി വീണു. പൊരിഞ്ഞ യുദ്ധം നടന്നു.

എതിരാളി കരുത്തനാണ് കാത്തറീന മനസ്സിലാക്കി. തോറ്റുകൊടുക്കാന്‍ പാടില്ല. രക്ഷപ്പെടണം. നെക്ലയ്‌സ് കൈയില്‍ കിട്ടി ഇനി ഓടി മറയണം.

കുതറിയോടാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരാളി അവളുടെ തലമുടിയില്‍ പിടിച്ച് ശക്തിയായി വലിച്ചു. "ഔച്ച് "അവള്‍ വിളിച്ചുപോയി.

"സ്ത്രീകള്‍ക്കും ധൈര്യമോ വീട്ടില്‍ക്കയറി മോഷണം നടത്താന്‍?" എതിരാളിയുടെ വാക്കുകളില്‍ അതിശയം. ആരാണു നീ ഇപ്പോള്‍ പറയണം ആരാണു നീ?

നല്ല
രിസ്റ്റോക്രാറ്റിക്ക് ഇംഗ്ലീഷ്!!

“ടോം?” അവള്‍ക്ക് വാക്കുകള്‍ കിട്ടുന്നില്ല നീ…നീ..

"കാത്തറീനാ?!!" അയാള്‍ തലമുടിയില്‍ നിന്ന് പിടിവിട്ടു. ഒരു നിമിഷം കഴിഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചു.

'അപ്പോള്‍ നീയും ഒരു മോഷടാവോ എന്നെപ്പോലെ അവള്‍ ചോദിച്ചു. നിനക്കും എന്റെ രോഗമോ? നൗ ഐ ലവ് യു മോ
ര്‍ ടോം.' അവള്‍ ടോമിനെ കെട്ടിപ്പിടിച്ച് ചുംബിക്കാനാഞ്ഞു. പെട്ടെന്നയാള്‍ പുറകോട്ടു മാറി.

നീയാ നെക്ലേയ്‌സിനു വന്നതാണല്ലേ? കിട്ടിയോ?

'പിന്നെ കിട്ടാതെ?' അവള്‍ പോക്കറ്റില്‍ കൈയിട്ട് ബോക്‌സെടുത്ത അയാളെ കാട്ടി. അയാളത് മിന്നല്‍ വേഗത്തില്‍ തട്ടിപ്പറിച്ചു. “ലജ്ജയില്ലാത്ത കള്ളി! വീടു കയറി മോഷണം നടത്തുന്നവള്‍ എന്റെ ആന്റി ആവശ്യപ്പെട്ടതനുസരിച്ച് ഞാനീ രാത്രിയില്‍ ഈ വീട്ടില്‍ വന്നു കിടന്നില്ലായിരുന്നെങ്കില്‍ ഈ മനോഹരമായ, വിലപ്പിടിപ്പുള്ള നെക്ലെയ്‌സ് നീ അടിച്ചുമാറ്റുമായിരുന്നു. നിന്നെയാണോ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാനാഗ്രഹിച്ചത് നാണം കെട്ടവള്‍ !!

കാത്തറീനയുടെ മുഖം വിളറി ടോം…ഞാന്‍ അവള്‍ വിക്കി.

"ഒരക്ഷരം മിണ്ടരുത്. കടന്നു പോ എന്റെ മുന്നില്‍ നിന്ന്". അയാള്‍ ആട്ടി. "എന്റെ മനസ്സു മാറി പോലീസിനെ വിളിക്കുന്നതിനുമുന്‍പ് എന്റെ കണ്ണിനുമുന്നില്‍ നിന്നു പോയ്‌ക്കോ വേഗം."

അയാളെ ഒരു നിമിഷം നോക്കി നിന്നിട്ട് അവള്‍ വീടിനു പുറത്തെ ഇരുളിലേയ്ക്ക് ഓടിയിറങ്ങി.

കാറിലിരുന്ന് കാത്തറീന കൈ വിരലുകള്‍ തുറന്നു. കൈവെള്ളയിലെ നീലാകാശത്തില്‍ ഒരായിരം നക്ഷത്രങ്ങള്‍ വജ്രനക്ഷത്രങ്ങള്‍.
ക്ലെപ്‌റ്റൊ മാനിയ..(കഥ )- നീനാ പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക