Image

രാഹു എന്ന വില്ലന്‍ -മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 26 August, 2012
രാഹു എന്ന വില്ലന്‍ -മീട്ടു റഹ്മത്ത് കലാം
"അയ്യോ മോളേ, പത്ത് മിനിട്ട് കൂടി കഴിഞ്ഞ് പുറപ്പെടാം. രാഹുകാലം കഴിയട്ടെ." നവവധുവിന്റെ ആദ്യയാത്രയെ സ്‌നേഹപൂര്‍വ്വം ഒരമ്മ വിലക്കുന്നു. വിദേശയാത്രയ്ക്ക് പുറപ്പെടാന്‍ എല്ലാ രേഖകളും ശരിയായി ടാക്‌സിയിലിരിക്കുമ്പോള്‍ വിദ്യാസമ്പന്നനായ ഒരു ചെറുപ്പക്കാരന്‍ പറയുന്നു: "ധൃതിയില്ല, രാഹുകാലം കഴിയാന്‍ ഇനിയുമുണ്ട് അരമണിക്കൂര്‍ , അതിനുശേഷം എത്തുന്നതാ നല്ലത്." ഗുരുവായൂരില്‍ കുഞ്ഞിന്റെ ചോറൂണിന് ബന്ധുമിത്രാദികളും ഫോട്ടോഗ്രാഫറുമെല്ലാം എത്തിച്ചേര്‍ന്നു. ചടങ്ങു തുടങ്ങിക്കൂടേയെന്ന ഒരാളുടെ ചോദ്യത്തിന് കുട്ടിയുടെ അമ്മാവന്‍ പറയുന്നു. "രാഹുകാലം കഴിയട്ടെ".

എന്നു നമ്മള്‍ കേള്‍ക്കുന്ന വാചകങ്ങളില്‍ ചിലതു മാത്രമാണിവ. ഏതൊരു മംഗളകര്‍മ്മത്തിലും രാഹുകാലത്തിന്റെ പരാമര്‍ശം ആരുടെയെങ്കിലും നാവില്‍ നിന്നും വരുമെന്നത് തീര്‍ച്ച.
ഒരു ദിവസം ഇരുപത്തിനാല് മണിക്കൂറാണെന്ന് നമുക്കറിയാം. അതില്‍ ഒന്നരമണിക്കൂര്‍ ആണത്രെ രാഹുകാലമായി കണക്കാക്കപ്പെടുന്നത്. അങ്ങനെ ഒരു മാസത്തിലെ 45 മണിക്കൂര്‍ രാഹു അപഹരിച്ചിരിക്കുകയാണ്. ഒന്നിനും 24 മണിക്കൂര്‍ തികയുന്നില്ലെന്നു പ്രസംഗിക്കുന്ന മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരുംവരെ മന്ത്രിസഭയും അധികാരവും ഏറ്റെടുക്കുന്ന സമയം നിശ്ചയിക്കുമ്പോള്‍ പോലും രാഹുവിനെ ഭയക്കുന്നത് പരസ്യമായ രഹസ്യം.

ഗ്രഹനില നോക്കുമ്പോള്‍ രാഹുവിനും കേതുവിനും ചില്ലറ സ്ഥാനമൊന്നുമല്ല. ഒന്‍പത് ഗ്രഹങ്ങളില്‍ അവസാനത്തെ രണ്ടുപേരാണീ വില്ലന്മാര്‍. ഇവയെ അപശകുനമായി കാണുന്നതിന് ശാസ്ത്രീയമായ ന്യായീകരണമോ അടിസ്ഥാനമോ ഇല്ലെന്നു പറയുന്ന ഗവേഷകര്‍ കണ്ടെത്തിയ വിശദീകരണം തികച്ചും രസകരമാണ്. ആരെങ്കിലും ഒരാളോട് ഇത് രാഹുകാലമാണ് ശുഭകാര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്ന് പറയുമ്പോള്‍ അയാളുടെ പ്രവൃത്തിയിലേക്ക് ഒരു നെഗറ്റീവ് എനര്‍ജി വന്നുചേരും. ഈ വിപരീത ഊര്‍ജ്ജമാണ് ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ ഒരു അന്ത്യത്തിലേയ്ക്ക് വഴി തെളിക്കുന്നതെന്നാണ് അവരുടെ പക്ഷം. ഇതൊക്കെയാണെങ്കിലും കലണ്ടറില്‍ രാഹുകാലം നോക്കാത്ത എത്രപേരുണ്ട് നമുക്കിടയില്‍ ?

എത്ര ആദര്‍ശവാനാണെങ്കിലും സ്വന്തം ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ , അതിപ്പോള്‍ ഒരു വീടിന്റെ കട്ടിളവയ്പ്പായാല്‍പ്പോലും, വെച്ച് കളിക്കാന്‍ എല്ലാവര്‍ക്കും പൊതുവേ ധൈര്യം കുറവാണ്. ജാതിയും മതവും ഒക്കെക്കടന്ന് ഒരു ഭീകര പരിവേഷം പൂണ്ടു നില്‍ക്കുന്ന രാഹു ഒരു ഗ്രഹം മാത്രമാണോയെന്നത് രാഹുകാലം പോലെ തന്നെ ഒരു ഇരുള്‍മറയായി മനസ്സുകളില്‍ നിലകൊള്ളുന്നു. ശുഭപര്യവസായിയായി ഒരു കാര്യം ചെയ്തു തീര്‍ക്കാന്‍ സമ്മതിക്കാത്ത ഒരു ദുഷ്ടന്‍ എന്നതിനപ്പുറം ക്ലോക്കില്‍ ഒരു വിനാഴികയില്‍ പോലും കണിശം പാലിക്കുന്ന സദാനന്ദന്മാര്‍ക്കു പോലും രാഹു ആരാണെന്ന രഹസ്യത്തിന്റെ ചുരുള്‍ അഴിക്കാന്‍ കഴിയണമെന്നില്ല. രാഹുകാലം എന്ന ഒറ്റപ്പധമായിട്ടല്ലാതെ രാഹുവിനെ മാത്രമായി വിശകലനം ചെയ്താല്‍ അതിനുള്ള ഉത്തരം കിട്ടും. കഥകളും ഐതീഹ്യങ്ങളും എന്നും കേള്‍ക്കാനും നെഞ്ചില്‍ താലോലിക്കാനും മനസ്സുള്ള മലയാളികള്‍ക്ക് രാഹുവിന്റെ കഥ അറിയാനുള്ള ആകാംക്ഷ പകല്‍ പോലെ വ്യക്തം.

പണ്ടൊക്കെ സന്ധ്യാനേരങ്ങളില്‍ പ്രാര്‍ത്ഥനയൊക്കെക്കഴിഞ്ഞ് മുത്തശ്ശിക്കു ചുറ്റുമിരുന്ന് പേരക്കിടാങ്ങള്‍ ജിജ്ഞാസയോടും അതീവ താല്‍പര്യത്തോടും കൂടി കഥകള്‍ കേട്ടിരിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. കമ്പ്യൂട്ടറിനും വീഡിയോ ഗെയിമിനും മുന്നിലിരിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് അത്തരം കഥകള്‍ കേള്‍ക്കാനുള്ള അവസരവും തുടര്‍ന്നുള്ള സന്തോഷവും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു വിരലമര്‍ത്തിയാല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഏതു കഥയും അറിയാമല്ലോയെന്ന് ഇന്നത്തെ തലമുറ ജാടയ്ക്ക് പറയുമ്പോഴും ആ കണ്ണുകള്‍ക്ക് തിളക്കം അത്ര പോര. രാഹുവിനെക്കുറിച്ചുള്ള അറിവും അത്തരത്തിലെ ഒരു മുത്തശ്ശിക്കഥയില്‍ നിന്നാണ്. ഐതീഹ്യമായിട്ടല്ല, മഹാഭാരതത്തിലെ പാലാഴി മഥനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന നിലയിലാണ് രാഹുവിന്റെ പ്രസക്തി. അതുകൊണ്ടൊക്കെയാവാം ജ്യോത്സ്യത്തിലും പ്രവചനങ്ങളിലും ഇല്ലാത്ത വിശ്വാസം ഇന്നും മനുഷ്യഹൃദയങ്ങളില്‍ രാഹുവിനുള്ളത്.

കഥ ഇങ്ങനെ:
അമൃതം കൈക്കലാക്കാന്‍ വേണ്ടി ദേവന്മാരും അസുരന്മാരും പാലാഴി കടയാന്‍ ബ്രഹ്മാവും മഹാവിഷ്ണുവും നിര്‍ദ്ദേശിച്ചു. വാസുകിയെ കടകോലില്‍ ചുറ്റുന്ന കയറാക്കിക്കൊണ്ട് ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാല്‍ക്കടല്‍ കടഞ്ഞു തുടങ്ങി. മരങ്ങളുടെ കറകളും ഔഷധഗുണങ്ങളും കടലിലെ പാലില്‍ ചേര്‍ന്ന് അമൃതം ഉണ്ടായി. അമൃതത്തിനായി ഇരുക്കൂട്ടര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായപ്പോള്‍ ദേവന്മാരെ സഹായിക്കാന്‍ ബ്രഹ്മാവ് മഹാവിഷ്ണുവിനെ മോഹിനിയുടെ രൂപത്തിലയച്ചു. മോഹിനിയില്‍ മയങ്ങിപ്പോയ അസുരന്മാര്‍ അമൃതം അവളെ ഏല്‍പ്പിച്ചു. ദേവന്മാര്‍ ഓരോരുത്തരായി മഹാവിഷ്ണുവില്‍ നിന്ന് അമൃതം പാനം ചെയ്യുന്നതിനിടയില്‍ ദേവരൂപത്തിലെത്തിയ ഒരു അസുരനുമുണ്ടായിരുന്നു. അതാണ് രാഹു. സൂര്യചന്ദ്രന്മാരില്‍ നിന്ന് ഈ വിവരമറിഞ്ഞ മഹാവിഷ്ണു തന്റെ ചക്രമുപയോഗിച്ച് ആ അസുരന്റെ കഴുത്തറുത്തു. കണ്ഠത്തോളം എത്തിയ അമൃതത്തിന്റെ ശക്തികൊണ്ട് രാഹു മരിച്ചില്ല. സൂര്യചന്ദ്രന്മാരോടുള്ള അടങ്ങാത്ത പകകൊണ്ടാണത്രെ ഇന്നും മനുഷ്യര്‍ക്ക് തടസ്സമായി രാഹു എത്തുന്നത്.

ഇപ്പോള്‍ മനസ്സിലായില്ലേ രാഹു ചില്ലറക്കാരനൊന്നുമല്ലെന്ന്. ചില വിശ്വാസങ്ങളിലെ സത്യങ്ങള്‍ ചികഞ്ഞിട്ട് കാര്യമില്ല. പണ്ടുതൊട്ടേ പാലിച്ചു വരുന്ന ഇത്തരം ആചാരങ്ങള്‍ക്കു നേരെ പൂര്‍ണ്ണമായ ഒരു നിന്ദ ശരിയല്ല. അതുകൊണ്ട്. വെച്ചു കളിക്കാന്‍ പത്തും പന്ത്രണ്ടുമൊന്നുമില്ല. സമയത്തിനൊക്കെ എനിക്ക് സ്വല്പം വിശ്വാസമുണ്ടെന്ന് പറയുന്ന അമ്മമാര്‍ക്ക് തീരെ ചെവികൊടുക്കാതിരിക്കേണ്ട. എന്നു കരുതി അന്ധവിശ്വാസത്തോടുള്ള സമീപനം വേണ്ടേ വേണ്ട.
രാഹു എന്ന വില്ലന്‍ -മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക