Image

വരാത്ത അതിഥി(ചെറുകഥ)-മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 28 August, 2012
വരാത്ത അതിഥി(ചെറുകഥ)-മീട്ടു റഹ്മത്ത് കലാം
ദേവിക വര്‍മ്മയെന്ന എന്റെ പേര് പറഞ്ഞ് തീരും മുന്‍പേ ആഢ്യത്തമുള്ള കോവിലകത്തിലെ തമ്പുരാട്ടിക്കുട്ടിയെന്ന ഇമേജ് കേള്‍വിക്കാരുടെ മനസ്സിന്റെ ക്യാന്‍വാസില്‍ ആരോ വരച്ച് വയ്ക്കും. ആ ചിത്രത്തില്‍ സത്യത്തിന്റെ അംശം കലര്‍ന്നിട്ട് അധികം നാളായില്ല.

പറിച്ചുനടല്‍ എന്ന് പറഞ്ഞ് കൂടാ. ഇവിടെ വളരേണ്ട ചെടിയായിരുന്നു ഞാന്‍. വേരുറയ്ക്കും മുന്‍പേ സ്വന്തം മണ്ണിലേയ്ക്ക് ഒരു നിയോഗം പോലെ എത്തിച്ചേര്‍ന്നു എന്ന് പറയുന്നതാവും ശരി. അമേരിക്കയില്‍ നിന്ന് വന്ന കുട്ടി എന്‌ന് ആരും എന്നെക്കുറിച്ചിപ്പോള്‍ പറയാറില്ല. മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് അത്രമാത്രം ഞാനീനാടിന്റേതായി മാറിക്കഴിഞ്ഞു. നാലുകെട്ടും കുളപ്പടവും മരങ്ങളും കിളികളും ഒക്കെയുള്ള കുട്ടിക്കാലം എന്റെ മോഹമായിരുന്നു. ബാല്യകാല സ്മൃതികളായി എന്നെ പുണരാന്‍ മടിച്ച ഓരോന്നും കൗമാരത്തില്‍ നിന്ന് യൗവനത്തിലേയ്ക്കുള്ള നടത്തില്‍ പ്രതികാരമോ പരിഹാരമോ പോലെ ഞാന്‍ സ്വന്തമാക്കി. എലലാ സുഖങ്ങളും ഈശ്വരന്‍ ഒരുമിച്ച് തരില്ലെന്നത് വാസ്തവമാണ്. എന്റെ സ്വപ്നങ്ങള്‍ക്ക് പറക്കാന്‍ ചിറകുകളായി നിന്നിരുന്ന അമ്മയുടെ ജീവന്‍പകരമായി നല്‍കേണ്ടി വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഏത് സന്തോഷവും ത്യജിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നു. പക്ഷെ അനുവാദം വാങ്ങിയല്ലല്ലോ ജീവിതത്തില്‍ ഓരോന്ന് നടക്കുന്നത്.

മുത്തശ്ശി ജീവിച്ചിരിക്കെയായിരുന്നതു കൊണ്ട് അമ്മയെ ദഹിപ്പിച്ചിരുന്നില്ല. തീയില്‍ എരിഞ്ഞ് ചാമ്പലാകുന്നതിനേക്കാള്‍ എനിക്കുമിഷ്ടം മണ്ണോട് ചേരാനാണ്. മുതിര്‍ന്നവര്‍ ജീവിച്ചിരിക്കെ മരിച്ചാലേ അതിന് കഴിയൂ. അമ്മ ഉറങ്ങുന്ന മണ്ണിനരികില്‍ തോന്നുമ്പോഴൊക്കെ ഞാന്‍ പോയി ഇരിക്കും. സത്യത്തില്‍ അച്ഛന്റെ കൂടെ മടങ്ങിപ്പോകാതിരുന്നത് അതിന് വേണ്ടിയാണ്. അമ്മയുടെ മരണം മനസ്സുകൊണ്ട് അംഗീകരിക്കാതിരിക്കാന്‍ തിരക്കുകള്‍ തേടിപ്പിടിച്ച് എന്നില്‍ നിന്ന് പോലും ഒളിച്ചോടുകയാണ് അച്ഛന്‍. മനഃശാസ്ത്രജ്ഞരുടെ മനസ്സ് വായിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് അമ്മ അച്ഛനെ കളിയാക്കുമായിരുന്നു. പക്ഷേ മകള്‍ക്ക് ആ മനസ്സ് വായിക്കാന്‍ കഴിയുന്നുണ്ട്.

മുടക്കം വരാത്ത ഫോണ്‍വിളി മാത്രമായി ഞങ്ങളുടെ ബന്ധം ഒതുങ്ങുമ്പോഴും എന്റെ നിശ്വാസങ്ങളില്‍ അച്ഛന്റേതോ അമ്മയുടെതോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ഗന്ധം അനുഭവപ്പെടുന്നുണ്ട്. ഏകാന്തതയില്‍ പുസ്തകങ്ങള്‍ പോലെ തന്നെ ആ ഗന്ധവും എനിക്ക് താങ്ങായി. പിന്നെയുള്ള ആശ്വാസം ഉണ്ണിക്കുട്ടനാണ്. മുത്തശ്ശിയുടെയും ചെറിയമ്മയുടെയും കരഞ്ഞ് കലങ്ങിയ കണ്ണുകളില്‍ നോക്കുമ്പോള്‍ ഉള്ളിലേയ്ക്ക് ആവാഹിക്കപ്പെടുന്ന വിങ്ങല്‍ "അമ്മ്വേച്ചി" എ
ന്ന അവന്റെ വിളിയില്‍ അലിഞ്ഞില്ലാതാകും. വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയെന്ന ധൈര്യം ചെറിയമ്മയ്ക്കില്ലെങ്കിലും ഉണ്ണിക്കുട്ടന്റെ കണ്ണുകളില്‍ ചെറിയച്ഛന്റെ അതേ തിളക്കമുണ്ട്. അവനെ കാണുമ്പോള്‍ എന്റെ മനസ്സില്‍ ഉയരുന്ന ചോദ്യം അമ്മ മരിക്കുമ്പോഴാണോ അച്ഛന്‍ മരിക്കുമ്പോഴാണോ കൂടുതല്‍ ദുഃഖം എന്നാണ്. അതൊന്നും ചിന്തിക്കാനുള്ള പ്രായം അവനായിട്ടില്ല.

അച്ഛന്റെ കോള്‍ വരുമ്പോള്‍ ഒഴികെയുള്ള നേരം എന്റെ മൊബൈല്‍ ഫോണ്‍ ഉണ്ണിക്കുട്ടന്റെ കയ്യില്‍ വീഡിയോ ഗെയിമാണ്. റിങ് ചെയ്യുമ്പോള്‍ "ദാ വല്യച്ഛന്‍ " എന്ന് പറഞ്ഞ് ഫോണ്‍ എന്റെ കയ്യില്‍ തരും. വിശേഷ ദിവസങ്ങളും പ്രിയപ്പെട്ടവരുടെ ഫോണ്‍ നമ്പറുകളും ഓര്‍ത്തു വയ്ക്കാന്‍ റിമൈന്‍ഡറിലും മറ്റു സേവ് ചെയ്യേണ്ട ആവശ്യം എനിക്കില്ല. ഒക്കെ ഓര്‍ത്തു വയ്ക്കുന്ന ശീലം പണ്ടേ ഉള്ളതാണ്. 0012406253921 ഡയല്‍ ചെയ്തു. സബ്‌സ്‌ക്രൈബര്‍ തിരക്കിലാണ്. മൂന്ന് പ്രാവശ്യം നോക്കി. പിന്നെ ഉണ്ണിക്കുട്ടനുമായി അമ്മയുടെ പഴയമുറി അടുക്കിപ്പെറുക്കാന്‍ തുടങ്ങി. ഓണത്തിന് മുന്‍പ് എല്ലായിടവും വൃത്തിയാക്കണമെന്നുറച്ച് ജലദോഷം വകവയ്ക്കാതെ ഭയങ്കര ജോലിയിരുന്നു. പഴയപെട്ടി ഒതുക്കിയപ്പോള്‍ ഇതിന് മുന്‍പെങ്ങും കണ്ടിട്ടില്ലാത്തത്ര ഭംഗിയുള്ള ഒരു മയില്‍പ്പീലി കിട്ടി. വര്‍ഷങ്ങളായി ഒളിഞ്ഞിരുന്ന സ്വപ്നങ്ങളുടെ നറുമണം അതിനുണ്ടായിരുന്നു. ഉണ്ണിക്കുട്ടന്‍ അത് വേണമെന്ന് ശഠിച്ചു. ബാക്കിയായ സ്വപ്നങ്ങളെ താലോലിക്കാന്‍ അതെന്റെ കയ്യില്‍ വേണമെന്ന് എനിക്ക് തോന്നി. അവന്‍ പിണങ്ങിക്കരയുന്നത് കാണാന്‍ വയ്യാത്തത് കൊണ്ട് അറ്റത്ത് നിന്ന് ഒരു പീലി അടര്‍ത്തി അവന്റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു.

“പിടയ്ക്കുന്നത് കണ്ടില്ലേ, ഇതിന് ജീവനുണ്ട്. കൊച്ചുകുട്ടികള്‍ക്ക് ഇത് മതി. നീ വളര്‍ത്തി എടുത്തോ.”

ശ്രദ്ധയോടും തൃപ്തിയോടും കൂടി അവനത് വാങ്ങിയിട്ട് എന്നോട്ട് ചോദിച്ചു:

“അമ്മ്വേച്ചി, ഇതെന്താ കഴിക്ക്യാ”

അന്നേരം വായില്‍ വന്നത് ആരോറൂട്ട് ബിസ്‌ക്കറ്റിന്റെ പൊടി എന്നാണ്. അത് പറഞ്ഞത് ഞാന്‍ തടിതപ്പി. നാമജപമൊക്കെ കഴിഞ്ഞ് മുത്തശ്ശീടെ മടയില്‍ അലസമായി കിടക്കുമ്പോള്‍ “വല്യച്ഛന്‍ വിളിക്കുന്നു” എന്ന് പറഞ്ഞത് ഉണ്ണി ഫോണ്‍ കൊണ്ട് വന്ന് തന്നു.

"ഇപ്പോഴാണോ തിരച്ച് വിളിക്കുന്നത്? അച്ഛാ, ഈ തിരുവോണത്തിന് എന്റെ പിറന്നാളും കൂടിയാ. കഴിഞ്ഞ തവണയും വന്നില്ല. എന്നോട് അല്പമെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ ഇത്തവണ വരണം. പ്ലീസ്, ഞാന്‍ കാത്തിരിക്കും”
ഹലോ പോലും പറയാതെ ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞ് തീര്‍ത്തു.

മറുതലയ്ക്കല്‍ നിന്ന്:

"മോളേ, നീ…ആമി ഞാന്‍ വരും, ഷുവര്‍."

അച്ഛന്റെ ശബ്ദം എന്താ ഇങ്ങനെ എന്ന് ചോദിക്കാന്‍ തുടങ്ങുമ്പോള്‍ ലൈന്‍ കട്ടായി.

എന്നെ അച്ഛന്‍ പലപ്പോഴും പല പേരിലാ വിളിക്കുക. അമ്മു, അമ്മൂട്ടി, ദേവു, ദേവൂട്ടി, കുഞ്ഞു അങ്ങനെ ഒരുപാടുണ്ട്. ഞാനും അങ്ങനെ തന്നെയാ അച്ഛാ, പപ്പാ, ഡാഡി, ഡാഡ്, ഡോക്ടര്‍ എന്നൊക്കെ വിളിക്കും. പക്ഷേ പപ്പ ആദ്യമായിട്ടാണഅ ആമി എന്ന് വിളിക്കുന്നത്. ഞങ്ങളുടെ രണ്ട് പേരുടെയും പ്രിയപ്പെട്ട എഴുത്തുകാരിയുടെ വിളിപ്പേരായത് കൊണ്ട് എനിക്കാവിളി ഇഷ്ടപ്പെട്ടു.

ഫോണ്‍ റിങ് ചെയ്തപ്പോള്‍ വീണ്ടും ചാടി എടുത്തു. “ഹലോ, അച്ഛാ! എന്ത് തീരുമാനിച്ചു വരില്ലേ”
ഞാന്‍ മുഴുമിക്കും മുന്‍പ് മറുതലയ്ക്കല്‍ നിന്നും ഉത്തരമെത്തി “വരും മോളേ, വന്നിരിക്കും.”

അതെന്റെ അച്ഛന്റെ ശബ്ദമല്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ ചോദിച്ചു.

“ഇത് ആരാ സംസാരിക്കുന്നത്.”

കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള ആ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് ഒരു കഥപോലെ തോന്നി. അച്ഛന്റെ ഫോണ്‍ നമ്പറും എന്നെ വിളിച്ച ആളുടേതുമായി ഒരക്കത്തിന്റെ വ്യത്യാസമേയുള്ളൂ. മകള്‍ മരിച്ച് ഒരു വര്‍ഷം തികഞ്ഞ ദിവസം നമ്പര്‍ മാറിയാണെങ്കിലും "അച്ഛാ എന്ന് ഞാന്‍ വിളിച്ചപ്പോള്‍ ഒരു നിമിഷം ആമി തിരിച്ചുവന്നെന്ന് തോന്നി എന്ന് പറഞ്ഞപ്പോള്‍ ശബ്ദം ഇടറും പോലെ തോന്നി. നഷ്ടപ്പെടലിന്റെ വേദന അറിയാവുന്ന എനിക്ക് ആ അങ്കിളിനെ സമാധാനിപ്പിക്കാനും എന്നെ മകളെപ്പോലെ കണ്ടോളൂ എന്ന് പറയാനും അധികംനേരം വേണ്ടി വന്നില്ല.

പത്ത് ദിവസത്തെ സംഭാഷണങ്ങള്‍ക്കിടയില്‍ ആ ബന്ധം വളര്‍ന്ന് അച്ഛനോടുള്ളതിനേക്കാള്‍ സ്വാതന്ത്ര്യത്തോടെ ഞാന്‍ അങ്കിളുമായി സംസാരിച്ചു. മുത്തശ്ശിയോട് അച്ഛന്റെ കൂട്ടുകാരനാണ് വിളിക്കുന്നതെന്ന് കള്ളം പറഞ്ഞു. ചെറിയമ്മ പിന്നെ അധികം ചോദ്യവും പറച്ചിലും ഒന്നുമില്ല. ഓണത്തിന് നാല് ദിവസം ബാക്കി നില്‍ക്കെ വിളിച്ച ശേഷം അങ്കിള്‍ പിന്നെ വിളിച്ചിട്ടില്ല. അങ്ങോട്ട് വിളിക്കുമ്പോള്‍ കട്ട് ചെയ്ത് കളയും. തിരുവോണത്തിന് സര്‍പ്രൈസ് തരാന്‍ വേണ്ടിയാകുമെന്ന് ഞാന്‍ ഊഹിച്ചു. അച്ഛന് വരാന്‍ പറ്റില്ലെന്ന് അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വിഷമമായി.

പൂക്കളമൊരുക്കാന്‍ കുട്ടികളുമായി കൂടിയും പുളിമരത്തില്‍ ഊഞ്ഞാല്‍ കെട്ടിയാടിയുമൊക്കെ ഓണലഹരിയില്‍ വിഷമങ്ങള്‍ മറന്നു തുടങ്ങി. എന്നെ സന്തോഷിപ്പിക്കാന്‍ മുത്തശ്ശി കഴിയും വിധം എല്ലാ ഏര്‍പ്പാടുകളും ചെയ്തു. സദ്യവട്ടം ഉത്രാടത്തലേന്നേ തുടങ്ങി.

ഓരോന്ന് ചിന്തിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഞാന്‍ ഉറങ്ങിയില്ല.

അതിരാവിലെ ആരും വിളിക്കാതെ ഉണര്‍ന്ന് പല്ല് കൂട്ടിയിടിക്കുന്നത്ര തണുപ്പുള്ള വെള്ളത്തില്‍ കുളിച്ച് പട്ടുപാവാടയും ബ്ലൗസും കാശുമാലയും മുത്തശ്ശി തന്നെ മറ്റാഭരണങ്ങളുമൊക്കെയിട്ട് കണ്ണെഴുതി പൊട്ടുതൊട്ട് നിന്ന എന്നെ കണ്ണാടിയില്‍ നോക്കി ഞാന്‍ പോലും സുന്ദരി എന്ന് വിളിച്ച് പോയി. അമ്പലത്തില്‍ പോയി തൊഴുത് വന്നപ്പോഴും സദ്യയുടെ നേരമാകുമ്പോള്‍ അങ്കിള്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു. ഇലയിട്ടു തുടങ്ങിയപ്പോള്‍ കാറിന്റെ ഹോണ്‍ കാത്ത് ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു-മറ്റാരുമല്ല, എന്റെ അച്ഛന്‍.

വരില്ലെന്ന് കരുതിയ ആള്‍ വരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്. പ്രതീക്ഷിച്ച ആള്‍ വരാത്ത ദുഃഖത്തെ മറക്കുന്ന അല്ലെങ്കില്‍ അതിജീവിക്കാന്‍ കരുത്തേകുന്ന ആനന്ദം. പപ്പയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തപ്പോള്‍ ഞങ്ങളുടെ രണ്ട് പേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഞാന്‍ പറയാതെ തന്നെ എന്റെ ആഗ്രഹം മനസ്സിലാക്കി അച്ഛന്‍ എനിക്ക് ഒരുരുള വാരിത്തനനപ്പോള്‍ വരാതിരുന്ന അങ്കിളിന് ഞാന്‍ മനസ്സുകൊണ്ട് നന്ദി പറയുകയായിരുന്നു. കാരണം, താരതമ്യം ചെയ്യാന്‍ ഒരാളെ കിട്ടുമ്പോള്‍ മാത്രമേ അച്ഛന്റെ സ്‌നേഹത്തിന്റെ ആഴം എത്രമാത്രമാണെന്ന് എനിക്ക് മനസ്സിലായുള്ളൂ.

അച്ഛന്‍ തന്ന പിറന്നാള്‍ സമ്മാനം അകത്തെ മുറിയിലിരുന്ന് പൊതിയൊക്കെ അഴിച്ച് തുറന്നു നോക്കാന്‍ തുടങ്ങിയപ്പോള്‍ ഇതുവരെ ഇല്ലാത്തത്ര സന്തോഷത്തില്‍ ഉണ്ണിക്കുട്ടന്‍ ഓടിവന്ന് എന്റെ ചെവിയില്‍ ഓടിവന്നതിന്റെ കിതപ്പിന്റെ താളത്തില്‍ പറഞ്ഞു: "അമ്മ്വേച്ചി, ദാ നോക്ക്യ! പീലി വളര്‍ന്നു തുടങ്ങി.” അവന്റെ കണ്ണുകള്‍ ആ പീലിയുടെ വളര്‍ച്ച ആസ്വദിച്ച് തിളങ്ങുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞ വാക്കില്‍ വിശ്വാസമര്‍പ്പിച്ച് ജീവനില്ലാത്ത ഒന്നിനെ വളര്‍ത്തിയെടുക്കാന്‍ പണിപ്പെട്ട് അത് വളരുന്നു എന്ന് തെററിദ്ധരിച്ച് നില്‍ക്കുന്ന ഉണ്ണിക്കുട്ടന്റെ ധൈര്യം വന്നില്ല. എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ അസ്വസ്ഥമായ മനസ്സ് എന്തോ ഉറപ്പിച്ച പോലെ നിറഞ്ഞ് തുടങ്ങിയ കണ്ണുകള്‍ തുടച്ച് ഡയറിയില്‍ നിധിയായി സൂക്ഷിച്ച എന്റെ സ്വപ്നങ്ങളോടൊന്നിച്ച് ശയിച്ച ആ മയില്‍പ്പീലി പശ്ചാത്താപത്തിന്റെ നനവോട് കൂടി അവന്റെ നേര്‍ക്ക് നീട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു:

"ഇത് ഉണ്ണിക്കുട്ടനുള്ള അമ്മ്വേച്ചീടെ ഓണസമ്മാനമാ
ണ്. എത്ര പൊന്നുപോലെ വളര്‍ത്തിയാലും ഇതിന്റത്ര ഭംഗിയും നിറവും നിന്റെ കയ്യിലിരിക്കുന്നതിന്‍ വരാന്‍ പോണില്ല. അതങ്ങ് കളഞ്ഞേക്ക്." പ്രതീക്ഷിച്ചതിലും വലുത് കിട്ടിയപ്പോള്‍ അവനെന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് മയില്‍പ്പീലികൊണ്ടന്നെ ഇക്കിളിയാക്കി. തെല്ലും കളങ്കമില്ലാത്ത സ്വാര്‍ത്ഥതയെന്തെന്ന് അറിയാത്ത കൊച്ചുകുട്ടിയുടെ കയ്യില്‍ എത്തിയപ്പോള്‍ കൃഷ്ണന്‍ ചൂടിയ പീലിയുടെ അത്ര പരിശുദ്ധി അതിന് കൈവരിച്ച പോലെ തോന്നി. മനസ്സ് നിറഞ്ഞ് ഞാന്‍ ചിരിച്ചു.
വരാത്ത അതിഥി(ചെറുകഥ)-മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക