Image

കാലത്തിനു കടപുഴക്കാന്‍ കഴിയാത്ത കലാകാരന്‍ (മണ്ണിക്കരോട്ട്‌)

Published on 24 October, 2012
കാലത്തിനു കടപുഴക്കാന്‍ കഴിയാത്ത കലാകാരന്‍ (മണ്ണിക്കരോട്ട്‌)
ലോകത്ത്‌ രണ്ടു വിധത്തിലുള്ള മനുഷ്യരാണുള്ളതെന്ന്‌ എവിടെയൊ വായിച്ചതായി ഓര്‍ക്കുന്നു മരിച്ചു ജീവിക്കുന്നവരും മരിച്ചിട്ടു ജീവിക്കുന്നവരും (one who lives as dead and one who lives after death). എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു ഉദ്ധരണിയാണിത്‌. ആരാണ്‌ ഈ മരിച്ചു ജീവിക്കുന്നവര്‍ ആരാണ്‌ മിരിച്ചിട്ടും ജീവിക്കുന്നവര്‍; അല്ലെങ്കില്‍ എങ്ങനെയാണ്‌ മരിച്ചിട്ടും ജീവിക്കുന്നത്‌? ഇവിടെ പല കാര്യങ്ങളാണ്‌ ചിന്തിക്കാനുള്ളത്‌.

ഈ ലോകത്ത്‌ മരിച്ചവരെപ്പോലെ ജീവിക്കുന്നവരും മരിച്ചിട്ടു ജീവിക്കുന്നവരും ധാരാളമുണ്ട്‌. ആരാണ്‌ അല്ലെങ്കില്‍ എങ്ങനെയാണ്‌ മരിച്ചു ജീവിക്കുന്നത്‌? അങ്ങനെ ജീവിക്കാന്‍ കഴിയുമോ? ചിന്തിച്ചുനോക്കാം. പാവപ്പട്ടവരുടെ ജീവിതം നോക്കുക അതായത്‌ അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവര്‍, അന്നന്നത്തെ ജീവിതം മുന്നോട്ടു നീക്കാന്‍ കഴിയാതെ നിരാശരാകുന്നവര്‍, ജീവിതത്തിന്റെ യാതൊരു സുഖവും അറിയാത്തവര്‍, അവരെല്ലാം വാസ്‌തവത്തില്‍ മരിച്ചു ജീവിക്കുകയല്ലേ.

ഓരോ മനുഷ്യനെയും കുറഞ്ഞത്‌ ഓരോ താലന്തു (കഴിവ്‌) നല്‍കിയാണ്‌ ദൈവം സൃഷ്ടിച്ചിത്‌. ആ കഴിവ്‌ മറ്റുള്ളവര്‍ക്കുകൂടി പങ്കുവയ്‌ക്കാതെ സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി മാത്രം വിനിയോഗിക്കുമ്പോള്‍ അവരും മരിച്ചു ജീവിക്കുകയാണ്‌ ചെയ്യുന്നത്‌. ഇവിടെ കഴിവുള്ളവരും, സാഹചര്യത്തിന്റെ സമ്മര്‍ദ്ദംകൊണ്ടൊ, സമ്പത്തില്ലായ്‌മകൊണ്ടൊ, മറ്റ്‌ പരിമിതികള്‍കൊണ്ടൊ കഴിവ്‌ പ്രയോജനപ്പെടുത്താന്‍ കഴിയാതെ വന്നാല്‍ അവരും കഷ്ടംമെന്നു പറയട്ടെ മരിച്ചവരെപ്പോലെ ജീവിക്കുന്നവരാണ്‌.

എന്നാല്‍ നമുക്ക്‌ ലഭിച്ചിട്ടുള്ള കഴിവ്‌ പങ്കുവച്ച്‌ അത്‌ മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്നവര്‍ മരിച്ചാലും ജീവിക്കുന്നു. വാസ്‌തവത്തില്‍ അത്തരക്കാരുടെ ജഡീകമായ മരണത്തിനുശേഷമായിരിക്കും അവരുടെ കഴിവുകള്‍ക്ക്‌ കൂടുതല്‍ ജീവന്‍ വയ്‌ക്കുന്നത്‌. അത്തരത്തില്‍ മികച്ച കഴിവുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തങ്ങളുടെ കഴിവുകള്‍ തെളിയിച്ച്‌, പലര്‍ക്ക്‌ പ്രയോജനപ്പെടുത്തി, വരുംതലമുറയിലേക്ക്‌ പകരാന്‍ കഴിഞ്ഞാല്‍ അത്‌ എക്കാലവും ജീവിക്കുന്നു. അവിടെ മരണമില്ല.

നമ്മുടെ ജീവിതത്തില്‍ മരിച്ചു മണ്‍മറഞ്ഞ എത്രയെത്ര മഹാവ്യക്തികളാണ്‌ ഇന്നും ജിവിക്കുന്നത്‌. രാഷ്ട്രീയം, കല, സംസ്‌ക്കാരം, സാഹിത്യം, ജീവകാരുണ്യം അങ്ങനെ എല്ലാ തലങ്ങളിലും ഈ അതിജീവനത്തിന്‌ ഉദാഹരണം പലതാണ്‌. ഇന്‍ന്ത്യയിലെതന്നെ രണ്ട്‌ മൂന്നു വ്യക്തികളെക്കുറിച്ച്‌ ഒന്ന്‌ ഓര്‍ക്കുകമാത്രം ചെയ്യാം. കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല. ടാഗോര്‍, ഗാന്ധിജി, മദര്‍ തെരെസ. ഇവരെല്ലാം ശാരീരികമായി മരിച്ചെങ്കിലും ഇന്നും നമ്മില്‍ ജീവിക്കുന്നില്ലേ. അവര്‍ക്ക്‌ മരണമില്ല എന്നുള്ളതാണ്‌. ഒരു കാലത്തിനും ഇവരെയൊ ഇവരെപ്പോലുള്ളവരെയൊ കടപുഴക്കാന്‍ കഴിയുന്നില്ല. അതുപോലെ ഒരു കലാകാരന്റെ ശാരീരികമായ മരണം അയാളിലെ കലയുടെ വീണ്ടും ജനനമാണ്‌.

ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 24-ന്‌ അന്തരിച്ച സുപ്രസിദ്ധ സിനിമാനടന്‍ തിലകനെക്കുറിച്ച്‌ ഓര്‍ത്തപ്പോഴാണ്‌ അദ്ദഹത്തിലെ ഒരിക്കലും മരിക്കാത്ത മഹാനടനെ എന്റെ മനസ്സില്‍ ഉണര്‍ത്തിയത്‌. കാലത്തെ അതിജീവിച്ച ഒരു മഹാനടനായിരുന്നു തിലകന്‍. അദ്ദേഹത്തെ എനിക്ക്‌ നേരിട്ടറിയാം. ഞാന്‍ നാട്ടിലായിരിക്കുമ്പോള്‍ ഞങ്ങളുടെ തിരുവനന്തപുരത്തെ വീട്ടില്‍ അദ്ദേഹം പല പ്രവാശ്യം വന്നിട്ടുണ്ട്‌. വിളിച്ചു പറഞ്ഞിട്ട്‌ സ്വയം കാറോടിച്ചു വരും. എന്നാല്‍ അന്നൊന്നും തിലകന്റെ കഴിവിനെക്കുറിച്ച്‌ ഞാന്‍ ശരിയായി മനസ്സിലാക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ അപ്പാര്‍ട്ടുമെന്റ്‌ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. അവിടെ നിരത്തിവച്ചിരിക്കുന്ന പുരസ്‌ക്കാരങ്ങളുടെ നിര കണ്ടപ്പോള്‍ അതിശയിച്ചു. അപ്പോള്‍ തോന്നാതിരുന്നില്ല ഇത്‌ സാമാന്യ ആളല്ല എന്ന്‌. വീട്ടില്‍വച്ചും അദ്ദേഹത്തിന്റ അപ്പാര്‍ട്ടുമെന്റില്‍വച്ചും പൊതുവെയുള്ള സംസാരത്തിലും ആരോടെങ്കിലും ടെലിഫോണില്‍ സംസാരിക്കുമ്പോഴും സന്ദര്‍ഭത്തിനനുസരിച്ച്‌ അദ്ദേഹത്തിന്റെ മുഖത്തെ ഭാവങ്ങള്‍ മിന്നിമറയുന്നത്‌ കാണേണ്ടതാണ്‌.

വീട്ടില്‍ വരുമ്പോള്‍ വെറും ഒരു സാധാരണക്കാരനെപ്പോലെയായിരിക്കും പെരുമാറ്റം. നാടകത്തെക്കുറിച്ചു പറയുമ്പോള്‍ നൂറു നാക്കാണ്‌. അപ്പോള്‍ അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞ്‌ പ്രകാശിക്കുന്നതു കാണാമായിരുന്നു. ആരെങ്കിലും നാടകത്തെക്കുറിച്ച്‌ മോശമായൊ എതിരഭിപ്രായമൊ പറയുന്നതു കേട്ടാല്‍ അദ്ദേഹത്തിന്റെ മുഖം അതുവരെ കണ്ട മുഖമല്ലാതായി മാറും. അതോടൊപ്പം ഒരു ഹാസ്യചിരിയോടെ എവനൊക്കെ നാടകത്തെക്കുറിച്ച്‌ എന്തെറിഞ്ഞിട്ടാ നാടകക്കാരായിട്ടു നടക്കുന്നത്‌ എന്ന ഒരു ടയലോഗും ഉണ്ടാകും കൂട്ടത്തില്‍.

പിന്നെപ്പിന്നെയാണ്‌ അദ്ദേഹത്തിന്റെ സിദ്ധികളെക്കുറിച്ചും അദ്ദേഹത്തിലെ മഹാനടനെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞത്‌. 1935-ല്‍ ജനിച്ച സുരേന്ദ്രനാഥ തിലകന്‍ ചെറുപ്പം മുതലെ അഭിനയത്തില്‍ താല്‍പര്യം കാണിച്ചിരുന്നു. 1956 മുതല്‍ മുഴുവന്‍ സമയം നാടക നടനായി പ്രവര്‍ത്തിച്ചു. 1973-ല്‍ പി.ജെ. ആന്റണിയുടെ പെരിയാര്‍ എന്ന സിനിമയില്‍ ഒരു ചെറിയ റോളില്‍ തുടങ്ങി. 1979-ല്‍ ഉള്‍ക്കടല്‍ എന്ന സിനിമയിലെ അഭിനയം അദ്ദേഹത്തിലെ മഹാനടനെ ജനങ്ങളും സിനിമാലോകവും തിരിച്ചറിഞ്ഞു. പിന്നീട്‌ തിലകന്‌ തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. 1982-ല്‍ യവനിക എന്ന സിനിമയില്‍ സംസ്ഥാന അവാര്‍ഡിന്‌ അര്‍ഹനാകുകയും ചെയ്‌തു. പിന്നീട്‌ അവാര്‍ഡുകള്‍ അനവധിയായി അദ്ദേഹത്തെ തേടിയെത്തി. 2009-ല്‍ ഭാരതത്തിന്റെ പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തി. ഏതാണ്ട്‌ നാലു പതിറ്റാണ്ടിനകം ഇരുന്നൂറിലേറെ സിനിമകള്‍. ജനങ്ങള്‍ നെഞ്ചിലേറ്റിയ ധാരാളം കഥാപാത്രങ്ങള്‍.

ഭാവങ്ങളുടെ തമ്പുരാനായിരുന്നു തിലകനെന്നു പറയാം. ഏതു കഥാപാത്രത്തിനും അവസരത്തിനുമൊത്ത്‌ മുഖത്തെ ഭാവങ്ങള്‍ മിന്നല്‍ വേഗത്തിലാണ്‌ മാറിമറിയുന്നത്‌. അതുകൊണ്ടാണ്‌ അദ്ദേഹം പെരുന്തച്ചനായും കോപിഷ്‌ഠനായ നമ്പൂതിരിയായും മുഖത്ത്‌ അഗ്നിജ്വലിക്കുന്ന മാന്ത്രികനായും ഇന്‍ന്ത്യന്‍ റുപ്പിയിലെ അച്യുത മേനോനായുംമൊക്കെ തിളങ്ങിയത്‌.

തിലകനിലെ കര്‍ക്കശക്കാരനെക്കുറിച്ച്‌ അറിയാത്തവരില്ല. ഏതു കാര്യത്തെക്കുറിച്ചായാലും ആരോടായാലും നട്ടെല്ലോടെ സത്യം വിളിച്ചു പറയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അപ്പോഴും അദ്ദേഹം സാധാരാണക്കാരനും ഒരു നല്ല സഹൃദയനുമായിരുന്നു. ദേവാലയങ്ങളില്‍ പോകുന്ന പതിവില്ലായിരുന്നെങ്കിലും എല്ലായിടത്തും എല്ലാവസ്‌തുക്കളിലും ഈശ്വരനുണ്ടെന്ന്‌ അദ്ദേഹം പറയുമായിരുന്നു.

വാസ്‌തവത്തില്‍ അമ്മ എന്ന സിനിമാക്കാരുടെ സംഘടനയ്‌ക്ക്‌ അതീതമായിരുന്നു അദ്ദേഹത്തിലെ കലാകാരന്‍. അമ്മ അദ്ദേഹത്തിന്‌ വിലക്കേര്‍പ്പെടുത്തിയെങ്കിലും ഇന്‍ഡ്യന്‍ റുപ്പിയിലെ തകര്‍ത്ത അഭിനയത്തോടെ എഴുപത്തേഴാം വയസ്സിലും ഫീനിക്‌സ്‌ പക്ഷിയെപ്പോലെ തിലകന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.

ഒരു കാലത്തിനും കടപുഴക്കാന്‍ കഴിയാത്ത ഒരു കലാകാരനാണു തിലകന്‍.

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
കാലത്തിനു കടപുഴക്കാന്‍ കഴിയാത്ത കലാകാരന്‍ (മണ്ണിക്കരോട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക