Image

കാലമാടന്മാരും പ്രവാസി എഴുത്തുകാരും നാട്ടിലെ അംഗീകാരവും (സുധീര്‍ പണിക്കവീട്ടില്‍)

Published on 19 November, 2012
കാലമാടന്മാരും പ്രവാസി എഴുത്തുകാരും നാട്ടിലെ അംഗീകാരവും (സുധീര്‍ പണിക്കവീട്ടില്‍)
അമേരിക്കന്‍ മലയാളി എഴുത്തുകാരെ കേരളത്തിലെ മുഖ്യധാര എഴുത്തുകാര്‍ക്കൊപ്പം പരിഗണിക്കുന്നില്ല അവര്‍ക്ക്‌ വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിക്കുന്നില്ല തുടങ്ങിയ പരിദേവനങ്ങള്‍ ഇവിടെ
സാധാരണ കേട്ടു വരുന്നുണ്ട്‌. ചിലരൊക്കെ നാട്ടിലെ മാധ്യമങ്ങളെ, അവാര്‍ഡുകള്‍ക്കും, അംഗീകാരങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന അവിടത്തെ അറിയപ്പെടുന്ന എഴുത്തുകാരെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്ന പോലെ സംസാരിക്കാറുണ്ട്‌. അമേരിക്കന്‍ മലയാളി എഴുത്തുകാരോട്‌ അവരൊക്കെ പുലര്‍ത്തുന്ന നയം ആത്മാര്‍ഥമല്ല അതൊരു ചിറ്റമ്മ നയം പോലെയല്ലേ എന്ന്‌ ചിലര്‍ക്കെങ്കിലും സംശയം തോന്നാറുമുണ്ട്‌.

എന്നാല്‍ അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രത്തിലേക്ക്‌ ഒരു സൂക്ഷ്‌മാവലോകനം നടത്തുമ്പോള്‍ പ്രസ്‌തുത ചിന്തകള്‍ ഉണ്ടാകുന്നത്‌ പൂര്‍ണ്ണമായി കാര്യങ്ങളെ ഗ്രഹിക്കാത്തത്‌കൊണ്ടാണെന്നു കാണാവുന്നതാണ്‌. നാട്ടിലെ മാധ്യമങ്ങളും എഴുത്തുകാരും ഇവിടത്തെ എഴുത്തുകാര്‍ക്ക്‌ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്‌. നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പെഴുതിയ ജവിതജളെ സാഹിത്യ അക്കാദമി അംഗീകരിച്ചു. അതെന്ത്‌ വ്യക്തമാക്കുന്നു. സൃഷ്‌ടി നന്നായാല്‍ അത്‌ എന്നായാലും ശ്രദ്ധിക്കപ്പെടും. ഇവിടത്തെ നല്ലൊരു വിഭാഗം എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ക്ക്‌ നാട്ടിലെ പ്രമുഖരായ എഴുത്തുകാര്‍ അവതാരികകളും, പഠനങ്ങളും, സ്‌നേഹകുറിപ്പുകളും എഴുതീട്ടുണ്ട്‌. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ സംഘടിപ്പിച്ച സാഹിത്യ സമ്മേളനങ്ങളിലെല്ലാം നാട്ടിലെ പ്രശസ്‌ത എഴുത്തുകാരെ ക്ഷണിക്കുകയും അവര്‍ സന്നിഹിതരാകുകയും ചെയ്‌തീട്ടുണ്ട്‌. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ അവര്‍ വിട്ടു പോന്ന കേരളത്തെ കുറിച്ച്‌ ഗ്രഹാതുരത്വത്തോടെ എഴുതാതെ പ്രവാസ ജീവിതത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി അതില്‍ നിന്നും രചനകള്‍ സൃഷ്‌ടിക്കണമെന്ന അഭിപ്രായങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍ നാട്ടിലെ നല്ല എഴുത്തുകാര്‍ ഇവിടത്തെ എഴുത്തു
കാര്‍ക്ക്‌ നല്‍ജിയതായി ചില പത്രങ്ങളില്‍ വായിച്ചത്‌ ഓര്‍ക്കുന്നു.

ഇവിടത്തെ എഴുത്തുകാരെ അവഗണനയോടെ, അവജ്‌ഞയോടെ കണ്ടത്‌ ഇവിടെയുള്ള എഴുത്തുകാരും, വായനക്കാരും (അങ്ങനെ ശക്‌തമായ ഒരു വിഭാഗം ഉണ്ടെങ്കില്‍ കാരണം നീര്‍ക്കോലികള്‍ക്കും അത്താഴം മുടക്കാന്‍ സാധിക്കും) ഒരു പരിധി വരെ മാധ്യമങ്ങളുമല്ലേ എന്ന്‌ താഴെ വിവരിക്കുന്ന സംഗതികള്‍ നിര്‍ഭാഗ്യവശാല്‍ സാക്ഷ്യം വഹിക്കുന്നു.

ഇവിടത്തെ എഴുത്തുകാര്‍ കാലമാടന്മാരും, തല്ലിപൊളികളുമാണെന്ന്‌ കലാകൗമുദിയില്‍ എഴുതിയത്‌ നാട്ടിലെ എഴുത്തുകാരല്ല. ഇവിടെയുള്ള എഴുത്തുകാര്‍ ശുംഭന്മാരാണെന്ന്‌ ഇവിടത്തെ ഒരു പത്രത്തില്‍ എഴുതിയതും നാട്ടിലെ എഴുത്തുകാരനോ എഴുത്തുകാരിയോ അല്ല. ഇവിടത്തെ എഴുത്തുകാര്‍ കാശ്‌ കൊടുത്ത്‌ വല്ലവരേയും കൊണ്ടെഴുതിച്ച്‌ സ്വന്തം പേരു വച്ച്‌ പുസ്‌തകങ്ങള്‍ പ്രസിദ്ധീജരിക്കുന്നു എന്ന്‌ എഴുതുന്നത്‌, പറയുന്നത്‌ നാട്ടിലെ എഴുത്തുകാരോ മാദ്ധ്യമങ്ങളോ അല്ല. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെ കുറിച്ചുള്ള നിരൂപണങ്ങള്‍ വന്നപ്പോള്‍ അത്‌ പുറം ചൊറിയലാണെന്നും, നിരൂപണം എന്നാല്‍ എഴുത്തുകാരനെ കുറ്റം പറയുകയും, അധിക്ഷേപിക്കുകയുമാണെന്ന്‌ അടക്കം പറഞ്ഞതും നാട്ടിലെ എഴുതുകാരോ, മാദ്ധ്യമങ്ങളോ അല്ല. ഇവിടത്തെ ഏതെങ്കിലും എഴുത്തുകാര്‍ക്ക്‌ നാട്ടില്‍ നിന്നും അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ അത്‌ കാശ്‌ കൊടുത്ത്‌ സംഘടിപ്പിച്ചതാണെന്ന്‌ നിസ്സങ്കോചം പറഞ്ഞ്‌ പരത്തിയവര്‍ നാട്ടിലുള്ളവര്‍ അല്ല. കണ്ടു വായിച്ചില്ല, അല്ലെങ്കില്‍ ഇവിടെയുള്ള എഴുത്തുകാര്‍ എഴുതുന്നത്‌ വേണ്ട നാട്ടിലെ എഴുത്തുകാര്‍ എഴുതുന്നത്‌ മതിയെന്ന്‌ പറഞ്ഞതും നാട്ടിലുള്ളവര്‍ അല്ല. സ്വന്തം ശിങ്കിടികള്‍ എഴുതുന്നത്‌ ഉദാത്തം, അപാരം, അസാദ്ധ്യം എന്നും ആരുടേയും കാല്‍ക്കല്‍ വീഴാത്ത നട്ടെല്ല്‌ ഉള്ളവര്‍ എഴുതുന്നത്‌ ചവര്‍ എന്നും പറഞ്ഞത്‌ നാട്ടിലെ എഴുത്തുകാരോ മാദ്ധ്യമങ്ങളോ അല്ല. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ തമ്മിലുള്ള സ്‌പര്‍ദ്ധയും, സഹകരണകുറവും, പരസ്‌പരം കുറ്റം പറയലും, അങ്ങനെ ഉണ്ടെങ്കില്‍ അതിനുത്തരവാദി നാട്ടിലുള്ളവര്‍ അല്ല.

നിരൂപണത്തെ കുറിച്ച്‌ അമേരിക്കന്‍ മലയാളികള്‍ക്കുള്ള അഭിപ്രായത്തിനു ഉത്തരവാദി പരേതനായ ശ്രീ എം. കൃഷണന്‍ നായരായിരിക്കും. ശ്രീ ജോസ്‌ ചെരിപുറത്തിന്റെ ഒരു കവിതയില്‍ അദ്ദേഹം എഴുതി അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ പലരും മദ്ധ്യവയസ്സ്‌ കഴിഞ്ഞപ്പോള്‍ സാഹിത്യത്തിലേക്ക്‌ കടന്നു എന്ന്‌. ഇതു ശരിയാണെങ്കില്‍ അവരില്‍ പലരും മലയാളത്തിലെ ശ്രേഷ്‌ട നിരൂപകരായിരുന്ന എ.ര്‍. രാജരാജ വര്‍മ്മ , കേസരി ബാലകൃഷ്‌ണ പിള്ള, കുട്ടികൃഷ്‌ണ മാരാര്‍, ജോസഫ്‌ മുണ്ടശ്ശേരി, സുകുമാര്‍ അഴിക്കോട്‌, എം.ജെ. സാനു, എസ്‌.ഗുപ്‌തന്‍ നായര്‍, എം. ലീലാവതി, കെ.പി.അപ്പന്‍, നരേന്ദ്രപ്രസാദ്‌ മുതലായവര്‍ എഴുതിയ നിരൂപണങ്ങള്‍ വായിക്കാന്‍ വഴിയില്ല. അവര്‍ ആദ്യം വായിച്ചത്‌ ഇവിടത്തെ ഒരു മലയാള പ്രസിദ്ധീകരണത്തില്‍ ശ്രീ എം. കൃഷ്‌ണന്‍ നായര്‍ എഴുതിയ നിരൂപണങ്ങള്‍ ആയിരിക്കാം.. വിശ്വോത്തര കൃതികള്‍ വായിച്ച്‌ അനുഭൂതി പൂണ്ടിരുന്ന ശ്രീ നായര്‍ക്ക്‌ ഇവിടത്തെ എഴുത്തുകാരുടെ രചനകള്‍ കണ്ട്‌ കലി കയറി, അദ്ദേഹം അവയെ നിശിതം വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ നിരൂപണ ശൈലിയില്‍ എഴുത്തുകാരനെ അധിക്ഷേപിക്കുന്ന ഒരു പ്രവണത കാണാം. അത്‌ ശരിയായിക്കൊള്ളണമെന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കമന്റുകള്‍ അക്കാലത്ത്‌ മലയാളികളെ രസിപ്പിച്ചിരുന്നു. സ്വാഭാവികമായി അവര്‍ അത്തരം നിരൂപണങ്ങള്‍ മറ്റു നിരൂപകരില്‍ നിന്നും പ്രതീക്ഷിച്ചത്‌
അവരുടെ തെറ്റല്ല. ശ്രീ നായര്‍ ചിലരുടെയൊക്കെ രചനകളെ പ്രശംസിച്ചിരുന്നു. അവരില്‍ പലരും നാട്ടിലെ മാദ്ധ്യമങ്ങളില്‍ എഴുതി. നാട്ടിലെ മാദ്ധ്യമങ്ങള്‍ അവരുടെ രചനകള്‍ സ്വീകരിച്ചു. അതില്‍
നിന്നും നാട്ടിലെ മാദ്ധ്യമങ്ങള്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരേയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ വിശ്വസിക്കേണ്ടിയിരിക്കുന്നു. നല്ല എഴുത്തുകാരും ചീത്ത എഴുത്തുകാരും എക്കാലത്തും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്‌. അവര്‍ തമ്മിലുള്ള വ്യത്യാസം - ചീത്ത എഴുത്തുകാര്‍ കുറെ എഴുതി നിറുത്തികളയുന്നു. നല്ല എഴുത്തുകാര്‍ എഴുതികൊണ്ടേയിരിക്കുന്നു. അമേരിക്കയില്‍ വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരാണെന്ന്‌ ശ്രീ മധു നായര്‍ പറഞ്ഞത്‌ ശരിയായിരിക്കാം. ധാരാളം എഴുത്തുകാര്‍ പ്രതിദിനം പ്രത്യക്ഷപ്പെടുന്നു. അവരില്‍ എത്ര പേര്‍ എഴുത്തുകാര്‍ എന്ന പേരില്‍ രക്ഷ്‌പ്പെടുമെന്നു കണ്ടറിയേണ്ടതാണ്‌.

അമേരിക്കന്‍ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കേണ്ടത്‌ ഇവിടെയുള്ള വായനക്കാരും മാദ്ധ്യമങ്ങളുമാണ്‌.. ലാന, ഫൊക്കാന, ഫോമ തുടങ്ങിയ പ്രമുഖ സംഘടനകള്‍ ആ കര്‍മ്മം ഭംഗിയായി
നിര്‍വഹിക്കുന്നതായി പതങ്ങളില്‍ കാണുന്നുണ്ട്‌. ശ്രീ ജോസ്‌ തയ്യലിന്റെ പത്രാധിപത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും ഇറങ്ങുന്ന പ്രസിദ്ധീകരണത്തിന്റെ താളുകള്‍ ഇവിടത്തെ എഴുത്തുകാര്‍ക്കായി മാത്രം അദ്ദേഹം നീക്കി വച്ചിരിക്കുന്നു. ഓരൊ പ്രസിദ്ധീകരണങ്ങള്‍ക്കും അവരുടേതായ നയങ്ങള്‍ ഉണ്ട്‌.

വായനക്കാരുടെ അഭിരുചിയും താല്‍പ്പര്യവും നോക്കേണ്ടത്‌ അവരുടെ ധര്‍മ്മമാണ്‌. ഇവിടെയുള്ള എഴുത്തുകാര്‍ക്ക്‌ `മുപ്ര'' (പ്രോത്സാഹനം, പ്രതികരണം, പ്രതിഫലം) ഇല്ലെന്ന്‌ പ്രമുഖ അമേരിക്കന്‍ മലയാളി കവിയും, ടി.വി.സീരിയല്‍ നടനുമായ ശ്രീ പീറ്റര്‍ നീണ്ടൂര്‍ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. എഴുത്തുകാര്‍ എഴുതുന്നത്‌ വായിക്കാനും മനസ്സിലാക്കാനും ആസ്വദിക്കാനും ആളില്ലെങ്കില്‍ പിന്നെ എന്തു പ്രയോജനം. എല്ലാ നല്ല രചനകളും അവ ആസ്വാദകര്‍ തിരിച്ചറിഞ്ഞപ്പോഴാണ്‌ പ്രസിദ്ധമായത്‌. നാട്ടിലും ഇവിടേയും നല്ല
എഴുത്തുകാരും ചീത്ത എഴുത്തുകാരും ഉണ്ട്‌. നാട്ടില്‍ എഴുതുന്നവര്‍ മുഴുവന്‍ നല്ലത്‌ ഇവിടെയുള്ളവര്‍ ചീത്ത എന്ന ചിന്താഗതി ശരിയാണോ എന്നറിയില്ല. എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുക എന്ന്‌ ഈ ലേഖകന്‍ അഭിപ്രായപ്പെട്ടത്‌ എല്ലാവരേയും ഒരു നുകത്തില്‍ കെട്ടി ഉഴുന്ന സമ്പ്രദായം ശരിയല്ലെന്ന്‌ തോന്നിയത്‌ കൊണ്ടാണ്‌. എല്ലാവരും എഴുത്തുകാര്‍ എന്ന പദവിയുമായി പ്രത്യക്ഷപ്പെടുന്നത്‌ കണ്ടതുകൊണ്ടാണ്‌. ഒരാള്‍ എഴുതുന്നത്‌ കണ്ട്‌ എനിക്കും ഇങ്ങനെ സാധിക്കുമെന്ന വിശ്വാസത്തില്‍ എഴുതുമ്പോള്‍ അത്‌ നല്ല സാഹിത്യമാജുന്നില്ല. അത്‌ മൗലികതയില്ലാത്ത നിര്‍ജീവ സൃഷ്‌ടിയായിരിക്കും. വായനക്കാര്‍ ശ്രദ്ധിക്കുകയും പ്രതികരിക്കയും ചെയ്യുമ്പോള്‍ അത്തരം കളകളെ പിഴുത്‌ തളയാന്‍ പ്രയാസമില്ല.

ഇവിടത്തെമലയാളി എഴുത്തുകാര്‍ക്ക്‌ അംഗീകാരങ്ങളും, പ്രോത്സാഹനങ്ങളും ഇവിടെ നിന്ന്‌ തന്നെ ലഭിക്കാനുള്ള അവസരം ഉണ്ടാക്കണം. ഇവിടത്തെ എഴുത്തുകാര്‍ എന്തിനു നാട്ടിലുള്ളവരുടെ ഔദാര്യങ്ങള്‍ക്ക്‌ കാത്തിരിക്കണം. അതേ സമയം അവര്‍ (നാട്ടിലുള്ളവര്‍) ഇവിടത്തെ അര്‍ഹതയുള്ള എഴുത്തുകാരെ അംഗീകരിച്ചിട്ടുള്ളതായി വാര്‍ത്തകള്‍ സ്‌ഥിരീകരിക്കുന്നു. അതൊക്കെ കാശ്‌ കൊടുത്തും സ്വാധീനിച്ചുമാണെന്ന്‌ പറഞ്ഞാല്‍ ഒന്നും ചെയ്യാന്‍ പറ്റുകയില്ല. ആയിരം കുടങ്ങളുടെ വായ അടയ്‌ക്കുകയല്ലാതെ.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക