Image

അമേരിക്കയുടെ ചരിത്രത്തില്‍ നിറം തീണ്ടിയ നാള്‍ മുതല്‍....(സുധീര്‍ പണിക്കവീട്ടില്‍)

Published on 09 February, 2013
അമേരിക്കയുടെ ചരിത്രത്തില്‍ നിറം തീണ്ടിയ നാള്‍ മുതല്‍....(സുധീര്‍ പണിക്കവീട്ടില്‍)
അവസരങ്ങളുടെ നാടായ അമേരിക്കയിലേക്കുള്ള സ്വര്‍ണ്ണവാതിലിനരികെ ക്ഷീണിച്ചവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ കൊതിക്കുന്നവര്‍ക്കും, വിളക്കും കാട്ടി നില്‍ക്കാന്‍ ഇന്ന്‌ ഒരു സ്വാതന്ത്ര്യ പ്രതിമയുണ്ട്‌. ഏകദേശം നാന്നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ കറുത്തവര്‍ഗ്ഗക്കാരെ കയറ്റിക്കൊണ്ട്‌ വന്ന കപ്പല്‍ അമേരിക്കയുടെ തീരത്തടുക്കുമ്പോള്‍ അവരെ കാത്ത്‌ നിന്നത്‌ അടിമത്വത്തിന്റെ കയ്‌പ്‌ നീരാണ്‌, അലക്‌സ്‌ ഹാലിയുടെ `റൂട്ട്‌സ്‌' എന്ന്‌ പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്നത്‌ `ചാളയടുക്കുന്നപ്പോലെയാണു മനുഷ്യരെ അടുക്കിക്കൊണ്ട്‌ വന്നതെന്നാണ്‌.'

ക്രിസ്‌തുവിനു പതിനയ്യായിരം മുതല്‍ നാല്‍പ്പതിനായിരം കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ അമേരിക്ക എന്ന്‌ പില്‍ക്കാലത്ത്‌ അറിയപ്പെട്ട ഈ ഭൂഖണ്ഡത്തില്‍ ജന താമസമുണ്ടായിരുന്നു. എന്നാല്‍ ക്രിസ്‌റ്റോഫര്‍ കൊളമ്പസ്സ്‌ എന്ന ഇറ്റാലിയന്‍ നാവികന്‍ കരീബിയന്‍ സമുദ്രത്തില്‍ അദ്ദേഹത്തിന്റെ കപ്പലിന്റെ നങ്കൂരമിട്ടപ്പോള്‍ അത്‌ ഇവിടേക്കുള്ള യൂറോപ്യന്‍ അധിനിവേശത്തിന്റെ തുടക്കം കുറിച്ചു. ഇങ്ങനെ കുടിയേറിപാര്‍ത്തവരില്‍ കൊള്ളക്കാരും, കൊലയാളികളും, ജോലിയൊന്നുമില്ലാതെ തെണ്ടിതിരിഞ്ഞ്‌ നടന്നവരുമുണ്ടായിരുന്നു എന്ന്‌ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌. ഒരു പക്ഷെ ഇവരുടെ തലമുറ കറുത്ത വര്‍ഗ്ഗക്കാരോട്‌ കാട്ടികൂട്ടിയ ക്രൂരതകള്‍ നല്ല കുടുംബങ്ങളില്‍ ജനിക്കാത്തവര്‍ സമൂഹത്തിനു ശാപമാകുന്നു എന്നതിനു തെളിവാണ്‌, ഇംഗ്ലണ്ടില്‍ മതപീഡനം മൂലവും, സഭയുടെ ആചാരങ്ങള്‍ അപ്പടി സ്വീകരിക്കാന്‍ വിസ്സമതമുള്ളവരും നല്ല ജീവിതം നയിക്കാന്‍ ബൈബിളുമായി അമേരിക്കന്‍ മണ്ണിലേക്ക്‌ കപ്പല്‍ കയറി.

തങ്ങളുടെ ഭൂമിയില്‍ കുടിയേറി പാര്‍ത്ത വെള്ളക്കാരെ ശത്രുക്കളായി കണ്ട `റെഡ്‌ ഇന്ത്യന്‍സ്‌' എന്ന്‌ കൊളംബസ്സ്‌ പേരിട്ട മണ്ണിന്റെ മക്കള്‍ അവരെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. കൃഷി ചെയ്യാന്‍ ധാരാളം സ്‌ഥലവും അനുകൂലമായ കാലാവസ്‌ഥയും എന്നാല്‍ ജോലിക്കാരുടെ ക്ഷാമവും അമേരിക്കയിലേക്ക്‌ കറുത്ത വര്‍ഗ്ഗക്കാരെ കൊണ്ട്‌ വന്നു. ആഫ്രിക്കന്‍ വംശജരെ ആദ്യമായി അടിമകളായി പിടിച്ചുകൊണ്ടു വന്നത്‌ അമേരിക്കയിലേക്കല്ല. അവര്‍ക്ക്‌ മുമ്പ്‌ അറബികളും, പോര്‍ച്ചുഗീസ്സുകാരും, ഡച്ചുകാരും കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കി പിടിച്ചുകൊണ്ട്‌ പോയിരുന്നു. കറുത്ത വര്‍ഗ്ഗക്കാരുടെ ഇടയിലുണ്ടായിരുന്ന ചെറുകിട പ്രഭുക്കള്‍ തമ്മിലുള്ള മത്സരവും, യുദ്ധവും, അത്തരം യുദ്ധങ്ങളില്‍ തോല്‍പ്പിക്കപ്പെടുന്നവരെ അടിമകളാക്കുന്ന സമ്പ്രദായവും അവരുടെയിടയില്‍ നിലനിന്നിരുന്നു. ഇവര്‍ക്ക്‌ തോക്കും മറ്റു ആയുധങ്ങളും നല്‍കി സഹായിച്ച വിദേശ കച്ചവടക്കാര്‍ക്ക്‌ യുദ്ധത്തില്‍ തോറ്റവരെ അടിമകളാക്കി വിറ്റ്‌ പോന്നു,

അമേരിക്കയിലേക്‌ കയറ്റി അയക്കാന്‍ വേണ്ടി ആഫ്രിക്കയിലെ ഗോത്ര തലവന്മാരും, വെള്ളക്കാരും, അവിടത്തെ ജനങ്ങളെ വേട്ടയാടാന്‍ തുടങ്ങി പിടികൂടികഴിഞ്ഞാല്‍ പിന്നെ ചങ്ങലക്കിട്ട്‌ മൈലുകളോളം ദൂരത്തില്‍ സ്ഥിതിചെയ്യുന്ന കടല്‍തീരത്തേക്ക്‌ കാല്‍നടയായി കൊണ്ടുപോവുകയായിരുന്നു. അതും സ്‌ത്രീ-പുരുഷഭേദമെന്യേ പരിപൂര്‍ണ നഗ്നരാക്കികൊണ്ട്‌. ഇങ്ങനെ നിസ്സഹായരായി അകപ്പെട്ടവരില്‍ പലരും ഒളിച്ചോടാനും അത്മഹത്യ ചെയ്യാനും ശ്രമിച്ചു. അടിമ വ്യാപാരത്തിനായി ആഫ്രിക്കന്‍ കടല്‍ തീരത്ത്‌ കെട്ടിടങ്ങള്‍ നിരന്നു. അവയിലൊന്നാണ്‌ ആഫ്രിക്കയുടെ പടിഞ്ഞാറെ തീരപ്രദേശത്ത്‌ ഒരു പാറക്കെട്ടിന്റെ മുകളില്‍ പോര്‍ച്ചുഗ്ഗീസ്സുകാര്‍ പണിത `എല്‍മിന'. ഇവിടെ നിന്നും അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാരായ ദൈവത്തിന്റെ കറുത്ത മക്കളെ അടിമത്വത്തിന്റെ കയ്യാമമിട്ട്‌ കടല്‍ മാര്‍ഗ്ഗം അമേരിക്കയിലേക്ക്‌ കയറ്റികൊണ്ടു വന്നു. ആ രംഗം കണ്ട്‌ `എല്‍മിനായുടെ' മൂന്നു ഭാഗത്തുമുള്ള അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ തിരമാലകള്‍ പൊട്ടിക്കരഞ്ഞു `ഇനിയെന്നു കാണും നമ്മള്‍' എന്ന്‌ വിലപിച്ചുകൊണ്ട്‌ തിരമാലകള്‍ ആകാശത്തോളം ഉയര്‍ന്നു; ദൈവത്തിന്റെ ശ്രദ്ധ തിരിച്ചു. പക്ഷെ ദൈവം പതിവ്‌ പോലെ നിശ്ശബ്‌ദനായി നിന്നതേയുള്ളു.

പുകയിലയും പരുത്തിയും നട്ടു വളര്‍ത്താന്‍ വേണ്ടി കൊണ്ടു വന്ന ഈ സാധുക്കള്‍ക്ക്‌ പ്രതിദിനം കഠിനാദ്ധ്വാനം തന്നെയായിരുന്നു. അഹോരാത്രം പണിയെടുത്ത്‌ ഒരു അടിമ മരിക്കുന്നതാണു അവനു ശുശ്രൂഷയും ആഹാരവും കൊടുക്കുന്നതിനെക്കാള്‍ ലാഭകരം എന്ന്‌ ഉടമകള്‍ മനസ്സിലാക്കി. അടിമയായി കഴിയുമ്പോള്‍ ഒളിച്ചോടാനും പിന്നീട്‌ ആരോ പണം മുടക്കിയത്‌കൊണ്ട്‌ സ്വതന്ത്രനാകാനും കഴിഞ്ഞ ഫ്രെഢറിക്ക്‌ ഢഗ്ഗള്‍സ്സ്‌ അടിമത്വത്തിനെ തിരായി ശക്‌തിയായി പ്രവര്‍ത്തിച്ച പ്രശസ്‌തനായ വ്യക്‌തിയായിരുനു. അദ്ദേഹത്തിന്റെ ജീവിത കഥയില്‍ പറയുന്നു `ബൈബിള്‍ വചനങ്ങള്‍ ഉച്ചരിച്ചുകൊണ്ടായിരുന്നു കപടഭക്‌തര്‍ അടിമകളെ മര്‍ദ്ദിച്ചിരുന്നത്‌. ഉദാഹരണമായി അദ്ദേഹം പറഞ്ഞത്‌ `യജമാനന്റെ ഇഷ്‌ടം അറിഞ്ഞിട്ട്‌ ഒരുങ്ങാതെയും അവന്റെ ഇഷ്‌ടം ചെയ്യാതെയുമിരിക്കുന്ന ദാസനു വളരെ അടികൊള്ളും ' (ലൂക്കോസ്‌ 12,47:48) പിശാച്‌ പോലും ബൈബിളില്‍ നിന്ന്‌ വചനങ്ങള്‍ ഉദ്ധരിക്കുന്നു എന്ന്‌ ഷേക്‌സ്‌ഫിയര്‍ എഴുതിയത്‌ വെറുതെയല്ല.

പിഞ്ച്‌കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച്‌ അമ്മമാരെ മര്‍ദ്ദിച്ചവശരാക്കുക അത്‌ കണ്ട്‌ ഭയവിഹ്വലരായി വാവിട്ട്‌ കരയുന്ന കുഞ്ഞുങ്ങളെ ഷൂസ്സ്‌കൊണ്ട്‌ ചവിട്ടുക തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ ഉടമകള്‍ ചെയ്‌തിരുന്നു. ചാട്ടവാര്‍കൊണ്ടടിയേറ്റ്‌ പുളഞ്ഞ്‌ കരയുന്ന അമ്മയുടെ ദീനരോദനം കേട്ടിട്ടാണ്‌ രാവിലെ ഉണര്‍ന്നിരുന്നത്‌ എന്ന്‌ ഫ്രെഢറിക്ക്‌ ഡഗ്ഗള്‍സ്സ്‌ എഴുതുന്നു, `നീതിമാനായ ഒരു ദൈവം ഈ ലോകത്തിന്റെ രക്ഷകനാണെങ്കില്‍ എന്തുകൊണ്ട്‌ അദ്ദേഹം ഇത്‌ കാണുന്നില്ല' എന്ന്‌ അദ്ദേഹം സ്വയം പലവട്ടം ഉരുവിടാറുണ്ടായിരുന്നത്രെ. കറുത്ത വര്‍ഗ്ഗക്കാരുടെ കണ്ണുകളില്‍ വെള്ളക്കാരന്‍ `നീലകണ്ണുകളുള്ള' വെളുത്ത പിശാചായിരുന്നു. ഒരു പക്ഷെ ഇവനായിരുന്നൊ ദൈവം സ്രുഷ്‌ടിച്ച സുന്ദരനായ മാലാഖ? പിന്നീട്‌ ലൂസിഫറായി തീര്‍ന്ന പിശാച്‌. അതേ, വെള്ളക്കാരന്റെ ക്രൂരതകള്‍ അവനെ ലൂസിഫറിന്റെ പ്രതിരൂപമായി കാണാന്‍ മനുഷ്യഹൃദയങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അടിമ പെണ്‍കുട്ടികളുടെ കന്യകാത്വം കവര്‍ന്നെടുത്ത്‌ അവരെ അമ്മമാരാക്കികൊണ്ട്‌ അന്നത്തെ വെള്ളക്കാരന്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക്‌ അവിവാഹിതരായ അമ്മമ്മാരുടെ ചരിത്രം കുറിച്ചുകൊടുത്തു. `മുലാറ്റോ' എന്ന ഒരു സങ്കര വര്‍ഗ്ഗത്തേയും അവര്‍ ഉണ്ടാക്കി. അടിമകളായ സ്‌ത്രീ-പുരുഷന്മാര്‍ക്ക്‌ ആവശ്യത്തിനു വസ്‌ത്രം കൊടുക്കാതിരുന്നത്‌ മൂലം മിക്കവരും നഗ്നരായിരുന്നു. തന്മൂലം പുരുഷന്മാരായ അടിമകളുടെ ദ്രുഢമായ മാംസപേശിയും അവന്റെ വിജ്രംബിച്ച്‌ നില്‍ക്കുന്ന പുരുഷത്വവും കണ്ട്‌ അന്തഃപുരത്തിലെ മദാമ്മാരുടെ നീലകണ്ണുകളില്‍ നിന്ന്‌ കാമസ്‌ഫുലിംഗങ്ങള്‍ ചിതറി. ആ ചിതറില്‍ കൂടി മഞ്ഞ നിറമുള്ള അഴകുള്ള പൈതങ്ങള്‍ പിറന്നു വീണു.

അര പട്ടിണിയും കഠിനാദ്ധ്വാനവും ചാട്ടവാറുകൊണ്ടുള്ള അടിയും അടിമകളില്‍ അമര്‍ഷവും, വേദനയും വെറുപ്പും, നിരാശയും നിസ്സഹായതയും നിറയാന്‍ കാരണമായി. അവരില്‍ പലരും ഒളിച്ചോടി പോയെങ്കിലും പിടിക്കപ്പെട്ടു. അങ്ങനെ പിടിക്കപ്പെട്ടവരെ അതിക്രൂരമായി ശിക്ഷിച്ചു. അലക്‌സ്‌ ഹാലിയുടെ `റൂട്ട്‌സ്‌' എന്ന പുസ്‌തകത്തിലെ നായകന്‍ `കുന്തയുടെ' പാദങ്ങള്‍ ഉടമ മുറിച്ചു കളഞ്ഞ കാര്യം ഓര്‍ക്കുന്നു. ഭാര്യയില്‍ നിന്ന്‌ ഭര്‍ത്താവിനെ, മക്കളില്‍ നിന്ന്‌ മാതാപിതാക്കളെ വേര്‍പിരിക്കുക എന്നതായിരുന്നു വെള്ളക്കാരന്റെ മറ്റൊരു ക്രൂര വിനോദം. സ്വയം വരുത്തി വച്ച കടങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി ഒരു ധനികന്‍ അയാളുടെ അടിമകളെ വിറ്റ്‌ കളഞ്ഞതിനെക്കുറിച്ച്‌ ഈ ലേഖകന്‍ എവിടെയോ വായിച്ചത്‌ ഓര്‍ക്കുന്നു. അയാളുടെ അടിമകൂട്ടത്തിലെ അമ്മമാര്‍ വാവിട്ട്‌ കരഞ്ഞ്‌കൊണ്ട്‌ അവരുടെ മക്കളെ വേര്‍പിരിക്കല്ലേ എന്നപേക്ഷിച്ചു.കാമുകീകാമുകന്മാര്‍, സഹോദരങ്ങള്‍ എല്ലാവരും വാചാലമായ മൂകതയോടെ അയാളോട്‌ നിവേദനമര്‍പ്പിച്ചു. ചുരുട്ടും വലിച്ചുകൊണ്ട്‌ നീലകണ്ണുകളുള്ള ആ വെളുത്ത പിശാച്‌ നിസ്സഹായരായ ആ നിഷക്കളങ്കരുടെ വെമ്പലും, വേവലാതിയും കണ്ട്‌ പൈശാചികമായി പൊട്ടിചിരിച്ചു. അടിമകളുടെ വില്‍പ്പന കഴിഞ്ഞ്‌ നിശ്ശബ്‌ദവും മൂകവുമായ ഒഴിഞ്ഞ്‌ കവലയിലേക്ക്‌ നോക്കി ഒരു ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയതിന്റെ ഏകദേശ പരിഭാഷ ഇവിടെ കുറിക്കട്ടെ.

`ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ നക്ഷത്രങ്ങള്‍ പൂര്‍ണ്ണപ്രകാശം ചൊരിഞ്ഞ്‌ നിന്നു. കായ്‌കനികള്‍ വഹിച്ച വൃക്ഷങ്ങള്‍ ലജ്‌ജാനമ്രരായി അവയുടെ സുഗന്ധം സായാഹ്നമാരുതനില്‍ പകര്‍ന്ന്‌കൊണ്ടിരുന്നു. ക്രൂരതകളും തെറ്റുകളും കൊണ്ട്‌ മനുഷ്യര്‍ ഭൂമിയുടെ തിളങ്ങുന്ന സൗന്ദര്യത്തില്‍ കളങ്കം കലര്‍ത്തിയിട്ടില്ലെന്ന്‌ തോന്നുമാറ്‌്‌ അന്തരീക്ഷം നിശ്ശബ്‌ദവും ശാന്തവുമായിരുന്നു. ഉടമകളുടെ പൈശാചികമായ പെരുമാറ്റം അടിമകളുടെ ജീവിതം നരക പൂര്‍ണ്ണമാക്കികൊണ്ടിരുന്നു.'

ബൈബിള്‍ വിശ്വാസികളായ ഒരു കൂട്ടം മനുഷ്യര്‍ ദൈവദൂതന്മാരെപോലെ അടിമത്വത്തിനെതിരെ ആഞ്ഞടിച്ചു,അവര്‍ കറുത്ത വര്‍ഗ്ഗക്കാരെ ദൈവവചനങ്ങള്‍ പറഞ്ഞ്‌ കേള്‍പ്പിച്ച്‌്‌ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഈജിപ്‌റ്റിലെ ഫറോന്റെ കൈകളില്‍ കിടന്ന്‌ ദുരിതമനുഭവിച്ച ജനങ്ങളെ സ്‌നേഹസ്വരൂപനായ ദൈവം മോചിപ്പിച്ച കഥകേട്ട്‌ അടിമകളുടെ മനസ്സിലും ആനന്ദമുണ്ടായി, അവര്‍ ദൈവത്തെ ഓര്‍ക്കാന്‍ തുടങ്ങി. തന്മൂലം അവര്‍ക്ക്‌ അവരുടെ പ്രയാസങ്ങളെ തരണം ചെയ്യാനുള്ള കരുത്തുണ്ടായി.അദ്ധ്വാനിക്കുന്നവര്‍ക്കും, ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായ യേശുദേവന്‍ ദുഃഖത്തിന്റെ കയ്‌പ്‌നീര്‍ കോരിക്കുടിച്ച്‌ കഴിഞ്ഞിരുന്ന നിസ്സഹായരുടെ നിലവിളി കേള്‍ക്കാന്‍ തുടങ്ങി. അവര്‍ക്ക്‌ വേണ്ടി ഒരു മിശിഹ ജനിച്ചു. ഏബ്രാഹാം ലിങ്കണ്‍. അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ്‌്‌! അദ്ദേഹം ഭരണഘടനയിലെ പതിമൂന്നാമത്തെ ഭേദഗതിപ്രകാരം അടിമകളെ സ്വതന്ത്രരാക്കി. അന്നോളം അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതക്ക്‌ അങ്ങനെ പാപമോചനം ഉണ്ടായി. ലിങ്കന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെപ്പറ്റി കേട്ട `ഹന്ന ജോണ്‍സണ്‍'(അടിമത്വത്തിനെതിരെ ശബ്‌ദമുയര്‍ത്തിയ ഒരു അടിമ) പറഞ്ഞു, നീ മരിച്ച്‌ സ്വര്‍ഗ്ഗത്തിലാകുമ്പോള്‍ ആയിരം വര്‍ഷം മാലാഖമാര്‍ നിന്റെ മഹത്വത്തെ പ്രശംസിച്ചുകൊണ്ട്‌ പാടുമെന്ന്‌ എനിക്കറിയാം.

അടിമത്വത്തില്‍ നിന്ന്‌ മോചനം നേടിയെങ്കിലും ഉടനെ കെട്ടുറപ്പുള്ള ഒരു സമൂഹം പടുത്തുയര്‍ത്താന്‍ നിര്‍ഭാഗ്യവശാല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക്‌ കഴിഞ്ഞില്ല. വര്‍ഷങ്ങളോളം അടിമകളായി പണിചെയ്‌ത ഇവര്‍ക്ക്‌ ശേഷിച്ചത്‌ നഷ്‌ടപെട്ട ആരോഗ്യവും പട്ടിണിയും അഞ്‌ജതയും മാത്രം. പുതിയ തലമുറയെ നേര്‍വഴിക്ക്‌ നടത്താനുള്ള സൗകര്യമോ അറിവോ ഇവര്‍ക്കില്ലാതെപോയി.

പിന്നീടുണ്ടായ സംഭവവികാസങ്ങളിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ ഈ സമൂഹം പുരോഗതിയുടെ പാതയിലാണെന്ന്‌ കാണം. എങ്കിലും നിറത്തിന്റെ പേരില്‍ അവകാശങ്ങള്‍ ഇവര്‍ക്ക്‌ നിഷേധിക്കപ്പെട്ടത്‌ മൂലം ഇവരുടെ പ്രയാണം സുഗമമായിരുന്നില്ല.1955ല്‍ റോസ പാര്‍ക്‌സ്‌ എന്ന കറുത്ത വര്‍ഗ്ഗകാരി ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ താനിരിക്കുന്ന സീറ്റ്‌ വെള്ളക്കാരനു കൊടുത്ത്‌ ഏണിറ്റ്‌ നില്‍ക്കാന്‍ വിസ്സമതിച്ചത്‌ ഒരു മാറ്റത്തിനു തുടക്കമായി. `മാറ്റുവിന്‍ ചട്ടങ്ങളെ' എന്നുറക്കെ പറഞ്ഞ്‌കൊണ്ട്‌ അല്‍ബാമയില്‍ നിന്ന്‌ ഒരു യുവ വൈദികന്‍ രംഗത്ത്‌ വന്നു. അദ്ദേഹം അമേരിക്കയുടെ നഗ രങ്ങളിലൂടെ പ്രസംഗിച്ച്‌ നടന്നു.`എനിക്കൊരു സ്വപ്‌നമുണ്ട്‌. ജോര്‍ജിയയുടെ കുന്നിന്‍ പുറങ്ങളില്‍ പണ്ടത്തെ അടിമകളും ഉടമകളും സാഹോദര്യത്തിന്റെ മേശക്ക്‌ ചുറ്റും ഒരുമിച്ചിരിക്കുമെന്ന്‌' അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്‌ക്കരിക്കപ്പെട്ടു.

അടിമത്വത്തിനെതിരെ ശബ്‌ദമുയര്‍ത്തിയ ഫ്രഡറിക്ക്‌ ഡഗ്ലസിന്റേയും എബ്രാഹം ലിങ്കണ്‍ന്റേയും ജന്മമാസമായ ഫെബ്രുവരി `കറുത്ത വര്‍ഗ്ഗക്കരുടെ ചരിത്രം' ആദരിക്കുന്ന മാസമായി തിരഞ്ഞെടുത്തു 1926 ലാണ്‌ ആദ്യമായി ഇത്തരം ഒരു സംരംഭത്തിനു തുടക്കം കുറിച്ചത്‌ ഡോക്‌ടര്‍ ഗാര്‍ട്ടര്‍ ജി വൂഡ്‌സണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ `നീഗ്രോകളുടെ ചരിത്രവാരം' എന്ന പേരില്‍ തുടങ്ങിയതാണിത്‌. കറുത്ത വര്‍ഗ്ഗക്കാരുടെല്‌പചരിത്രത്തെക്കുറിച്ച്‌്‌ തുലോം വിരളമായ പുസ്‌തകങ്ങളും വിവരണങ്ങളും മാത്രമെയുള്ളു എന്ന്‌ മനസ്സിലാക്കിയ അദ്ദേഹം അവരുടെ ചരിത്രത്തിനു പ്രാധാന്യം കൊടുക്കണമെന്നും അതിലേക്കായി ധാരാളം പുസ്‌തകങ്ങള്‍ ഉണ്ടാകണമെന്നും ആഗ്രഹിച്ചു. അന്നുവരെ അത്തരം വിഷയത്തെക്കുറിച്ച്‌ ലഭ്യമായിരുന്ന പുസ്‌തകങ്ങളാകട്ടെ കറുത്തവര്‍ഗ്ഗക്കാരെ സത്യസന്ധമായി പ്രതിനിധീകരിക്കുന്നവയല്ലായിരുന്നു.

ഈശ്വരന്റെ ദൃഷ്‌ടിയില്‍ മനുഷരെല്ലാം തുല്ല്യര്‍ എന്ന്‌ മാനവരാശി മനസ്സിലാക്കാന്‍ ശ്രമിക്കുകയും പിന്‍തലമുറക്ക്‌ ആ സന്ദേശം പകരുകയും അതില്‍ ഉറച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌ത സംഭവബഹുലമായ ചരിത്രത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ വഹിച്ച പങ്ക്‌ നിര്‍ണ്ണായകമാണ്‌.

ഒരു ജനതയുടെ ചരിത്രത്തെ മാനിക്കുന്ന ഈ അവസരത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ അതിന്റെ വിജയത്തിനായി പ്രാര്‍ഥിച്ചുകൊണ്ട്‌ ഭാവുകങ്ങളോടെ !


ശുഭം.
അമേരിക്കയുടെ ചരിത്രത്തില്‍ നിറം തീണ്ടിയ നാള്‍ മുതല്‍....(സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക