Image

പ്രണാം, ലിങ്കണ്‍ - സുധീര്‍പണിക്കവീട്ടില്‍

സുധീര്‍പണിക്കവീട്ടില്‍ Published on 12 February, 2013
പ്രണാം, ലിങ്കണ്‍ - സുധീര്‍പണിക്കവീട്ടില്‍
(Pl watch the movie 'Lincoln' by Spielberg, a possible contender for Oscar.)

ജനനം: ഫെബ്രുവരി 12, 1809
മരണം: ഏപ്രില്‍ 15, 1865

സമയം കിട്ടുമ്പോഴൊക്കെ വായിക്കുകയും എപ്പോഴും ഒരു പുസ്തകവുമായിനടക്കുകയും ചെയ്തിരുന്ന ഒരു ടീനേജ്കാരനോട് അവന്റെ യജമാനത്തി ചോദിച്ചു.

'നീ വലുതാകുമ്പോള്‍ ആരാകും?''

'അമേരിക്കന്‍ പ്രസിഡണ്ട്.

അതായിരുന്നു ആ ആണ്‍കുട്ടിയുടെ മറുപടി. സാമ്പത്തിക പരാധീനതയുള്ള, പറയത്തക്ക വിദ്യാഭ്യാസയോഗ്യതകളൊന്നുമില്ലാത്ത അല്ലെങ്കില്‍ അതിനു അവസരം ഇല്ലാത്ത അവന്റെ ആഗ്രഹം കൊള്ളാമല്ലോ എന്ന് ആ
സ്ത്രീ  ധരിച്ച്കാണും. പക്ഷെ വര്‍ഷങ്ങള്‍ക്ക്‌ശേഷം ആ ആള്‍ അമേരിക്കന്‍ പ്രസിഡണ്ടായി. അദ്ദേഹമാണു ഏബ്രാഹം ലിങ്കണ്‍.

ഒരു വാതിലും ഒരു ജനലും മാത്രമുള്ള വിറക് കഷണങ്ങള്‍ കൊണ്ട് അടുക്കിയുണ്ടാക്കിയ ഒരു കുടിലില്‍ 1809 ഫെബ്രുവരി 12 നു ജനിച്ച ഏബ്രാഹം ലിങ്കണ്‍ അമേരിക്കയുടെ പ്രസിഡണ്ടാകുമെന്ന് അന്നാരും വിചാരിച്ച് കാണില്ല.

അമേരിക്കയിലെ മിശിഹ എന്ന് ആദരവോടെ അറിയപ്പെടുന്ന ഈ മഹാത്മാവ് തന്റെ പതിനേഴാമത്തെ വയസ്സില്‍
ന്യു  ഓര്‍ല്യന്‍സില്‍ വച്ചാണു് അടിമകളുടെ ദുരന്തം ആദ്യമായി ദര്‍ശിച്ചത്. കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളേയും, പുരുഷന്മാരേയും, കുട്ടികളേയും ചങ്ങലിക്കിട്ട് ചാട്ടവാര്‍ കൊണ്ടടിച്ച് മ്രുഗങ്ങളെപോലെ നടത്തികൊണ്ട്‌വരുന്ന കാഴ്ച്ചകണ്ട് ആ ടീനെജ്കാരന്റെ കണ്ണുകള്‍ സജലങ്ങളായി. വളരെ സങ്കടത്തോടെ നിസ്സഹായനായി ആ കാഴ്ച്ച നോക്കിനിന്നപ്പോള്‍ അദ്ദേഹം ദൈവത്തോട് പ്രാര്‍ഥിച്ചു 'എന്നെങ്കിലും ഇതെനെതിരായി പ്രവര്‍ത്തിക്കാനൊരവസരം എനിക്ക് കിട്ടുകയാണെങ്കില്‍ ഞാന്‍ വളരെ ശക്തിയായി ഇത്‌ നിറുത്തലാക്കാന്‍ പ്രവര്‍ത്തിക്കും. ആ തീരുമാനം ഈശ്വരന്റെ കര്‍ണ്ണ പുടങ്ങളില്‍പതിച്ച് കാണുമെന്ന്‌ വിശ്വസിക്കേണ്ടിയിരിക്കുന്നു. മനുഷ്യചര്‍മ്മത്തില്‍ ഇഷ്ടം പോലെ നിറം കലര്‍ത്തുകയും കലര്‍ത്താതിരിക്കുകയും ചെയ്തത് മൂലം അവര്‍ ഭൂമിയില്‍ വര്‍ണ്ണ കലഹമുണ്ടാക്കുന്നുവെന്നറിഞ്ഞ ദൈവം ദുഃഖിച്ചിരുന്ന അവസരമായിരിക്കും അപ്പോള്‍.

ലോകത്തിലെ പാപങ്ങളെ മുഴുവന്‍ അകറ്റി അവിടെ ശാന്തിയും സമാധാനവും നിറക്കാന്‍ തന്റെ ഏകജാതനായ പുത്രനെ പറഞ്ഞയച്ച കരുണാമയനായ ദൈവം വീണ്ടും വേറൊരു പുത്രനെ ഒരുക്കുകയായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള സമത്വം സ്ഥാപിക്കാന്‍, യേശുവിനു ശേഷം ജനിച്ച വേറൊരു ദൈവപുത്രന്‍ എന്നും ഏബ്രാഹം ലിങ്കണെ വിശേഷിപ്പിക്കാറുണ്ട്.

ചെറുപ്പത്തിലെ വായനാശീലനായ ലിങ്കണ്‍ ഈസ്സോപ്പിന്റെ കഥകള്‍, റോബിന്‍സണ്‍ ക്രൂസോ, ആയിരത്തിയൊന്ന്‌ രാവുകള്‍, പരദേശി മോക്ഷയാത്ര, എന്നീ പുസ്തകങ്ങള്‍ക്ക് പുറമെ ബൈബിള്‍ മുടങ്ങാതെ വായിച്ചിരുന്നു. ഈശ്വര ഭ്കതയായ ലിങ്കന്റെ മാതാവ്‌ നാന്‍സി ഹാങ്ക്‌സ് അവരുടെ പുത്രന്‍ വലിയ ഒരാളാകുമെന്ന ശുഭാപ്തി വിശ്വാസക്കാരിയായിരുന്നു. എന്നാല്‍ പിതാവാകട്ടെ വിറക്‌ വെട്ടാനും, ഇതര ജോലികള്‍ക്കും മകനെ ഒരു സഹായിയായി കണ്ടു.

പുസ്തക പാരായണത്തില്‍ നിന്നുള്ള അറിവും, ബൈബിളിലധിഷ്ടിതമായ ജ്ഞാനവും ഏബ്രാഹം ലിങ്കനെ കാരുണ്യവാനാക്കി. ദൈവവചനങ്ങളില്‍ വിശ്വസിക്കുന്ന അവയുടെ സ്വാധീനം ധാരാളം പ്രകടമായി കാണുന്ന ഒരു വ്യക്തിത്വമായിരുന്നു ലിങ്കന്റേത്. പ്രസിഡണ്ടായിരുന്നപ്പോള്‍
പ്രശ്‌നങ്ങളുടെ പരിഹാരം തേടി എത്രയോ തവണ മുട്ടില്‍നിന്ന് അദ്ദേഹം പ്രാര്‍ഥിച്ചിരുന്നതായി നാം വായിക്കുന്നുണ്ട്. ഈശ്വര വിശ്വാസത്തിലധിഷ്ടിതമായ ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡണ്ടായിരുന്ന ഏബ്രാഹാം ലിങ്കണ്‍.

ഏബ്രാഹാം ലിങ്കണ്‍ ഒരു കടയില്‍ ജോലിക്കാരനായിരുന്ന കാലത്ത് അവിടെ സാധനം വാങ്ങാന്‍ വന്ന മനുഷ്യന്‍ കൊടുത്ത പണത്തില്‍ വിലയേക്കാള്‍ നാലു്‌ സെന്റ് കൂടുതലുണ്ടായിരുന്നത് പിന്നീട് മനസ്സിലാക്കിയപ്പോള്‍ ആറു്‌ മൈലു്‌ നടന്ന്‌ പോയി തിരികെ കൊടുക്കുകയുണ്ടായി. സത്യസന്ധനായ എബി എന്ന പേര്‌ ചെറുപ്പത്തിലെ അദ്ദേഹം സമ്പാദിച്ചിരുന്നു. ഒമ്പതാമത്തെ വയസ്സില്‍ ലിങ്കനു പെറ്റമ്മയെ നഷ്ടപ്പെട്ടു. പിന്നീട്‌ സ്വന്തം അമ്മയെപോലെ അദ്ദേഹത്തെ വളര്‍ത്തിയ സാറാ (സാലി) ബുഷ്‌ ലിങ്കണ്‍, ലിങ്കനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവര്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല കുട്ടിയാണു് എബിയെന്നാണു്. പ്രായമായവര്‍ക്കും വിധവകള്‍ക്കും വേണ്ടി ജോലിചെയ്ത് കൊടുത്ത്‌ സഹായിക്കുകയും കുട്ടികളോട് വളരെ സ്‌നേഹവും വാത്സല്യവും കാണിക്കുകയും ചെയ്തയാളായിരുന്നു ലിങ്കണ്‍.

പ്രസിഡണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിനു കിട്ടിക്കൊണ്ടിരുന്ന ദയാഹര്‍ജിക്കാരുടെ നിവേദനങ്ങള്‍ അദ്ദേഹം കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ സാധിച്ച്‌ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ താഴെ പറയുന്ന സംഭവം അദ്ദേഹത്തിനു മനുഷ്യരെ സമഭാവനയോടെ കാണുന്നതില്‍ എത്ര മാത്രം നിഷ്‌ക്കര്‍ഷത ഉണ്ടായിരുന്നുവെന്നതിനു ഉദാഹരണമാണു്. അടിമക്കച്ചവടകാരനായ ഒരാള്‍ അദ്ദേഹത്തിന്റെമേല്‍ ചുമത്തിയ പിഴയില്‍നിന്ന് ഒഴിവാക്കാനായി ലിങ്കനു ദയാഹര്‍ജി അയച്ചു. വളരെ ആലോചനക്ക്‌ ശേഷം ലിങ്കണ്‍ ഇങ്ങനെപറഞ്ഞു.'ആഫ്രിക്കയുടെ മണ്ണില്‍നിന്ന് അവളുടെ മക്കളെ നിഷക്കരുണം പിടിച്ച്‌ കൊണ്ട്‌വന്ന് മ്രുഗങ്ങളെപോലെ ഇവിടെ വിറ്റ് നടന്ന ഇയാള്‍ ദയക്ക് അര്‍ഹനല്ല.

മനുഷ്യ സ്‌നേഹിയായ ഈ കരുണാമയന്റെ ഓരോ പ്രവര്‍ത്തിയിലും വാക്കിലും മനുഷ്യരെല്ലാം തുല്യരാണെന്നുള്ള മഹത്തായ സിദ്ധാന്തം പ്രകടമായിരുന്നു. അടിമത്തത്തിന്റെ ചങ്ങലയില്‍നിന്ന് കറുത്ത വര്‍ഗ്ഗക്കാരെ വിമോചിപ്പിച്ച ഈ മിശിഹായുടെ മുമ്പില്‍ അവര്‍ മുട്ടു കുത്തി ആദരവ് പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു 'മനുഷ്യന്‍ മനുഷ്യന്റെ മുന്നില്‍ മുട്ടുകുത്തേണ്ട ആവശ്യമില്ല. ഈശ്വരന്റെ മുന്നിലാണു് മുട്ടുകുത്തേണ്ടത്. ഈശ്വരന്‍ എല്ലാ മനുഷ്യരേയും തുല്യരായി സ്രുഷ്ടിച്ചു എന്നദ്ദേഹം വിശ്വസിച്ചു, അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ'ഗെറ്റിസ്ബര്‍ഗ്''പ്രസംഗത്തിലും ആ ആദര്‍ശം ഊന്നിപറയുന്നുണ്ട്. കറുത്തവനും വെളുത്തവനുമെന്ന ചിന്തയില്ലാതെ മനുഷ്യരെ ഒന്നുപോലെ കാണുവാന്‍ അദ്ദേഹത്തിനു സാധിച്ചു.

അടിമകളെ സ്വതന്ത്രരാക്കികൊണ്ട് ഏബ്രാഹം ലിങ്കന്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ അദ്ദേഹം ശത്രുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശകരില്‍ ഒരാള്‍ ആ ഉത്തരവ് മാറ്റാന്‍വേണ്ടി അഭ്യര്‍ഥിച്ചു. ' ഞാന്‍ പതുക്കെ നടക്കുന്നയാളാണു് ; പക്ഷെ പുറകോട്ട്‌ നടക്കാറില്ല '' എന്നാണു ലിങ്കണ്‍ അതിനു മറുപടി പറഞ്ഞത്. ഈശ്വരവിശ്വാസിയായിരുന്ന ലിങ്കണ്‍ അദ്ദേഹത്തിനെതിരെയുള്ള വധഭീഷണികളെപ്പറ്റി കേട്ടപ്പോള്‍ പ്രസ്താവിച്ചത് ഇങ്ങനെയാണു 'ത്യാഗത്തിനിരയാകാന്‍ ദൈവം എപ്പോഴും ഒരാളെ തേടുന്നു. ഒരു പക്ഷെ എന്നേയും അതിനായി തിരഞ്ഞെടുത്തതായിരിക്കും.

1865 ഏപ്രില്‍ 14നു ഫോര്‍ഡ് തിയ്യേറ്ററില്‍വച്ച് ഒരു നാടകം കണ്ടുകൊണ്ടിരുന്നപ്പോള്‍ ജോണ്‍ വിള്‍ക്കിന്‍സ് ബൂത് എന്ന ഒരു നടന്‍ ഏബ്രാഹം ലിങ്കന്റെ മേല്‍ നിറയൊഴിച്ചു. അന്ന് ആദ്യമായി ഒരമേരിക്കന്‍ പ്രസിഡണ്ടിനു വെടിയേറ്റു. ആ പുണ്യാത്മാവിന്റെ ജീവിതം അങ്ങനെ അസ്തമിച്ചു. ദൈവനിയോഗം പോലെ അന്ന്
ദുഃഖ വെള്ളിയാഴ്ച്ചയായിരുന്നു. സ്വര്‍ഗ്ഗത്തിന്റെ കണ്ണുകള്‍ ഈറനായി. തോരാതെ മഴ പെയ്ത്‌കൊണ്ടിരുന്നു. ലിങ്കന്റെ മരണ വിവരം അദ്ദേഹത്തിന്റെ രണ്ടാനമ്മയെ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത്'ലിങ്കന്റെ അമ്മമാര്‍'' എന്ന് ഇംഗ്ലീഷ് പുസ്തകത്തില്‍ ദൊറോത്തി ക്ലാര്‍ക്ക്‌ വിത്സണ്‍ എന്ന ഗ്രന്ഥകാരി രേപ്പെടുത്തിയതിന്റെ ഏകദേശ വിവര്‍ത്തനം താഴെകൊടുക്കുന്നു. 'ഓ എന്റെ എബിമോന്‍, എന്റെ കുട്ടി, അവര്‍ വീണ്ടും വീണ്ടും പറഞ്ഞു, അവര്‍ നിന്നെ കൊല്ലുമെന്ന് എനിക്കറിയാമായിരുന്നു.' പിന്നെ അവര്‍ വാതില്‍ക്കലേക്ക്‌ നടന്ന്‌ ചെന്ന് പുറത്തേക്ക്‌നോക്കി. ഏപ്രില്‍ മാസത്തിലെ ശാന്തമായ ഒരു പ്രഭാതമായിരുന്നു അന്ന്. പുല്‍ക്കൊടിതുമ്പിലെ തുഷാരബിന്ദുക്കള്‍ വൈഡൂര്യങ്ങളായിട്ടല്ല അന്ന് കണ്ണീര്‍ തുള്ളികളായിട്ടാണു കാണപ്പെട്ടത്. ചുവപ്പും, മഞ്ഞ നിറവുമായ പൂക്കള്‍ ഇളം ചുടുകാറ്റില്‍ പതുക്കേ ഉലഞ്ഞിരുന്നു. അങ്ങ് മലനിരകള്‍ക്കപ്പുറം ആകാശ നീലിമയില്‍ വെള്ളിമേഘങ്ങള്‍ പൊങ്ങികിടന്നു. പറക്കാന്‍വേണ്ടി ചിറക്‌ വിടര്‍ത്തിയപോലെ, അവര്‍ വളരെനേരം അങ്ങനെ നോക്കിനിന്നു, പിന്നെ സങ്കടത്തോടെ മേലോട്ട്‌ നോക്കിപറഞ്ഞു. 'നാന്‍സി (ലിങ്കന്റെ പെറ്റമ്മ), ഇപ്പോള്‍ എബി നിന്റെ മാത്രമായി, എന്റെ കൂടെ കുറച്ച്കാലം അവനെ വളരാന്‍ വിട്ട് തന്നതിനു നന്ദി.'

ഗെറ്റിസ്ബര്‍ഗിലേക്ക് പ്രസംഗിക്കാന്‍ വന്ന ലിങ്കനെ അവിടത്തെ ഒരു വൈദികന്‍ എതിരേറ്റ് പറഞ്ഞ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ. ' വരിക, പിതാവായ ഏബ്രാഹാമേ, നിന്റെ മക്കള്‍ നിന്നെ കാണാന്‍ കാത്തിരിക്കുന്നു. നിന്നെ ബഹുജാതികളുടെ പിതാവാക്കുമെന്ന് ഏബ്രാഹാമിനോട് പറഞ്ഞ ദൈവം കെന്റക്കിയിലെ ഒരു സാധാരണ മനുഷ്യന്റെ മകനായി ജനിച്ച ഏബ്രാഹാമിനേയും ഒരു മഹത്തായ കര്‍മ്മത്തിന്റെ സാക്ഷാത്കാരത്തിനായി തിരഞ്ഞെടുത്തതായിരുന്നു എന്ന്‌ നമുക്ക്‌ വിശ്വസിക്കാം. ഇന്ന് അമേരിക്കയില്‍ ബഹുവര്‍ണ്ണങ്ങളിലുള്ള നാനാ ജാതികള്‍ സ്വതന്ത്രമായി,  യാതൊരു വിവേചനവും (പുറത്ത്) കാട്ടാതെ വിഹരിക്കുമ്പോള്‍ ഏബ്രാഹം ലിങ്കണ്‍ എന്ന 'മിശിഹ''യെ എത്രപേര്‍ ഓര്‍മ്മിക്കുന്നുണ്ടാകും. ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണപ്രകാശം ചൊരിയുന്ന മഹാനായ ഏബ്രഹാം ലിങ്കന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ അമേരിക്കയിലെ സൗഭാഗ്യങ്ങളില്‍ പങ്കുചേരാന്‍ അവസരം കിട്ടിയ ഈ പ്രവാസിയുടെ പ്രണാമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക