Image

സ്വപ്നാടനം(നോവല്‍ ഭാഗം-4)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 04 March, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-4)- നീന പനയ്ക്കല്‍

നാല്
ഇരട്ടക്കട്ടിലില്‍ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് ഉറക്കം വരാതെ സൂസി കിടന്നു. മേരിക്കുട്ടി പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സുനിറയെ.

അമ്മാമ്മ ബീനയെ ചോദിച്ചതില്‍ വലിയ തെറ്റുപറയാനില്ല. തനിക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. അതുകൊണ്ടാണ് ഒരാളെ ചോദിച്ചത്.

രണ്ടു കണ്ണുകളില്‍ ഒന്നാണ് ചോദിച്ചതെങ്കില്‍ സന്തോഷത്തോടെ കൊടുക്കുമായിരുന്നു. പക്ഷെ ബീനയും ബിന്ദുവും. അവര്‍ തന്റേതു മാത്രമാണോ. മനുവിന്റേതുകൂടെയല്ലേ? മനുവിന്റെ രക്തം, മനുവിന്റെ ജീവന്‍, മനുവിന്റെ ആത്മാവിന്റെ ഭാഗം. അപ്പോള്‍ എങ്ങനെ കൊടുക്കും?
സാധിക്കില്ല തന്നെ.

അവള്‍ക്ക് വല്ലാത്ത ദാഹം തോന്നി. എഴുന്നേറ്റ് ലൈറ്റിട്ടു. സമയം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. ബീനയും ബിന്ദുവും നല്ല ഉറക്കം. മറിയച്ചേടത്തിയും സുഖനിദ്രയിലായിരിക്കും.
അടുക്കളയില്‍ ചെന്നു വെള്ളമെടുത്തു കുടിച്ചിട്ട് അവള്‍ വന്നു ലൈറ്റണച്ചു കിടന്നു.
പുറത്തൊരു കാല്‌പെരുമാറ്റം കേട്ടതുപോലെ.

ഉയരുന്ന നെഞ്ചിടിപ്പൊടെ അവള്‍ ചെവിയോര്‍ത്തു കിടന്നു.

വെളിയില്‍ ജനാലയുടെ അടുത്ത് ആരോ തീപ്പെട്ടിയുരച്ചു സിഗരറ്റു കത്തിക്കുന്നു. ചുമയ്ക്കുന്നു.
സൂസി വല്ലാതെ ഭയന്നു പോയി.

കള്ളന്മാരയിരിക്കുമോ.

പെട്ടെന്ന് വാതിലില്‍ ആരോ ചെറിയ ശബ്ദത്തില്‍ മുട്ടി. അവള്‍ ചാടിയെണീറ്റ് ലൈറ്റിട്ടു.

'മറിയച്ചേടത്തീ...' ആവുന്ന ശക്തിയില്‍ ഉറക്കെ വിളിച്ചു. കുഞ്ഞുങ്ങളെ വിട്ട് അടുത്തമുറിയിലേക്കു പോകാന്‍ അവള്‍ പേടിച്ചു. പലതവണ വിളിച്ച ശേഷമാണ് മറിയച്ചേടത്തി ഉണര്‍ന്നു ലൈറ്റിട്ടത്.
എന്താ മോളേ? അവര്‍ ഓടിവന്നു.

'വെളിയില്‍ ആരോ വന്ന്... കതകില്‍ മുട്ടി...'

മറിയച്ചേടത്തി അവളെ ഒരു നിമിഷം നോക്കി.

'മോള്‍ക്ക് തോന്നിയതായിരിക്കും.'

'അല്ല...ഞാനെന്റെയീ രണ്ടു ചെവികൊണ്ടും കേട്ടതാ.' അവള്‍ ഉറപ്പിച്ചു പറഞ്ഞു.
പേടിക്കണ്ട. ഞാനും കൂടി ഇവിടെ വന്നു കിടക്കാം.

പായും തലയിണയും ഷീറ്റുമെല്ലാം എടുത്തുകൊണ്ടുവന്ന് ചേടത്തി ആ മുറിയില്‍ കിടന്നു.
അന്നു രാത്രി പിന്നെ സൂസിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേന്നു നോക്കിയപ്പോള്‍ മുറ്റത്ത് ജനാലയുടെ അടുത്ത് രണ്ടു മൂന്നു സിഗരറ്റു കുറ്റികള്‍.

ഓഫീസില്‍ വെച്ച് മാലതിസ്സാറിനോട് അവള്‍ ഇക്കാര്യം പറഞ്ഞു.
'കള്ളന്മാരൊന്നും ആയിരിക്കില്ല അത്.'

'പിന്നെ?'
'ആണുങ്ങളില്ലാത്ത വീടാണ് നിങ്ങളുടേത്. പോരാത്തതിന് സൂസി യുവതിയും വിധവയും. ഭര്‍ത്താവു മരിച്ച സ്ത്രീകളെ പാട്ടിലാക്കാന്‍ എളുപ്പമാണെന്നു വിചാരിക്കുന്ന ചില പുരുഷന്മാരുണ്ട്.”
മാലതിസ്സാര്‍ പറഞ്ഞു വരുന്നതെന്താണെന്ന് സൂസിക്കു മനസ്സിലായി.

ഞാനെന്തു ചെയ്യും മാലതിസ്സാറേ. നിസ്സഹായതയോടെ അവള്‍ ചോദിച്ചു.

താന്‍ പറയുന്ന കാര്യം സൂസി ചെയ്യുമെന്ന് മാലതിസ്സാറിന് വിശ്വാസമുണ്ടായിരുന്നില്ല. മനുവും സൂസിയും പരസ്പരം എത്രമാത്രം സ്‌നേഹിച്ചവരാണെന്ന് അവര്‍ക്കറിയാം. ഇനി സൂസിയുടെ ഹൃദയത്തില്‍ മറ്റൊരു  പുരുഷന് സ്ഥാനമില്ലെന്നും അറിയാം. നമ്മുടെ നാട്ടിലെ സാഹചര്യങ്ങള്‍ വെച്ചു നോക്കുകയാണെങ്കില്‍ പുരുഷന്റെ തുണയില്ലാതെ ഒരു പെണ്ണിന് ജീവിക്കാന്‍ ഒരു പാടു ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. മനു മരിച്ചിട്ട് ഒരു വര്‍ഷം തികച്ചായില്ല. ക്രൂരതയാണെങ്കിലും പറയാതെ വയ്യ. സൂസി അധികം താമസിയാതെ മറ്റൊരു വിവാഹത്തിനു തയ്യാറാകണം. അല്ലെങ്കില്‍ ഇതുപോലെ പലരും ഇരുട്ടിന്റെ മറവിലും അല്ലാതെയും ചുറ്റിപറ്റി നടക്കും.
'സൂസി മറ്റൊരു വിവാഹം കഴിക്കണം.'

'ഇല്ല സാറേ. മറ്റൊരു പുരുഷന്റെ ഭാര്യയാവില്ല ഞാന്‍'
സൂസിയെ നിര്‍ബന്ധിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് അറിയാമായിരുന്നതു കൊണ്ട് മാലതിസ്സാര്‍ കൂടുതലൊന്നും പറഞ്ഞില്ല.

'ഇന്നലെ സൂസിയുടെ ബ്രദര്‍ വന്നിട്ട് എപ്പോള്‍ പോയി?' അവര്‍ വിഷയം മാറ്റി.

'അക്കാര്യം ഞാന്‍ പറഞ്ഞില്ലല്ലോ. അച്ചായന്‍ മാത്രമല്ല, അമ്മാമ്മയും എന്റെ അമ്മച്ചിയും വന്നിരുന്നു സാറേ.'

അതു നല്ല ലക്ഷണമാണല്ലോ. മാലതിസ്സാറിന് സന്തോഷം തോന്നി. വേണ്ടപ്പെട്ടവരെയൊക്കെ വീണ്ടുകിട്ടിയാല്‍ പിന്നെന്തുപേടിക്കാന്‍. ട്രാന്‍സ്ഫര്‍ വാങ്ങി തിരുവനന്തപുരത്തു പോയി, സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കാമല്ലോ.

പിന്നെ രസകരമായ ഒരു സംഭവം നടന്നു.

'എന്താ അത്'

എന്റെ ബീന മോളെ ദത്തെടുക്കാന്‍ കൊടുക്കുമോ എന്ന് ഒരാള്‍ ചോദിച്ചു.
ആര് ആശ്ചര്യത്തോടെ മാലതിസ്സാര്‍ ചോദിച്ചു.

മേരിക്കുട്ടിമ്മാമ്മ ഞാന്‍ പറഞ്ഞിട്ടില്ലേ, വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങളായെങ്കിലും അവര്‍ക്കു മക്കളില്ല. ഇനി ഉണ്ടാവുകയുമില്ല.

'സൂസിയെന്തു പറഞ്ഞു?'

'എന്റെ ബീനമോളെ ഞാന്‍ ആര്‍ക്കെങ്കിലും കൊടുക്കുമെന്ന് സാര്‍ വിചാരിക്കുന്നുണ്ടോ?'

കൊടുക്കുന്നതായിരുന്നു നല്ലത്. അാലതിസ്സാര്‍ ഒന്നാലോചിച്ചിട്ട് സാവധാനത്തില്‍ സംസാരിച്ചു.

സൂസിയുടെ ഇപ്പോഴത്തെ അവസ്ഥ കൂടി മനസ്സിലാക്കണം ജോലിയുണ്ടെന്നതു നേരുതന്നെ. എങ്കിലും കടം വാങ്ങാതെ ഒരു മാസമെങ്കിലും തള്ളിനീക്കാന്‍ കുട്ടിക്ക് കഴിയുന്നുണ്ടോ? കുഞ്ഞുങ്ങള്‍ വളരുന്തോറും ചെലവു കൂടുകയേ ഉള്ളൂ.

“എന്നേയും ബിന്ദുമോളേയും സ്‌പോണ്‍സര്‍ ചെയ്യാമെന്നും പറഞ്ഞിട്ടിണ്ട്.”

“എങ്കില്‍ പിന്നെ രണ്ടാമതൊന്ന് ആലോചിക്കപോലും ചെയ്യാതെ സൂസിക്ക് സമ്മതം മൂളാവുന്നതേയുള്ളായിരുന്നു. സൂസി തനിയെ എങ്ങനെ രണ്ടു പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കും? മറിയച്ചേടത്തി എന്നും കൂടെ കാണുമോ? തന്നെയുമല്ല ഇപ്പോള്‍ത്തന്നെ കഴുകന്മാര്‍ നിന്നെ വട്ടമിട്ടു പറക്കുകയാണ്.”

ആ രാത്രിയിലും സൂസിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. തലേ രാത്രിയിലേപ്പോലെ ആരെങ്കിലും വന്നു വാതിലില്‍ മുട്ടുമോ എന്ന പേടി. മാലതിസ്സാര്‍ പറഞ്ഞതിനെക്കുറിച്ചുള്ള ചിന്ത.

ബീന മോളെ എങ്ങനെ കൈവിടും?

കൈവിടുകയാണോ? അവള്‍ ജോസച്ചാച്ചന്റെ മോളായി വളരില്ലേ? അമേരിക്കക്കു പോയാല്‍ എന്നുമവളെ കാണുകയും ചെയ്യാം.

മാലതിസ്സാര്‍ പറഞ്ഞത് ശരിയാണ്. രണ്ടു പെണ്‍കുഞ്ഞുങ്ങളാണുള്ളത്. ആണ്‍തുണയില്ലാതെ അവരെ എങ്ങനെ വളര്‍ത്തും? ജോസച്ചാച്ചന്റെ കൂടെയാവുമ്പോള്‍ ഒന്നും പേടിക്കണ്ട.

എങ്കിലും ഒരു തീരുമാനമെടുക്കാന്‍ സൂസിക്കു കഴിഞ്ഞില്ല.

ഇരുട്ടില്‍ മച്ചിലേക്കു നോക്കി അവള്‍ കിടന്നു.

പെട്ടെന്ന് വാതിലില്‍ മൃദുവായി മുട്ടുന്ന ശബ്ദം.

അവള്‍ കണ്ണിറുകെപ്പൂട്ടി ശ്വാസം വിടാന്‍ പോലും പേടിച്ചു കിടന്നു. ആരായിരിക്കും അത്? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.

ഓഫീസിലേക്കു പോകുമ്പോഴും വീട്ടിലേക്കു വരുമ്പോഴും കണ്ണുകള്‍ കൊണ്ട് ഊറ്റിക്കുടിക്കാന്‍ നില്‍ക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. അവരാരെങ്കിലും ആയിരിക്കും.

എന്തായാലും അത് അപകടമാണ്.

പോലീസിലൊരു കംപ്ലെയിന്റ് കൊടുത്താലോ?

കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ വലിയ പ്രയോജനം ചെയ്യുമെന്നു തോന്നുന്നില്ല സൂസീ. മാലതിസ്സാര്‍ പറഞ്ഞു.  കുറെ ദിവസത്തേക്ക് ശല്യമുണ്ടാകാതിരിക്കും. അതുകഴിഞ്ഞ് പിന്നേയും തുടങ്ങിയെന്നിരിക്കും.

ഉച്ചക്ക് ഊണുകഴിക്കാന്‍ വീട്ടില്‍ ചെന്നപ്പോള്‍ മുറത്തു കാര്‍ കിടപ്പുണ്ടായിരുന്നു. വീട്ടിലെ കാറാണെന്നു കണ്ടപ്പോള്‍ തന്നെ മനസ്സിലായി.

ഡ്രോയിംഗ് റൂമില്‍ ജോസ് സോഫയില്‍ കിടക്കുന്നു. അയാളുടെ മാറില്‍ പറ്റിചേര്‍ന്നു ബീനമോള്‍ സുഖമായി ഉറങ്ങുന്നു.

ആ കാഴ്ച എന്തുകൊണ്ടോ അവളെ വല്ലാതെ സ്പര്‍ശിച്ചു.

ജോസച്ചാച്ചന്‍ എപ്പോള്‍ വന്നു?

ജോസ് പെട്ടെന്ന് തലതിരിച്ചു നോക്കി.

'ഒരു മണിക്കൂറായിക്കാണും.'

'അമ്മാമ്മയെവിടെ'.

വന്നില്ല, വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നിന്നെ അഭിമുഖീകരിക്കാന്‍ അവള്‍ക്കൊരു മടി. പോകുന്നതിനു മുമ്പ് നിന്നേയും മക്കളേയും ഒന്നുകൂടി കാണണമെന്നു തോന്നി. അമ്മച്ചിയും അപ്പച്ചനും ഞങ്ങളോടൊത്തിരി ദേഷ്യപ്പെട്ടു നിന്നെ പ്രയാസപ്പെടുത്തിയതിന്. അതു സാരമില്ല,മറ്റന്നാള്‍ ഞങ്ങള്‍ തിരിച്ചു പോകുവാ.

'എന്നെ ഫെയിസ് ചെയ്യാന്‍ അമ്മാമ്മയെന്തിനാ മടിക്കുന്നത്. ജോസച്ചാച്ചന്‍ നിര്‍ബന്ധിച്ചു കൊണ്ടുവരേണ്ടിയിരുന്നു. നിങ്ങള്‍ പോയാല്‍ ഇനി അടുത്ത വര്‍ഷം അല്ലേ വരൂ?

മറിയച്ചേടത്തി ബിന്ദുമോളേയും കൊണ്ട് വാതിലിനടുത്തു പ്രത്യക്ഷപ്പെട്ടു.

'സാറിനെ കണ്ടതും ബീനമോള്‍ ചാടിച്ചെന്നു. എന്നെ പിന്നെ തിരിഞ്ഞു നോക്കിയതു പോലുമില്ല.'
സൂസിയുടെ മനസ്സ് ദുര്‍ബലമായി.

ജോസച്ചാച്ചാ...അവള്‍ വിളിച്ചു.

ജോസ് അവളെ നോക്കി.

ബീനമോളെ ജോസച്ചാച്ചനെടുത്തോ പക്ഷെ അവളെ എന്നില്‍നിന്നും അകറ്റിക്കളയരുത്. അമ്മാമ്മ പറഞ്ഞതുപോലെ എന്നേയും ബിന്ദു മോളേയും കൂടി കൊണ്ടുപോകണം. എനിക്കവളെ കാണാതെ ജീവിക്കാനൊക്കില്ല.

സൂസി വിങ്ങിപ്പൊട്ടി.

'സത്യമാണോ മോളേ നീയീ പറഞ്ഞത്? ബീനമോളെ നീയെനിക്കു തരുമോ?'

അതെ എന്ന അര്‍ത്ഥത്തില്‍ അവള്‍ തലകുലുക്കി.

ആശ്ചര്യവും സന്തോഷവും കൊണ്ട് അയാളുടെ മുഖം വിടര്‍ന്നു. വിശ്വാസം വരുന്നില്ല.
ബീനമോളെ തന്നില്ലെങ്കിലും സൂസിയേയും മക്കളേയും അമേരിക്കക്കു കൊണ്ടുപോകണമെന്നുതന്നെ തീരുമാനിച്ചിരിക്കയായിരുന്നു അയാള്‍. ഒരുപാട് അവള്‍ കഷ്ടപ്പെട്ടു. ഈ നാട്ടില്‍ അവള്‍ക്കിനി ഒരു ജീവിതമില്ല.

രണ്ടുമൂന്ന് ഓര്‍ഫനേജുകളില്‍ ഞങ്ങള്‍ പോയി മോളേ, ഇഷ്ടപ്പെട്ട ഒരു കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞഇല്ല. അടുത്തവര്‍ഷം വരുമ്പോള്‍ ശ്രമിച്ചുനോക്കാമെന്ന് വിചാരിച്ചു. ഇനി അതിന്റെ ആവശ്യമില്ലല്ലോ. ഇതറിയുമ്പോള്‍ മേരിക്കുട്ടിക്ക് എന്തു സന്തോഷമാവുമെന്നറിയോ. രണ്ടു ദിവസമേ കണ്ടിട്ടുള്ളൂ ബീനമോളെ, അവള്‍ ഒരുപാടു സ്‌നേഹിച്ചുപോയി.

എല്ലാം ദൈവയിഷ്ടം എന്നു കരുതിയാല്‍ മതി. ആവുന്നത്ര പ്രസന്നത മുഖത്തു വരുത്തിയിട്ട് അവള്‍ പറഞ്ഞു. ഒരു തീരുമാനവും കൂടി ഞാനെടുത്തു ജോസച്ചാച്ചാ. അപ്പച്ചന്‍ എന്നെ സ്വീകരിക്കുമെങ്കില്‍ തിരുവനന്തപുരത്തു പോയിതാമസിക്കാന്‍. പക്ഷേ മാപ്പു പറയാനോ ക്ഷമ ചോദിക്കാനോ എന്നെ ക്കൊണ്ടാവില്ല. മനുവിനെ സ്‌നേഹിച്ചതും വിവാഹം കഴിച്ച് ഒരുമിച്ച് താമസിച്ചതും തെറ്റായിപ്പോയി എന്നു ഞാന്‍ വിചാരിക്കുന്നില്ല.

വേണ്ട. നീ ആരോടും ക്ഷമ ചോദിക്കണ്ട. നീ തിരുവനന്തപുരത്തെ വീട്ടില്‍ വന്നു താമസിക്കുന്നത് എല്ലാവര്‍ക്കും സമ്മതമാണ്. ഇഷ്ടമാണ്. നിനക്കു നിര്‍ബന്ധമാണെങ്കില്‍ അപ്പച്ചന്‍ ഇവിടെ വന്നു നിന്നെ കൊണ്ടുപോകും. അതു മതിയോ?

മതി, നിറകണ്ണുകളോടെ അവള്‍ നിന്നു.

'മോളേ, എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം കേട്ടു കഴിയുമ്പോള്‍ ബീനമോളെ എനിക്കു തരില്ല എന്ന് നീ പറയുമോ എന്ന് പേടി തോന്നുന്നു.'

എന്തു ഭയങ്കര കാര്യമാ ജോസച്ചാച്ചന്‍ എന്നോടു പറയാന്‍ പോകുന്നത് എന്നു പേടിച്ച് അവളയാളുടെ നേര്‍ക്ക് നോക്കി.

ബീനമോളെ നിയമപരമായ ദത്തെടുത്തശേഷമേ എനിക്ക് കൊണ്ടുപോകാന്‍ സാധിക്കൂ. മാത്രവുമല്ല, നിന്നെയും ബിന്ദുമോളേയും സ്‌പോണ്‍സര്‍ ചെയ്താലും ഏഴെട്ടുവര്‍ഷങ്ങളെങ്കിലും എടുക്കും നിങ്ങള്‍ക്ക് വിസകിട്ടാന്‍. അതുവരെ നിനക്ക് ബീനമോളെ കാണാന്‍ സാധിക്കില്ല. വര്‍ഷംതോറും ഞങ്ങള്‍ അവളുമായി വരുമ്പോഴല്ലാതെ. സത്യം പറഞ്ഞതുകൊണ്ട് നീ മനസ്സു മാറ്റല്ലേ സൂസീ. അയാളുടെ തൊണ്ടയിടറിപ്പോയി.

'എനിക്കറിയാം അച്ചായാ. അച്ചായന്‍ അവളെ നിയമപരമായി ദത്തെടുക്കുമെന്ന്. പക്ഷെ ഏഴെട്ടുവര്‍ഷങ്ങള്‍ ബീനയെ കാണാതെ? എങ്ങനെ ഞാന്‍ ജീവിക്കും എന്റെ ദൈവമേ' അവള്‍ പൊട്ടിക്കരഞ്ഞു.

കരച്ചിലടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു. 'ഞാന്‍ വാക്കുമാറില്ലച്ചായാ. അച്ചായനറിയില്ലേ എന്റെ സ്വഭാവം.'

ജോസ് ബീനമോളെ ഉമ്മവെച്ചു. ഈ പൊന്നിന്‍കുടം ഇനി എന്റേതാണ്. എന്റെയും മേരിക്കുട്ടിയുടേയും.
ജോസിന് തിരികെപ്പോകാന്‍ ധൃതിയായി. പക്ഷേ കുഞ്ഞിനെ പിരിയാനും മനസ്സുവരുന്നില്ല. സന്തോഷവാര്‍ത്ത മേരിക്കുട്ടിയെ ഉടന്‍ ഫോണില്‍ വിളിച്ചറിയിച്ചാലോ എന്നു ചിന്തിച്ചെങ്കിലും, നേരിട്ടു പറയുമ്പോള്‍ അവളുടെ പ്രതികരണം സ്വന്തം കണ്ണുകൊണ്ടുകാണാമല്ലോ എന്നോര്‍ത്ത് ആ ആവേശം അടക്കി.
അയാള്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ മേരിക്കുട്ടി കുളികഴിഞ്ഞ് മുടിയുണക്കുകയായിരുന്നു. അയാളുടെ മുഖം കണ്ടപ്പോഴേ ആഹ്ലാദകരമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവള്‍ക്ക് മനസ്സിലായി.
'എന്താ ജോസേ? എന്തുണ്ടായി?'

'ബീനമോളെ സൂസി നമുക്കു തന്നു.'

ഒരു നിമിഷം സ്തബ്ധയായി നിന്നുപോയി മേരിക്കുട്ടി.

'സൂസി നമുക്കു മോളെ തന്നോ?'

യെസ്. യെസ്.

മേരിക്കുട്ടി അയാളെ കെട്ടിപ്പിടിച്ചു. ഒടുവില്‍ സൂസിയുടെ മനസ്സുമാറിയല്ലോ. എവിടെയെല്ലാം ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്നതാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ബര്‍ണാര്‍ഡ്‌സാറിനും കുഞ്ഞന്നാമ്മക്കും സന്തോഷമായി. വല്ല അനാഥാലയത്തിലും ചെന്ന് വല്ലവര്‍ക്കുമുണ്ടായ കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തുന്നതിലും എത്രയോ നല്ലതാണ് സൂസിയുടെ കുഞ്ഞിനെ കൊണ്ടുപോയി വളര്‍ത്തുന്നത്.

'സൂസി ഇവിടെ വന്നു താമസിക്കും അപ്പച്ചാ. അപ്പച്ചന്‍ ചെന്ന് വിളിച്ചാല്‍ മാത്രം മതി.' എനിക്കുവേണ്ടി അപ്പച്ചനതുചെയ്യണം. ജീവിതത്തിന് ഒരു ലക്ഷ്യവുമില്ലായിരുന്നു അപ്പച്ചാ എനിക്കിതുവര. സത്യം പറഞ്ഞാല്‍ ജീവിക്കണം എന്ന ആശപോലും ഇല്ലായിരുന്നു. സൂസി കാരണം ഞാനിപ്പോള്‍അനുഭവിക്കുന്ന ആത്മഹര്‍ഷം അപ്പച്ചനു മനസ്സിലാവുമോ? പ്ലീസ് അപ്പച്ചാ, എനിക്കും മേരിക്കുട്ടിക്കും വേണ്ടി അപ്പച്ചനവളെപോയി വിളിക്കുമോ?

'ഞാന്‍ പോകാം. നീ വിഷമിക്കണ്ട.'

സ്വര്‍ണ്ണനൂലില്‍ നെയ്ത ഒരായിരം സ്വപ്നങ്ങളുമായി ജോസും മേരിക്കുട്ടിയും ഉറങ്ങാതെ കിടന്നു.
Previous page Link:http://www.emalayalee.com/varthaFull.php?newsId=45052
സ്വപ്നാടനം(നോവല്‍ ഭാഗം-4)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക