Image

കുങ്കുമപ്പൊട്ട്‌ (പഴയ കാല കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 15 April, 2013
കുങ്കുമപ്പൊട്ട്‌ (പഴയ കാല കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)
ഒത്തിരി സ്‌നേഹത്തോടെ മുത്തശ്ശി ഉണ്ണി എന്ന്‌ വിളിക്കുന്ന ഉണ്ണികൃഷ്‌ണനെ അവര്‍ കൊഞ്ചിച്ച്‌ വഷളാക്കിയെന്ന്‌ നാട്ടുകാര്‍ മാത്രമല്ല അയാളുടെ ചേച്ചിയും അനിയത്തിയും പറയും. `അമ്മയില്ലാത്ത കുട്ടിയല്ലേ' എന്നാണു മുത്തശ്ശിയുടെ വേവലാതി. എന്നാല്‍ ആ പരിഗണന എന്തു കൊണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ കൊടുക്കുന്നില്ല എന്ന്‌ മുത്തശ്ശിയുടെ മറ്റു മക്കള്‍ ചോദിച്ചാല്‍ മുത്തശ്ശിക്ക്‌ ഉത്തരമില്ല.

ഉണ്ണിയുടെ ഓരോ വളര്‍ച്ചയും മുത്തശ്ശി അഭിമാനത്തോടെ നോക്കി കണ്ടു. ഉണ്ണി കോളേജില്‍ ചേര്‍ന്നപ്പോള്‍ സന്തോഷമുണ്ടായെങ്കിലും ദൂരെ കോളേജില്‍ നിന്നും വൈകുന്നേരം വൈകിയെത്തുന്ന കാര്യം മുത്തശ്ശിയുടെ മനസ്സിനെ വേദനിപ്പിച്ചു. വീട്ടുമുറ്റത്തെ സ്വന്തം നിലങ്ങള്‍ പൊന്നാര്യന്‍ കൊയ്‌ത്ത്‌ കഴിഞ്ഞ്‌ ഒഴിഞ്ഞ്‌ കിടക്കുന്നത്‌കൊണ്ട്‌ ഉണ്ണി ദൂരെ നിന്നു വരുന്നത്‌ മുത്തശ്ശിക്ക്‌ ഉമ്മറ കോലായില്‍ ഇരുന്നാല്‍ കാണാം. ആയിരം കണ്ണുമായ്‌ മുത്തശ്ശി ഉണ്ണിയെ നോക്കിയിരുന്നു. അപ്പോഴൊക്കെ മുത്തശ്ശി മരിച്ചുപോയ മകളെ ഓര്‍ത്തു, കണ്ണുനീര്‍ വീഴ്‌ത്തി. മുത്തശ്ശി സങ്കടപ്പെടുന്നത്‌ തൊഴുത്തിലെ പശുക്കള്‍ക്കും വീട്ടിലെ നായക്കു പോലുമറിയാമെന്നാണു ഉണ്ണിയുടെ സഹോദരിമാര്‍ പറയാറുള്ളത്‌.. നായ പടി വരെ ഓടിപോയ്‌ ഒരു അവലോകനം നടത്തി മുത്തശ്ശിയുടെ കാല്‍ക്കല്‍ വന്നു നിന്ന്‌ വാലാട്ടും. വിഷമിക്കേണ്ട ഉണ്ണി ഇപ്പോള്‍ വരുമെന്നാണത്രെ ആ സ്‌നേഹ പ്രകടനത്തിന്റെ അര്‍ത്ഥം.നായ്‌ക്കള്‍ക്ക്‌ മനുഷ്യരെക്കാള്‍ കൂടുതലായി ദൂര കാഴ്‌ചകള്‍ കാണാന്‍ കഴിയുമെന്ന വിശ്വാസം. തൊഴുത്തിലെ പശുക്കളും വൈക്കോല്‍ തിന്നാതെ, കൊമ്പു കുലുക്കി ചില ശബ്‌ദങ്ങള്‍ പുറപ്പെടുവിച്ച്‌ മുത്തശ്ശിയുടെ വേവലാതിയില്‍ പങ്കു കൊള്ളും. മുത്തശ്ശിയുടെ മനസ്സ്‌ പോലെ വാത്സല്യത്തിന്റെ അമൃത്‌ ചുരത്തികൊണ്ട്‌ നിലാവ്‌ തൊടിയില്‍ നിറഞ്ഞ്‌ നില്‍ക്കും. ഉണ്ണി വരുമ്പോള്‍ ഇതൊക്കെ മുത്തശ്ശി അവനോട്‌ പറയും. ഈ മുത്തശ്ശിയാണ്‌ ഏട്ടനെ കവിയാക്കിയത്‌ എന്ന്‌ ഇളയ സഹോദരി എല്ലാവരോടും പറയുന്നത്‌ കേട്ട്‌ ഉണ്ണിയും ചിന്തിക്കാന്‍ തുടങ്ങി അത്‌ ശരിയാണല്ലോ, മുത്തശ്ശി എത്ര ഭംഗിയോടെയാണു ഓരോ കാര്യങ്ങളും പറയുന്നത്‌.. എന്ന്‌

സന്ധ്യാ വന്ദനം മുത്തശ്ശിക്ക്‌ പ്രധാനമാണ്‌. അന്തിക്ക്‌ വിളക്ക്‌ വക്കുന്ന സമയത്ത്‌ മുത്തശ്ശിയുടെ നാമജപം കഴിയാതെ ഇലക്‌ട്രിക്ക്‌ വിളക്കുകള്‍ തെളിയിക്കാന്‍ മുത്തശ്ശി സമ്മതിക്കുകയില്ല. ഉണ്ണി ശബ്‌ദമുണ്ടാക്കാതെ വീട്ടിനുള്ളിലേക്ക്‌ കയറിപോയി. അടുക്കളയിലെ അടുപ്പുകള്‍ കത്തുന്ന വെളിച്ചത്തില്‍ ചേച്ചിയും അനിയത്തിയും നില്‍ക്കുന്നുണ്ട്‌. നീ എന്തേ വൈകി എന്നു ഏടത്തിയുടെ ചോദ്യം. കോളേജ്‌ കുമാരനല്ലേ എന്ന്‌ അനിയത്തിയുടെ മറുപടി. ആണല്ലോ കോളേജകുമാരി എന്നു മറുപടി കൊടുക്കലും മുത്തശ്ശിയുടെ ശബ്‌ദം, `കുട്ട്യോളെ ഇനി ലയ്‌റ്റ്‌ ഇട്ടോളു'

ലൈറ്റ്‌ തെളിയിക്കുമ്പോള്‍ ഏടത്തി പറഞ്ഞു. `നീ വന്നില്ലേ അത്‌ കൊണ്ട്‌ പ്രാര്‍ത്ഥന നിര്‍ത്തിയതാ'.. അല്ലെങ്കില്‍ പ്രാര്‍ത്ഥന നീ വരുന്നത്‌ വരെ നീണ്ട്‌ പോയേനേ.. ഈ മുത്തശ്ശിയുടെ ഒരു കാര്യം. എനിക്ക്‌ ഒത്തിരി പഠിക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ അനിയത്തി വെളിച്ചത്തില്‍ നില്‍ക്കുന്ന ഉണ്ണിയെ നോക്കി ഉടനെ അവള്‍ അനിയന്ത്രിതമായി ചിരിക്കാന്‍ തുടങ്ങി. പിന്നെ ഒരു പാട്ടും. `കുപ്പായ കീശമേല്‍ കുങ്കുമ പൊട്ട്‌' . അവള്‍ ചിരിക്കിടയില്‍ പറഞ്ഞു `ദേ ഏട്ടന്റെ പോക്കറ്റിന്മേല്‍ കുങ്കുമം. അപ്പോള്‍ ഏടത്തിയുടെ ചോദ്യം.' എന്താണ്ടാ ഇത്‌? ഏത്‌ ? എന്ന്‌ ചോദിച്ച്‌ ഉണ്ണി അമ്പരന്നു. അയാളും അപ്പോഴാണ്‌ അങ്ങനെ ഒരു സംഭവം അറിയുന്നത്‌. ഓ ഒന്നുമറിയില്ല. അല്ലേ? അനിയത്തിയുടെ കമന്റുകള്‍. ഏതായാലും കക്ഷിക്ക്‌ വലിയ ഉയരമില്ല. അല്ലെങ്കില്‍ പൊട്ട്‌ കുറച്ചുകൂടി മേലേക്ക്‌ കയറിയേനേ.. ഏടത്തി ഗൗരവത്തില്‍ നില്‍ക്കയാണ്‌.

അപ്പോഴേക്കും മുത്തശ്ശി വന്നു. `എന്താ ഇവിടെ'... നമ്മുടെ ഉണ്ണീടെ കുപ്പായത്തിന്റെ കീശമേല്‍ പെണ്‍കുട്ട്യോള്‌ തൊട്‌ണ കുങ്കുമം ഏടത്തിയുടെ കമന്റ്‌. ഉടനെ ഉണ്ണി വിവരണം നല്‍കി.- കുങ്കുമം ഉണ്ടെന്ന്‌ ശരി തന്നെ, പക്ഷെ അതെങ്ങനെ വന്നുവെന്നു എനിക്കറിഞ്ഞുകൂട. മുത്തശ്ശിയുടെ മുഖത്ത്‌ വിസ്‌മയം, ചുണ്ടില്‍ അമര്‍ത്തിയ പുഞ്ചിരി. പിന്നെ നീയ്യറിയാതെ നിന്റെ കുപ്പായത്തില്‍ കുങ്കുമം തനിയെ വന്നു പറ്റിയതാണോ? അപ്പോള്‍ അനിയത്തി പറഞ്ഞു. ഇത്‌ ആ വാര്യര്‍ കുട്ടിയുടേതാകാനാണു സാദ്ധ്യത. ഏട്ടന്റെ കോളേജില്‍ അവള്‍ മാത്രമേ കുങ്കുമം തൊടാറുള്ളു. തന്നെയുമല്ല ഏട്ടന്റെ കവിതകളുടെ ആരാധികകൂടിയാണ്‌. എങ്ങനെ പറ്റിയെന്ന്‌ ഏടത്തിയുടെ ശാസിക്കുന്ന ശബ്‌ദം മുഴങ്ങി .

വിചാരണ നീണ്ടു പോകണ്ടന്ന്‌ കരുതി ഉണ്ണി പറഞ്ഞു. ഓ ഇപ്പോഴാണു ഞാന്‍ ഓര്‍ത്തത്‌. ബസ്സില്‍ പൂശാരി കേശുവുണ്ടായിരുന്നു. പൂശാരി കേശു നെറ്റി നിറയെ കുങ്കുമവും ഭസ്‌മവും തൊട്ട്‌ നടക്കുന്ന ഒരു കുള്ളനാണ്‌. നില്‍ക്കാന്‍ സ്‌ഥലമില്ലാത്തവിധം ഭയങ്കര തിരക്കായിരുന്നു ബസ്സില്‍, അയാളുടെ നെറ്റിയില്‍ നിന്ന്‌ പകര്‍ന്നതാകും. ഉണ്ണിയുടെ അടുത്ത്‌ നിന്നാല്‍ അയാളുടെ ഉയരം കുപ്പായത്തിന്റെ കീശ വരെ എത്തുകയുള്ളു. എല്ലാവരും വിശ്വസിക്കുമെന്ന്‌ കരുതിയിരിക്കുമ്പോള്‍ മുത്തശ്ശി ഒരു ചോദ്യം. അവന്‍ നിന്റെ അടുത്ത്‌ നിന്നാല്‍ അവന്റെ കുടവയറല്ലേ നിന്റെ ശരീരത്തില്‍ തട്ടുകയുള്ളു. നെറ്റി എങ്ങനെ മുട്ടും. മുത്തശ്ശി നിഷ്‌ക്കളങ്കമായി പറഞ്ഞതാണേലും അത്‌ കേട്ടു അനിയത്തിയും ഏടത്തിയും പൊട്ടിച്ചിരിച്ചു.

ഏട്ടാ.. വീണേടത്ത്‌ കിടന്ന്‌ ഉരുളണ്ട, ഇത്‌ സുജാത കെ.ജി. എന്ന സുന്ദരികുട്ടിയുടെ തിരുനെറ്റിയില്‍ നിന്ന്‌ പകര്‍ന്ന അനുരാഗ പരാഗരേണുക്കളാണ്‌. അനിയത്തി സാഹിത്യത്തില്‍ പറഞ്ഞത്‌ മുത്തശ്ശിക്ക്‌ മനസ്സിലായില്ല. എന്നാലും ഉണ്ണി വിഷമിക്കുന്നത്‌ മുത്തശ്ശിക്ക്‌ സഹിക്കാന്‍ കഴിയില്ല. അത്‌ കൊണ്ട്‌ മുത്തശ്ശി പറഞ്ഞു. മതി, മതി ഉണ്ണി പോയി കൈകാല്‍ കഴുകി ശുദ്ധിയായി വരൂ, ചായയും പലഹാരവും കഴിക്കാം.

വാസ്‌തവത്തില്‍ ഉണ്ണിക്ക്‌ അറിയില്ലായിരുന്നു അത്‌ എങ്ങനെ പറ്റിയെന്ന്‌. പിറ്റെ ദിവസം സുജാതയുടെ വീര്‍ത്ത്‌ കെട്ടിയ മുഖം കണ്ടപ്പോള്‍ എന്തോ പന്തി കേട്‌ തോന്നി. അവളോട്‌ സംസാരിക്കാന്‍ ചെന്നപ്പോള്‍ `എന്നോട്‌ മിണ്ടണ്ട എന്ന്‌' പറഞ്ഞു. മിണ്ടണ്ടെങ്കില്‍ വേണ്ടെന്ന്‌ പറഞ്ഞ്‌ ഉണ്ണി തിരിഞ്ഞ്‌ നടന്നപ്പോള്‍ അവള്‍ പിന്നാലെ ഓടി വന്ന്‌ പരിഭവം പറഞ്ഞു. ആ പട്ടത്തി മുത്തുലക്ഷ്‌മിയെ ഞാന്‍ ഒരു പൂശ്‌ പൂശും. അയ്യോ അത്‌. നമ്മുടെ ഹിസ്‌റ്ററി ലെക്‌ചറര്‍ അല്ലേ? ലെക്‌ചറര്‍ ലെക്‌ചററുടെ നിലക്ക്‌ നില്‍ക്കണം. അവളിന്നലെ ഉണ്ണിയോട്‌ ചാരി നിന്ന്‌ ലൈബ്രറിയില്‍ വച്ച്‌ എന്താണു പറഞ്ഞത്‌. അപ്പോഴാണു ഉണ്ണിക്ക്‌ ഷര്‍ട്ടില്‍ പറ്റിയ കുങ്കുമപ്പൊട്ടിന്റെ രഹസ്യം മനസ്സിലായത്‌. അത്‌ മറച്ച്‌ വച്ച്‌ അയാള്‍ പറഞ്ഞു. ലെക്‌ചറര്‍ എന്റെ കവിതകളെപറ്റി പറയുകയായിരുന്നു. എന്നാല്‍ അവര്‍ ചാരി നിന്നതായി തോന്നിയില്ല. ചാരി തന്നെയാണു നിന്നത്‌. ഉണ്ണിക്കെങ്കിലും അത്‌ മനസ്സിലാക്കി മാറി നില്‍ക്കാമായിരുന്നു. അതെങ്ങിനെ , കവികള്‍ക്ക്‌ കാമിനിമാരുടെ സ്‌പര്‍ശനം സുഖകരമായിരിക്കും അല്ലേ? കള്ളന്മാര്‍. സുജാത ഒറ്റ ശ്വാസത്തില്‍ പറഞ്ഞ്‌ തീര്‍ത്തു. അവളുടെ പരാതി തീര്‍ന്നു എന്ന്‌ അയാള്‍ സമാധാനിക്കവെ അവള്‍ വീണ്ടും തുടങ്ങി. ഇയ്യാള്‌ ഉണ്ണികൃഷ്‌ണനല്ലേ? വലിയ കൃഷ്‌ണനാകുമ്പോള്‍ ഗോപികമാരായി കറങ്ങാം. തല്‍ക്കാലം രാധയായ എന്നെ മാത്രം സ്‌നേഹിച്ചാല്‍ മതി. സുജാതക്ക്‌ കോപം വന്നുകൊണ്ടിരുന്നു. ഇപ്പോഴും വരുന്നുണ്ടായിരിക്കും. എന്നാല്‍ ഇപ്പോള്‍ അവള്‍ എവിടെയാണെന്ന്‌ യാതൊരു വിവരവുമില്ല.

ശുഭം
കുങ്കുമപ്പൊട്ട്‌ (പഴയ കാല കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക