Image

പ്രതീക്ഷ (കവിത)- വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 06 May, 2013
പ്രതീക്ഷ (കവിത)- വാസുദേവ് പുളിക്കല്‍
വെറുതെ ഞാന്‍ കൊതിച്ചുപോയി......
ഏകത്വത്തിന്‍ മന്ത്രധ്വനിയായ്
സമസൃഷ്ടിയോടുള്ള സ്‌നേഹം
അകതാരില്‍ തളിര്‍ത്തുവെങ്കില്‍
ആത്മസൂര്യന്റെ ചൂടില്‍
മതദ്വേഷികള്‍ തന്നഹന്ത
സൂര്യതാപത്തില്‍ മഞ്ഞെന്നപോലെ
അലിഞ്ഞു പോയെങ്കില്‍
ഏകതയുടെ യോഗരഹസ്യമാം സ്‌നേഹം
ഹൃദയരാഗമായ് മുറിയാതെ മീട്ടിയെങ്കില്‍
മതഭ്രാന്തരുടെ മസ്തിഷ്‌ക്കത്തിലാ ഗാനം
മനുഷ്യത്വത്തിന്‍ ശ്രുതിയായ് മാറിയെങ്കില്‍
''ലോകാ സമസ്താ സു
ഖിനോ ഭവന്തു'
എന്നവരുടെ ഹൃദയഭിത്തികളില്‍
തട്ടി തട്ടി പ്രതിധ്വനിച്ചെങ്കില്‍..
വെറുതെ ഞാന്‍ കൊതിച്ചുപോയ് - പക്ഷേ
വിനാശത്തില്‍ വിത്തെറിയുന്നത്
മതമല്ല, മനുഷ്യന്‍ തന്നെയല്ലോ
എന്നെന്നെ ബോധ്യപ്പെടുത്തിക്കൊണ്ട്
സ്‌നേഹസന്ദേശങ്ങള്‍ കാറ്റില്‍ പറത്തി
ആത്മസൂര്യനുദിക്കാത്ത മനസ്സുമായ്
മതദ്വേഷത്തിന്‍ വിഷം ചീറ്റിയാ
മതഭ്രാന്തന്മാര്‍ മദിച്ചു നടക്കുന്നു.
********
Join WhatsApp News
വിദ്യാധരൻ 2013-05-07 16:04:57
'ദുഷ്ട മൃഗങ്ങളെ ഗായകരാക്കാൻ' കവികൾക്കും എഴുത്തുകാർക്കും കഴിയും എന്ന് പറഞ്ഞതുപോലെ സ്നേഹം എന്ന നന്മ ഉൾക്കൊണ്ട ലേഖനങ്ങൾക്കും കവിതകൾക്കും വയാനക്കാരിൽ  പ്രകാശം പരത്തുന്ന പ്രതികരണങ്ങൾ ജനിപ്പിക്കാൻ സാധിക്കും . കവിക്ക്‌ അഭിനന്ദനങൾ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക