Image

നാടകാഭിനയത്തിനൊരു പണിപ്പുര (ജോണ്‍മാത്യു)

Published on 07 May, 2013
നാടകാഭിനയത്തിനൊരു പണിപ്പുര (ജോണ്‍മാത്യു)
മറുനാടന്‍ മലയാളികള്‍ക്ക് തങ്ങള്‍ പിന്നിട്ടുപോന്ന പ്രിയപ്പെട്ട നാടുമായുള്ള ബന്ധത്തിന്റെ ആവിഷ്ക്കരണമായിരുന്നു വേദികളിലെ വിവിധ കലാരൂപങ്ങള്‍. ഇതില്‍ നാടകവും കഥാപ്രസംഗവും ഗാനമേളകളും മറ്റുമുണ്ടായിരുന്നെങ്കിലും നാടകത്തിനു തന്നെ പ്രാമുഖ്യം. നാട്ടിന്‍പുറങ്ങളിലെ വായനശാലകളില്‍നിന്ന് തുടങ്ങിയവ, വിവിധ കലാരൂപങ്ങളും പ്രത്യേകിച്ച് നാടകാഭിനയവും മറുനാട്ടിലും സാധാരണക്കാരെ ഏറെ ആകര്‍ഷിച്ചിരുന്നു. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നാടകനടത്തിപ്പില്‍ പങ്കാളികളാകാന്‍ ഇവര്‍ക്ക് അവസരവും ഏറെയായിരുന്നു.

ഉത്തരേന്ത്യയിലെ ചെറിയ മലയാളി സമൂഹങ്ങളില്‍ ഒരുകാലത്ത് നമുക്കൊരു നാടകം നടത്താം എന്ന് ആരെങ്കിലും പറയുകയായി. നടീനടന്മാരും രംഗസംവിധാനക്കാരും എത്തുകയായി. ഇന്നത്തെ സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലായിരുന്നെങ്കിലും എങ്ങനെയും നാടകങ്ങള്‍ അരങ്ങേറി. സമൂഹത്തിലെ തങ്ങളുടെ സാന്നിദ്ധ്യം പ്രകടിപ്പിക്കാനുള്ള ആവേശമായിരുന്നു അന്ന്. അതിന്റെ ഓര്‍മ്മ ഇന്നും പഴമക്കാര്‍ കൊണ്ടുനടക്കുന്നുമുണ്ട്.

അമേരിക്കയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം എഴുപതുകള്‍ മുഴുവന്‍ ഏകാന്തതയുടെ കാലമായിരുന്നു. "ഉങ്ങിപ്പോയി' എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നില്ല. ഒന്ന് ഇരിപ്പുറക്കാന്‍ പ്രയത്‌നിച്ചു എന്ന് പറയുന്നതാവും സത്യത്തോട് കൂടുതല്‍ ചേര്‍ന്നുനില്ക്കുന്നത്.

പിന്നീട് അല്പം സാവകാശം വന്നുചേര്‍ന്നപ്പോഴും നാടകം ഒരു ആഢംബരമായി കരുതി. കാരണം, ഒറ്റയാള്‍ പ്രസ്ഥാനമല്ലല്ലോ ഇത്. ഒരു സ്റ്റേജ്‌ഷോയ്ക്ക് ഏറെ അദ്ധ്വാനം ആവശ്യമുണ്ട്. സമാജനാടകനടത്തിപ്പുകള്‍ക്കപ്പുറമായി ഈ രംഗത്ത് പരിചയമുള്ളവരും ചുരുക്കം. ഇനിയും അങ്ങനെയുള്ളവര്‍ ഉണ്ടെങ്കില്‍ത്തന്നെ സഹപ്രവര്‍ത്തകരുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച് താണുകൊടുക്കേണ്ടതായും വന്നു. സാധാരണ പ്രേക്ഷകരും നാടകം എന്ന കലാരൂപത്തെ കേവലം വിനോദത്തിനുമാത്രം നോക്കിക്കണ്ടവരായിരുന്നു. ഇക്കൂട്ടര്‍ ഇന്ന് കോമഡിഷോകള്‍ക്കൊണ്ട് തൃപ്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു.

നാടകത്തെപ്പറ്റി എന്തെഴുതിയാലും ആദ്യം ഓര്‍മ്മയിലെത്തുക അറുപതുകളില്‍ ഡല്‍ഹിയിലെ എക്‌സ്‌പെരിമെന്റല്‍ തീയറ്ററിലെ നിറസാന്നിദ്ധ്യമായിരുന്ന കെ. രാമകൃഷ്ണപിള്ളയുടെ പേരാണ്. എന്റെ അഭിപ്രായത്തിലെങ്കിലും ആധുനിക മലയാള നാടകവേദിയുടെ ആചാര്യനാണ് അദ്ദേഹം. ആധുനിക നാടകത്തിലെ "ഗാഡസൗഹൃദവേദി' എന്ന ആശയം ഏതാണ്ട് നാല്പ്പത് വര്‍ഷം മുന്‍പ് എനിക്ക് പരിചയപ്പെടുത്തിത്തന്നത് രാമകൃഷ്ണപിള്ളയായിരുന്നു. പിന്നീട് ഹൂസ്റ്റനിലെ ഫാമിലി ആര്‍ട്ട് സെന്ററില്‍ നാടകങ്ങള്‍ കണ്ടപ്പോള്‍ പ്രേക്ഷകരും വേദിയും തമ്മിലുള്ള ബന്ധം അടുത്തറിയാന്‍ കഴിഞ്ഞു.

മലയാളിയുടെ സാഹിത്യ കലാരൂപങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് ഹൂസ്റ്റന്റേത്. ഇവിടെ നിരന്തരം സാഹിത്യചര്‍ച്ചകള്‍ നടക്കുന്നു. മറ്റു കലാരൂപങ്ങള്‍ക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങളുമുണ്ട്. വിവിധ നൃത്തരൂപങ്ങള്‍ക്കുള്ള സ്കൂളുകളുണ്ട്. ചര്‍ച്ചകള്‍ ആസ്വദിക്കുകയും അതിന് സമയം കണ്ടെത്താന്‍ മനസ്സുമുള്ള സമൂഹവുമുണ്ട്.

എണ്‍പതുകളുടെ തുടക്കംമുതല്‍ത്തന്നെ ഇവിടെ എഴുതി അവതരിപ്പിച്ച എത്രയോ നാടകങ്ങളുണ്ടായിരുന്നു. ജിപ്‌സന്‍, മാനു മാത്യു, എസ്.കെ. പിള്ള, ഷാജി പാംസആര്‍ട്ട്, ദേവരാജ കാരാവള്ളി, ജോണി മക്കോറയും കുടുംബവും, സത്യന്‍, ജോസ് ജോണ്‍, മേരി ബേഡി, കറിയാച്ചന്‍, ജോസഫ് മണ്ഡപം, തുടങ്ങി പറയാന്‍ ഇനിയും എത്രയോ പേരുകളുണ്ട്. മറ്റുനഗരങ്ങളിലും ഇതുപോലെയുള്ള വേദികള്‍ ഉണ്ടായിരുന്നെന്ന കാര്യം മറക്കുന്നില്ല. എന്റെ അറിവ് പരിമിതമാണ്, പക്ഷേ, മികച്ച നടനായ ഡിട്രോയ്റ്റിലെ തോമസ് ദേവസ്യയുടെ പേരു അമേരിക്കയിലെ ഏതൊരു നാടകചര്‍ച്ചയിലും മറക്കാന്‍ കഴിയുകയില്ല. അതുപോലെ നാടകാവതരണത്തില്‍ ടൊറന്റോയിലെ ജോണ്‍ ഇളമതയെയും.

വേദിയില്‍ വരുന്ന കലാകാരന്മാര്‍ക്ക് അപ്പഴപ്പോള്‍ കയ്യടിയും തിളക്കവുമുണ്ട്, അതിനുശേഷം അതിവേഗം വിസ്മരിക്കപ്പെടുകയാണ് പതിവ്. ഒരുകാലത്ത് എസ്.കെ. പിള്ളയും ഷാജി പാംസ്ആര്‍ട്ടും നേതൃത്വം കൊടുത്ത് ഹൂസ്റ്റനില്‍ ധാരാളം നാടകങ്ങള്‍ അരങ്ങേറി. ജ്വാല ആര്‍ട്ട്‌സിന്റെയും സംഭാവനകള്‍ മറക്കുന്നില്ല. എന്നാല്‍ ഇന്ന് ഇവിടെ നാടകരംഗം നിഷ്ക്രിയമാണെന്ന് പറയാം. ഇതിന് പല കാരണങ്ങളുണ്ട്. മലയാളം ടെലിവിഷന്റെ പ്രചാരം, അതിന്റെ സാങ്കേതിക മിഴിവ്, കോമഡി ഷോകളുടെ ആധിക്യം, വളരെയൊന്നും പണവും സമയവും ചെലവാക്കാതെ സാധാരണക്കാര്‍ക്ക് മലയാള കലാരൂപങ്ങള്‍ ആസ്വദിക്കാന്‍ അവസരം കിട്ടിക്കൊണ്ടേയിരിക്കുന്ന അവസ്ഥ എന്നിങ്ങനെ. അതേസമയം ഇന്നത്തെ അവതരണത്തിന്റെ വര്‍ദ്ധിച്ച ഉല്‍പ്പാദനച്ചെലവും നാടകം ആസ്വദിച്ചിരുന്ന പഴയ തലമുറയുടെയും അവരുടെ രുചിഭേദങ്ങളുടെയും തിരോധാനവുംകൂടി കണക്കിലെടുക്കണം.

നാടകം എന്നും സംവിധായകന്റെ സ്വന്തമാണ്. ഡയറക്ടറാണ് ഒരു നാടകം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. അതുപോലെതന്നെ രംഗസംവിധായകരുടെ പ്രാധാന്യവും ഒട്ടും കുറവല്ല. അമേരിക്കയിലെ മലയാളനാടകങ്ങളുടെ ആധുനികവും പുരോഗമനവും ഹെന്‌റിക്ക് ഇബ്‌സന്റെ നാടകങ്ങളുടെ അനുകരണങ്ങള്‍വരെയായിരുന്നു. ആധുനിക നാടകശൈലി ഉള്‍ക്കൊള്ളാനോ അവ ഫലപ്രദമായി അവതരിപ്പിക്കാനോ അമേരിക്കയിലോ പ്രത്യേകിച്ച് ഹൂസ്റ്റനിലോ മലയാള നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിഞ്ഞില്ല. ഇവിടെ ഇന്ന് മലയാള നാടകവേദി വഴിമുട്ടി നില്ക്കുന്നുവെന്നുകൂടി പറയാന്‍ ഞാന്‍ മടിക്കുന്നില്ല.

ഇങ്ങനെയുള്ള പ്രശ്‌നങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ടാണ് ഈയ്യിടെ ഷാജി പാംസ്ആര്‍ട്ട് ഒരു സമ്മേളനം വിളിച്ചുകൂട്ടിയത്. ആ സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം നാടകരംഗം സജ്ജമാക്കുന്നതിന് ബൗദ്ധികമായി എന്തു ചെയ്യാന്‍ കഴിയും എന്നായിരുന്നു. അഭിനയിക്കാന്‍ കഴിവും ആഗ്രഹവും ഉള്ളവര്‍ എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ളവരുടെ പ്രതിഭ പുറത്തുകൊണ്ടുവരാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും? ഇതൊരു വെല്ലുവിളിയായിത്തന്നെ എടുക്കണമെന്ന് സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നു. അതുപോലെ "ഗാഢസൗഹൃദവേദി' എന്ന സങ്കല്പം ഉപയോഗിച്ച് ഗൗരവമായി പഠിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കുമായി ചെറുനാടകങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റുമോ എന്നും ആരായണം.

വളരെ ചുരുക്കമായി പറഞ്ഞാല്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഈ "ഭാവാഭിനയകേന്ദ്രം' അനേകം നടീനടന്മാര്‍ക്ക് അവസരം നല്കിക്കൊണ്ട് ലഘുനാടകങ്ങള്‍ കാര്യമായ പണച്ചെലവില്ലാതെ അവതരിപ്പിക്കും. ഇവിടെ എഴുത്തുകാര്‍ക്കും നാടകം എന്ന കലാരൂപവുമായി ബന്ധപ്പെട്ടവര്‍ക്കും അവസരം കിട്ടും. അതിനോടൊപ്പംതന്നെ നിരൂപണത്തിനും പഠനത്തിനും അവസരമുണ്ടാകും.

ഹൂസ്റ്റനില്‍ മാത്രമല്ല, അമേരിക്കയില്‍ മുഴുവനായും നാടകരംഗത്ത്, ഇന്നുള്ള മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇതൊരു പുതിയ കാല്‍വെയ്പായിരിക്കും. ഈയൊരു ചിന്താഗതി നാടകരംഗത്ത് പുത്തന്‍ സാദ്ധ്യതകള്‍ കൊണ്ടുവരും തീര്‍ച്ച.

നാടകാഭിനയത്തിനൊരു പണിപ്പുര (ജോണ്‍മാത്യു)
Join WhatsApp News
EM Stephen 2013-05-08 14:43:54
Wish you all the success
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക