Image

ഭോഷ്‌ക്ക് പറയുന്നവര്‍ക്കൊരു താക്കീത്- ഡോ. ഷീല

ഡോ. ഷീല Published on 24 May, 2013
ഭോഷ്‌ക്ക് പറയുന്നവര്‍ക്കൊരു താക്കീത്- ഡോ. ഷീല
ഭോഷ്‌ക്ക് പറയുന്നവര്‍ക്കൊരു താക്കീത് ഭോഷക്കിനു പാഴ്വാക്കെന്നേ അര്‍ത്ഥമുള്ളൂ. വീണ്‍വാക്ക്, കുരള, തുടങ്ങിയ പദങ്ങളും ഇതിന്റെ പര്യായങ്ങളാണ്. ഗ്രാമീണര്‍ സാധാരണ പ്രയോഗിക്കാറുള്ളത് 'ചപ്പടാച്ചി' എന്ന പദമാണ്. വാഗര്‍ത്ഥങ്ങള്‍ ദേശഭേദമനുസരിച്ച് വേഷം മാറുമെങ്കിലും മേല്‍പറഞ്ഞ പദങ്ങള്‍ക്ക് അര്‍ത്ഥം ഒന്നേയുള്ളൂ. വ്യര്‍ത്ഥഭാഷണം.

ഉപയോഗ പ്രാധാന്യമനുസരിച്ചാണ് ഉടയതമ്പുരാന്‍ നമുക്ക് അവയവങ്ങള്‍ കല്‍പിച്ചു തന്നിട്ടുള്ളത്. ലോകത്തേക്കു വലിയ അത്ഭുതം മനുഷ്യന്‍ തന്നെ. നമ്മുടെ അംഗോപാംഗങ്ങളുടെ ക്രമീകരണം തന്നെ ഉപയോഗക്രമവും പ്രധാന്യവും അനുസരിച്ചാണല്ലൊ. അതവിടെ നില്‍ക്കട്ടെ.
നാക്ക് ഒന്നേയുള്ളൂ ചെവികള്‍ രണ്ടുണ്ട്. വ്യര്‍ത്ഥ ഭാഷണം കേട്ടാല്‍ ഒരു ചെവിയില്‍ കുടി കേട്ട്, മറ്റെ ചെവിയുടെ പുറന്തള്ളാനാണെന്നും നല്ല കാര്യങ്ങള്‍ ആവോളം ശ്രവിച്ച് ഹൃദ്യസ്ഥമാക്കാനും ഉദ്ദേശിച്ചാണ് എന്നൊരു ധാരണയുമുണ്ട്. പക്ഷേ കേള്‍ക്കുന്നതിനേക്കാള്‍ പറയാന്‍,
പറഞ്ഞുകൊണ്ടേയിരിക്കാനാണ് നമുക്കുത്സാഹം, നാക്കിനു ഡബിള്‍ പൂട്ടുള്ള കാര്യം നാം ഓര്‍ക്കാറില്ല. ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം പുറമേ നില്‍ക്കുന്നവര്‍ക്ക് ഈ പൂട്ടു തുറക്കാന്‍ പറ്റില്ല. അതിന്റെ ഉടമസ്ഥന്‍ തന്നെ വിചാരിക്കണം. ചുണ്ടുകളും പല്ലുകളും നാക്കിനെ സ്വതന്ത്രമാക്കുന്നത് നമ്മുടെ ഇച്ഛാനുസരണം മാത്രമാണ്. ആവശ്യം വരുമ്പോള്‍ മാത്രമേ വായ് തുറക്കാവൂ. മുഖത്തെ അനേകം പേശികള്‍ പ്രവര്‍ത്തിച്ചാലേ വാക്കുകള്‍ പുറപ്പെടുകയുള്ളൂ. കാര്യമാത്ര പ്രസ്തകമായി, സന്ദര്‍ഭാനുസരം, വിവേകപൂര്‍വ്വം സംസാരിക്കുമ്പോഴേ ശ്രോതാക്കള്‍ ശ്രദ്ധിക്കുകയുള്ളൂ. ഒരാളിന്റെ സംസാരം അയാളുടെ സ്വഭാവം, സംസ്‌കാരം, വ്യക്തിത്വം, അറിവ്, ആദിയായവയുടെ സുനിശ്ചിത ചിഹ്നമാണ്. സംസാരിക്കൂ, അങ്ങിനെ നിന്നെ ഞാന്‍ അറിയട്ടെ- എന്നാണ് മഹദ് വചനം.

തിരുവള്ളൂവര്‍ 'പഴനില ചൊല്ലാമൈ'(പാഴ് വാക്ക് ചൊല്ലായ്ക) എന്ന കാര്യത്തിന് സവിശേഷ ഊന്നല്‍ നല്‍കുന്നുണ്ട്. പ്രശസ്തരായ എഴുത്തുകാരെല്ലാം തന്നെ ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. അവരുടെ ദൃഷ്ടിയില്‍ ഇക്കാര്യത്തിലും ഒന്നാം സ്ഥാനം മഹിളകള്‍ക്കുതന്നെ. കഴുത്തിനു ചുറ്റു നാക്ക് എന്ന ബഹുമതിയും കല്‍പിച്ചു തന്നിട്ടുണ്ട്.

അധിര ഭാഷണത്തിന്‍മേല്‍ പാപം കലരാതിരിക്കില്ല. പരദൂഷണവും അതിന്റെ ഭാഗമായേക്കാം, പിന്നെ മുഖസ്തുതി, പാലിക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങള്‍ തുടങ്ങിയവ കുറ്റകൃത്യങ്ങളാണെന്ന് തിരുവള്ളൂവര്‍ നിരീക്ഷിക്കുന്നു. ആകയാല്‍ തനിക്കും അന്യര്‍ക്കും പ്രയോജനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ സമയം പാഴാക്കി, ആയുസ്സു വ്യര്‍ത്ഥമാക്കരുതെന്നാണ് ആചാര്യര്‍ ഉപദേശിക്കുന്നത്.
അര്‍ത്ഥശൂന്യമായി വെറുതെ സംസാരിച്ചു കൊണ്ടിരിക്കുന്നവനെക്കുറിച്ച് അവനെ കണ്ടാല്‍ ആരും ആ വഴി നടപ്പീല എന്നൊരഭിപ്രായം രൂപപ്പെടും. അവന്‍ എല്ലാവരുടെയും വെറുപ്പ് സമ്പാദിക്കും. മറ്റുള്ളവരുടെ പരിഹാസ പാത്രമാകയും ചെയ്യും. ഞാനാരാണെന്നറിയാമോ എന്ന ഭാവത്തില്‍ മാത്രമല്ല, ദൃഷ്ടിയില്‍ പെടുന്ന വഴിപോക്കരോടുപോലും ചോദിക്കുന്ന വിദ്വാന്മാരും നമ്മുടെ മൂക്കിനു താഴെത്തന്നയുണ്ട്. നിസ്സാരം അന്തസ്സാര ശൂന്യനുമെന്ന സര്‍വ്വരാലും ഇവര്‍ വാഴ്ത്തപ്പെടുകയാണ് ഫലം!

വിശ്വസ്ത മിത്രങ്ങളുടെ കുതികാല്‍ വെട്ടുന്നതും യൂദാപ്പണി നടത്തുന്നതും കഠിനമായ കുറ്റവും മേല്‍ത്തരം നന്ദിക്കേടുമാണ്. തിരുവള്ളൂവര്‍ അതിനേക്കാള്‍ ഗുരുതരമായ അപരാധമായി കാണുന്നത് വീണ്‍ വാക്കു പറയുന്നതാണ്. പോയവാക്കും എറിഞ്ഞ കല്ലും എന്നൊരു പ്രയോഗം സര്‍വ്വവിഭിന്നമാണല്ലോ. കല്ല് ഇക്കാലത്ത് വേണമെങ്കില്‍ കണ്ടുപിടിച്ചെടുക്കാനുള്ള സൂത്രമുണ്ട്. പക്ഷെ പറഞ്ഞുപോയ അബദ്ധം തിരിച്ചെടുക്കാന്‍ ഒരിക്കലും സാധ്യമല്ലല്ലൊ. ഇതറിഞ്ഞുകൊണ്ടാണ് ഹാസ്ലിറ്റ് പറഞ്ഞത് പലരും ശുദ്ധമണ്ടത്തരം എഴുന്നള്ളഇക്കും. പിന്നീട് സ്വയം ഇളിഭ്യരാകുകയും ചെയ്യും. ഇതു പറഞ്ഞപ്പോഴാണ് ഇവിടെ അടുത്തിടെ ഒരു എം.പി.യെ സ്വീകരിച്ചാനയിച്ചു സ്റ്റേജിലിരുത്തിയിട്ട് മൈക്കിന്റെ മുമ്പില്‍ നിന്ന് പ്രവാചക ഭാഷയില്‍ ഒരു നേതാവ് വിളിച്ചു കൂവി ഇതാ നമ്മുടെ അടുത്ത പ്രധാനമന്ത്രി. ഭാഗ്യത്തിന് അദ്ദേഹം തന്റെ പ്രണയിനിയെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിയിരുന്നതിനാല്‍ അവിടെ പറഞ്ഞതൊന്നും ശ്രദ്ധിച്ചതേയില്ല. ഒന്നു രണ്ടു മാസങ്ങള്‍ക്കു ശേഷം കക്ഷിയുടെ സ്ഥാനമാനങ്ങളും നാസ്തിയായി.

തിരുവള്ളൂവര്‍ ജീവിതം കണ്ടറിഞ്ഞ ആചാര്യനാണ് അദ്ദേഹം പറയുന്നത് യാതൊരു വീണ്ടുവിചാരവുമില്ലാതെ 'വെടി' പറയുന്നവന്റെ ഏഴയലത്തുള്ളവര്‍പോലും നീതി ബോധം എന്നൊന്ന് പോയിട്ടില്ലെന്നാണ്. ഇത്തരക്കാരെ അന്തസ്സുള്ളവരുടെ സദസ്സില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം നിഷകര്‍ഷിക്കുന്നു. ധര്‍മ്മനിഷ്ഠരും സംസ്‌കാരവും നീതി ബോധവുമുള്ളവരുടെ പേരും പ്രശസ്തിയും പോലും മേല്‍ സൂചിപ്പിച്ചവരുമായുള്ള സമ്പര്‍ക്കം മൂലം കളങ്കിതമാകും.
തിരുവള്ളൂവര്‍ തുടര്‍ന്നു പറയുന്നു. 'പയനില്‍ചൊല്‍ പാരാട്ടുവാനൈ മകന്‍ ഏന്‍ മക്കട് പതടി ഏനല്‍' അതായത് വ്യര്‍ത്ഥഭാഷണം ചെയ്യുന്നവന്‍ മനുഷ്യന്‍ എന്ന വിശേഷണത്തിനു പോലും അര്‍ഹനല്ല. അവനെ തിരുവള്ളൂര്‍ കേവലം പതിരിനോടാണ് തുലനം ചെയ്യുന്നത്. നെല്ലിന്റെ ആകൃതിയുണ്ടെങ്കിലും പതിരിന്റെ അകം ശൂന്യമാണല്ലൊ. കുരള പറയുന്നവന്റെ തലയും ശൂന്യം.
വിവേകികള്‍ കടുത്ത വാക്കുകള്‍ പറഞ്ഞാല്‍ കൂടി അതു ക്ഷന്തവ്യമാണ്, കാരണം തക്കകാരണം കൂടാതെ അവര്‍ പരുഷവാക്കുകള്‍ പറയുകയില്ല. ഒരു പക്ഷേ സദ്ഫലങ്ങള്‍ അതിനാല്‍ ഉളവാക്കാനായിരിക്കാം അവരുടെലക്ഷ്യം. ജ്ഞാനികള്‍ സോദ്ദേശ്യത്തോടെ വായ് തുറക്കാറുള്ളൂ. ചൊല്ലുക, ചൊല്ലില്‍ പയനുടൈയ ചൊല്‍ക/ ചൊല്ലില്‍ പയനിലാച്ചൊന്‍.

അര്‍ത്ഥവത്തായ വാക്കുകളെ പറയാവൂ. വാക്കിന്റെ അര്‍ത്ഥവും ആഴവും അറിയുന്ന സജ്ജനങ്ങള്‍ എപ്പോഴും തങ്ങള്‍ പറയുന്ന വാക്കിന്റെ മൂല്യമറിഞ്ഞ് സന്ദര്‍ഭാനുഗുണം സംസാരിക്കും. അങ്ങനെയുളളവര്‍ മറ്റുള്ളവര്‍ക്കു മാതൃകയാവുകയുമാണ്.

ബൈബിളും വാക്കുകളുടെ സദ്ദുപയോഗത്തെക്കുറിച്ച് വ്യക്തമാക്കുന്നു! ഫലത്തില്‍ നിന്നാണ് വൃക്ഷത്തെ മനസ്സിലാക്കുന്നത്. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലൊ അധരം സംസാരിക്കുന്നത്? നല്ല മനുഷ്യന്‍ നന്മയുടെ ഭണ്ഡാരത്തില്‍ നിന്നും ദുഷ്ടന്‍ തന്റെ തിന്മയുടെ ഭണ്ഡാരത്തില്‍ നിന്നും നന്മ- തിന്മകള്‍ പുറപ്പെടുവിക്കുന്നു. ക്രിസ്തുവിന്റെ മുന്നറിയിപ്പ് ഇപ്രകാരം- ഞാന്‍ നിങ്ങളോട് പറയുന്നു, മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധി ദിവസത്തില്‍ കണക്കു കൊടുക്കേണ്ടി വരും. നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടുകയും, നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.(മത്താ.12,35-37).

സുവിഷേത്തിലും വാക്കുകളുടെ കയ്പും മധുരവും സൂചിപ്പിക്കുന്നുണ്ട്. വിഡ്ഢിയുടെ അധരങ്ങള്‍ ഭോഷത്തം വര്‍ഷിക്കുന്നു. വിവേകിയുടെ നാവ് അറിവ് വിതറുന്നു, സൗമ്യന്റെ വാക്ക് ജീവന്റെ വൃക്ഷമാണ്. വികടമായ വാക്ക് മനസ്സു പിളര്‍ക്കുന്നു. ശേഷം വായിച്ചറിയുക-സുവി,15.

ഇനി വിശുദ്ധ നബി വചനകളിലേക്ക് തിരിയുക. മറ്റുള്ളവരെക്കുറിച്ച് ഇല്ലാത്തതും പൊല്ലാത്തതും പറഞ്ഞു നടക്കുന്നത് വ്യഭിചാരത്തേക്കാള്‍ കഠിനമായ അപരാധമാണെന്നു നബിതിരുമേനി താക്കിത് ചെയ്യുന്നു. വ്യഭിചാരി പശ്ചാത്തപിച്ചാല്‍ മാപ്പു ലഭിക്കും. എന്നാല്‍ കുരള പറയുന്നവന്റെ പാപം അത്രയെളുപ്പം ക്ഷമിക്കയില്ല. അതിനു വാദി തന്നെ പ്രതിക്കു മാപ്പു നല്‍കിയാലേ രക്ഷയുള്ളൂ. ആകയാല്‍ ഗീബതി ല്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. നിങ്ങളില്‍ വിവേകം ഉദിക്കട്ടെ: നിത്യ തേജസ്സിന്റെ അടയാളമായ ജ്ഞാനം നിങ്ങളെ ആശ്ലേഷിക്കട്ടെ!
ഭോഷ്‌ക്ക് പറയുന്നവര്‍ക്കൊരു താക്കീത്- ഡോ. ഷീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക