Image

വിദേശനിര്‍മ്മിത കാറുകള്‍ക്ക്‌ വിലക്ക്‌! (ജോണ്‍ മാത്യു)

Published on 09 June, 2013
വിദേശനിര്‍മ്മിത കാറുകള്‍ക്ക്‌ വിലക്ക്‌! (ജോണ്‍ മാത്യു)
അങ്ങനെയും ഒരു കാലമുണ്ടായിരുന്നോ? ഉണ്ടായിരുന്നെന്നതാണ്‌ സത്യം. ആയിരത്തിതൊള്ളായിരത്തിയെഴുപതുകളുടെ ആദ്യ വര്‍ഷങ്ങള്‍! ഞാന്‍ ഡിട്രോയ്‌റ്റിലേക്ക്‌ പോകുന്നുവെന്നറിഞ്ഞപ്പോള്‍ത്തന്നെ ഡല്‍ഹിയില്‍ ഞങ്ങളുടെ ഓഫീസിലെ ഒരു എന്‍ജിനീയര്‍ പറഞ്ഞു:

`അത്‌ കാറുകളുടെ നഗരമാണ്‌. ഫോര്‍ഡ്‌ മോട്ടര്‍ കമ്പനിയില്‍ ജോലി കിട്ടാന്‍ സാദ്ധ്യതയുണ്ടെന്നാണ്‌ കേള്‍വി. ശ്രമിക്കുക. അവിടെച്ചെന്നാല്‍ ആട്ടോമൊബൈല്‍ ഡിസൈനിംഗിനെപ്പറ്റിയുള്ള പുതിയ വിവരങ്ങളൊക്കെ അയച്ചുതരണം.'

അദ്ദേഹം പറഞ്ഞത്‌ മിക്കവാറും എല്ലാംതന്നെ ശരിയായിരുന്നു. പക്ഷേ, എന്തോ ഒരു പാകപ്പിഴ, ചിന്താക്കുഴപ്പം. കണ്ണികള്‍ പൊട്ടിയിട്ടുണ്ട്‌, ഏതോ ചിലതെല്ലാം ചേര്‍ന്ന്‌ പോകുന്നില്ലെന്ന്‌ പിന്നീട്‌ മനസിലായി.

അക്കാലത്ത്‌ ഡല്‍ഹിയിലെ സഫ്‌ദര്‍ജംഗ്‌ ഹോസ്‌പിറ്റല്‍ അതുപോലെ പിഴുത്‌ ഡിട്രോയ്‌റ്റില്‍ സ്ഥാപിക്കുകയായിരുന്നുവെന്ന്‌ ആലങ്കാരികമായി പറയാം. ഒന്നിനുപിന്നാലെയൊന്നായി നേഴ്‌സിംഗ്‌ പരിശീലനം നേടിയ ചെറുപ്പക്കാരികളുടെ ജോലി തേടിയുള്ള യാത്രയുടെ ഒരു പ്രധാന ലക്ഷ്യം മോട്ടോര്‍ നഗരമായ ഡിട്രോയ്‌റ്റ്‌ ആയിരുന്നു. അവരുടെ പിന്നാലെ ഭര്‍ത്താക്കന്മാരും. ആ കുടിയേറ്റക്കാരില്‍ മിക്കവരും ചിരകാല പരിചയക്കാരും സുഹൃത്തുക്കളും!

അവസാനം ഡിട്രേയ്‌റ്റില്‍ എത്തിയപ്പോഴും ഡല്‍ഹിയിലെ ആ എന്‍ജിനീയര്‍ പറഞ്ഞതുതന്നെ എല്ലാവരും ആവര്‍ത്തിക്കുന്നു.

`ജോലി ചെയ്യുകയാണെങ്കില്‍ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയില്‍ത്തന്നെ വേണം. മിനിമം വേജിന്റെ മൂന്നിരട്ടി വേതനം, ഓവര്‍ടൈം വേറെയും.'

ഡല്‍ഹിയിലെ വലിയ സ്ഥാപനങ്ങളില്‍ പണിയെടുത്തിരുന്ന പലരും ഇവിടെ `ഗുരുസ്ഥാനീയരായി' ഭാവിച്ച്‌ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയില്‍ പണിയെടുക്കുന്നു. അവര്‍ തറപ്പിച്ച്‌ പറഞ്ഞു:

`സോഷ്യല്‍ സെക്ക്യൂരിറ്റി കാര്‍ഡ്‌ ഗ്രീന്‍ കാര്‍ഡ്‌ എന്നിവയുമായി നിങ്ങളുടെ ശരീരം അവിടെയെത്തിയാല്‍ മാത്രം മതി, ജോലി നിശ്ചയം.'

അത്ഭുതപ്പെട്ടു, ഇതെന്തൊരു തൊഴില്‍? മിഷിഗന്‍ സംസ്ഥാനത്തെ `ഗവര്‍ണ്ണറുടെ അളിയനാര്‌' മുതലായ ചോദ്യങ്ങള്‍ നാലുപേരുകൂടിയിരുന്ന്‌ തുരുതുരാ ഇന്ത്യന്‍ രീതിയില്‍ പ്രതീക്ഷിച്ചിരുന്നു. ഏതായാലും അങ്ങനെയൊന്നും സംഭവിച്ചില്ല. പക്ഷേ പ്രതീക്ഷിക്കാത്തതുണ്ടായി. ഉദ്യേഗം തരപ്പെടുത്തി ഫാക്‌ടറിതൊഴിലാളിയായി ഫോര്‍മാനെ അനുഗമിച്ച്‌ പുറത്തേക്ക്‌ വരുമ്പോള്‍ യൂണിയന്‍ നേതാവുമായി മറ്റൊരു കൂടിക്കാഴ്‌ചയും വേണമത്രേ. ആഫ്രോ അമേരിക്കന്‍ വംശത്തില്‍പ്പെട്ട ആറരയടി പൊക്കമുള്ള ഒരു കാലിന്‌ അല്‌പം സ്വാധീനക്കുറവുള്ള ഒരു വലിയ മനുഷ്യനായിരുന്നു യൂണിയന്‍ പ്രതിനിധി. അയാള്‍ പറഞ്ഞു:

`ഈ നില്‌ക്കുന്ന ഫോര്‍മാനില്‍നിന്ന്‌ എന്ത്‌ ശല്യമുണ്ടായാലും എന്നെ അറിയിക്കണം ഞങ്ങളിവനെ കൈകാര്യം ചെയ്‌തോളാം.'

അയാള്‍ തുടര്‍ന്നു:

`പിന്നെ ഒരു കാര്യം, വിദേശത്തുണ്ടാക്കിയ കാറൊന്നും ഓടിച്ചോണ്ട്‌ ഇവിടെ ജോലിക്കെത്തരുത്‌. ഞങ്ങള്‍ തല്ലിപ്പൊട്ടിക്കും, തീര്‍ച്ച.....'

അത്‌ തമാശയൊന്നുമായിരുന്നില്ലെന്ന്‌ പിന്നീട്‌ പലരുടെയും അനുഭവകഥകളില്‍നിന്ന്‌ അറിയുകയും ചെയ്‌തു.

ഇനിയും വര്‍ത്തമാനകാലത്ത്‌ വരാം.

അടുത്ത സമയത്ത്‌ ഒരു പഠനസംഘത്തോടൊപ്പം ഹൂസ്റ്റനില്‍നിന്ന്‌ ഏകദേശം ഇരുനൂറുമൈല്‍ ദൂരത്തുള്ള സാന്‍ ആന്റോണിയോയിലെ ടൊയോട്ടാ ട്രക്ക്‌ ഫാക്‌ടറി സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയപ്പോള്‍ പഴയ കഥകളൊക്കെ ഒന്ന്‌ ഓര്‍ത്തുപോയി.

രണ്ടായിരത്തിമൂന്നിലാണ്‌ സാന്‍ ആന്റോണിയെ നഗരത്തിന്റെ പ്രാന്തപ്രദേശത്ത്‌ ടൊയോട്ടാ മോട്ടോര്‍ കമ്പനിയുടെ ഒരു അസംബ്ലി പ്ലാന്റ്‌ തുടങ്ങാന്‍ സര്‍ക്കാരുമായി ധാരണയായത്‌. രണ്ടായിരത്തി ആറില്‍ അവിടെനിന്നും ആദ്യത്തെ ട്രക്ക്‌ പുറത്തു വരികയും ചെയ്‌തു. വലിയ നേട്ടം തന്നെ. പിക്ക്‌അപ്‌ ട്രക്ക്‌ വീടുതോറും വേണമെന്ന്‌ നിര്‍ബന്ധമുള്ള ടെക്‌സാസ്‌ നിവാസികള്‍ക്ക്‌ പുതിയ ഈ വ്യവസായം ഏറെ സന്തോഷത്തിനും വക നല്‍കി. അമേരിക്കയിലെ കമ്പനികളിലുണ്ടാക്കുന്ന ഫോര്‍ഡ്‌, ജി.എം. വാഹനങ്ങളില്‍നിന്ന്‌ അസാധാരണ വേഗത്തിലാണ്‌ സാധാരണക്കാര്‍ വിദേശനിര്‍മ്മിത കാറുകളിലേക്ക്‌ മാറിച്ചവിട്ടിയത്‌.

ഏതാണ്ട്‌ നാലായിരത്തിയഞ്ഞൂറുപേര്‍ പണിയെടുക്കുന്ന സാന്‍ ആന്റേണിയോ അസംബ്ലി പ്ലാന്റില്‍ മറ്റെവിടെയോ ഉണ്ടാക്കുന്ന പാര്‍ട്ട്‌സ്‌ കൂട്ടിയോജിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. ആധുനിക സാങ്കേതികതയുടെ സഹായത്തോടെ തുന്‍ട്ര, ടക്കോമ പിക്ക്‌അപ്പ്‌ ട്രക്കുകള്‍ മിനിട്ടിന്‌ ഒന്നെന്ന്‌ കണക്കില്‍ നിര്‍മ്മിക്കുന്നു. പഴയ തൊഴിലാളിയുടെ അദ്ധ്വാനവും പേശീബലവും അത്രയൊന്നും ആവശ്യമില്ലെന്ന്‌ ചുരുക്കം.

പഠനയാത്രയുടെ അവസാനമെത്തി.

വിപണിയില്‍ ഇറക്കാന്‍ പാകത്തിന്‌ വെട്ടിത്തിളങ്ങുന്ന വണ്ടികള്‍ സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്നു. ഓര്‍ത്തുപോയി ഞാനും ഒരിക്കല്‍ ഇങ്ങനെയൊരു സ്ഥലത്ത്‌ തൊഴിലാളി ആയിരുന്നല്ലോയെന്ന്‌. സ്റ്റാംമ്പിംഗ്‌ പ്ലാന്റില്‍ കാറിന്റെ ഒരു പ്രത്യേക ഭാഗം വിളക്കിചേര്‍ത്ത്‌ നിര്‍മ്മിക്കുന്ന ലൈനിലായിരുന്നു അന്നത്തെ ജോലി. അന്ന്‌ ഞങ്ങളുടെ ശരീരശക്തിയായിരുന്നു സാങ്കേതികക്ക്‌ പകരം ഉപയോഗിച്ചിരുന്നതെന്നുമാത്രം. ഏതാണ്ട്‌ മുപ്പതുപേര്‍ നിരയായി നിന്ന്‌ വിളക്കിചേര്‍ത്തുണ്ടാക്കുന്ന രൂപത്തിന്‌ അന്ന്‌ എന്റെ സഹപ്രവര്‍ത്തകനായിരുന്ന നെല്ലിക്കുന്നിന്റെ ഭാഷയിലും ഭാവനയിലും ഒരു `എരുമത്തല'യുടെ രൂപമായിരുന്നു.

മിഷിഗന്‍ സംസ്ഥാനത്തെ ചുറ്റിക്കിടക്കുന്ന തടാകങ്ങളില്‍ക്കൂടി കപ്പല്‍വഴി കൊണ്ടുവരുന്ന ഇരുമ്പയിരില്‍ത്തുടങ്ങി വിവിധ സംവിധാനങ്ങളില്‍ക്കൂടി കാറുകള്‍ പുറത്തുവരുന്ന ശൈലിയില്‍നിന്ന്‌ സാങ്കേതികത ഇന്ന്‌ എന്തുമാത്രം മാറിയിരിക്കുന്നു.

പാര്‍ക്കിംഗ്‌ ലോട്ടിലേക്ക്‌ വന്നപ്പോള്‍ പഴയ കഥ ഒന്നുകൂടി തികട്ടിവന്നു. അവിടെയുണ്ടായിരുന്ന കാറുകള്‍ ശ്രദ്ധിച്ചു. ഇന്ന്‌ അമേരിക്കന്‍ പേരുള്ള ഒരു വണ്ടി കാണണമെങ്കില്‍ മഷിയിട്ട്‌ നോക്കണംപോലും! അത്‌ ആഗോളീകരണത്തിന്റെ ഭാഗം അമേരിക്കയിലെ സാമ്പത്തികമാറ്റത്തിന്റെ ഭാഗം, സാങ്കേതിക വളര്‍ച്ചയുടെയും. എല്ലാറ്റിനും മുന്നില്‍ സാഹചര്യത്തിനൊത്തമാറുന്ന രീതികളുടെയും.
വിദേശനിര്‍മ്മിത കാറുകള്‍ക്ക്‌ വിലക്ക്‌! (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക