Image

സ്മൃതിരാവിന്‍െറ തായ് വഴി: ഡി. ബാബുപോള്‍

Published on 31 July, 2013
 സ്മൃതിരാവിന്‍െറ തായ് വഴി: ഡി. ബാബുപോള്‍
സംഗീതവും അര്‍ഥവും ബിംബവും ഗാഢമായി സമ്മേളിക്കുന്ന സാഹിത്യരൂപം എന്ന നിലയില്‍ കവിത ഇതര രൂപങ്ങളെ അപേക്ഷിച്ച് അത്യന്തം ശ്രേഷ്ഠമാണ് എന്ന പ്രസ്താവന ചോദ്യം ചെയ്യപ്പെടും എന്നു തോന്നുന്നില്ല. എന്നാല്‍, കുഞ്ചന്‍ നമ്പ്യാരുടെ കാലം കഴിഞ്ഞ് മലയാളത്തില്‍ കവിത ഒരു നൂറ്റാണ്ടുകാലം ഇരുട്ടിലായി എന്ന സത്യവും ഒപ്പം ഓര്‍മിക്കേണ്ടതുണ്ട്. ഇരയിമ്മന്‍തമ്പിയുടെ ഗാനങ്ങളും ആട്ടക്കഥകളും ഓര്‍മയില്‍ തെളിയുമ്പോഴും കിളിപ്പാട്ടായാലും തുള്ളലായാലും എഴുത്തച്ഛനൊപ്പമോ നമ്പ്യാര്‍ക്കൊപ്പമോ ഓര്‍മയില്‍ തങ്ങാവുന്നതായി നിര്‍മിക്കപ്പെട്ടില്ലല്ളോ ഈ കാലയളവില്‍.

സംസ്കൃത മഹാകാവ്യങ്ങളെ അനുസ്മരിപ്പിക്കുന്ന ചില കൃതികളാണ് പുതിയ യുഗത്തിന് നാന്ദികുറിച്ചത് എന്ന് പറയാമെന്ന് തോന്നുന്നു. അഴകത്ത് പത്മനാഭക്കുറുപ്പിന്‍െറ രാമചന്ദ്രവിലാസം, പന്തളം കേരളവര്‍മയുടെ രുഗ്മാംഗദചരിതം, ഉള്ളൂരിന്‍െറ ഉമാകേരളം, കെ.സി. കേശവപിള്ളയുടെ കേശവീയം, വള്ളത്തോളിന്‍െറ ചിത്രയോഗം, കട്ടക്കയം ചെറിയാന്‍ മാപ്പിളയുടെ ശ്രീയേശുവിജയം തുടങ്ങി സംസ്കൃതപദ ബാഹുല്യംകൊണ്ട് അടയാളപ്പെടുത്താവുന്ന മഹദ്രചനകള്‍ ഇവിടെ സ്മര്‍ത്തവ്യമാണ്. സംസ്കൃതത്തില്‍നിന്ന് ശാകുന്തളവും മഹാഭാരതവും വിവര്‍ത്തനം ചെയ്യപ്പെട്ടതും ഏതാണ്ട് ഇതേ കാലയളവിലാണ്. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ ശാകുന്തളം വിവര്‍ത്തനം ചെയ്തത് എത്രകാലംകൊണ്ടാണ് എന്നറിയുന്നില്ളെങ്കിലും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരത വിവര്‍ത്തനം പൂര്‍ത്തിയാക്കിയത് 874 ദിവസങ്ങള്‍കൊണ്ടാണ് എന്ന് നമുക്കറിയാം. എന്നാല്‍, ഇരുവരുടെയും പ്രതിഭ തെളിയുന്ന സ്വതന്ത്ര കൃതികള്‍ ഉണ്ടായില്ല എന്നാണല്ളോ വിദ്വല്‍പക്ഷം. മയൂരസന്ദേശം മറന്നിട്ടല്ല, അതിന്മേലുള്ള മേഘാവരണം ഓര്‍മിച്ചിട്ടാണ് ഇത് പറയുന്നത്; മാപ്പ്.
എന്നാല്‍, ഇപ്പറഞ്ഞ രണ്ട് മഹാരഥന്മാരില്‍നിന്നാണ് മലയാള കവിതയിലെ രണ്ട് പ്രസ്ഥാനങ്ങള്‍ ഉരുത്തിരിഞ്ഞത്. കേരളവര്‍മ പ്രസ്ഥാനവും വെണ്‍മണി പ്രസ്ഥാനവും. ‘ഗണപതി വാഹനരിപുനയനാ’ എന്ന് അര്‍ണോസ് പാതിരിയെ പരിഹസിച്ചതും ‘ദശരഥനന്ദനഭൂതമുഖാ’ എന്ന് അര്‍ണോസ് തിരിച്ചടിച്ചതും പഴങ്കഥയായി കഴിഞ്ഞിരുന്നെങ്കിലും കേരളവര്‍മ പ്രസ്ഥാനത്തിന്‍െറ സംസ്കൃതാഭിമുഖ്യത്തെയാണ് കാലം തുണച്ചത്. മലയാളത്തില്‍ സംസ്കൃത ശബ്ദങ്ങള്‍ ഒട്ടേറെ എത്തിക്കഴിഞ്ഞിരുന്നു എന്നതാവാം കാരണം. വെണ്‍മണി കവികളും നടുവം കവികളും പച്ചമലയാളം പ്രയോഗിച്ചത് പച്ചപിടിച്ചില്ല. വലിയകോയിത്തമ്പുരാന്‍ ‘ഹേ വിപ്രവര്യ ഭവദാഗമനം വിശേഷാലാവി പ്രയോഗശകടം വഴിയായിരിക്കാം’ എന്ന് ചോദിച്ചപ്പോള്‍ ‘തീവണ്ടിയേറിയെറണാകുളത്തത്തെി പിന്നെക്കേവഞ്ചിയാണവിടെനിന്നിവിടം വരേയ്ക്കും’ എന്ന് നടുവത്തച്ഛന്‍ മറുപടി പറഞ്ഞ കഥ നമുക്കറിയാം. മൂലൂര്‍, കെ.പി. കറുപ്പന്‍, പള്ളത്തു രാമന്‍, ശീവൊള്ളി (ഈ ശീവൊള്ളിയുടെ ഒരു കുസൃതി നാം ഇങ്ങനെ വായിക്കുന്നു: ഒരു ചെറുപയറോളം പേരുമൊറ്റക്കുചം, മറ്റൊരു കുചമൊരു കൈതച്ചക്കയോടൊത്തിരിക്കും; ചിരി വരുമിതു കണ്ടാലായതല്ലാതെ പിന്നെക്കുറവൊരു ലവലേശം പോലുമപ്പെണ്ണിനില്ല) തുടങ്ങിയ പ്രതിഭാധനന്മാര്‍ ഒത്തുപിടിച്ചിട്ടും ആ പ്രസ്ഥാനത്തിന് സ്ഥിരപ്രതിഷ്ഠ കിട്ടിയില്ലല്ളോ.
കാല്‍പനികത അടയാളപ്പെടുത്തിയ ഒരു സംക്രമണ കാലഘട്ടം ഓര്‍ത്തുകൊണ്ടും വി.സി. ബാലകൃഷ്ണപ്പണിക്കരെയും സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയേയും പോലുള്ള അനുഗൃഹീത കവികളെയും മാനിച്ചുകൊണ്ടും തന്നെ മഹാകവിത്രയം ആണ് ആധുനിക മലയാള കവിതയെ അടയാളപ്പെടുത്തുന്നത് എന്ന് പറയാതെ വയ്യ. ഭക്തിപ്രധാനമായ ദാര്‍ശനിക കവിതകള്‍ മലയാളത്തിന് നല്‍കിയ ഗുരുദേവന്‍െറ ശിഷ്യനായിരുന്നു ആശാന്‍. അതുകൊണ്ടുകൂടി ആവാം ആശാന്‍ ആദ്യം ഭക്തിപ്രധാനങ്ങളായ കവിതകളാണ് എഴുതിയത്. അവിടെനിന്ന് പുതിയ പാതയിലേക്ക് തിരിയുന്നത് ‘വീണപൂവ്’ എഴുതിയപ്പോഴാണ്.
സാമൂഹികാസമത്വങ്ങളാണ് ആശാന്‍ ഏറെ ശ്രദ്ധിച്ചതെങ്കില്‍ സാമ്പത്തികമായ ഉച്ചനീചത്വങ്ങളായിരുന്നു വള്ളത്തോളിന്‍െറ കാഴ്ചയില്‍ പ്രധാനം. കവിത്രയത്തെക്കുറിച്ച് ഡോ. എം. ലീലാവതി ഒരിടത്ത് പറഞ്ഞിട്ടുണ്ട് ‘മലയാള കവിതയുടെ വസന്തചൈതന്യം ആവിഷ്കരിച്ചവരാണ് ഈ കവിത്രയം. നാടകീയാഖ്യാന ശില്‍പം ഇവര്‍ക്ക് മൂന്നുപേര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. ആത്മനിഷ്ഠ, ഭാവനാപരത, വൈകാരിക തീവ്രത എന്നീ ധര്‍മങ്ങളോടുകൂടിയ ഭാവകവിതാ പ്രസ്ഥാനത്തിന് പ്രചാരവും പ്രാധാന്യവും നല്‍കിയതും ഇവരാണ്.’
ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും മുതല്‍ ഓയെന്‍വിയും സച്ചിദാനന്ദനും അയ്യപ്പനും പ്രഭാവര്‍മയും വരെയുള്ള കവികള്‍ തെളിയിക്കുന്നത് കവിത്രയം നല്‍കിയ ഉന്മേഷം മലയാളകവിതയെ അനേകം കൈവഴികളിലൂടെയാണ് വളര്‍ത്തിയിട്ടുള്ളത്, വളര്‍ത്തിക്കൊണ്ടിരിക്കുന്നത് എന്നത്രെ.
ജോയി വാഴയില്‍ രചിച്ച ‘സ്മൃതിരാവിന്‍െറ തായ്വഴി’ എന്ന കവിതാശില്‍പത്തിലൂടെ കടന്നുപോയപ്പോള്‍ മനസ്സില്‍ ഉണര്‍ന്ന ചിന്തകളാണ് ഉപരി രേഖപ്പെടുത്തിയത്.
ക്രിസ്തുവിന്‍െറ കുരിശുമരണം മുതല്‍ ഉയിര്‍ത്തെഴുന്നേല്‍പ്വരെയുള്ള മണിക്കൂറുകളില്‍ മാതാവായ മറിയമിന്‍െറ മനസ്സ് ഓടുന്ന വഴികളാണ് പ്രമേയം. ക്രിസ്തു എന്നും മറിയം എന്നുമുള്ളത് മറന്നാലും മാനുഷികവികാരങ്ങളുടെയും മാതൃമനസ്സിന്‍െറ എക്കാലത്തെയും സംഘര്‍ഷങ്ങളുടെയും കവിതയായി നിലനില്‍ക്കുന്നു എന്നതാണ് ഈ രചനയുടെ മഹത്വം. ഏതൊരു അമ്മയുടെയും വിഹ്വലതകളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്.
ഭാരതീയ പാരമ്പര്യത്തില്‍ എന്‍െറ പിതാവ് ഭഗവദ്ഗീതയാണ് നിത്യവും പാരായണം ചെയ്തിരുന്നത്. എന്‍െറ മാതാവാകട്ടെ എനിക്കുവേണ്ടി എന്നും ഉരുക്കഴിച്ചിരുന്നത് കൗസല്യയുടെ പ്രാര്‍ഥനയാണ്.
എന്‍മകനാശു നടക്കുന്നനേരവും
കന്മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്മതി കെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാര്‍ന്ന് രക്ഷിച്ചീടുവിന്‍ നിങ്ങള്‍ എന്നാണല്ളോ കൗസല്യ പ്രാര്‍ഥിച്ചത്. ഏതൊരമ്മയുടെയും മനസ്സാണ് ഇവിടെ നാം വായിച്ചെടുക്കേണ്ടത്.
ജോയി വാഴയില്‍ പ്രകൃതിയെ വിവരിച്ചുകൊണ്ട് ഒരു മാതാവിന്‍െറ തപ്തഹൃദയം അനുവാചകര്‍ക്കുമുന്നില്‍ വരച്ചുകാണിക്കുന്നു.
‘അരുണന്‍ കദനം സഹിക്കുവാന്‍
അരുതാതാഴിയിലാണ്ടുപോയ്
ഇരുളിന്‍െറ വലാഹകങ്ങളാല്‍
കരുണാചന്ദ്രിക ബന്ധനസ്ഥയായ്’
എന്നു തുടങ്ങുന്ന കവിത ഗര്‍ഭധാരണം മുതല്‍ പുത്രവിയോഗം വരെയുള്ള, പുത്രവിയോഗത്തിന്‍െറ ദുര്‍വിധി പേറാന്‍ നിയുക്തയായ ഏതമ്മയുടെയും അനുഭവത്തില്‍ നിറഞ്ഞുനില്‍ക്കുന്ന, ഓര്‍മകളിലൂടെ നമ്മെ കൈപിടിച്ച് നടത്തുന്നു. ഒടുവില്‍ മഗ്ദലനമറിയവും പത്രോസും പുനരുത്ഥാനവിശേഷം അറിയിക്കുമ്പോഴും കവി പ്രകൃതിബിംബങ്ങളിലൂടെയാണ് മാതൃവികാരം ആവിഷ്കരിക്കുന്നത്.
ഒട്ടാകെ വളരെ സംതൃപ്തിജനകമായ ഒരു പാരായണാനുഭവമാണ് വാഴയില്‍ സമ്മാനിക്കുന്നത്. വള്ളത്തോളിനെന്നതുപോലെ വാഴയിലിനും വേദശാസ്ത്രമോ ബൈബ്ളോ പ്രശ്നമല്ല. പ്രാപിനിയായ സ്ത്രീ മഗ്ദലനമറിയമാണ് എന്ന് ബൈബ്ള്‍ പറയുന്നില്ല. അത് പറഞ്ഞത് വള്ളത്തോളാണ്. വാഴയിലും ആവര്‍ത്തിക്കുന്നു.
മനുഷ്യഹൃദയവും മാതൃവികാരങ്ങളുമാണ് കവി കാണുന്നത് എന്നതാണ് ദേവശാസ്ത്രവിജ്ഞാനത്തെക്കാള്‍ പ്രധാനം.
മലയാള കാവ്യലോകം കേരളഭൂമി എന്നതുപോലെ തന്നെ വൈവിധ്യത്തിന്‍െറ ആസ്ഥാനമാണ്. മുഖ്യധാരാ കവിതകളും കുഞ്ഞുണ്ണിക്കവിതകളും തോളുരുമ്മുന്ന ഒരു കൂടാരമാണത്. ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാടിന്‍െറ ഭക്തിക്കവിതയും സിസ്റ്റര്‍ മേരി ബനീഞ്ജയുടെ ഭാവകവിതകളും ഒത്തുപോകുന്ന ഇടമാണ് ആ കൂടാരം. ചെറുശ്ശേരി അനിയന്‍ വാര്യര്‍ക്കും അയ്യപ്പപ്പണിക്കര്‍ക്കും ഒരു പന്തല്‍ മതി. പാരമ്പര്യവും പരീക്ഷണവും അവിടെ സഹവസിക്കുന്നു.
l
(ധനകാര്യ സെക്രട്ടറി ഡോ. വി.പി. ജോയി രചിച്ച ‘സ്മൃതിരാവിന്‍െറ തായ്വഴി’ എന്ന കൃതിയുടെ അവതാരികയില്‍നിന്ന്)
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക