Image

സിസേറിയന്‍ (ഭാഗം-2)- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 02 August, 2013
 സിസേറിയന്‍ (ഭാഗം-2)- മീട്ടു റഹ്മത്ത് കലാം
എട്ടാം നൂറ്റാണ്ടില്‍ റോമില്‍ പ്രസവത്തിനു മുമ്പ് മരിക്കുന്ന ഗര്‍ഭിണികളുടെ വയറ് കീറി കുഞ്ഞിന് ജീവനുണ്ടോ എന്ന് നോക്കുന്ന പതിവുണ്ടായിരുന്നു. ഒരു ജീവനെങ്കിലും രക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശം. ഇങ്ങനെ രക്ഷപ്പെട്ട കുട്ടികള്‍ക്ക് Caesous എന്നാണ് പറയുന്നതെന്നും അങ്ങനെ വേര്‍പെട്ട കുട്ടിയുടെ വംശത്തിന് സീസര്‍ എന്ന് പേര് വന്നെന്നും, ജൂലിയസ് സീസര്‍ ആ വംശത്തില്‍പ്പെട്ട ആളാണെന്നും ചരിത്രഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

സിസേറിയന്‍ എന്ന പേര് മുറിക്കുക എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണെന്നും പക്ഷമുണ്ട് സുശ്രുതന്‍ ഭാരതത്തില്‍ ഇത്തരം ശസ്ത്രക്രിയ നടത്തിയതായി അഷ്ടാംഗ ഹൃദയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ശിശുവിന്റെ തല പുറത്തുവരാതിരിക്കുക, ഒറ്റ പ്രസവത്തില്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കുക തുടങ്ങിയ അത്യാവശ്യഘട്ടത്തില്‍ ജീവന്‍ രക്ഷിക്കാനുള്ള ഏകപോംവഴിയായി സിസേറിയനെ കാണാം. മാതൃശിശുമരണനിരക്കിലെ ഗണ്യമായ കുറവും സിസേറിയന്റെ സംഭാവനയാണ്. എന്നാല്‍, ഡോക്ടറുടെയും ഗര്‍ഭിണിയുടെയും ബന്ധുക്കളുടെയും സമയവും സൗകര്യവുമനുസരിച്ച് സിസേറിയന്‍ നടത്തുന്നത് ശരിയല്ല. പ്രസവവേദനയില്‍നിന്ന് ഒളിച്ചോടാനും കുഞ്ഞ് ജനിക്കുന്ന നാള് നോക്കിയും ഭര്‍ത്താവിന്റെ ലീവ് നോക്കിയും സിസേറിയനെ ആശ്രയിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഓപ്പറേഷന്‍ ചെയ്യാനുള്ള സമ്മതിപത്രം എഴുതി വാങ്ങുന്നതിന് മുന്‍പായി സര്‍ജറിയെ തുടര്‍ന്നുണ്ടായേക്കാവുന്ന ദോഷവശങ്ങളെക്കുറിച്ച് ഗര്‍ഭിണിയോട് ഡോക്ടര്‍ വിശദീകരിക്കേണ്ടതുണ്ട്. സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാധാരാണ കുട്ടികളുടേതുപോലെ ആരോഗ്യം ഉണ്ടാകില്ലെന്നും അവരില്‍ അലര്‍ജി ഉണ്ടാകാനുള്ള സാധ്യത് അഞ്ചിരട്ടിയാണെന്നുമാണ് പഠനറിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. ജനനനാളിലൂടെയുള്ള സ്വാഭാവികമായ വരവ് നടക്കാത്തതിനാല്‍ മാതാവിന്റെ ബാക്ടീരിയ കുട്ടിയ്ക്ക് ബാധിക്കുന്നതാണ് അലര്‍ജിക്ക് കാരണം സ്വാഭാവിക പ്രസവത്തില്‍ ആ നേരത്തെ വേദനയേ ഉള്ളൂ എന്നും സിസേറിയന്റെ വേദന ഏറെ നാള്‍ പിന്തുടരുമെന്നുമാണ് വിവിധ സര്‍വ്വേകളിലെ കണ്ടെത്തല്‍.

ഒരു രാജ്യത്ത് സിസേറിയന്റെ എണ്ണം 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം പാലിക്കപ്പെടേണ്ടതുണ്ട്. പഠിച്ചിറങ്ങുമ്പോള്‍ ഡോക്ടര്‍മാര്‍ എടുക്കുന്ന പ്രതിജ്ഞ ഹൃദയത്തില്‍ തൊട്ടുകൊണ്ടാകണം. പ്രാണരക്ഷാര്‍ത്ഥം നടത്തുമ്പോള്‍ ദൈവീകവും അകാരണമായി നടത്തുമ്പോള്‍ ക്രൂരതയുമാണ് സിസേറിയന്‍ എന്ന ബോധം എല്ലാവരിലും ഉണ്ടാകണം. ഇത് നാളെയുടെയും കൂടി ആവശ്യമാണ്.
(അവസാനിച്ചു)


 സിസേറിയന്‍ (ഭാഗം-2)- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക