Image

വിതുര ബേബി: അമേരിക്കയിലെ മലയാള എഴുത്തുകാരുടെ സുഹൃത്ത്‌ (ജോണ്‍ മാത്യു)

Published on 08 September, 2013
വിതുര ബേബി: അമേരിക്കയിലെ മലയാള എഴുത്തുകാരുടെ സുഹൃത്ത്‌ (ജോണ്‍ മാത്യു)
ശ്രീ വിതുര ബേബി അന്തരിച്ച വാര്‍ത്ത കേട്ടപ്പോള്‍ അത്‌ വിശ്വാസിക്കാന്‍ കഴിഞ്ഞില്ല, ഒരു നല്ല സുഹൃത്ത്‌ നഷ്‌ടപ്പെട്ടതില്‍ ഏറെ ദുഃഖം തോന്നി. ഉപയോഗിച്ചു അര്‍ത്ഥമില്ലാതായ വാക്കുകള്‍ പത്രഭാഷയില്‍ ഞാനിവിടെ എഴുതുന്നില്ല. ആത്മബന്ധമുള്ളവരെപ്പറ്റി പറയുമ്പോള്‍ മനസ്‌ തുറക്കുന്നതല്ലേ ഉചിതം, അല്ലാതെ വിശേഷണങ്ങളും അതിവിശേഷണങ്ങളും അത്ര പന്തിയല്ലല്ലോ.

അമേരിക്കയിലെ മലയാള എഴുത്തുകാരില്‍ പലരും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബേബിസാറുമായി ബന്ധപ്പെട്ടിട്ടുണ്ടാവാം. പുസ്‌തക പ്രസിദ്ധീകരണം, പ്രകാശനം, സാഹിത്യ ചര്‍ച്ചകള്‍ ഈ രംഗങ്ങളിലെല്ലാം അദ്ദേഹം നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടത്‌. അന്ന്‌ എന്റെ ഒരു പുസ്‌തകത്തിന്റെ പ്രകാശനസന്ദര്‍ഭവുമായിരുന്നു.

ഇവിടെയുള്ള നമ്മുടെ സാഹിത്യകാരന്മാര്‍ പലപ്പോഴും മറന്നുപോകുന്നു. എഡിറ്റിംഗ്‌ എന്നൊരു കാര്യം എഴുത്തിന്റെ ലോകത്തിലുണ്ടെന്ന്‌. സ്വയം വിമര്‍ശനത്തില്‍ക്കൂടി വീണ്ടും വീണ്ടും വായിച്ച്‌ മനോഹരമാക്കുന്ന ഒരു രീതിയായിരുന്നു മലയാളത്തില്‍ എന്നുമുണ്ടായിരുന്നത്‌. അതായത്‌ പ്രൊഫഷണല്‍ എഡിറ്റിംഗ്‌ നമുക്ക്‌ അന്യമായിരുന്നുവെന്ന്‌ സാരം. ഒരു പ്രൊഫഷണല്‍ എഡിറ്ററുടെ സഹായമുണ്ടെങ്കില്‍ കൃതികള്‍ ഏറെ മെച്ചമാക്കാമെന്ന്‌ പലപ്പോഴും വിസ്‌മരിക്കപ്പെട്ടു. ഒരു നല്ല എഡിറ്റര്‍ ഏതു സാഹിത്യ സൃഷ്‌ടിയും ഏറെ ആസ്വാദ്യകരമാക്കുകമാത്രമാണ്‌ ചെയ്യുക. ഇവിടെയാണ്‌ വിതുരബേബി, തമ്പി കാക്കനാടന്‍ മുതലായവര്‍ മലയാളഭാഷക്ക്‌ ചെയ്‌ത സേവനങ്ങളെ വിലയിരുത്തേണ്ടത്‌.

ഒരു തെറ്റിധാരണ ഇവിടെ തിരുത്തുകയാണ്‌. എഡിറ്റിംഗ്‌കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്തെങ്കിലുമെഴുതി വേണ്ടത്ര കാശും മുടക്കിയാല്‍പ്പിന്നെ ബാക്കിയെല്ലാം എഡിറ്റര്‍ ചെയ്‌തുകൊള്ളുമെന്ന ചിന്ത. അത്‌ ചിലരുടെ മോഹം മാത്രം. അക്കൂട്ടരെപ്പറ്റി സഹതപിക്കുകയല്ലാതെ മറ്റ്‌ മാര്‍ഗ്ഗവുമില്ല. പ്രമേയവും ശൈലിയുമെല്ലാം എഴുത്തുകാരന്റേതുതന്നെയായിരിക്കണമെന്ന്‌ ചുരുക്കം.

ഒന്നോ രണ്ടോ നേര്‍ത്ത വരകൊണ്ട്‌ ഒരു ചിത്രത്തിന്‌ എന്തുമാത്രം മാറ്റങ്ങള്‍ വരുത്താം. കവി എഴുതിയ വരികള്‍ക്ക്‌ ഗാനസംവിധായകന്‍ മനോഹരമായ ഈണം പകര്‍ന്നു നല്‍കുന്നില്ലേ. എന്റെ ഒരു കഥ വായിച്ചിട്ട്‌ ശ്രീ വിതുര ബേബി ചിലവാക്കുകള്‍ തിരിച്ചും മറിച്ചുമിട്ടു. ഞാന്‍ അതിശയിച്ചുപോയി എന്നെക്കൊണ്ട്‌ എന്തുകൊണ്ടിത്‌ കഴിഞ്ഞില്ലെന്ന്‌!

ഡോ. എം.എം. ബഷീര്‍ വിതുര ബേബിയെപ്പറ്റി ഇങ്ങനെ എഴുതി:

`വിതുര ബേബി കരുത്തും ശക്തിയുമുള്ള ഉപന്യാസകാരനാണ്‌.' ലളിതവും ശക്തവുമായ ഭാഷ, കൂരമ്പുപോലെ തുരന്നു കയറുന്ന ശൈലി, അനുഭവങ്ങളുടെ കുത്തൊഴുക്ക്‌, ആഖ്യാനത്തില്‍ കഥനത്തിന്റെ വൈഭവം..... ബേബിയുടെ രചനകള്‍ ഭാഷയുടെയും ആഖ്യാനത്തിന്റെയും ചാരുതയാല്‍ തിളക്കമുള്ളതാണ്‌.'

സത്യത്തിന്റെ അടിവേരുകള്‍ എന്ന ഒരൊറ്റ പുസ്‌തകം മതി വിതുര ബേബിക്ക്‌ മലയാള സാഹിത്യത്തില്‍ അംഗീകാരം നേടാന്‍. ഈ കൃതിക്ക്‌ ഹൂസ്റ്റനിലെ കേരള റൈറ്റേഴ്‌സ്‌ ഫോറം അവാര്‍ഡ്‌ നല്‍കി ആദരിച്ചത്‌ അമേരിക്കയിലെ സഹൃദയരായ മലയാളികള്‍ക്കെല്ലാംതന്നെ അഭിമാനമാണ്‌. എഡിറ്റിംഗിനെപ്പറ്റിയും ജേര്‍ണലിസത്തെപ്പറ്റിയുമുള്ള പഠനങ്ങളില്‍ ഈ കൃതിക്ക്‌ ഒരു പ്രമുഖസ്ഥാനവുമുണ്ട്‌. എത്രയെത്ര രസകരങ്ങളായ സംഭവങ്ങളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. `ഞങ്ങളുടെ പൂനിലാവ്‌' എന്ന ലേഖനത്തില്‍ ജനയുഗം പത്രത്തിന്റെ സാരഥിയായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ ചില ഞൊടുക്കുവേലകള്‍ എടുത്തുകാണിക്കുന്നു.

അതിങ്ങനെ : ആകര്‍ഷണീയമായ ഒരു കഥയുടെ കുറവു ഒരു ദിവസം അച്ചടിക്ക്‌ തൊട്ടുമുന്‍പ്‌ ജനയുഗം പത്രത്തിനുണ്ടായി. അത്‌ പരിഹരിക്കേണ്ടേ? നിമിഷനേരംകൊണ്ട്‌ ഒരു ഗ്രാമത്തില്‍ പെരുമ്പാമ്പിന്റെ ആക്രമണമുണ്ടായ കഥ പത്രാധിപരായ കാമ്പിശ്ശേരി കരുണാകരന്‍ എഴുതിചേര്‍ത്തു. ജേര്‍ണലിസത്തില്‍ നിരുപദ്രവകരമായ നുണയുമാകാമെന്ന്‌ കാമ്പിശേരി എന്ത്‌ സരസമായിട്ടാണ്‌ പറഞ്ഞതെന്ന്‌ വിതുര ബേബി വിവരിക്കുന്നു. കാശുകൊടുത്ത്‌ പത്രം വാങ്ങുന്നവര്‍ക്ക്‌ അല്‌പം ആനന്ദത്തിനും വകവേണമല്ലോ. മറ്റൊരു ലേഖനത്തില്‍, വിപ്ലവകാരിയായിരുന്ന പത്രാധിപര്‍ക്ക്‌ മുതലാളിയുടെ ലോറി ഡ്രൈവറെ സംരക്ഷിക്കേണ്ടതായി വന്ന കഥയുമുണ്ട്‌. അന്നും ഇന്നുമുള്ള കേരളത്തിന്റെ രാഷ്‌ട്രീയ യാഥാര്‍ത്ഥ്യം വിളിച്ചറിയിക്കുന്നതാണ്‌ ഈ ലേഖനം.

സത്യത്തിന്റെ അടിവേരുകള്‍ വായിച്ചുപോകുമ്പോള്‍ എന്നെപ്പോലെയുള്ള പഴമക്കാര്‍ക്ക്‌ അല്‌പം അസൂയയും തോന്നാറുണ്ട്‌. ഞാന്‍ വളരെ ദൂരത്തിരുന്ന്‌ കേരളത്തിലെ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ കണ്ടിരുന്നപ്പോള്‍ വിതുരബേബിയെപ്പോലെയുള്ളവര്‍ ഈ കളികളുടെയൊക്കെ ഉള്ളില്‍ത്തന്നെയുണ്ടായിരുന്നു. അതുകൊണ്ടാണ്‌ വിതുര ബേബിക്ക്‌ സമുന്നതരായ നേതാക്കന്മാരുടെ ഓഫീസുകളിലേക്ക്‌ ധൈര്യപൂര്‍വ്വം കയറിച്ചെല്ലാന്‍ കഴിഞ്ഞിരുന്നത്‌. കേരളത്തിന്റെ അന്‍പതുകളിലെയും അറുപതുകളിലെയും രാഷ്‌ട്രീയചരിത്രവും അതിന്റെ രസകരമായ വിമര്‍ശനാത്മക പഠനവും കൂടിയാണ്‌ സത്യത്തിന്റെ അടിവേരുകള്‍.

വളരെവേഗം ശുണ്‌ഠിയെടുക്കുന്ന പ്രകൃതമാണ്‌ ബേബിയുടേതെന്നാണ്‌ സുഹൃത്തുക്കള്‍ പറയാറ്‌. അത്‌ എനിക്കും അനുഭവപ്പെട്ടിട്ടുണ്ടുതാനും. തന്റെ കഴിവിലുള്ള അമിതമായ വിശ്വാസവും തന്റേടവുമാവാം ആ ശുണ്‌ഠിക്ക്‌ കാരണം. പക്ഷേ, തോപ്പില്‍ ഭാസിയുടെ ശാകുന്തളം നാടകത്തെപ്പറ്റി ബേബിയുടെ വിമര്‍ശനത്തിന്‌ ഭാസി കൊടുത്ത മറുപടി ബേബി അഭിമാനപൂര്‍വ്വംതന്നെ സമാഹാരത്തില്‍ ചേര്‍ത്തിരിക്കുന്നു.

ഈ സമാഹാരത്തില്‍ എന്നെ വളരെയേറെ ആകര്‍ഷിച്ച ഒരു ലേഖനമുണ്ട്‌. അത്‌ `ഒരാള്‍ മാത്രം വന്നില്ല.' തന്റെ പ്രവര്‍ത്തനരംഗത്ത്‌ അത്യധികം സത്യസന്ധനായിരുന്ന കെ.വി. സുരേന്ദ്രനാഥിനെപ്പറ്റിയാണ്‌ ആ ലേഖനം. ഒരിക്കലും അനീതിയുമായി സഖ്യം ചെയ്യാന്‍ കഴിയാത്ത നേതാവായിരുന്നു സുരേന്ദ്രനാഥ്‌. ആ ലേഖനത്തിന്റെ അവസാനമിങ്ങനെ:

`വെജിറ്റേറിയന്‍ ഹോട്ടലിലെ അരത്തുടം വരുന്ന ചായയും വെളിച്ചെണ്ണ തേച്ച ദോശയും കഴിച്ച്‌ ജീവിതസാഫല്യം നേടിയ സുരേന്ദ്രനാഥിനെ ഇനി അനന്തപുരിയിലെ നടപ്പാതകളില്‍ കാണാനാവുകയില്ല എന്നോര്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ദുഃഖം തോന്നുന്നു.'

ശ്രീ വിതുര ബേബിയെപ്പറ്റി എഴുതുമ്പോഴും ഈ വരികള്‍ ഞാന്‍ ആവര്‍ത്തിക്കുകയാണ്‌.

അമേരിക്കയിലെ മലയാളസാഹിത്യ ചര്‍ച്ചാവേദികള്‍ ഇനിയും എഡിറ്റിംഗിന്റെ പ്രാധാന്യത്തെപ്പറ്റിയുംകൂടി ചിന്തിക്കണം, അങ്ങനെ നമുക്ക്‌, അനന്തപുരിയിലെ നമ്മുടെ സുഹൃത്തായിരുന്ന വിതുരബേബിയുടെ ഓര്‍മ്മ നിലനിര്‍ത്താം.
വിതുര ബേബി: അമേരിക്കയിലെ മലയാള എഴുത്തുകാരുടെ സുഹൃത്ത്‌ (ജോണ്‍ മാത്യു)വിതുര ബേബി: അമേരിക്കയിലെ മലയാള എഴുത്തുകാരുടെ സുഹൃത്ത്‌ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക