Image

ഓണച്ചിന്തകള്‍: ഡി. ബാബുപോള്‍

Published on 18 September, 2013
ഓണച്ചിന്തകള്‍: ഡി. ബാബുപോള്‍
ഓണം മലയാളനാട്ടിലെ കൊയ്ത്തുത്സവം ആയിരുന്നു. വടക്കുനിന്ന് കുടിയേറിയ ബ്രാഹ്മണര്‍ നര്‍മദാതീരത്തുനിന്ന് ഇറക്കുമതി ചെയ്ത മഹാബലിക്കഥ ഓണത്തോട് ചേര്‍ത്തുവെച്ചാണ് ഇപ്പോള്‍ നാം ആ ഉത്സവം ആചരിക്കുന്നത്. അത് രണ്ട് തരത്തില്‍ നന്നായി.
ഒന്നാമത് കൊയ്ത്തും മെതിയും ഇല്ലാതായിവരുന്ന കാലം. കേരളം പോലെ ഒരു വലിയ ഗ്രാമം ഒന്നാകെ നഗരമായി മാറുമ്പോള്‍ കൊയ്ത്തുത്സവം അപ്രസക്തമാവും. എന്നുവെച്ച് മനുഷ്യന് ഉത്സവം വേണ്ടേ? മരുന്നിന് മാത്രം ക്രിസ്ത്യാനികള്‍ ഉള്ള നാടാണ് ജപ്പാന്‍. അവിടെയാണ് ക്രിസ്മസ് അമേരിക്കയിലേതിനേക്കാള്‍ കേമമായി കൊണ്ടാടുന്നത്. മനുഷ്യന് മതിമറക്കാന്‍ ഒരു കാലം വേണം.
രണ്ടാമത്തെ കാരണം ഉട്ടോപ്പിയയും എല്‍ദൊറാദോയും ഷാങ്ഗ്രിലയും ഒക്കെപോലെ ഒരു കിനാവാണ് നമ്മുടെ ഓണസമ്മാനം. മാനുഷ്യരെല്ലാരുമൊന്നുപോലെ ആയിരുന്ന ഒരു ഗതകാലത്തെക്കുറിച്ചുള്ള സ്മരണയായാലും, അങ്ങനെ ആവാന്‍ പോവുന്ന ഒരു ഭവിഷ്യകാലത്തെക്കുറിച്ചുള്ള സ്വപ്നമായാലും അത് സുഖദമായ ചിന്ത തന്നെയാണ്.
ഓണത്തെ വാമനനുമായി ബന്ധിപ്പിച്ചപ്പോള്‍ ഉണ്ടായ യുക്തിഭംഗം കേരളം ഭൃഗുരാമസൃഷ്ടിയാണ് എന്ന വിശ്വാസത്തില്‍നിന്ന് സ്വാഭാവികമായി ഉദിക്കുന്നതാണ്. പരശുരാമന്‍ സൃഷ്ടിച്ച ഭൂമിയിലെ അരചനെ വാമനന്‍ എങ്ങനെ ചവിട്ടിത്താഴ്ത്തും എന്ന് കഥമെനഞ്ഞാല്‍ ആലോചിച്ചില്ല. അല്ളെങ്കില്‍ രണ്ട് ഐതിഹ്യങ്ങളെയും സമരസപ്പെടുത്തേണ്ടതുണ്ടെന്ന് അവര്‍ക്ക് തോന്നിയില്ല. ഐതിഹ്യത്തെ യുക്തി നിര്‍വചിക്കുന്നില്ലല്ളോ ഒരിടത്തും. പോരെങ്കില്‍ പരശുരാമകഥയും ബ്രാഹ്മണര്‍ക്ക് ഭൂമി നല്‍കിയതായ പഴമയും അസ്വീകാര്യമാണെന്ന് ചട്ടമ്പിസ്വാമികള്‍ ബ്രാഹ്മണച്ഛേദനം നിര്‍വഹിച്ചിട്ടുമുണ്ട്. അതുകൊണ്ട് വാമന-ഭൃഗുരാമ സങ്കല്‍പങ്ങളില്‍ അന്തര്‍ഭവിച്ചിരിക്കുന്ന കാലനിര്‍ണയപ്രമാദം അവഗണിക്കാവുന്നതേയുള്ളൂ.
മഹാബലിയോട് വാമനന്‍ ചെയ്തത് വലിയ അനീതിയാണ് എന്ന് പറയാവുന്നതല്ല. മഹാബലി അസുരനാണ്. പാതാളമാണ് സ്വദേശം. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതുപോലെയാണ് മഹാബലി ഭൂമി ഭരിച്ചത്. ഭൂമി മാത്രമല്ല ദേവലോകവും കാല്‍ക്കീഴിലാക്കിയ മഹാബലിയെ ഒരു അക്രമവും പ്രവര്‍ത്തിക്കാതെ, രക്തം ഒട്ടും ചിന്താതെ, രാജാവായിത്തന്നെ സ്വദേശത്തേക്ക് പോകാന്‍ ഒത്താശചെയ്യുകയായിരുന്നു വാമനന്‍. സമാധാനകാംക്ഷികളായ സാമ്രാജ്യത്വവിരുദ്ധശക്തികളുടെ പ്രതീകമാണ് വാമനന്‍. ഭൂലോകവും ദേവലോകവും അസുരാധിപത്യത്തില്‍നിന്ന് വിമോചനം നേടി എന്നുറപ്പിച്ചപ്പോഴും അസുരചക്രവര്‍ത്തിയോട് പ്രതിപക്ഷബഹുമാനത്തോടെയാണ് വാമനന്‍ പെരുമാറിയത്. സന്ദര്‍ശകനായി മടങ്ങിവരാന്‍ അനുവാദം കൊടുത്തുവല്ളോ.
വാമനന് ക്ഷേത്രങ്ങള്‍ ഏറെ ഇല്ല. എന്നാല്‍, തൃക്കാക്കരയിലെ വാമനമൂര്‍ത്തിയുടെ ക്ഷേത്രത്തിന് വിഷ്ണുവിന്‍െറ നൂറ്റിയെട്ട് ദിവ്യദേശങ്ങളില്‍ 13ാമത്തെ സ്ഥാനമാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. നൂറ്റിയെട്ടിന് ഭാരതീയ സംസ്കാരത്തിലുള്ള സ്ഥാനം പ്രസിദ്ധമാണ്. നൂറ്റിയെട്ട് ദിവ്യദേശങ്ങള്‍ പോലെ തന്നെ നൂറ്റിയെട്ട് മണികളുള്ള ജപമാല, ഗൗഡീയവൈഷ്ണവചിന്തയില്‍ വൃന്ദാവനത്തില്‍ നൂറ്റിയെട്ട് ഗോപികമാര്‍, ബ്രഹ്മപുരാണപ്രകാരം സൂര്യന് പേരുകള്‍ നൂറ്റിയെട്ട്, ഉപനിഷത്തുകള്‍ നൂറ്റിയെട്ട് -തുടങ്ങിയവ ഓര്‍ക്കുക.
ഇങ്ങനെ പ്രധാനമായ നൂറ്റിയെട്ടില്‍ ഉന്നതസ്ഥാനത്തുള്ള തൃക്കാക്കരക്ഷേത്രത്തിന്‍െറ പ്രത്യേകത അവിടെ വിഷ്ണുവും ശിവനും ഗണപതിയും സഹവസിക്കുന്നു എന്നതാണ്. വൈഷ്ണവ-ശൈവ വിഭാഗങ്ങള്‍ പരസ്പരം അംഗീകരിക്കാത്ത ഇടങ്ങളാണ് ഭാരതീയസംസ്കൃതിയില്‍ ഏറെ എന്നിരിക്കെ ഇത് അത്യന്തം ശ്രദ്ധേയമാണ്. തൃക്കാക്കരയില്‍ ശിവനും വിഷ്ണുവിനും ഗണപതിക്കും മാത്രം അല്ല, നാഗാരാധനക്കും ഇടം കാണുന്നു; മഹാബലിക്ക് ഇരിക്കാന്‍ ഒരു പീഠവും. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ സംസ്കാരത്തിലെ സമന്വയഭാവത്തിന്‍െറ പ്രത്യക്ഷലക്ഷണങ്ങളാണ് തൃക്കാക്കരയെ അടയാളപ്പെടുത്തുന്നത്.
തൃക്കാക്കരയിലെ ഉത്സവമാണ് ഓണത്തിന്‍െറ മതാതീതഭാവം ഏറ്റവും വ്യക്തമായി തെളിയിക്കുന്നത്. അവിടെ അത്തം മുതല്‍ പത്തുനാളാണ് ഉത്സവം. കേരളം ഭരിച്ച പ്രജാവത്സലനായ ചക്രവര്‍ത്തിയെ സ്ഥാനഭ്രഷ്ടനാക്കിയ വാമനന്‍െറ അമ്പലത്തില്‍ മഹാബലി വരുന്ന നാളിലാണ് ഉത്സവം സമാപിക്കുക. മഹാബലിയെ ആരും ആരാധിക്കുന്നില്ല. മഹാബലി അസുരനാണ്. ആരാധിക്കുന്നത് വാമനനെയാണ്. ആ വാമനനാകട്ടെ നമ്മുടെ പൂര്‍വികര്‍ക്ക് പ്രിയങ്കരനായിരുന്ന രാജാവിനെ ചവിട്ടിപ്പുറത്താക്കിയവനാണുതാനും. വാമനനെ ആരാധിക്കുകയും മഹാബലിയെ ആദരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്കാരം.
ഈ വാമനന് തന്നെ ശാപംകിട്ടിയ ഒരു ഉപകഥ ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. (ഒരു കാക്ക തൃക്കാക്കരയില്‍ നിന്ന് അഞ്ചാറ് മൈല്‍ പറന്നാല്‍ പെരുമ്പാവൂരിലത്തെും. അതുകൊണ്ടാണ് ഞങ്ങളുടെ നാട് എന്ന് പറഞ്ഞത്. ഇതി ടിപ്പണി.)
ഒരു ബ്രാഹ്മണന്‍ വാഴക്കുലയുമായി ദര്‍ശനത്തിന് വന്നു. അത് അര്‍പ്പിക്കുന്നതിന് മുമ്പ് വാമനന്‍ തന്നെ ആ കുല അദൃശ്യമാക്കി. ബ്രാഹ്മണന്‍ വാമനനെ ശപിച്ചു. ഇത് ഒരു കഥ. ഏതോ ഒരു ഭക്തന്‍ കൊണ്ടുവന്ന പഴക്കുല വാമനന്‍ കുസൃതിക്കായി ഒളിപ്പിച്ചു. അടുത്തുനിന്ന ഒരു ബ്രാഹ്മണനില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടു. ബ്രാഹ്മണന്‍ ദൈവത്തെ ശപിച്ചു. (‘നിന്നെ ആരും തിരിഞ്ഞുനോക്കാതിരിക്കട്ടെ’). ദൈവം മനുഷ്യനോട് മാപ്പ് ചോദിച്ചു. ‘പരദേശികളില്‍നിന്നാവട്ടെ നിന്‍െറ പാപമോചനം‘ എന്ന് ബ്രാഹ്മണന്‍ പറഞ്ഞു. എന്നിങ്ങനെ മറ്റൊരു കഥ.
കഥയില്‍ ചോദ്യം ഇല്ല. എങ്കിലും ആ വഴി കടന്നുപോവുമ്പോള്‍ ഞാന്‍ കൗതുകത്തോടെ ഓര്‍ക്കാറുണ്ട്, ആ ശാപം കൊണ്ടാണോ തൃക്കാക്കര കേരളതലസ്ഥാനം ആകാതെപോയത് എന്ന്. ആയിരുന്നെങ്കില്‍ എനിക്ക് സ്വദേശം വിടാതെ കഴിക്കാമായിരുന്നു. അല്ല, അതിലൊന്നും അര്‍ഥം ഉണ്ടായിട്ട് പറയുകയല്ല. പതിനഞ്ചാം വയസ്സില്‍ പെരുമ്പാവൂരും പതിനേഴാം വയസ്സില്‍ ആലുവയും വിട്ട് തിരുവനന്തപുരത്ത് ചേക്കേറിയ എനിക്ക് അമ്പത്തിയഞ്ച് വര്‍ഷമായി ഞാന്‍ താമസിക്കുന്ന ഇവിടം തന്നെ ആണ് സ്വദേശം. പറഞ്ഞുവന്നപ്പോള്‍ കുറിച്ചുപോയി എന്നു മാത്രം.
മഹാബലിയുടെ കഥ ഭാഗവതത്തില്‍ ഉള്ളതാണ്. വാമനപുരാണത്തില്‍ പറയുന്നതും ഭാഗവതം അഷ്ടമ സ്കന്ധ ത്തിലും മഹാഭാരതം ശാന്തിപര്‍വത്തിലും പറയുന്നതും ചേര്‍ത്തുവായിച്ചാല്‍ മഹാബലിയുടെ ഗുണവും ദോഷവും കാണാം. ബലി വിഷ്ണുഭക്തനായിരുന്നു. അഹങ്കാരിയും ആയിരുന്നു. പിതാമഹനായ പ്രഹ്ളാദനില്‍നിന്നു വരെ ശാപം ഏറ്റുവാങ്ങിയവന്‍. ചുരുക്കിപ്പറഞ്ഞാല്‍ നമ്മെയൊക്കെ പോലെ ഒരു പച്ചമനുഷ്യന്‍. നന്മതിന്മകള്‍ സഹവസിക്കുന്ന ഒരു പഞ്ജരം. ഒരുഘട്ടത്തില്‍ ദേവന്മാരെ വെല്ലുവിളിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തെങ്കിലും ഒടുവില്‍ ധര്‍മിഷ്ഠനായി മാറിയപ്പോള്‍ ധര്‍മത്തില്‍നിന്ന് വ്യതിചലിക്കാതെ ഈശ്വരഹിതത്തിന് വഴങ്ങി ഈശ്വരന് കാല്വെക്കാന്‍ തന്‍െറ തലകുനിച്ചവനാണ് മഹാബലി. ‘എന്നില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിക്കയില്ല’ എന്നു പറഞ്ഞ ക്രിസ്തു, വിഭീഷണനെ സ്വീകരിച്ച രാമന്‍, ഏകശ്ളോകീഗീതയില്‍ കൃഷ്ണന്‍: ‘ഈശ്വരന്‍ ഭക്തനെ ഉപേക്ഷിക്കുന്നില്ല.’
ഒന്നുകൂടെ പറയണം. രാജാവ് നീതിമാനോ പ്രഗല്ഭനോ ആയതുകൊണ്ടുമാത്രം നാട് നന്നാകണമെന്നില്ല. മനുഷ്യര്‍ നന്നാകുമ്പോഴാണ് നാട് നന്നാകുന്നത്. നിയമം കൊണ്ട് കള്ളപ്പറയും പൊളിവാക്കും ഉന്മൂലനം ചെയ്യാനാവുകയില്ല. നിയമംകൊണ്ട് മാനുഷരെല്ലാരുമൊന്നുപോലെ ആവുകയുമില്ല. അതുകൊണ്ട് മാവേലി നാട്വാണകാലത്തെ അവസ്ഥ സമൂഹത്തില്‍ ഉണ്ടാകണമെങ്കില്‍ നാം വ്യക്തികളായും സമൂഹമായും രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. ഈയിടെ വായിച്ചു -മാവേലിക്കാലം വരാനിരിക്കുന്നതേയുള്ളൂവെന്ന്. അതായത്, കീഴാളര്‍ നാടുവാഴുന്ന കാലത്താണ് സമൂഹം നേരെയാവുക. പ്രോലിറ്റേറിയന്‍ ഡെമോക്രസി. അത് എങ്ങനെ സ്വീകരിച്ചാലും ജനം നന്നാകാതെ നാട് നന്നാവുകയില്ല.
ഈ തത്ത്വമൊന്നും ഇല്ളെങ്കിലും ഓണം ഓണം തന്നെ. ചിങ്ങത്തില്‍ കെട്ടുന്ന ഊഞ്ഞാല്‍ കന്നിയില്‍ പരണത്തുവെക്കുമെങ്കിലും ചിങ്ങത്തില്‍ നാം ആടുന്നുണ്ടല്ളോ. ഉത്രാടപ്പാച്ചിലും ഓണസദ്യയും കൈകൊട്ടിക്കളിയും കഴിഞ്ഞാല്‍ നാം അവനവന്‍െറ എലിപ്പത്തായങ്ങളിലേക്കു മടങ്ങുമെങ്കിലും, ഓണക്കാലത്ത് മൂഷികമത്സരങ്ങള്‍ അരങ്ങേറുന്നില്ലല്ളോ. എന്നും ഓണം ഉണ്ണുന്ന ജന്മിമാര്‍ ഒരുനാള്‍ സമൃദ്ധിയായി ഉണ്ണാന്‍ കീഴാളര്‍ക്ക് അനുവദിച്ച സൗജന്യമാണെങ്കിലും അത് ബാക്കിവെക്കുന്നത് നന്മയുടെ ഒരു കിരണമാണല്ളോ. അതുകൊണ്ട് ഓണം വേണം. എന്നാല്‍, ഓണം ഇല്ലാത്തവനെ ഓര്‍ക്കാതെയാവരുത് നാം ഓണം ഉണ്ണുന്നത്. ചാന്നാങ്കരകുഞ്ഞ് എന്ന ധനാഢ്യന്‍ നാല് അനാഥമന്ദിരങ്ങളില്‍ ഓണസദ്യനടത്തി. നാലിടത്തും മൂപ്പരും ഉണ്ടു. എല്ലാവരെക്കൊണ്ടും ഇപ്പറഞ്ഞ രണ്ടും- നാല് സദ്യനടത്താനും നാല് വട്ടം ഉണ്ണാനും-നടപ്പില്ല. ഏകാകിനിയായ ഒരു എഴുപതുകാരിക്കാണ് ഇക്കൊല്ലം ഞാന്‍ സദ്യ വാങ്ങിക്കൊടുത്തത്. അവര്‍ കിട്ടിയത് കഴിക്കാതെ ഓടി. അവിവാഹിതയായ അവരുടെ അയലത്തെ ആരുടെയോ പേരക്കുട്ടികള്‍ക്ക് പായസം കൊടുക്കാന്‍. കുഞ്ഞും ഞാനും ചെയ്തതിനെക്കാള്‍ ഈശ്വരദൃഷ്ടിയില്‍ സുന്ദരം ആ കിളവിത്തള്ളയുടെ ഓട്ടമാണ്. ആണ്ടിലൊരിക്കല്‍ കിട്ടുന്ന പായസം പങ്കുവെക്കാനുള്ള മനസ്സ്. അതാണ് ഓണം.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക