Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍.....(ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 22 September, 2013
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍.....(ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
എനിക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെപ്രിയ കൂട്ടുകാരന്‍, എന്റെ ജീവിത പങ്കാളി, എന്റെ എല്ലാമായ ജോ എന്നെവിട്ട്‌പോയിട്ട്‌ ഇപ്പോള്‍ ആറു്‌മാസങ്ങള്‍ കഴിഞ്ഞുവെന്ന്‌. മരണശേഷം എല്ലാവരും ദൈവസന്നിധിയില്‍ എത്തിചേരുന്ന പോലെ ജോയും എത്തികാണും. എന്നാല്‍ അവന്‍ എന്തിനു ആദ്യം പോയി? കര്‍ത്താവില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന, ബൈബിള്‍ വചനങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്ന ഞാന്‍ ദൈവത്തോട്‌ മനസ്സ്‌കൊണ്ട്‌ ചോദിക്കുന്നു. നീതന്നെഞങ്ങളെ യോജിപ്പിച്ചിട്ട്‌ എന്തിനു ഒരാളെ മാത്രം നേരത്തെവിളിച്ചു. പിന്നെ ഞാന്‍ സമാധാനിക്കുന്നു ദൈവത്തിനു ഓരോ കാര്യങ്ങള്‍ക്കും ഓരോ ഉദ്ദേശ്യമുണ്ട്‌. ഞാന്‍ ദൈവ കരങ്ങളില്‍ എല്ലാം അര്‍പ്പിക്കുന്നു. അതുകൊണ്ട്‌ എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ ജോ ഉണ്ട്‌.അവന്‍ എനിക്ക്‌ ചുറ്റും നിറഞ്ഞ്‌ നില്‍ക്കുന്നു. ഞാന്‍ കരയുമ്പോഴാണ്‌ അവനെ എനിക്ക്‌ കാണാന്‍ കഴിയാത്തത്‌. എന്റെ കണ്ണീര്‍ത്തുള്ളികള്‍ അവന്റെരൂപം അവ്യക്‌തമാക്കുന്നു.അപ്പോള്‍ ഞാന്‍ എന്റെ ജോയുടെ ശബ്‌ദം കേള്‍ക്കുന്നു. സന്തോഷമായിരിക്കുക, കരഞ്ഞാല്‍ ഞാന്‍ നിന്റെ മുന്നില്‍ നിന്ന്‌ പോകും.

എന്റെ ഏകാന്തവേളകളില്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. എനിക്ക്‌ ചുറ്റും അവന്റെ സാന്നിധ്യമുണ്ട്‌.ജോ എന്നും രാവിലെ എന്നേക്കാള്‍ മുമ്പ്‌ ഏണീറ്റിരുന്നു.ഇപ്പോഴും ഞാന്‍ രാവിലെ ഉണരുമ്പോള്‍ ബാത്ത്‌റൂമിലെ പൈപ്പില്‍നിന്നും വെള്ളം വീഴുന്ന ശബ്‌ദംകേള്‍ക്കുന്നു. ഞാന്‍ ഏണീറ്റ്‌ ഓടി ചെല്ലുമ്പോള്‍ ആരുമില്ല .പിന്നെ ഞാന്‍ കിച്ചനിലേക്ക്‌ നടക്കുമ്പോള്‍ ജോയുടെ ഷേവിംഗ്‌ ക്രീമിന്റെ മണംവരുന്നു.ജോനീ എവിടെ എന്നുവിളിച്ച്‌്‌ ഞാന്‍ മുറികളിലെല്ലാം ഓടി നടക്കുന്നു. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ മനസ്സിനു കഴിയുന്നില്ല. ഞാന്‍ ആത്മസംയമനം വീണ്ടെടുത്തു ബൈബിള്‍ തുറന്ന്‌വായിച്ച്‌ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നു. പക്ഷെ കഴിയുന്നില്ല.എന്റെ കണ്ണുകള്‍ നിറഞ്ഞ്‌ കവിയുകയാണ്‌.

അദ്ദേഹത്തിന്റെ അന്ത്യനാളുകള്‍ അടുക്കുന്നത്‌ സ്വയം മനസ്സിലാക്കിയിരുന്നതായി ഇപ്പോള്‍ എനിക്ക്‌ തോന്നാറുണ്ട്‌. അടുത്തിരുന്ന്‌ വിശുദ്ധവേദപുസ്‌തകം വായിച്ച്‌ കേള്‍ക്കുന്നത്‌ അദ്ദേഹത്തിനുവളരെ ഇഷ്‌ടമായിരുന്നു. ആവര്‍ത്തന പുസ്‌തകം മുപ്പ്‌തത്തിമൂന്നാം അദ്ധ്യായം ഇരുപത്തിയേഴാം വാക്യം വായിച്ച്‌ കേട്ടപ്പോള്‍ ആ ഭാഗം ഒന്നുകൂടി വായിക്കാനാവശ്യപ്പട്ടത്‌ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ഇസ്രായേല്‍ ജനതയുടെ വിമോചകനും നിയമകര്‍ത്താവുമായിരുന്ന മോശ തന്റെ പ്രവര്‍ത്തനകാലം അവസാനിക്കാറായി എന്ന്‌ ബോധ്യപ്പെട്ടപ്പോള്‍, താന്‍ നയിച്ച ഇസ്രായേല്‍ ജനതയെ മുഴുവനായി ഒരു സമതല പ്രദേശത്ത്‌ വിളിച്ച്‌ കൂട്ടി തന്റെ അന്ത്യമൊഴികള്‍ അവരെ അറിയിച്ചു. ആ പ്രഭാഷണത്തില്‍ദൈവം അവരെ എങ്ങനെ അടിമത്വത്തില്‍നിന്നും വിടുവിച്ചു, പ്രതികൂലങ്ങളെ എങ്ങനെതരണം ചെയ്‌തു, എന്നൊക്കെപറഞ്ഞതിനുശേഷം തന്റെ നേത്രുത്വം നഷ്‌ടമാകിലും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം അവരുടെ നങ്കൂരമായിരിക്കണമെന്ന്‌ അവരെ ഉത്‌ബോധിപ്പിച്ചു. ആ പശ്‌ചാത്തലത്തില്‍ പറഞ്ഞവാക്കുകളാണ്‌ `സനാതനനായദൈവം നിന്റെ സങ്കേതം, കീഴെശാശ്വത ഭുജങ്ങള്‍ ഉണ്ട്‌'.ആ ഭാഗം വായിച്ച്‌ കേട്ടപ്പോള്‍ എന്റെ കരങ്ങള്‍ ഗ്രഹിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞവാക്കുകള്‍ എനിക്ക്‌ ഇപ്പോള്‍ ശക്‌തിപകരുന്നു. `സര്‍വ്വശക്‌തനായ ദൈവം നിനക്ക്‌ കാവലും കോട്ടയും ആയിരിക്കും.' `സരോ..നീ സോളമന്റെ ഉത്തമഗീതങ്ങള്‍ വായിക്കു' ഞാന്‍ ജോയുടെ ശബ്‌ദംവീണ്ടും കേള്‍ക്കുന്നു. അതെ ജോ അതാ കിടക്കയില്‍ കൈ കുത്തി കിടന്നു എന്നോട്‌ സംസാരിക്കുന്നു.ദൈവമെ നിനക്ക്‌ എന്റെ ജോയുടെ ഭൗതിക ശരീരം മാത്രമേ.എന്നില്‍നിന്ന്‌ അക്‌റ്റാന്‍ കഴിഞ്ഞുള്ളൂ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രോഗശയ്യയിലായിരുന്ന എന്റെ ജോ പ്രഭാതത്തിനുവേണ്ടി കാത്തു കിടന്നത്‌ പോലെക്രുത്യം അഞ്ച്‌ മണിക്ക്‌ അല്ലെങ്കില്‍ അഞ്ചരമണിക്ക്‌ കോഫി ആവശ്യപ്പെട്ടിരുന്നു. ആ വിളി കേള്‍ക്കാനെന്നവണ്ണം കട്ടിലിനോറ്റ്‌ ചേര്‍ന്നുള്ള ചാരു കസേരയില്‍ ഞാന്‍ കാത്ത്‌ കിടന്നിരുന്നു. 2013 എപ്രില്‍ 10 ബുധന്‍ പുലര്‍ന്നു. അന്ന്‌ ആ വിളി ഞാന്‍ കേട്ടില്ല. അടുത്ത്‌ചെന്ന്‌ കുലുക്കിവിളിച്ചു. അനക്കമില്ല. അദ്ദേഹത്തിന്റെ ആത്മാവ്‌ ശരീരം വിട്ടുപോയിരുന്നു.എന്നാല്‍ ആ മുഖത്തെ ശോഭ അപ്പോഴും നഷ്‌ടപ്പെട്ടിരുന്നില്ല. ഒരു സുഖ നിദ്രയിലെന്ന പോലെ എന്റെ ജോ കിടന്നു. ആളിന്റെ സ്വഭാവം പോലെതന്നെ ശാന്തത ആ മുഖത്ത്‌ കളിയാടിയിരുന്നു. രാവിലത്തെ സ്‌നേഹസാന്ദ്രമായ ആ വിളി `സരോ, കാപ്പി' ആ ശബ്‌ദം കേള്‍ക്കുന്ന പോലെ ഞാന്‍ ഇപ്പോഴും ഉണരുന്നു. പിന്നെ ഉറങ്ങാന്‍ കഴിയാറില്ല. ഏണിറ്റ്‌ എനിക്കായ്‌ കാപ്പി തയ്യാറാക്കുമ്പോള്‍ ഞാനറിയാതെ രണ്ട്‌ കപ്പുകള്‍ കൗണ്ടറില്‍ നിരത്തുന്നുന്‍.പിന്നെ ധൈര്യമവലംബിച്ച്‌ ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. എന്റെ ജോ എന്നെവിട്ട്‌ പിരിഞ്ഞ്‌പോയി. ഞാന്‍ ഏകാന്തശൂന്യമായ ഈ കിച്ചനില്‍ ഒറ്റക്കാണ്‌.`കേട്ടൊ' എന്നൊരുശബ്‌ദം എന്നെ വീണ്ടും മോഹിപ്പിക്കുന്നു. എന്തെങ്കിലും പറയുന്നത്‌ എപ്പോഴും `കേട്ടോ' എന്ന മുഖവുരയോടെയാണ്‌്‌. ജനലിലൂടെ സൂര്യരശ്‌മികള്‍ അരിച്ചരിച്ച്‌ വരുന്നു.ഒരു ദിവസമാരംഭിക്കയാണു. ജോയില്ലാത്ത എത്രയോദിവസങ്ങള്‍ കഴിഞ്ഞ്‌പോയി.

ഇപ്പോള്‍ എനിക്ക്‌ സ്വപ്‌നങ്ങള്‍ ഇഷ്‌ടമാണ്‌. ജോയെ കുറിച്ചുള്ള സ്വപനങ്ങള്‍.അത്‌കൊണ്ട്‌ ഞാന്‍ നേരത്തെ ഉറങ്ങാന്‍ ശ്രമിക്കുന്നു.ഉറങ്ങിയാലല്ലേ സ്വപ്‌നങ്ങള്‍ കാണാനൊക്കു. ഉറക്കം വരാതെ കിടക്കുമ്പോള്‍ ഞാന്‍ അനന്തമായ ആകാശവും എണ്ണമറ്റ താരങ്ങളും നോക്കി കിടക്കുന്നു. കിടപ്പ്‌മുറിയുടെ ജനലുകളിലെ കര്‍ട്ടനുകള്‍ അത്‌കൊണ്ട്‌ഞാന്‍ കുറേശ്ശൈ മാറ്റിവക്കുന്നു. ആകാശനീലിമയില്‍ നിന്നും പൂനിലാവ്‌ പൊഴിക്കുന്ന ചന്ദ്രനും, നക്ഷത്രഗണങ്ങള്‍ക്കുമൊപ്പം എന്റെ പ്രിയനും എന്നെ ഉറ്റുനോക്കുന്നതായി സങ്കല്‍പ്പിക്കുന്ന എനിക്ക്‌ ജന്നലയിലെ കര്‍ട്ടുനുകള്‍ മുഴുവന്‍വലിച്ചിട്ട്‌ ആ ദ്രുശ്യങ്ങള്‍ നഷ്‌ടപ്പെടുത്താന്‍ കഴിയില്ല. എന്റെ ഏകാന്തരാവുകളില്‍ ജോയുടെ ഓര്‍മ്മകളുമായി കിടക്കുമ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍നിന്ന്‌ ഒരെണ്ണം ഒളിമിന്നുന്നതായി എനിക്ക്‌ തോന്നുന്നു.സായാഹ്നത്തില്‍ ഞാനു ജോയും വീടിന്റെപടിഞ്ഞാറുഭാഗത്തുള്ള വരാന്തയില്‍ ഇരുന്ന്‌ പോക്കുരശ്‌മികളുടെ സൗന്ദര്യം നുകരാറുണ്ട്‌. അപ്പോള്‍ അന്തിവാനചുവപ്പ്‌കണ്ട്‌ഞാന്‍ ജോയോടു പറയും കണ്ടൊ ആകാശത്തിന്റെ ശോകംഇനിനേരം പുലരുംവരെ ഭൂമിയെകാണാന്‍ പറ്റില്ലല്ലോ എന്ന സങ്കടമാണ്‌. ഇപ്പോള്‍ ഞാന്‍ ഏകയായ്‌ സൂര്യന്‍ മറയുന്നത്‌ കാണുമ്പോള്‍ കണ്ണീര്‍വാഴ്‌ത്തുന്നു. മേഘങ്ങളിക്കിടയില്‍ നിന്ന്‌ ജോ എന്നെ നോക്കി ചിരിക്കയാണൊ, എന്നെ ഒറ്റക്കാക്കി പോയതില്‍ ദു:ഖിക്കയാണോ. നമ്മള്‍ വീണ്ടും കണ്ടുമുട്ടുക എപ്പോള്‍? ആ ശുഭചിന്ത എന്റെ ദു:ഖങ്ങള്‍ക്ക്‌ ഒരു അറുതിവരുത്തുന്നു, മാലാഖമാരുടെ ചിറകുകള്‍പോലെ വെള്ളിമേഘങ്ങള്‍ ആകാശത്ത്‌ നിറയുമ്പോള്‍ അതിനു പിന്നില്‍മറഞ്ഞിരുന്ന്‌ എന്റെ ജോ എന്നെനോക്കി കാണുകയായിരിക്കുമെന്ന്‌ ഞാന്‍ വെറുതെ ആശിക്കാറുണ്ട്‌ അത്‌ ജോയാണ്‌്‌ എന്ന്‌ വിശ്വസിക്കുമ്പോള്‍ എനിക്ക്‌ ആശ്വാസം ലഭിക്കാറുണ്ട്‌. വേനലവധിതീരുന്നതിനു മുമ്പ്‌ അല്‍പ്പം ദിവസങ്ങള്‍ എന്റെ കൂടെ ചിലവഴിക്കാന്‍ എത്തുന്ന കൊച്ചുമകന്‍ ചോദിക്കാറുണ്ട്‌. why don?t you close the window blinds അല്‍പ്പമെങ്കിലും വെളിച്ചം കണ്ടാല്‍ ഉറക്കം വരാത്ത സ്വഭാവമാണു അവനുള്ളത്‌. അവനോട്‌ കള്ളം പറയേണ്ടിവരുന്നു. Kutta, Ammachy loves moolnlight entering into the room' നിഷക്കളങ്കനായ അവന്‍ അത്‌ വിശ്വ്‌സിക്കുന്നത്‌ കാണുമ്പോള്‍ എന്റെ ദു:ഖം കൂടുന്നു.

കയ്യില്‍ താക്കോല്‍ ഉണ്ടായിരുന്നാലും കോളിംഗ്‌ ബെല്ല്‌്‌ അടിച്ച്‌ ഞാന്‍ വന്നു വാതില്‍തുറക്കുമ്പോള്‍ `ജോ തനിയെവാതില്‍തുറക്കാമായിരുന്നില്ലേ അടുക്കളയില്‍ പണിചെയ്‌ത്‌ നിന്ന എന്നെ ബുദ്ധിമുട്ടിക്കണമൊ എന്ന്‌ കോപിക്കാറുള്ള എന്നെ ഗാര്‍ഡനില്‍നിന്നും ഒരുപൂവ്വ്‌ നുള്ളിയെടുത്ത്‌ എനിക്ക്‌ നീട്ടി സന്തോഷിപ്പിക്കുന്ന ജോ...വറ്റാത്ത കണ്ണീരിന്റെ ഉറവകളില്‍ ഒരു മഴവില്ലായി ജോ സപ്‌തവര്‍ണങ്ങള്‍ പൊഴിക്കുന്നു. കൊച്ച്‌ മോനുമായി സന്ധ്യാസമയത്തെപ്രാര്‍ത്ഥനക്ക്‌ ഒന്നിച്ചിരിക്കുമ്പോള്‍, നിത്യതയിലേക്ക്‌ കടന്ന്‌പോയ ജോയ്‌ക്ക്‌ വേണ്ടിപ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ കണ്‌ഠമിടറുന്നതും കണ്ണുനീര്‍ കവിള്‍ത്തടങ്ങളെ നനക്കുന്നതും അവന്‍ കാണാറുണ്ട്‌. പ്രാര്‍ത്ഥന അവസാനിക്കുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവച്ചുകൊണ്ട്‌ അവന്‍ പറയും` അമ്മച്ചി.I am here for you..അങ്ങനെപറഞ്ഞ്‌ ആ കുഞ്ഞികൈകള്‍ എന്റെ കണ്ണുനീര്‍തുടക്കുമ്പോള്‍ അനുഭവവേദ്യമാകുന്ന ആശ്വാസം അത്‌വാക്കുകള്‍ക്കതീതമാണ്‌.

(തുടരും)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍.....(ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
benny kurian 2013-10-14 07:46:42
Sarojaunty, we are also moved my your pain.. very tocuhing anuty.. As you wrote, uncle is always witth you.....  viji & benny, Bergenfield, NJ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക