Image

ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്ന സിനിമ - മീട്ടു റഹ്മത്ത് കലാം

ഇ-മലയാളി എക്‌സ്‌ക്ലൂസീവ് Published on 25 September, 2013
ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്ന സിനിമ -  മീട്ടു റഹ്മത്ത് കലാം

ഇന്ത്യന്‍ സിനിമ നൂറിന്റെ നിറവിലെത്തിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക തികവിന്റെ മറ്റൊരു പേരായ ഹോളിവുഡിനൊപ്പം മത്സരിച്ച് ഓസ്‌കാര്‍ പുരസ്‌ക്കാരം  കൈവരിച്ചതുള്‍പ്പെടെ അഭിമാനകരമായ എത്രയെത്ര നേട്ടങ്ങള്‍!  ലോക സിനിമാ ഭൂപടത്തില്‍ ഇന്ത്യന്‍ സിനിമകള്‍ സ്ഥാനമുറപ്പിച്ചത് വളരെ പെട്ടെന്നായിരുന്നു. ഭാരതത്തിലേത് കലയ്ക്ക് വളക്കുറുള്ള മണ്ണാണെങ്കിലും സിനിമപോലെയൊന്ന് എങ്ങനെ കൃഷി ചെയ്യാമെന്ന് നമ്മെ പഠിപ്പിച്ച അതികായന്മാര്‍ ഇന്ന് വിസ്മൃതിയിലാണ്. താര രാജാക്കന്മാര്‍ പ്രശോഭിക്കുമ്പോള്‍ അവരിന്നിരിക്കുന്ന ആകാശം കെട്ടിപ്പടുത്ത പ്രതിഭകളെ ഓര്‍മ്മത്താളുകള്‍ സ്ഫുടം ചെയ്‌തെടുക്കേണ്ടതുണ്ട്. അതില്‍ സുവര്‍ണ്ണലിഖിതമായ നാമമാണ് സത്യജിത്ത് റേ. കാലമിത്ര കഴിഞ്ഞിട്ടും സിനിമാപ്രേമികള്‍ക്ക് എന്നും പുതുമ  തോന്നിക്കുന്ന ദൃശ്യവിസ്മയമൊരുക്കിയ മാന്ത്രികന്‍. ലോകസിനിമകളില്‍ ഏറ്റവും മികച്ച അന്‍പതെണ്ണം തിരഞ്ഞെടുക്കാന്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സര്‍വ്വേയില്‍ ഇടം പിടിച്ച ഒരേയൊരു ഇന്ത്യന്‍ ചിത്രം അദ്ദേഹത്തിന്റെ കരസ്പര്‍ശമേറ്റ 'പഥേര്‍ പാഞ്ചാലി'(പാതയുടെ സംഗീതം) എന്ന ചിത്രമാണ്.

ജീവിതഗന്ധിയായ സിനിമയുടെ പര്യായമായി മാറിയ സത്യജിത്ത് റേ എന്ന പേര് അദ്ദേഹത്തിന്റെ ചെവിയില്‍ ആദ്യമായി ചൊല്ലിക്കൊടുത്തത് രവീന്ദ്രനാഥ് ടാഗോറാണ്. ബംഗാളി കുടുംബങ്ങളില്‍ ടാഗോര്‍ പേരിട്ടുകൊടുക്കുന്നത് പുണ്യമായ ഒരാചാരമായിരുന്നു. സൃഷ്ടിവൈഭവം ഉള്‍പ്പെടെ ഇരുവര്‍ക്കും സമാനതകള്‍ ഏറെയുണ്ട്. നൊബേല്‍ പുരസ്‌കാരമാണ് ടാഗോറിന്റെ പ്രതിഭയും ഗീതാജ്ഞലിയുടെ ശ്രേഷ്ഠതയും നാടിന് മനസ്സിലാക്കാന്‍ സഹായമായതെങ്കില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്ലിലും മറ്റു തെരഞ്ഞെടുക്കപ്പെട്ടതാണ് സത്യജിത്ത് റേയെയും പഥേര്‍ പാഞ്ചാലിയെയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്.'

'ദി റിവര്‍' എന്ന ബ്രിട്ടീഷ് സിനിമയ്ക്ക് ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായി ആയി നിന്നപ്പോള്‍ താനൊരു സിനിമയ്ക്ക് ജന്മം നല്‍കുമെന്ന് റേ അറിഞ്ഞിരുന്നില്ല. ജോലി ചെയ്തിരുന്ന പരസ്യക്കമ്പനിയുടെ ആവശ്യത്തിനായി ആറ് മാസക്കാലം ലണ്ടനില്‍ പോയത് വഴിത്തിരിവായി. 99 ക്ലാസിക്ക് സിനിമകളാണ് ഈ കാലയളവില്‍ അദ്ദേഹം കണ്ടത്. ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനത്തിന്റെ പിന്‍ബലമൊന്നും ഇല്ലാതെ നല്ലൊരു സിനിമയുടെ പിറവിയ്ക്ക് കാരണമാകുക എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങുമ്പോള്‍ സ്ഥിരം കച്ചവടതന്ത്രങ്ങളോ ചേരുവകളോ ഇല്ലാത്ത ഒന്നിന് കൈക്കൊടുക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വന്നില്ല. ഭാര്യയുടെ ആഭരണങ്ങളും മറ്റും പണയപ്പെടുത്തിയും ചിത്രീകരണത്തിന്റെ ഇടവേളകളില്‍ ജോലിയെടുത്തും ഒരു വര്‍ഷം കൊണ്ടായിരുന്നു സിനിമയെന്ന സ്വപ്നം ഗര്‍ഭാവസ്ഥയില്‍ നിന്ന്, കൈകാലിട്ടടിക്കുന്ന ഊര്‍ജ്ജസ്വലനായ കുഞ്ഞായി പുറത്തെത്തുന്നത്. ചരിത്രത്തിന്റെ ഭാഗമായ ആ ജനനത്തിന് കലയെ എന്നും പ്രോത്സാഹിപ്പിക്കുന്ന ബംഗാളി ഗവണ്‍മെന്റും സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. ഇപ്പോഴും പഥേര്‍ പാഞ്ചാലിയുടെ അവകാശം ബംഗാള്‍ ഗവണ്‍മെന്റിന്റെ പേരിലാണ്.

ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക് ക്ലാസിക്കായ 'ബൈസിക്കിള്‍ തീവ്‌സ്' കണ്ടമാത്രയില്‍ താനും ഒരു സിനിമയെടുക്കുമെന്ന് മനസ്സില്‍ ശപഥം ചെയ്തതായി റേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പലരും കരുതുന്നതുപോലെ ഇറ്റാലിയന്‍ സിനിമയുടെ മാമോദീസ വെള്ളത്തില്‍ മുങ്ങിയ ആളായിരുന്നില്ല അദ്ദേഹം. ജാപ്പനീസ് കലാരൂപങ്ങളോട് ചേര്‍ന്ന് നില്‍ക്കാനായിരുന്നു റേയുടെ താല്‍പര്യം. ചിത്രകാരന് ബ്രഷ് എങ്ങനെയാണോ അതുപോലെ ആകണം പ്രകാശത്തിന് ക്യാമറയുമായുള്ള ബന്ധം എന്ന ജാപ്പനീസ് രീതി തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് സിനിമയെക്കുറിച്ച് അദ്ദേഹം ആധികാരികമായി എഴുതിയ 'Our films, their films' എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ കുലപതിയായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്: "സത്യജിത്ത് റേ സാറിന്റെ ചിത്രങ്ങളാണ് ഞങ്ങളുടെ പാഠപുസ്തകം എന്ന്." ആ പ്രതിഭാവൈഭവം മനസ്സിലാക്കാന്‍ ഇതിനേക്കാള്‍ അര്‍ത്ഥഗര്‍ഭമായ വാചകം വേണ്ട.

ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിനെ ആസ്പദമാക്കിയുള്ള പഥേര്‍ പാഞ്ചാലി എന്ന ചിത്രം റേയുടെ കന്നിസംരംഭമായിരുന്നു എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. നോവലിലെ അക്ഷരങ്ങള്‍ മനസ്സില്‍ വിരിയിച്ച ദൃശ്യങ്ങള്‍ ചിത്രങ്ങളായി വരച്ചു വയ്ക്കുകയും ചില കുത്തിക്കുറിക്കലുകള്‍ നടത്തുകയും ചെയ്തതൊഴികെ കൃത്യമായ തിരക്കഥയൊന്നും ചിത്രീകരണത്തിനായി റേ കരുതിവച്ചിരുന്നില്ല. ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ബംഗാളി ഗ്രാമീണ കുടുംബത്തിന്റെ ഉള്ളറകളിലൂടെയുള്ള യാത്രയാണ് 'പഥേര്‍ പാഞ്ചാലി'. അന്നുള്ള ഓരോ പ്രേക്ഷകനും ഇത് എന്റെ കഥയല്ലേ, എന്ന് തോന്നിയിരിക്കാം. ഹരിഹര്‍, അയാളുടെ ഭാര്യ, മക്കള്‍ (ദുര്‍ഗയും അപ്പുവും), വൃദ്ധനായ ബന്ധു, അയല്‍വാസികള്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പൂജാകര്‍മ്മകങ്ങള്‍ നടത്തുന്നത് കൂടാതെ പണത്തിന്റെ ആവശ്യം കൊണ്ട് പ്രമാണിയുടെ അക്കൗണ്ടന്റായി ജോലി നോക്കുന്നുണ്ടെങ്കിലും ശമ്പളക്കുടിശ്ശിക ചോദിക്കാന്‍ മനസ്സനുവദിക്കാത്ത കുടുംബനാഥന്‍, അയല്‍വാസികള്‍ക്കിടയില്‍ തന്റെ ദാരിദ്ര്യം അറിയിക്കാന്‍ അഭിമാനം അനുവദിക്കാത്ത ഭാര്യ, ആര്‍ക്കും ഭാരമാകാതെ തന്നെ തിരികെ വിളിക്കാന്‍ ദൈവത്തോട് പാടിപ്പറയുന്ന വൃദ്ധയായ സ്ത്രീ, പ്രകൃതിയിലുള്ളതെല്ലാം സ്വന്തമായി കാണുന്ന നിഷ്‌കളങ്കതയുടെ പര്യായമായ ദുര്‍ഗ, അപ്പു എന്ന കുഞ്ഞനിയന്‍, ഓരോ കഥാപാത്രവും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. അന്ന് കാലത്തെ കുട്ടിയുടെ ജനനം, സാരിയൊക്കെ പ്രത്യേക രീതിയിലുടുത്ത് അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന ബാലികമാര്‍, മിഠായി വ്യാപാരിയ്ക്ക് പിന്നാലെ ഓടുന്ന കുട്ടികള്‍, തീവണ്ടിയെ അത്ഭുതത്തോടെ കാണുന്ന ബാല്യം, മരത്തില്‍ നിന്ന് വീഴുന്നകായ്കള്‍ പെറുക്കി നടക്കുന്നത്, അയല്‍വീടുകളിലെ കല്യാണങ്ങളിലുള്ള സഹകരണം, അച്ഛന്‍ പണമുണ്ടാക്കാന്‍ വീടുവിട്ട് പോയി തിരിച്ചെത്തുമ്പോള്‍ അസുഖം വന്ന് മരിക്കുന്ന കുട്ടി ….. ഓരോ രംഗങ്ങളും നേര്‍ക്കാഴ്ചകളാണ്. യഥാര്‍ത്ഥമായി സംഭവിച്ചതൊക്കെ സെല്ലുലോയ്ഡില്‍ ഒപ്പിവച്ചതുപോലെ. പ്രണയത്തിലും പാട്ടിലും നൃത്തത്തിലുമില്ലാത്ത സൗന്ദര്യം ദാരിദ്ര്യത്തിലും കഷ്ടതകളിലും മരണത്തില്‍പ്പോലും ഉണ്ടെന്ന് തെളിയിക്കുന്നു ഓരോ ഫ്രെയിമും, രംഗങ്ങളും കഥാപാത്രങ്ങളും വെറുതെ വന്നുപോവുകയല്ല, ഓരോന്നിനും വ്യക്തമായ ഉദ്ദേശമുണ്ട്. ഒരു പക്ഷേ, അദ്ദേഹം അനുമാനിച്ചതിലപ്പുറം എന്തൊക്കെയോ ചിന്തിക്കാന്‍ ഇനിയും ബാക്കിയുണ്ട്. എത്ര തവണ കണ്ടാലും പുതിയ അര്‍ത്ഥം ഗ്രഹിക്കാനും ഏത് തലമുറയില്‍പ്പെട്ടവരിലും ആസ്വാദനത്തിന്റെ ഉറവ പൊട്ടുന്ന ആ X- Factor സത്യജിത്ത് റേയുടെ അര്‍പ്പണബോധത്തിന് കാലം നല്‍കിയ കയ്യൊപ്പായിരിക്കാം. ഇനിയൊരു നൂറുകൊല്ലം ഇന്ത്യന്‍ സിനിമ പിന്നിട്ടാലും ചരിത്രത്താളുകളില്‍ ഈ പേരിന്റെ പ്രഭ ഇരട്ടിക്കുകയേ ഉള്ളൂ.



ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്ന സിനിമ -  മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക