Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (3) (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)

Published on 06 October, 2013
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (3) (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)
വീട്ടില്‍വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മണവാട്ടിയാകുമെന്ന ചിന്ത എന്നെ ലജ്‌ജിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തിരുന്നു. വിവാഹം ഉറപ്പിച്ച്‌ വിവാഹംവരെയുള്ള ദിവസങ്ങള്‍ ഒരു സ്‌ത്രീയുടെ ജീവിതത്തില്‍ വളരെപ്രാധാന്യമര്‍ഹിക്കുന്നതാണ്‌. വീട്ടുകാര്‍തീരുമാനിച്ച അപരിചിതനായ ഒരു പുരുഷന്‍ തന്റെ എല്ലാമായി ജീവിതത്തിലേക്ക്‌ കടന്നുവരുന്നു എന്ന ചിന്തതന്നെ വല്ലാതെപരിഭ്രമിപ്പിക്കുന്നതാണ്‌. വിവാഹം സ്വര്‍ഗ്ഗത്തില്‍നടക്കുന്നു എന്ന്‌ കേള്‍ക്കുന്നതിനെക്കുറിച്ച്‌ അപ്പോഴാണ്‌ ഞാന്‍ ഗൗരവമായി ആലോചിച്ചത്‌. എന്റെ കൂട്ടുകാരികളുമായി അതെപ്പറ്റിസംസാരിച്ചു.അത്‌ ആരൊ പറഞ്ഞ ഒരു കള്ളമെന്നായിരുന്നു കൂട്ടുകാരികളുടെ അഭിപ്രായം. പക്ഷെ ഈശ്വരവിശ്വാസിയായ ഞാന്‍ എന്റെ വിവാഹം ദൈവത്തിന്റെ കാര്‍മ്മികത്തില്‍ ജോയുമായി നടന്നിരിക്കുമെന്ന്‌ കരുതി.വിവാഹവസ്‌ത്രം വാങ്ങുമ്പോഴും ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴും വളരെ കരുതലോടെയുള്ള ജോയുടെ പെരുമാറ്റം എനിക്ക്‌ ഇഷ്‌ടമായിരുന്നു.

അതുകൊണ്ട്‌ഞങ്ങള്‍ തമ്മിലുള്ള വിവാഹം സ്വര്‍ഗ്ഗത്തില്‍ നടന്നിരിക്കുമെന്ന്‌ ഞാന്‍ പൂര്‍ണ്ണമായി വിശ്വസിച്ചു. ഞാനറിയാതെ ഞാന്‍ ജോയെ ഒളികണ്ണാല്‍ നോക്കിയിരുന്നു. അത്‌ സ്‌ത്രീകള്‍ക്കുള്ള ഒരു കഴിവാണെന്ന്‌ ഞാന്‍ മനസ്സിലാക്കി. വിവാഹത്തിനുശേഷം ആ കാര്യം ഞാന്‍ ജോയോട്‌ പറഞ്ഞപ്പോള്‍ അദ്ദേഹം അതറിഞ്ഞില്ലെന്ന്‌ പറഞ്ഞു.എന്നേയും ഒളികണ്ണാല്‍നോക്കിയിരുന്നെങ്കില്‍ ജോയ്‌ക്ക്‌ എന്റെ പ്രേമാര്‍ദ്രമായ കടാക്ഷങ്ങള്‍ കാണാമായിരുന്നു എന്ന്‌ ഞാന്‍ ജോയെ ടീസ്‌ ചെയ്‌തു. ജോ പക്ഷെ അങ്ങനെ ഒരു പ്രക്രുതകാരനായിരുന്നില്ല.നല്ല നര്‍മ്മവും നേരമ്പോക്കുകളും ഇഷ്‌ടപ്പെട്ടിരുന്നെങ്കിലും അമിതമായി ഒന്നും ഇല്ലാത്ത ഒരു സ്വഭവവിശേഷമായിരുന്നു ജോയ്‌ക്ക്‌. കുലീനമായപെരുമാറ്റം. മൃദുലമായ സംസാരരീതി.എത്രയോവര്‍ഷങ്ങളായി അറിയാമെന്നപോലെ. തീരെ അപരിചിതത്വമില്ലായ്‌മ.ഈ സ്വഭാവവിശേഷങ്ങള്‍ മരണം വരെയും ജോയില്‍ പ്രകടമായിരുന്നു. ദൈവം എനിക്ക്‌ വേണ്ടിസ്രുഷ്‌ടിച്ചതാണ്‌ ജോയെ എന്ന്‌ ഞാന്‍ സമാധാനപ്പെട്ടു.

എന്നെ ചെറുപ്പം മുതല്‍നോക്കി വളര്‍ത്തിയ എന്റെ വല്യമ്മച്ചി അപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചു.എങ്കില്‍ എല്ലാവരെക്കാളും സന്തോഷിക്കുന്നത്‌ അവരായിരിക്കും. എന്റെ വിവാഹം അവരെ സംബന്ധിച്ചടത്തോളം ഒരു ഉത്സവം പോലെയായാകുമായിരുന്നു.ഞാന്‍ നേഴ്‌സിങ്ങിനുപഠിക്കുമ്പോളായിരുന്നു വല്യമ്മച്ചിയുടെ മരണം. ഞാന്‍ അവധിക്ക്‌ വരുമ്പോള്‍ വല്യമ്മച്ചിപറയും, പഠിച്ച്‌ ഉദ്യോഗമൊക്കെ കിട്ടിയിട്ട്‌ കല്യാണം കഴിക്കണം. എവിടെ ജോലിയായിരുന്നാലും കല്യാണം കഴിഞ്ഞാല്‍ അതുപേക്ഷിച്ച്‌ ചെറുക്കന്റെ കൂടെ കഴിയണം. വീട്ടിലെ മൂത്ത കുട്ടിയായിരുന്നത്‌ കൊണ്ട്‌ വളരെയധികം വാത്സല്യമനുഭവിക്കാന്‍ എനിക്ക്‌ അവസരം ലഭിച്ചു. വല്യമ്മച്ചി വല്ലാതെകൊഞ്ചിച്ച്‌എന്നെ വഷളാക്കുമെന്ന്‌്‌ അമ്മ എപ്പോഴും പരാതിപ്പറയും.

കെട്ടിച്ച്‌ വിടണ്ടപെണ്ണാണ്‌. അന്യ്‌വീട്ടില്‍പൊറുക്കേണ്ടവള്‍. അമ്മ ആ പല്ലവി ആവര്‍ത്തിച്ചു കൊണ്ടിരിക്കും. അപ്പോഴെല്ലാം വല്യമ്മച്ചി പറയും അവള്‍ക്ക്‌ ദേവകുമാരനെപോലെ ഒരു ചെറുക്കന്‍ ഭര്‍ത്താവായിവരും. അവള്‍ മാലാഖയെപോലെ ജീവിക്കും. വിവാഹശേഷം ജോയുമായി ജീവിക്കുമ്പോള്‍ വല്യമ്മച്ചിയുടെ നാവ്‌ പൊന്നായിരുന്നെന്ന്‌ ഞാന്‍ മനസ്സില്‍ കരുതി. നല്ല ഭര്‍ത്താവിനെ കിട്ടാന്‍ എന്റെ ഹിന്ദു കൂട്ടുകാരികള്‍ തിങ്കളാഴ്‌ച നോയ്‌മ്പ്‌നോറ്റിരുന്നു. അതേക്കുറിച്ച്‌ വല്യമ്മച്ചിയോട്‌പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, കര്‍ത്താവായ യേശു ദേവനില്‍ വിശ്വ്‌സിക്കുക. മുടങ്ങാതെ ബൈബിള്‍ വായിക്കുക. ആ ഉപദേശം എന്റെ ജീവിതത്ത്‌തിലുടനീളം ഞാന്‍ കൈക്കൊണ്ടു. കര്‍ത്താവിന്റെ കരങ്ങള്‍ എന്നെ ബലിഷ്‌ടമാക്കുന്നു എന്ന വിശ്വാസത്തില്‍ ഞാന്‍ എന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു.

1966 ജൂണ്‍ 30നു ഞങ്ങളുടെ ഇടവക കത്തീഡ്രലില്‍വച്ച്‌ ജോ എന്റെ കഴുത്തില്‍മിന്നു ചാര്‍ത്തി. ഇന്നത്തെപോലെ ഡെയ്‌റ്റിംഗ്‌, ഒരു വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുന്ന വിവാഹ ഒരുക്കം ഒന്നുമില്ലായിരുന്നു. ചെറുക്കന്റേയും പെണ്ണിന്റേയും ബന്ധുക്കളും കുറച്ച്‌ സ്‌നേഹിതരും ഇടവകയിലെ മൂപ്പന്മാരും ഒക്കെയായി ഒരു ചെറിയസമൂഹം ആ മംഗള മുഹുര്‍ത്തത്തിനുസാക്ഷ്യവഹിച്ചു. വളരെസന്തോഷകരങ്ങളയ ദിവസങ്ങളിലൂടെ ഞങ്ങളുടെ ജീവിത യാത്ര ആരംഭിച്ചു. മധുവിധുനാളുകളില്‍ ഞങ്ങള്‍ ശംഖുമുഖം കടല്‍പ്പുറം, കോവളം, കന്യാകുമാരി, നെയ്യാര്‍ഡാം, പൊന്മുടി, എന്നീ മനോഹരസ്‌ഥലങ്ങളും, വടക്കെ ഇന്ത്യയിലെ പ്രധാന ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു.

വിനോദയാത്രകള്‍ എപ്പോഴും ജോക്ക്‌ പ്രിയങ്കരമായിരുന്നു. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍നിന്നും കൗതുക വസ്‌തുക്കള്‍ വാങ്ങികൊണ്ട്‌ വന്ന്‌ ഓരോ മുറികളും അലങ്കരിച്ചിരുന്നു. ആഗ്രയില്‍നിന്നും വാങ്ങിയ ടാജ്‌ മഹളിന്റെ ഒരു മാര്‍ബിള്‍രൂപം കിടപ്പുമുറിയില്‍ വച്ചിരുന്നത്‌ നോക്കി ഇടക്കൊക്ക പറയുമായിരുന്നു. ഇഷ്‌ടപ്‌ത്‌നിക്ക്‌വേണ്ടി ഒരു സുല്‍ത്താന്‍ ഒരു വെണ്ണക്കല്‍ സ്‌മാരകം പണിയുക, വിശ്വസിക്കാന്‍പ്രയാസം. കുറേ തവണ അങ്ങനെപറഞ്ഞപ്പോള്‍ സാധാരണ സ്‌ത്രീകള്‍ ചോദിക്കാറുള്ളപോലെ ഞാന്‍ ചോദിച്ചു,.ഞാന്‍ മരിച്ചാല്‍ ഇതുപോലെന്ന്‌ ജോ എനിക്ക്‌ വേണ്ടിപണിയുമോ ജോ നിശ്ശബ്‌ദനായി. പിന്നെസ്വതസിദ്ധമായ മന്ദഹാസത്തോടെ പറഞ്ഞു. നമ്മള്‍ ഇരുമെയ്യാണെങ്കിലും ഒറ്റ കരളല്ലേ. നമ്മള്‍ ഒരുമിച്ച്‌ ജീവിക്കും, ഒരുമിച്ച്‌്‌ മരിക്കും. നമ്മുടെവിശ്വാസത്തിനെതിരാണെങ്കിലും ജന്മ ജന്മാന്തരങ്ങളിലൂടെ നമുക്ക്‌ ജീവിക്കണം. അതിനുശേഷം ടാജ്‌ മഹളിനെകുറിച്ച്‌ പറയുന്നത്‌ ജോ നിര്‍ത്തി.

നിലാവെളിച്ചം കടന്നുവരുന്ന എന്റെ കിടപ്പുമുറിയില്‍ ടാജ്‌ മഹള്‍ എന്ന മാര്‍ബിള്‍ രൂപം അതിന്റെസൗന്ദര്യം പ്രസരിപ്പിക്കുന്നു. കാലത്തിന്റെ കപോലത്തില്‍ ഒരു കണ്ണുനീര്‍ത്തുള്ളിയെന്ന്‌ ടാഗോര്‍ പാടിയ സ്‌നേഹസ്‌മാരകം പോലെ കവിളത്ത്‌ കണ്ണീരൊഴുക്കി ഞാനും ഒരു പ്രതിമപോലെ ഇരിക്കുന്നു.ഈ മുറിയുടെ, വീടിന്റെവിശാല മൗനങ്ങളില്‍വെറുതെ ജോയുടെ കാലൊച്ച കാതോര്‍ത്തിരിക്കുമ്പോള്‍ മനസ്സില്‍ എന്തൊക്കെയാണു സംഭവിക്കുന്നത്‌.

പേന തുമ്പുകള്‍ കടലാസ്സിന്റെ മുഖത്ത്‌ വിക്രുതമായി വരക്കുകയാണ്‌്‌. അര്‍ത്ഥശ്ശൂന്യമായവരകള്‍. അല്ല അവക്കെല്ലാം എന്തോ ആക്രുതികള്‍കാണുന്നു. ഒരു പക്ഷെ ഞാനും ജോയുടെ ചിത്രം വരക്കുകയാണോ. അതെ ഞാന്‍ എന്റെ ഓര്‍മ്മകളുടെ വാതിലുകള്‍ തുറന്ന്‌വീണ്ടും പഴയകാലത്തിന്റെ പൂമുഖ മുറ്റത്തിരിക്കാന്‍ വെറുതെ ആശിച്ചു പോകുന്നു.

പാവനമായ ദാമ്പത്യബന്ധം ഇണകളില്‍ ഒന്നു വിട്ടുപോകുമ്പോള്‍ അവസാനിക്കുന്നില്ല. അതിന്റെ കണ്ണികള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമാകുന്നു എന്ന്‌ ഞാന്‍ കരുതുന്നു. ഒറ്റക്കായ ഇണ അവസാനിക്കാത്ത ഓര്‍മ്മകളുടെ ഒരു കൊട്ടാരത്തില്‍ അപ്പോള്‍ അകപ്പെട്ടുപോകുന്നു. . കാലനെന്നവേടന്‍ അമ്പെയ്‌ത്‌ വീഴിത്തിയ ഇണയെ ഓര്‍ത്ത്‌ വിലപിക്കാന്‍ നിസ്സഹായതയുടെ കൂട്ടിലകപ്പെട്ട ഒരു കിളി. സൂര്യോദയത്തില്‍ സര്‍വ്വ ചരാചരങ്ങളും ഉണര്‍ന്ന്‌ കര്‍മ്മോന്മുഖരാകുന്നു. എന്റേയും ഏകാന്തത നിറഞ്ഞദിവസം ആരംഭിക്കുമ്പോള്‍ ഞാനോര്‍ത്ത്‌ പോകുന്നു. എത്ര നാള്‍ ഈ വിരഹവാസം. ജീവിതത്തിന്റെ അനന്ത വിഹായസ്സിലേക്ക്‌ കൂടെ പറന്നു വന്നവന്‍ പെട്ടെന്ന്‌ ചിറകടിച്ച്‌ എവിടോക്കോപറന്നു പോകുമ്പോള്‍ ഒറ്റപ്പെടുന്ന നിസ്വനായ പക്ഷിയാണ്‌ വിധവ,.മഹാകവി നാലപ്പാട്ട്‌ എഴുതിയപോലെ ഒരാള്‍ക്ക്‌ മറ്റാള്‍ തണലെന്നപോലെ കഴിഞ്ഞിട്ട്‌ ഒറ്റക്കാവുക. തന്നെ വിട്ടുപോയ ഇണയുടെ കൂടെ പറന്നുപോകാന്‍ ആഗ്ര ഹമുണ്ടെങ്കിലും കഴിയാത്ത വിഷാദം. വൈധവ്യദുഃഖം ഭയാനകമാണ്‌. വിധിയുടെ കരുണയറ്റ ആകര്‍മ്മം നടപ്പാക്കപ്പെടുമ്പോള്‍ ദുര്‍ബ്ബലരാകുന്നവര്‍ എപ്പോഴും സ്‌ത്രീകള്‍ തന്നെ.എത്രതന്നെ മനസാന്നിദ്ധ്യം കൈവരിച്ചാലും ചഞ്ചലപ്പെടാതിരിക്കാന്‍ സാദ്ധ്യമല്ല.പണ്ടു കാലത്ത്‌ ഭാരതത്തിലെ ഹിന്ദുവനിതകള്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ജീവനൊടുക്കിയിരുന്നു. ഇത്രയും ദാരുണമായ ഒരു മരണം അവര്‍ സ്വീകരിക്കുന്നതില്‍നിന്നും വൈധവ്യദുഃഖത്തെക്കുറിച്ച്‌ മനസ്സിലാക്കാം. ആ ആചാരം ശരിയോ തെറ്റോ ആയിരിക്കാം പക്ഷെ എല്ലാ സ്‌ത്രീകളും മരണം വരെ സുമംഗലികളായിരിക്കാന്‍ ആഗ്രഹിക്കുന്നു.

വളരെചെറുപ്പത്തില്‍ ത്തന്നെ പിതാവ്‌ നഷ്‌ടപ്പെട്ട ജോക്ക്‌ അദ്ദേഹത്തിന്റെ അമ്മയുടെ പരിചരണത്തില്‍ പ്രത്യേക താല്‍പ്പറ്യം ഉണ്ടായിരുന്നു. ജീവിതത്തിന്റെ ഏറിയപങ്കും ഉപവാസവും, പ്രാര്‍ത്ഥനയുമായി ലളിതജീവിതം നയിച്ചിരുന്ന ഒരു ഉള്‍നാടന്‍ കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നു അവര്‍. എന്റെ വല്യമ്മച്ചിയുടെ ആഗ്രഹം പോലെ വ്യോമസേനയിലെനല്ല ഉദ്യോഗം രാജിവച്ച്‌ ഞാന്‍ ജോക്കൊപ്പം അദ്ദേഹത്തിന്റെ ജോലിസ്‌ഥലത്ത്‌ താമസം തുടങ്ങി. ഒരു മകനു അമ്മയോടുള്ള കടമയും കടപ്പാടും നിര്‍വ്വഹിക്കുന്നതില്‍ ജോ കാണിച്ചിരുന്ന ശ്രദ്ധയും കരുതലും എന്നെ അതിശയിപ്പിച്ചിരുന്നു.എന്തു കുടുംബപ്രശനങ്ങള്‍ ഉണ്ടായാലും അവയെല്ലാം നയപരമായിപരിഹരിക്കാന്‍ ജോ സമര്‍ത്ഥനായിരുന്നു.

എന്റെ സാഹിത്യവാസനയെ ഏറ്റവും പ്രോസാല്‍ഹിപ്പിച്ചിരുന്നു ജോ.`സരോ, നീ എന്നെക്കുറിച്ച്‌ എന്തേ ഒന്നുമെഴുതാത്തത്‌` എന്ന്‌ ഞാന്‍ എന്റെ അമ്മയെക്കുറിച്ച്‌ എഴുതിയപ്പോള്‍ ജോ ചോദിച്ചു. അന്ന്‌ തമാശക്ക്‌വേണ്ടി ജോ അത്‌ചോദിച്ചപ്പോള്‍ ഒരിക്കലും ഞാന്‍ അങ്ങനെ ഒരു കാര്യം ചിന്തിച്ചിരുന്നുപോലുമില്ല.അദ്ദേഹം എഴുത്തുകാരനായിരുന്നില്ലെങ്കിലും നല്ല സഹ്രുദയനായിരുന്നു. എന്റെപേരിനര്‍ത്ഥം താമരയെന്നതായത്‌കൊണ്ട്‌ അദ്ദേഹം സൂര്യനാണെന്ന്‌ എപ്പോഴും പറയുമായിരുന്നു. മരിക്കുന്നതിനു കുറച്ച്‌ കൊല്ലങ്ങള്‍ക്ക്‌മുമ്പ്‌ എനിക്ക്‌ ഒരു പിറന്നാള്‍സന്ദേശം കുട്ടികളെകൊണ്ട്‌ കമ്പൂട്ടറില്‍വരപ്പിച്ച്‌ എനിക്ക്‌ സമ്മാനിച്ചു. ഞാന്‍ അത്‌ ഇപ്പോള്‍ ഒരു നിധിപോലെ സൂക്ഷിക്കുന്നു. സൂര്യന്‍ ഉദിക്കുമ്പോള്‍ ജോ മുന്നില്‍വന്നുനില്‍ക്കുന്നു എന്ന്‌ സങ്കല്‍പ്പിക്കുന്നു.

മരിച്ചു പോയവര്‍തിരിച്ച്‌ വരില്ലെന്നറിഞ്ഞിട്ടും ഞാന്‍ ചിലപ്പോള്‍ ജോയെ കാത്തിരിക്കുന്നു.കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങിവരുമ്പോള്‍ കാറിലിരുന്ന്‌ ജോയോട്‌ പറയാനുള്ള കാര്യങ്ങള്‍ ഓര്‍ക്കുന്നു. വീട്‌തുറന്ന്‌ മുറിക്കകത്ത്‌ പ്രവെശിക്കുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യതവേദനാജനകമാണ്‌. അപ്പോള്‍ കണ്ണുനീര്‍ നിറഞ്ഞൊഴുകും. കുറച്ചുനേരം നിശ്ശബ്‌ദയായി ഞാന്‍ ഒരിടത്ത്‌ ഇരിക്കും. അപ്പോള്‍ എന്റെ കണ്ണുകളില്‍ ജോയ്‌ക്ക്‌്‌ പ്രിയപ്പെട്ടസങ്കീര്‍ത്തനം (23) പ്രത്യക്ഷപ്പെടുന്നു. ഒരു താങ്ക്‌സ്‌ ഗിവിങ്ങിനു ജോ വാങ്ങി കൊണ്ടുവന്ന്‌ ചുമരില്‍ തൂക്കിയ ആ ദിവ്യ വചനം. അതേ തളര്‍ന്ന്‌, ഒറ്റക്കായ എനിക്കത്‌ ബലം തരുന്നു. ജോയുടെ ഓര്‍മ്മകള്‍ ഇനിയും എഴുതാനുണ്ട്‌.

(തുടരും)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (3) (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (3) (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
Sosa Philip (Jyothi Philip) 2013-10-08 18:34:39
Very very touchy message.Our condolences! We will keep you
In our prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക