Image

വാത്സല്യത്തിന്റെ നഗരം (നനവും നിനവും- കെ.എ. ബീന)

കെ.എ. ബീന Published on 13 October, 2013
വാത്സല്യത്തിന്റെ നഗരം (നനവും നിനവും- കെ.എ. ബീന)
തിരുവനന്തപുരത്ത് പുളിമൂട്ടില്‍ ഇന്നത്തെ ജി.പി.ഒ.യ്ക്ക് മുന്നില്‍ നീണ്ട ഒരു കെട്ടിടമുണ്ടായിരുന്നു.  ബാല്യത്തിന്റെ ഓര്‍മ്മകളില്‍ അതൊരു സ്വപ്നസൗധം.  ചന്തമുള്ള മേശകള്‍, മേശവിരികള്‍, കസേരകള്‍, വെള്ള വസ്ത്രമിട്ട്, വെള്ള തൊപ്പിവച്ച പരിചാരകര്‍, അവരുടെ കൈയിലൊക്കെ സ്റ്റീല്‍ ട്രേകളുണ്ട്, അതിലൊക്കെ സ്റ്റീല്‍ കിണ്ണങ്ങളില്‍ പതഞ്ഞു നിറഞ്ഞ് വെണ്ണ പോലെ ഐസ്‌ക്രീമുകളും.  ഐസ്‌ക്രീം കപ്പുകളില്‍ സ്പൂണുകള്‍ക്ക് പകരം റോസ് നിറമുള്ള ബിസ്‌ക്കറ്റുകളാണ്.  ഐസ്‌ക്രീം മുഴുവന്‍ കോരിക്കഴിച്ച ശേഷം ആ ബിസ്‌ക്കറ്റുകള്‍ (വേഫേഴ്‌സ്) തിന്നാം.  അത് സിംലാ ഐസ്‌ക്രീം പാര്‍ലര്‍, തിരുവനന്തപുരത്തു വളര്‍ന്ന കുട്ടികള്‍ക്ക് (ഇന്നത്തെ മുതിര്‍ന്നവര്‍ക്ക്) മോഹകൊട്ടാരം.
അവിടേക്കുള്ള യാത്രകള്‍ കാത്തിരുന്ന ബാല്യം - അത് ബസ് യാത്രകളുടെ കൂടി ഓര്‍മ്മയാണ്.  ബസ് യാത്രകളുടെ ഓര്‍മ്മകളില്‍ എല്ലാ കുട്ടികള്‍ക്കുമുള്ളതുപോലെ ചീറിപ്പായുന്ന മരങ്ങള്‍ എനിക്കും സ്വന്തം.

ഗ്രാമത്തിലെ പെണ്‍കുട്ടിക്ക് അന്ന് നഗരം അത്ഭുതവും തിരക്കേറിയതും.  ആ അത്ഭുത നാട് സ്വന്തമായത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. വഴുതക്കാട്ടെ ശിശുവിഹാര്‍ യു.പി.സ്‌കൂളില്‍ ചേരുമ്പോള്‍ കരുതിയില്ല അതൊരു നീണ്ട സഹവാസത്തിന്റെ തുടക്കമാണെന്ന്.  നഗരവുമായുള്ള ആ സഹവാസം ഇന്നും തുടരുന്നു.  കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ. വിമന്‍സ് കോളേജ്, ആകാശവാണി...പഠിച്ചതും ജോലി ചെയ്തതുമൊക്കെ  ഈ നഗരത്തില്‍ തന്നെ.  താമസവും നഗരഹൃദയത്തിലാക്കിയത് യാദൃശ്ചികമല്ല.  നഗരത്തെ അത്രയ്ക്ക് സ്‌നേഹിച്ചുപോയതു കൊണ്ട്.
ഈ നഗരത്തിന് എന്നും വാത്സല്യവും കരുതലുമുണ്ടായിരുന്നു.  വളര്‍ച്ചയുടെ പടവുകളിലൊന്നും ഒരു പെണ്‍കുട്ടിയാണെന്നു പറഞ്ഞ് പരിമിതപ്പെടുത്താന്‍ നഗരം തുനിഞ്ഞിരുന്നില്ല.  സ്‌കൂള്‍ പ്രായത്തില്‍ തന്നെ തലങ്ങും വിലങ്ങും യാത്ര ചെയ്തിട്ടുണ്ട്, ഒറ്റയ്ക്കും കൂട്ടുകാരികളുമൊത്തും.  പെണ്‍ശരീരമാണെന്നും അപകടമാണെന്നും ആരും പറഞ്ഞു തന്നില്ല, ആരും പെരുമാറിയതുമില്ല.  അതുകൊണ്ടാവണം സ്വാതന്ത്ര്യമറിഞ്ഞ് വളരാന്‍ കഴിഞ്ഞതും.

 പെണ്ണായാല്‍ അമ്പലദര്‍ശനത്തിനു മാത്രം പുറത്തിറങ്ങണമെന്നും, മുല്ലപ്പൂ ചൂടി, കണങ്കാല്‍ മറയ്ക്കുന്ന പാവാടയിട്ട് ലജ്ജാവിവശയായി കുനിഞ്ഞ് നടക്കണമെന്നുമൊക്കെയുള്ള സങ്കല്‍പ്പങ്ങളല്ല നഗരം അന്ന് എന്നോട് പങ്കുവച്ചത്.  വളരാനും വികസിക്കാനും അവസരങ്ങള്‍ നല്‍കുന്ന ഏതിടത്തേക്കും കടന്നുചെല്ലുവാനും പരമാവധി അവിടെ നിന്ന് ആര്‍ജ്ജിച്ചെടുക്കുവാനും പ്രാപ്തിയുണ്ടാക്കിയത് ഈ നഗരമാണ്.  വെള്ളയമ്പലത്തെ ജവഹര്‍ ബാലഭവനിലെ ക്ലാസ്സുകള്‍ , ജഗതിയിലെ ഉള്ളൂര്‍ സ്മാരകത്തിലെ അവധിക്കാല കവിതാ ക്ലാസ്സുകള്‍, തൈക്കാട്ടെ ശിശുക്ഷേമ സമിതിയിലെ പൊതുവിജ്ഞാന വ്യക്തിത്വ ക്ലാസ്സുകള്‍, പബ്ലിക് ലൈബ്രറിയിലെ സമ്മര്‍ കോച്ചിങ് ക്ലാസ്സുകള്‍,പുസ്തകങ്ങള്‍....എങ്ങും അവസരങ്ങളായിരുന്നു.  ഞങ്ങള്‍ കുറേപ്പേര്‍ അവയൊക്കെ പരമാവധി മുതലാക്കുകയും ചെയ്തു.

ബാലവേദിയായിരുന്നു മറ്റൊരു തട്ടകം.  നഗരത്തിലെങ്ങുമുള്ള ബാലവേദി യൂണിറ്റുകള്‍-അവയുടെ സംഘാടക എന്ന നിലയില്‍ നടത്തിയ യാത്രകള്‍.  
നാട്ടിലെങ്ങും കലാസംഘടനകള്‍ .അവര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.നാടകം മുതല്‍ അക്ഷരശ്‌ളോകം വരെയുള്ള  മത്സരങ്ങള്‍ക്ക് ഞങ്ങള്‍ ചേരും.പാതിരാവോളം നീളുന്ന മത്സരങ്ങള്‍  കഴിഞ്ഞ് അമ്മാവന്മാര്‍ക്കൊപ്പം മടങ്ങുമ്പോള്‍ എന്തിനെയെങ്കിലും കുറിച്ച് പേടിക്കാനുണ്ടെന്ന് തോന്നിയിട്ടേയില്ല. ഞങ്ങള്‍ക്കിടയിലെ പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ആരും തുനിഞ്ഞില്ല.  പെമ്പിള്ളേരായതുകൊണ്ട് വീട്ടില്‍ പോയിരിക്ക് എന്നും ആരും പറഞ്ഞതുമില്ല.
ഇന്ന് രാപകല്‍ ഭേദമില്ലാതെ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ കാവല്‍പട്ടാളക്കാരെപ്പോലെ ട്യൂഷന്‍ സെന്ററുകള്‍ തോറും പായുമ്പോള്‍ ഒറ്റയ്ക്ക്  യാത്ര ചെയ്തിരുന്ന ബാല്യകൗമാരങ്ങള്‍ ഓര്‍മ്മവരാറുണ്ട്.  റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ റഷ്യന്‍ ഭാഷ പഠിക്കാനും അലയന്‍സ് ഫ്രാന്‍സിസില്‍ ഫ്രഞ്ച് പഠിക്കാനും സൗകര്യമുണ്ടായിരുന്നതു കൊണ്ടാണ് ചെറുപ്പത്തിലേ എനിക്കാ ഭാഷകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്.

 തീര്‍ത്ഥപാദമണ്ഡപത്തിലെ കഥകളി സന്ധ്യകള്‍, വി.ജെ.ടി. ഹാളിലെ കാവ്യസന്ധ്യകള്‍,നിരവധി സാഹിത്യസമ്മേളനങ്ങള്‍ - നഗര സന്ധ്യകളുടെ ഭംഗി ഞാനറിഞ്ഞത് അപ്പൂപ്പനോടൊപ്പം കൈപിടിച്ച് നടന്നാണ്.  കാഴ്ചകളുടെ, അനുഭവങ്ങളുടെ സമൃദ്ധി എന്നും ഉണ്ടായിരുന്നു.

ആറാട്ടുകള്‍, ഓണം വാരാഘോഷം, ഘോഷയാത്ര, മന്ത്രിസഭകളുടെ സത്യപ്രതിജ്ഞകള്‍, സെക്രട്ടേറിയേറ്റിനു മുന്നിലെ സമരങ്ങള്‍, പ്രകടനങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍, സൂര്യ ഉത്സവം, കലകളുടെ നിരവധി ഉത്സവങ്ങള്‍.  തിരുവനന്തപുരം നിവാസികള്‍ക്ക് മാത്രം സ്വന്തമാകുന്ന ഇത്തരം അനുഭവങ്ങളിലൂടെയാണ് എന്നും ജീവിതം കടന്നു പോയത്.  സ്‌കൂള്‍ കാലഘട്ടം മുതല്‍ പത്രപ്രവര്‍ത്തനവും എഴുത്തും തൊഴിലും ജീവിതവുമായി സ്വീകരിച്ച എനിക്കു മുന്നില്‍ വിലക്കുകളേക്കാള്‍ നഗരം നീട്ടിയത് പ്രോത്സാഹനമായിരുന്നു.  പത്രപ്രവര്‍ത്തകയ്ക്കു വേണ്ട ആത്മവിശ്വാസവും  സ്വാതന്ത്ര്യവും എഴുത്തുകാരിക്കു വേണ്ട ഊര്‍ജ്ജവും ആവോളം തന്നതും ഈ നഗരമാണ് .  പ്രണയത്തിന്റെ നിലാവൊളികള്‍ നിറഞ്ഞ മനസ്സോടെ നടന്നു തേഞ്ഞ ഇടവഴികളൊക്കെ സ്വന്തമായതും ഇവിടെ തന്നെ..ഓരോ നോട്ടത്തിലും അഭിനന്ദനം നിറഞ്ഞ കണ്ണുകളോടെ മുന്നോട്ടു പോകാന്‍ പ്രാപ്തി നല്‍കിയതും ഈ നഗരം .  ജീവിതവും ഈ നഗരവും തമ്മിലുള്ള ഇഴുകിച്ചേരല്‍ - അതെത്രമേല്‍ തീവ്രമെന്ന് ഞാനറിഞ്ഞത് രണ്ടുവര്‍ഷം വടക്കുകിഴക്കെ ഇന്ത്യയിലെ ഒരു നഗരത്തില്‍ ജീവിച്ചപ്പോഴാണ്.  അവിടെ ഞാന്‍ തേടിയിരുന്നത് എന്റെ നഗരവുമായുള്ള സാദൃശ്യങ്ങളായിരുന്നു.  ഓരോ മടങ്ങിവരവിലും പേട്ട റെയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ എനിക്ക് തോന്നുമായിരുന്നു രണ്ടു കൈകളും നീട്ടി നഗരം എന്നെ വരവേല്‍ക്കുകയാണെന്ന്.

ഒരുപാട് സ്‌നേഹവും സൗഹൃദവും ഈ നഗരത്തിന് സ്വന്തമായിട്ടുണ്ട്, എനിക്കും.  ഒരുപക്ഷേ ഒരു ഗ്രാമത്തിനും തരാനാവാത്തത്ര ഇഷ്ടം എനിക്ക് ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്.  ഒരായിരം ജന്മങ്ങളില്‍ സ്വന്തമാക്കാനാവാത്തത്ര വലുതാണ് അതൊക്കെ.

എന്നിട്ടും പാവമീ നഗരം എന്നും പഴി കേള്‍ക്കുന്നു.  ഇവിടെയുള്ളവര്‍ സര്‍വ ദുര്‍ഗുണങ്ങളുടെയും മൊത്തം സൂക്ഷിപ്പുകാരെന്ന് അധിക്ഷേപിക്കപ്പെടുന്നു.
ഇവിടെയിന്ന് ഇവിടുത്തുകാര്‍ എത്രയോ കുറവാണ്.  എല്ലാ കാലത്തും എല്ലായിടത്തും നിന്ന് ആള്‍ക്കാര്‍ വന്നെത്തി കൊണ്ടേയിരിക്കുന്നു.  അവരിവിടെ വന്ന് പഠിച്ച്, ജോലിനേടി, പണമുണ്ടാക്കി, സ്ഥലമുണ്ടാക്കി, വീടുവെച്ച് ഇവിടെത്തന്നെ കൂടുന്നു.  ദേശ-ഭാഷാ സംസ്‌ക്കാരങ്ങളില്‍ സ്വാധീനം ചെലുത്തുന്നു.  എന്തിനേയും സ്വീകരിക്കാനും ആര്‍ക്കും ഇടം നല്‍കാനും ഉള്ള തിരുവനന്തപുരത്തിന്റെ സവിശേഷതയെ മുതല്‍ക്കൂട്ടാക്കി ജീവിതം കെട്ടിപ്പടുക്കുന്നു.
എന്നിട്ടും തിരിഞ്ഞു നിന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു 'ഓ തിരുവനന്തപുരം വല്ലാത്ത ഇടമാണേയ്, തിരുവനന്തപുരത്തുകാര്‍ അപകടകാരികള്‍', കല്യാണം അനേ്വഷിക്കുമ്പോള്‍ 'ഇവിടുത്തുകാരെ വേണ്ടേ വേണ്ട' പ്രണയത്തില്‍ മൊഴിയുന്നു.  'പ്രണയത്തിന് യോഗ്യം വള്ളുവനാടന്‍ ആണും പെണ്ണും ഭൂമികയും' കേട്ടുകേട്ട് തഴമ്പിച്ചുപോയിരിക്കുന്നു കാതുകള്‍.  അറിഞ്ഞ യാഥാര്‍ത്ഥ്യം എത്രയോ വ്യത്യസ്തം  - വെട്ടിപ്പിടിക്കാനുള്ള വെമ്പലോടെ കടന്നുവരുന്നവര്‍ക്ക് വഴിതെളിച്ച് കൊടുക്കുന്നവര്‍ - അവരുടെ നിറവ്, വിശാലമനസ്‌കത, സ്വീകാര്യശേഷി - അതില്‍ പടുത്തെടുത്തതാണ് തങ്ങളുടെ ജിവിതവിജയം എന്നറിയുന്നവര്‍ എത്രയോ കുറവ്.

 നഗരമധ്യത്തില്‍ താമസിക്കുന്ന തിരുവനന്തപുരത്തുകാര്‍ക്ക് പോലും സ്വന്തമായ ഗ്രാമ്യമായ നിഷ്‌കളങ്കത, നൈസര്‍ഗികത, അതിഥിയെ സ്വന്തമെന്നപോലെ സ്വീകരിക്കാനുള്ള മനസ്സ്.  ഇതൊന്നും എടുത്തണിയലുകളല്ല, വെച്ചുകെട്ടലുകളുമല്ല, പരുക്കന്‍ നാടന്‍ മട്ടിനുള്ളില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍, അതിലെ സത്യസന്ധത - മനുഷ്യസഹജമായ വിനിമയങ്ങള്‍ മാത്രമാണ് അവയെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയുന്നത്.  അധിക്ഷേപിച്ചും അവഹേളിച്ചും കടന്നു വന്നവര്‍ നഷ്ടമാക്കിയത് തിരുവനന്തപുരത്തിന്റെ തനിമ മാത്രമല്ല ഭാഷ കൂടിയാണ്.  ഒരു സംസ്ഥാനം മുഴുവന്‍ പരിഹസിക്കുന്ന ഭാഷയാക്കി ഈ നാടിന്റെ  ഭാഷയെ മാറ്റിക്കളഞ്ഞു: ''തിരുവനന്തപുരം ഭാഷ,  മ്ലേച്ഛഭാഷ  ഒരാവര്‍ത്തി കൂടി പറയരുത്'.  ഓരോ സുഹൃത്തും എന്നോട് പറയുന്നു 'തിരുവനന്തപുരം കാരിയാണോ അതു തോന്നില്ല കേട്ടോ സ്വഭാവത്തില്‍ നിന്ന്' അവരോടൊക്കെ ഞാന്‍ നിരന്തരം പറയുന്നു 'ഞാന്‍ യഥാര്‍ത്ഥ തിരുവനന്തപുരംകാരിയാണ്.  അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയിരിക്കുന്നത്.'

വാത്സല്യത്തിന്റെ നഗരം (നനവും നിനവും- കെ.എ. ബീന)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക