Image

ജോസഫ്‌ മറ്റത്തിന്‌ സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധാഞ്‌ജലി (കുര്യന്‍ പാമ്പാടി)

Published on 10 November, 2013
ജോസഫ്‌ മറ്റത്തിന്‌ സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധാഞ്‌ജലി (കുര്യന്‍ പാമ്പാടി)
നൂറിലേറെ കൃതികള്‍ രചിക്കുകയും ആജീവനാന്ത സാഹിത്യ സംഭാവനയ്‌ക്ക്‌ അക്കാദമി പുരസ്‌കാരം നേടുകയും ചെയ്‌ത പ്രൊഫ. ജോസഫ്‌ മറ്റത്തിന്റെ ഓര്‍മയ്‌ക്ക്‌ മലയാള സാഹിത്യലോകവും ക്രൈസ്‌തവസമൂഹവും ഒന്നടങ്കം ആദരാഞ്‌ജലിയര്‍പ്പിച്ചു.

``ക്രൈസ്‌തവാദര്‍ശങ്ങളില്‍ അടിയുറച്ചു നില്‍ക്കുകയും ആദര്‍ശസുരഭിലമായ ജീവിതത്തെക്കുറിച്ചുള്ള ദര്‍ശനം പ്രചരിപ്പിക്കുകയും ചെയ്‌ത മറ്റത്തിന്റെ നിര്യാണം ക്രൈസ്‌തവര്‍ക്ക്‌, പ്രത്യേകിച്ച്‌ കത്തോലിക്കാസഭയ്‌ക്ക്‌ വലിയ നഷ്‌ടമാണ്‌'' -മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രസ്‌താവിച്ചു.

പ്രൊഫ. മറ്റത്തിന്റെ ഭവനത്തില്‍ അന്ത്യശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വൈദികരും കന്യാസ്‌ത്രീകളുമടക്കം നൂറുകണക്കിന്‌ ആരാധകര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

പ്രൊഫ. ജോസഫ്‌ മറ്റം (83), തന്റെ നൂറ്റിയാറാമത്തെ പുസ്‌തകം `അപ്പംകൊണ്ടു മാത്രം' പ്രകാശിപ്പിച്ച്‌ ഒരു മാസത്തിനു ശേഷമാണ്‌ ജീവിതത്തോടു വിടവാങ്ങിയത്‌. ``നിക്കോസ്‌ കസന്ത്‌സാക്കീസിന്റെ ക്ലാസിക്‌ കൃതി `ഗോഡ്‌സ്‌ പോപ്പര്‍' (സെന്റ്‌ ഫ്രാന്‍സിസ്‌) ഒറിജിനലിനേക്കാള്‍ ഹൃദയസ്‌പര്‍ശിയായി മലയാളീകരിച്ച ആളായിരുന്നു പ്രൊഫ. മറ്റം. വിവര്‍ത്തനത്തിനുള്ള അപ്പന്‍തമ്പുരാന്‍ പുരസ്‌കാരം നല്‍കി 2010ല്‍ കേരളം അദ്ദേഹത്തെ ആദരിച്ചു'' -പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പ്രസ്‌താവിച്ചു. പിറ്റേ വര്‍ഷം സമഗ്ര സംഭാവനയ്‌ക്കുള്ള അവാര്‍ഡ്‌ നല്‍കി കേരള സാഹിത്യ അക്കാദമിയും മറ്റത്തെ ആദരിച്ചു.

``പ്രസാദാത്മകവും ധാര്‍മികമൂല്യാധിഷ്‌ഠിതവുമായ ജീവിതവീക്ഷണം തന്റെ കൃതികളിലൂടെ പകര്‍ന്ന പ്രതിഭാശാലിയായ സാഹിത്യകാരനായിരുന്നു മറ്റം'' എന്ന്‌ ദീപിക പത്രം മുഖപ്രസംഗത്തില്‍ പറഞ്ഞു. (ഒരു വ്യാഴവട്ടക്കാലം അദ്ദേഹം ദീപികയില്‍ പത്രാധിപസമിതിയില്‍ സേവനം ചെയ്‌തു). അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. പത്രപ്രവര്‍ത്തനത്തിലേക്ക്‌ എത്തിപ്പെട്ടു. തുടര്‍ന്ന്‌ കോളജ്‌ അദ്ധ്യാപനത്തിലേക്കു കടന്ന്‌ പ്രൊഫസറായി റിട്ടയര്‍ ചെയ്‌തു. വീണ്ടും പത്രപ്രവര്‍ത്തനത്തിലേക്കു കടന്നുവന്ന അപൂര്‍വ പ്രതിഭാശാലിയായിരുന്നു മറ്റം. മരിക്കുമ്പോള്‍ ശാസ്‌ത്രപഥം എന്ന കുട്ടികളുടെ മാസികയുടെ ചീഫ്‌ എഡിറ്റര്‍.

അന്‍പതിലേറെ നോവലുകളും വിശ്വവിഖ്യാത കഥാകാരന്മാരുടെ അന്‍പതിനോടടുത്ത്‌ വിവര്‍ത്തനങ്ങളും എഴുതിയ ജോസഫ്‌ മറ്റത്തിന്‌ കസന്ത്‌സാക്കീസിന്റെ സെന്റ്‌ ഫ്രാന്‍സിസിനെക്കുറിച്ചുള്ള ഗ്രന്ഥവിവര്‍ത്തനത്തിനുള്ള അപ്പന്‍തമ്പുരാന്‍ പുരസ്‌കാരം 2010-ല്‍ ലഭിച്ചു. ചീഫ്‌ ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണനാണ്‌ കോട്ടയം കപ്പൂച്ചിന്‍ സെമിനാരിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചത്‌.

ദീപിക പത്രാധിപസമിതിയില്‍ ചേര്‍ന്ന്‌ മുട്ടത്തു വര്‍ക്കിക്കൊപ്പം സേവനംചെയ്‌ത വേളയിലാണ്‌ കഥാകാരനാകാന്‍ പ്രചോദനം ലഭിച്ചത്‌. `നെയ്‌വിളക്ക്‌' എന്ന ആദ്യനോവല്‍ ദീപികയില്‍ സീരിയലൈസ്‌ ചെയ്‌തുകൊണ്ടായിരുന്നു തുടക്കം. മിഖായേല്‍ ഷോളക്കോവിന്റെ `ഡോ. ഷിവാഗോ' എന്ന നോവല്‍ വര്‍ക്കിയോടൊപ്പം അദ്ദേഹം വിവര്‍ത്തനം ചെയ്‌തു. ഒടുവിലായി വിശുദ്ധ അല്‍ഫോന്‍സായുടെ കഥ `കിഴക്കുനിന്നൊരു നക്ഷത്രം' എന്ന പേരില്‍ നോവലാക്കി. അതും ദീപികയില്‍ ഖണ്‌ഡശ പ്രസിദ്ധീകരിച്ചു.

പത്രപ്രവര്‍ത്തനത്തിനിടയില്‍ തന്നെ ചങ്ങനാശേരി എസ്‌.ബി. കോളേജില്‍ പ്രൊഫ. പി.വി. ഉലഹന്നാന്‍ മാപ്പിളയുടെ കീഴില്‍ പഠിച്ച്‌ ഒന്നാംക്ലാസോടെ എം.എ ബിരുദം നേടി. തുടര്‍ന്ന്‌ മാതൃവിദ്യാലയമായ പാലാ സെന്റ്‌ തോമസ്‌ കോളേജില്‍ അധ്യാപകനായി; പ്രൊഫസറായി വിരമിച്ചു. വീണ്ടും പത്രാധിപരായി - പാലാ രൂപതയുടെ `ദീപനാള' ത്തിന്റെയും ഇന്റര്‍ ഡയോസിസണ്‍ കൗണ്‍സിലിന്റെ `ശാസ്‌ത്രപഥ' ത്തിന്റെയും എഡിറ്റര്‍.

പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ ഡോ. പി.ജെ. തോമസ്‌ ആദ്യ പ്രിന്‍സിപ്പലായിരിക്കുമ്പോള്‍ പാലാ സെന്റ്‌ തോമസ്‌ കോളേജില്‍ ആദ്യം പേരുചേര്‍ത്ത രണ്ടുപേര്‍ ജോസഫ്‌ മറ്റവും മാത്യു ഉലകംതറയുമായിരുന്നു. രണ്ടുപേരും ജീവിതത്തിലുടനീളം ചങ്ങാതിമാരും. മറ്റത്തിന്റെ പല കൃതികളുടെയും അവതാരികയെഴുതിയിട്ടുള്ളത്‌ പ്രൊഫ. ഉലകംതറയാണ്‌. ഐ.സി. ചാക്കോ അവാര്‍ഡ്‌ മുതല്‍ ബെനീഞ്ഞോ അവാര്‍ഡ്‌ നിരവധി പുരസ്‌കാരങ്ങള്‍ രണ്ടുപേരും ഒരുപോലെ നേടി.

വിഷയവൈവിധ്യംകൊണ്ട്‌ സമകാലീന നോവലിസ്റ്റുകളെ പിന്നിലാക്കാന്‍ കഴിഞ്ഞ ഒരാളാണ്‌ ജോസഫ്‌ മറ്റം. അദ്ദേഹത്തിന്റെ `കറുത്ത പൊന്ന്‌' മലബാര്‍ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളും, `പേരറിയാത്ത മരം' ഒരു റിട്ടയേര്‍ഡ്‌ പ്രൊഫസറുടെ റബര്‍കൃഷിയും, `പന്നഗം തോട്‌' മണ്‍കലമുണ്ടാക്കുന്ന കുശവന്മാരുടെ സാമൂഹ്യജീവിത പ്രാരാബ്‌ധങ്ങളും, `പ്രണയപരവശേ ശുഭം' ഭര്‍തൃവിയോഗവും പുത്രതിരസ്‌കാരവുംകൊണ്ട്‌ ഒറ്റപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരി ഒരു ജീവിതപങ്കാളിയെ തേടുന്നതും വരച്ചുകാട്ടി.

മറ്റത്തിന്റെ മൂന്നു പുസ്‌തകങ്ങള്‍ കേരള യൂണിവേഴ്‌സിറ്റികളില്‍ പാഠപുസ്‌തകമായിട്ടുണ്ട്‌. കുങ്കുമം അവാര്‍ഡ്‌ നേടിയ `ലോകം പിശാച്‌ ശരീരം' എന്ന കൃതി ലൗകിക പ്രലോഭനങ്ങളെ നിരന്തരം നേരിട്ടു വിജയംവരിച്ച ഒരു കന്യാസ്‌ത്രീയുടെ മനസില്‍ നടക്കുന്ന മഹായുദ്ധമാണ്‌.

മൂന്നു ദശകങ്ങളിലേറെ ജീവിതസഖിയായിരുന്ന ലീലാമ്മ എന്ന അധ്യാപികയുടെ അകാലമൃത്യുവിനു ശേഷം വിശുദ്ധ സ്‌മരണകളെ താലോലിച്ചുകൊണ്ട്‌ ദാമ്പത്യശാസ്‌ത്ര സംബന്ധിയായ മൂന്നു മനോഹര കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌ - `ഇന്നുമുതല്‍ മരണം വരെ', `മണവറയില്‍ അവര്‍ തനിച്ചായപ്പോള്‍', `ചാവറയുടെ ചാവരുള്‍'. ഇവയില്‍ അവസാനത്തേത്‌ `ചാവറയച്ചന്റെ ചാവരുള്‍' എന്ന ഗ്രന്ഥത്തെ ആധുനികജീവിതത്തിന്റെ സമസ്‌ത തലങ്ങളുമായി ബന്ധപ്പെടുത്തി എഴുതിയ കുടുംബഗ്രന്ഥമാണ്‌.

ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചതിനുശേഷം മലയാളസാഹിത്യരംഗത്ത്‌ വൈവിധ്യം നിറഞ്ഞ സര്‍ഗാത്മ രചനകൊണ്ട്‌ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രൊഫ. മറ്റത്തിന്റെ മരണം 2013 കണ്ട വലിയ നഷ്‌ടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണെന്ന്‌ അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യനും സുഹൃത്തുമായ പ്രശസ്‌ത നിരൂപകന്‍ പ്രൊഫ. മാത്യു ഉലകംതറ അനുസ്‌മരിക്കുന്നു.

മക്കള്‍: ബോബി ജെ. മറ്റം (സ്‌കോട്‌ലന്‍ഡ്‌), ഗീതാഞ്‌ജലി മറ്റം (ബാംഗളൂര്‍), മാത്തുക്കുട്ടി ജെ. മറ്റം (ഗ്രാഫിക്‌ ആര്‍ട്ടിസ്റ്റ്‌, ബ്ലാക്ക്‌ബോര്‍ഡ്‌, കൊച്ചി). മരുമക്കള്‍: മെര്‍ളിന്‍ ചൂരപ്പുഴ (സ്‌കോട്‌ലന്‍ഡ്‌), ലഫ്‌. കേണല്‍ ജോണ്‍സണ്‍ തോമസ്‌ മൈലാടി (വെള്ളത്തൂവല്‍), റാണി (എ.എക്‌സ്‌.എ, ബാംഗളൂര്‍).

ചിത്രങ്ങള്‍: ലേഖകന്‍, സിബി (`ആനന്ദ്‌', കാരിത്താസ്‌)
ജോസഫ്‌ മറ്റത്തിന്‌ സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധാഞ്‌ജലി (കുര്യന്‍ പാമ്പാടി)ജോസഫ്‌ മറ്റത്തിന്‌ സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധാഞ്‌ജലി (കുര്യന്‍ പാമ്പാടി)ജോസഫ്‌ മറ്റത്തിന്‌ സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധാഞ്‌ജലി (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക