Image

“ചൂലിന്” അടിവാങ്ങിയ കോണ്‍ഗ്രസ് -- ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 10 December, 2013
“ചൂലിന്” അടിവാങ്ങിയ കോണ്‍ഗ്രസ് -- ഷോളി കുമ്പിളുവേലി
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിസോറാം ഒഴികെ എല്ലായിടത്തും കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഡല്‍ഹി ഉള്‍പ്പെടെ, ഇന്‍ഡ്യയിലെ  പ്രമുഖ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അടുത്തു വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിലേക്കുള്ള ചൂണ്ടു പലക കൂടിയാണ്. സോണിയാഗാന്ധിയും, രാഹുല്‍ ഗാന്ധിയും, മന്‍മോഹന്‍സിങ്ങുമെല്ലാം വിളയാടുന്ന ഡല്‍ഹിയില്‍ വെറും എട്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത് എന്നു പറയുമ്പോള്‍ പരാജയത്തിന്റെ ദയനീയാവസ്ഥ കൂടുതല്‍ വ്യക്തമാകും.

എന്താണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയ കാരണങ്ങള്‍? നരേന്ദ്രമോഡി ഇഫക്ട് മാത്രമാണോ? തീര്‍ച്ചയായും അല്ല! രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഇന്‍ഡ്യില്‍ ആകമാനമുണ്ടായ അഴിമതികളാണ് പ്രധാന കാരണങ്ങളില്‍ ഒന്നാമത്. 2ജി സ്‌പെക്ട്രം, കല്‍ക്കരി, ഹെലികോപ്ടര്‍ എന്നുവേണ്ട അഴിമതി നടക്കാത്ത ഒരു വകുപ്പുപോലും ഇല്ലാതായിരിക്കുന്നു. സോണിയാ ഗാന്ധിയുടെ മകളും മരുമകനും ഉള്‍പ്പെട്ട അഴിമതി കഥകള്‍ തന്നെ എത്രയെണ്ണം? 2ജി സ്‌പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്ന മലയാളി പത്ര പ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍, ന്യൂജേഴ്‌സിയില്‍ നടന്ന ഇന്‍ഡ്യ പ്രസ്‌ക്ലബ്ബിന്റെ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞ ഒരു കഥ ഓര്‍ക്കുന്നു. സ്‌പെക്ട്രം വാങ്ങിക്കൂട്ടിയ ഒരു ടെലികോം കമ്പനിയുടെ ഉടമസ്ഥനെ സി.ബി.ഐ. ചോദ്യംചെയ്തപ്പോള്‍ ശരിക്കും ഞെട്ടി. 'നെഹ്‌റു' കുടുംബത്തിലെ ഒരു പരിചാരകന്‍ മാത്രമാണ് അയാള്‍!!! സിബിഐ അന്വേഷണവും അതോടുകൂടി നിന്നു. ഒരു കാലത്ത് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജിന്റെ ചക്രവര്‍ത്തിയായിരുന്ന എലിസബത്ത് രാജ്ഞിയെക്കാളും സ്വത്ത് സോണിയാഗാന്ധിക്കുണ്ടെന്ന് “ഹഫിങ്ങടന്‍ പോസിറ്റില്‍” വന്ന വാര്‍ത്ത ഇതിനോട് ചേര്‍ത്തു വായിക്കുക.

കോണ്‍ഗ്രസിന്റെ മറ്റൊരു പരാജയ കാരണം, മികച്ച നേതൃത്വം ഇല്ലായെന്നതാണ്. ബി.ജെ.പി.യിലെ നേതൃനിരയുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് തീരെ ദുര്‍ബലമാണ്. കോണ്‍ഗ്രസ് നേതൃത്വം എന്നത് രാഹുല്‍ ഗാന്ധിയില്‍ മാത്രമൊതുങ്ങുന്നു. അല്ലെങ്കില്‍ 'ഒതുക്കുന്നു'. രാഹുല്‍ ഇനിയും രാഷ്ട്രീയ പക്വത നേടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത്കാലത്തെ ചില പ്രതികരണങ്ങളും, പ്രസ്താവനകളും തന്നെ വ്യക്തമാക്കുന്നു. കുടുംബാധിപത്യത്തിനെതിരെ യുവജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നത് കോണ്‍ഗ്രസ് ഇനിയും മനസിലാക്കിയിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ 'പി.എസ്.സി.' പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്ന രാഹുല്‍, ഏതു പരീക്ഷ പാസായാണ് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായത്? “തല്ലിപ്പഴുപ്പിച്ചാല്‍ മധുരം കുറയും” എന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് മനസിലാക്കുക!!

കോണ്‍ഗ്രസ് സാധാരണ ജനങ്ങളില്‍ നിന്നും തീരെ അകന്നു പോയതായി ഒരു തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് മന്‍മോഹന്‍സിങ്ങിന്റെ രണ്ടാം പ്രധാനമന്ത്രി കാലത്ത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പലതരത്തിലുള്ള വന്‍ ഇളവുകള്‍ നേടുമ്പോള്‍, സാധാരണ ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയായിരുന്നു. ഇത്രയധികം വിലക്കയറ്റം ഉണ്ടായ ഒരു കാലഘട്ടവും ഉണ്ടായിട്ടില്ല. കൂട്ടത്തില്‍ പെട്രോളിയം കമ്പനികളെ തൃപ്തിപ്പെടുത്താന്‍ ആധാര്‍ കാര്‍ഡ് പോലെയുള്ള പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചവരും കൂടുതല്‍ പ്രതിഷേധം വിളിച്ചു വരുത്തി.

ജനം കോണ്‍ഗ്രസിനെതിരെ “ചൂലെടുക്കാന്‍” ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്!!!


“ചൂലിന്” അടിവാങ്ങിയ കോണ്‍ഗ്രസ് -- ഷോളി കുമ്പിളുവേലി
Join WhatsApp News
Paul Chacko 2013-12-10 15:03:27
ഒരു കാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന കോണ്‍ഗ്രസ്സിന്‍റെ ഇന്നത്തെ ശോചനീയാവസ്ഥ ഷോളി വളരെ നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക