Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍-11: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 20 December, 2013
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍-11: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
ഈ ഭൂമിയിലെ ഓരോരുത്തര്‍ക്കും അവരവരുടെ സ്വന്തവും ബന്ധവും തന്നെപ്രധാനം. നമുക്ക്‌പ്രിയപ്പെട്ടവര്‍ സമൂഹത്തില്‍ അല്ലെങ്കില്‍ ഈ ലോകത്തില്‍ എന്തുസ്‌ഥാനം നേടിയെന്നു ആലോചിച്ചുകൊണ്ടല്ല നമ്മള്‍ അവരെ ഓര്‍ക്കുന്നത്‌.മഹാന്മാരായി ജനിച്ച്‌ മരിച്ചവരെലോകം ഓര്‍ക്കുന്നു അവരുടെ ജന്മദിന/ചരമദിനങ്ങള്‍ ഓര്‍മ്മിക്കുകയും അവരുടെ കീര്‍ത്തിഎന്നെന്നും നിലനിലര്‍ത്തുകയും ചെയ്യുന്നു.ജോയെ കുറിച്ച്‌ എന്റെ മനസ്സില്‍വന്നതെല്ലാം ഞാന്‍ എഴുതി.അവയെല്ലാം ഒരു ഭാര്യയുടെ, ഒരു വിധവയുടെ മനോവികാരങ്ങള്‍ മാത്രം.സമൂഹത്തില്‍നിന്നും ബഹുമതികളോ അംഗീകാരങ്ങളോ അവകാശപ്പെടാന്‍ ജോ ഒന്നും ചെയ്‌തിട്ടില്ല. ഇത്‌വായിക്കുന്നവര്‍ക്ക്‌ ജോ സുപരിചതനായ ഒരു വ്യകതിയായിരിക്കയില്ല.അത്‌കൊണ്ട്‌ ജോയെക്കുറിച്ചുള്ള വ്യക്‌തിപരമായ ചിലവിവരങ്ങള്‍ ഞാനിവിടെ കുറിക്കയാണ്‌.

തിരുവല്ലയിലെ നിരണം എന്ന സ്‌ഥലത്ത്‌ അറവനാരില്‍ മത്തായി മാത്യുവിന്റേയും മറിയാമ്മ മാത്യുവിന്റേയും പുത്രനായി മാത്യുവര്‍ഗീസ്‌ എന്ന ജോ ജനിച്ചു. വിദ്യാഭാസത്തിനു ശേഷം ചങ്ങനാശ്ശേരിയിലെ ഒരു പ്രൈവറ്റ്‌ കമ്പനിയില്‍ ജോലി നോക്കവെ ഞാനുമായുള്ള വിവാഹം നടന്നു. അമേരിക്കയിലേക്ക്‌ കുടിയേറി.ചെറുപ്പം മുതല്‍ ദൈവീക ആരാധനയിലും പ്രാര്‍ത്ഥനയിലും വളരെപ്രതിപത്തിയുണ്ടായിരുന്നു. പന്ത്രണ്ട്‌ വയസ്സ്‌മുതല്‍ വിശുദ്ധ മദ്‌ബഹാശുശ്രൂഷകനായി.ബൈബിള്‍ വായനയിലും ഞായറാഴ്‌ച കുര്‍ബ്ബാനകളിലും അതീവശ്രദ്ധപുലര്‍ത്തിയിരുന്ന ബാല്യ-കൗമാര കാലഘട്ടങ്ങളില്‍ ഒരു വൈദികനാകണമെന്ന്‌ ആഗ്രഹിക്കുകയുണ്ടായി. അന്ന്‌ കാലത്ത്‌ കുട്ടികളുടെ താത്‌പ്പര്യങ്ങളും അഭിരുചികളും സാധാരണക്കാരായ മാതാ-പിതാക്കള്‍സാധിച്ചുകൊടുക്കാറില്ലല്ലോ. മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ ആ കാലത്ത്‌നിറവേറ്റാന്‍ അനുസരണയുള്ള മക്കള്‍ തയ്യാറുമായിരുന്നു. ലൗകിക ജീവിതം തിരഞ്ഞെടുത്തെങ്കിലും ദൈവ വചനങ്ങള്‍ അനുദിനം കഴിയാവുന്നവിധം പാലിക്കാന്‍ ശ്രമിച്ചു.ബൈബിള്‍ വായന ചെറുപ്പം മുതലേ ഒരു അനുഷ്‌ഠാനം പോലെ അദ്ദേഹം നിര്‍വ്വഹിച്ചു. വൈദികനാകാന്‍ കഴിഞ്ഞെല്ലെങ്കിലും മദ്‌ബഹ ശുഷ്രൂഷകനാകാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അതീവ സന്തുഷ്‌ടനായിരുന്നു.മരിക്കുമ്പോള്‍ ശുഷ്രൂഷ കുപ്പായത്തില്‍ അടക്കം ചെയ്യണമെന്ന്‌ പറയുമായിരുന്നു. അങ്ങനെ അണിയിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ആ കുപ്പായം ജോയോടൊത്ത്‌ അടക്കം ചെയ്‌തു.

ഞായറാഴ്‌ച കുര്‍ബ്ബാനകൈകൊള്ളാന്‍ പോകുമ്പോള്‍പള്ളി പരിസരത്ത്‌ മദ്‌ബഹാ ശുഷ്രൂഷകന്റെ കുപ്പായമണിഞ്ഞ്‌ ജോ അവിടെ നില്‍ക്കുന്നപോലെ എനിക്ക്‌ തോന്നാറുണ്ട്‌.വീട്ടിലും അതെപോലെ എനിക്ക്‌ ജോയുടെ സാന്നിദ്ധ്യം അനുഭവപ്പെടാറുണ്ട്‌. അതെല്ലാം എന്റെ ഉപബോധ മനസ്സിന്റെ ഭ്രമകല്‍പ്പനകളാകാം. എങ്കിലും അത്തരം നിമിഷങ്ങള്‍ ഞാന്‍ കൊതിക്കുന്നു.ജോയുടെ കുഴിമാടത്തിനരികെ നിന്ന്‌പ്രാര്‍ഥിക്കുമ്പോള്‍ കത്തിച്ചുവച്ചമെഴുകുതിരികള്‍ ചിലപ്പാള്‍ കെട്ടുപോകുന്നു. കാറ്റും വെളിച്ചവും തമ്മില്‍ചേരുമ്പോള്‍ ഇരുട്ടുണ്ടാകുന്നത്‌ വെളിച്ചം കൃത്രിമമായി ഉണ്ടാക്കുമ്പോഴാണെന്ന പാഠം അതില്‍നിന്നും ഞാന്‍ പഠിക്കുന്നു. എത്രയോ ശക്‌തിയില്‍ കാറ്റ്‌ വീശിയിട്ടും സൂര്യപ്രഭ കുറയുന്നില്ല. എന്റെ വിശ്വാസങ്ങള്‍ കാറ്റിലിളകുന്ന തിരിനാളം പോലെയല്ല. ജോ തിരിച്ചുവരണമെന്ന മൂഢത്വമാണു കെട്ടുപോകുന്നത്‌. ജോ അനശ്വര ജ്യോതിസ്സായി എന്റേയും എന്റെ മക്കളുടേയും മേല്‍പ്രകാശം ചൊരിഞ്ഞ്‌ വളരെ അകലത്തില്‍നില്‍ക്കുന്നുണ്ട്‌.ആ വെളിച്ചത്തിന്റെ നിഴലില്‍ ഞാന്‍ എന്റെ ദു:ഖങ്ങളെ മൂടുന്നു.പുതിയ കാറുകള്‍ ജോക്ക്‌ കമ്പമായിരുന്നു.അതിനുവേണ്ടി പണം ചെലവഴിക്കുന്നതില്‍ ഒരു വിഷമവും ഉണ്ടായിരുന്നില്ല. കുട്ടികള്‍ വളരുന്തോറും അവര്‍ക്കും പുതിയ കാറുകള്‍ അപ്പച്ചന്‍ വാങ്ങിക്കുന്നത്‌ഹരമായി. ഞാന്‍ മാത്രം എതിര്‍ക്കുമ്പോള്‍ ജോ പറയും അനാവശ്യമായ ആഗ്രഹം ഒന്നുമല്ലല്ലോ? കര്‍ത്താവ്‌ ക്ഷമിക്കും.നമ്മള്‍ കഷ്‌ടപ്പെട്ട്‌ ജോലി ചെയ്‌തിട്ടല്ലേ പിന്നീടാണു എനിക്ക്‌ മനസ്സിലായത്‌. ഓരോ പുതിയ കാറിന്റേയും വിവരങ്ങള്‍ കൊടുക്കുന്നത്‌ മകളാണെന്ന്‌. അവള്‍ക്കിഷ്‌ടമുള്ള കാറുകളാണു വാങ്ങിയത്‌. അപ്പനും മകളുംകൂടി കാറുകളെകുറിച്ച്‌ പറയുന്നത്‌ ഞാന്‍ ശദ്ധിച്ചു. കുട്ടിുകളുടെ താളത്തിനു തുള്ളി ഇങ്ങനെചെയ്യുന്നത്‌ ശരിയല്ലെന്ന്‌ പറഞ്ഞപ്പോള്‍ ജോ പറഞ്ഞു. കുട്ടികളുടെയല്ല പെണ്‍കുട്ടികളുടെ ഇഷ്‌ടങ്ങള്‍ അവരുടെ സ്വന്തം വീട്ടില്‍ സാധിപ്പിച്ച്‌ കൊടുക്കണം. അവരെവല്ലയിടത്തേക്കും കെട്ടിച്ച്‌ വിടണ്ടതല്ലയോ? അങ്ങനെ പോകുന്നവീടുകളില്‍ അവരുടെ ഇത്തരം മോഹങ്ങള്‍ പലപ്പോഴും സാധിക്കപ്പെടണമെന്നില്ല. ജൊക്ക്‌ മകള്‍ എന്ന്‌ വച്ചാല്‍ ജീവനായിരുന്നു. മകനേയും സ്‌നേഹിച്ചിരുന്നെങ്കിലും മോള്‍ എന്നും ഒരു പടിമേലെനിന്നു. അസുഖമായി കിടക്കുമ്പോള്‍ എന്നും മകള്‍ വന്ന്‌ `ഡാഡി ഒരു പുതിയ കാര്‍ ഇറങ്ങിയിട്ടുണ്ട്‌. ഇന്ന്‌ റ്റി.വിയില്‍ കാണിച്ചുതരാം.' എന്നുപറയുന്നത്‌ ഓര്‍ത്ത്‌ റ്റി.വി. ഓണ്‍ ചെയ്യിക്കും. പുതിയ കാറുകളുടെ പരസ്യങ്ങള്‍ നോക്കി ഇതില്‍ ഏതായിരിക്കും മോളുവിനു ഇഷ്‌ടമെന്ന്‌ ചോദിക്കുമ്പോള്‍ ജോ ഗദ്‌ഗദ്‌കണ്‌ഠനാകും. അവള്‍ക്ക്‌ അവളുടെ ഭര്‍ത്താവ്‌ വാങ്ങികൊടുക്കുമല്ലോ എന്ന്‌ ഞാന്‍ സമാധാനിക്കും. ജീവിതം എത്ര വിചിത്രമാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌പുതിയ കാര്‍ വാങ്ങാന്‍ പോകുമ്പോള്‍ ജോയുടെ മുഖത്തെ സന്തോഷം ഇന്നും ഓര്‍മ്മയില്‍ തെളിഞ്ഞ്‌ നില്‍ക്കുന്നു. ഇപ്പോള്‍ ഞാന്‍ ഓരൊ പുതിയ കാറുകള്‍ വെറുതെനോക്കിയിരിക്കുന്നു.

ദൈവ വചനങ്ങള്‍ ജോയുടെ ജീവിതത്തെ വളരെസ്വാധീനിച്ചിരുന്നു. അയല്‍ക്കാരനെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണമെന്നക്രുസ്‌തു കല്‍പ്പന ജീവിതാവസാനം വരെ അദ്ദേഹം പാലിച്ചു. ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും വരുമ്പോള്‍ പലരും ദൈവനീതിയോട്‌ കോപിക്കുന്നതും ദൈവമിസ്സെന്നും മറ്റുമുള്ള സങ്കടങ്ങള്‍ പറയാറുണ്ട്‌. ജോയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെവിശ്വാസങ്ങള്‍ ഉറച്ചതും അചഞ്ചലവുമായിരുന്നു. ഓളങ്ങള്‍ കണ്ടുനീഭയപ്പെടെണ്ട... നിന്നെ സംരക്ഷിക്കുന്നവന്‍ തോണിയിലുണ്ട്‌ എന്ന്‌ വിശ്വാസികള്‍ പാടിപുകഴ്‌ത്തുന്ന വിശ്വാസം.ചെറുപ്പത്തിലുണ്ടായ പിതാവിന്റെ വിയോഗം അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു. എങ്കിലും എല്ലാം ദൈവനിശ്‌ചയം എന്ന്‌ സമാധാനിച്ചു. ഒരിക്കലും ജീവിതത്തിനു നേരെ ഒരു അപ്രീതി അല്ലെങ്കില്‍ പരാതിയില്ലായിരുന്നു.എല്ലാവരിലും നന്മയുണ്ട്‌, തെറ്റുകള്‍ മനുഷ്യ സഹജം എന്നൊക്കെയുള്ള തത്വങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും അവ അക്ഷരം പ്രതിപാലിക്കയും ചെയ്‌തു. വിധവയായ അമ്മയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ തികഞ്ഞ നിഷ്‌ക്കര്‍ഷത പുലര്‍ത്തി. നമ്മള്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി സഹിക്കേണ്ടിവരുന്ന ത്യാഗങ്ങള്‍ദൈവം കാണുമെന്നും അങ്ങനെയുള്ള അവസരങ്ങളില്‍ നല്ലമനസ്സോടെ ത്യാഗങ്ങള്‍ ചെയ്യാന്‍ നാം തയ്യാറകണമെന്നും അദ്ദേഹം വിശ്വസിച്ചു.

ലോകം അറിയാത്ത മഹാനായ ഒരു വ്യകതിയാണു്‌ ജോ എന്നുഞങ്ങളുടെ കുടുംബ കൂട്ടായ്‌മകളില്‍ ഞാന്‍ ജോയെ കളിയാക്കാറുണ്ടായിരുന്നു. ജീവിതത്തില്‍ കര്‍ത്തവ്യങ്ങള്‍ പാലിക്കുന്നതും കടമകള്‍ നിര്‍വ്വഹിക്കുന്നതും ലോകത്തിന്റെ സര്‍ട്ടിഫിക്കറ്റിനുവേണ്ടിയല്ലെന്ന്‌ വളരെ സൗമ്യനായി ജോ അപ്പോള്‍ മറുപടിപറയാറുണ്ട്‌. സന്തോഷത്തിലെ ആ നല്ലനാളുകള്‍ ഇനിയും പുലരുകയില്ലെന്ന നേര്‍ത്ത വിഷാദം ഇതെഴുതുമ്പോള്‍ എന്നെ പിടികൂടുന്നു. എന്റെ എഴുത്തു മുറിയുടെ തുറന്നിട്ട ജന്നലിലൂടെ പുറത്തേക്ക്‌ നോക്കുമ്പോള്‍ വിശാലമായ പുല്‍തകിടിയും ഉയരമില്ലത്ത കൊച്ച്‌ മരങ്ങളും കാണാം. അവ നിത്യവും കാണുന്നതെങ്കിലും അവയെ സൂക്ഷിച്ച്‌ വീക്ഷിക്കുമ്പോള്‍ പകലും രാത്രികളിലും അവക്ക്‌ വ്യത്യാസമുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. മരങ്ങളെല്ലാം ഇല പൊഴിച്ച്‌ വിധവകളെപോലെ നില്‍ക്കുന്നു. മാറ്റങ്ങളെ പ്രക്രുതി എങ്ങനെ സ്വീകരിക്കുന്നു എന്നറിയാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്‌. കാലം മനുഷ്യര്‍ക്കും ഓരോ വേഷങ്ങള്‍ നല്‍കുന്നു. പക്ഷെ മനുഷ്യര്‍ക്ക്‌ ചിലവേഷങ്ങള്‍ സ്വീകരിക്കാന്‍ പ്രയാസവും ദു:ഖവുമാണ്‌. വിധവയായ ഞാന്‍ ഇലപൊഴിച്ച്‌ വിറങ്ങലിച്ചു നില്‍ക്കുന്നമരങ്ങളോട്‌ വെറുതെചോദിക്കുന്നു. നിങ്ങള്‍ക്കും ദു:ഖമില്ലേ? ആ ചോദ്യം ബാലിശമാണെന്ന്‌ എനിക്കറിയാം. കാരണം അവര്‍ക്കെല്ലാം ഒരു വസന്തം കാത്ത്‌ നില്‍ക്കുന്നുണ്ട്‌.

സ്വര്‍ഗ്ഗസീമകള്‍ക്കപ്പുറത്ത്‌ കര്‍ത്താവിന്റെ മുന്തിരിതോട്ടത്തില്‍ ജോയുടെ വിശ്വാസം പോലെ ജോ എന്നെ കാത്ത്‌ നില്‍ക്കുന്നുണ്ടായിരിക്കും.ആനക്കൂട്ടങ്ങള്‍ മന്ദം മന്ദം നടന്ന്‌ നീങ്ങുന്നപോലെ അലക്ഷ്യം മേഘങ്ങള്‍പോകുന്ന ആകാശത്തിന്റെ നടവഴിയിലൂടെ ജോ എന്നെനോക്കിനില്‍പ്പുണ്ടാകും, ചുണ്ടില്‍ എനിക്ക്‌ ഇഷ്‌ടമുള്ള ഗാനശകലവുമായി. ഏകാന്തത സുന്ദരമാകുന്നത്‌ സങ്കല്‍പ്പങ്ങള്‍ നിറയുമ്പോഴാണ്‌ എനിക്കു ചുറ്റും ദേവദൂതന്മാര്‍ നിരന്ന്‌നിന്ന്‌ ആരാണു നിന്റെ ജോ എന്ന്‌ അന്വേഷിക്കുന്ന പോലെ എനിക്കപ്പോള്‍ തോന്നുന്നു.ഞാനവരോട്‌ മന്ത്രിക്കയാണ്‌്‌.`നിന്നെപോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന ക്രുസ്‌തുദേവന്റെ കല്‍പ്പന ജീവിതാവസാനം വരെപാലിച്ചവന്‍.ചെറുപ്പത്തില്‍ തന്നെ വിധവയായ അമ്മയെ സ്‌നേഹിച്ച്‌ പരിപാലിക്കാന്‍ നിഷ്‌ക്കര്‍ഷത കാണിച്ച ഉത്തമ പുത്രന്‍. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനും പരിപാലിക്കാനും അവര്‍ക്ക്‌ വേണ്ടി എന്തുത്യാഗങ്ങളും സഹിക്കാന്‍ തയ്യാറായ കുടുംബനാഥന്‍. അതിഥിദേവോ ഭവ: എന്ന ആര്‍ഷഭാരതത്തിന്റെ വഴക്കം സ്വീകരിച്ച ഒരു ഭാരതീയന്‍, അതിഥി സല്‍ക്കാരപ്രിയന്‍.കൊച്ചുമക്കളുമൊത്ത്‌ ചിലവഴിക്കുന്ന നിമിഷങ്ങള്‍ക്ക്‌ നിര്‍വ്രുതിയുടെ നിറചാര്‍ത്ത്‌ നല്‍കിവര്‍ണ്ണാഭമാക്കിയ മുത്തച്‌ഛന്‍. മക്കളുടെ സന്തോഷത്തിനുവേണ്ടി ഏത്‌ത്യാഗവും സഹിക്കാന്‍ തയ്യാറായ ഒരു പിതാവ്‌.ഭാര്യയോട്‌ പൂര്‍ണ്ണമായ ആത്മാര്‍ഥതപുലര്‍ത്തിയ മാത്രുകാപതി. പക്വമതിയായ ഒരു ജീവിത പങ്കാളി. മിതഭാഷി. അശ്ശീലവാക്കുകളും ചിത്രങ്ങളും പൊതുസ്‌ഥലങ്ങളില്‍ കാണുന്ന പ്രേമചേഷ്‌ടകളും തികച്ചും പാപമെന്ന്‌ വിശ്വസിച്ച ഒരു നിഷക്കളങ്കന്‍. മറ്റുള്ളവരുടെ നന്മയില്‍ ആനന്ദിച്ചിരുന്ന ഒരു സ്‌നേഹിതന്‍.

എഴുതിയാല്‍ തീരാത്തവിധം തിരകളെപോലെ ഓര്‍മ്മകള്‍ ഇളകിവരുന്നു. ശോകമൂകയായി ഇങ്ങനെദിവസങ്ങള്‍ നീക്കുമ്പോള്‍ മമ്മി ആരോഗ്യം ശ്രദ്ധിക്കണമെന്ന്‌ മക്കള്‍ കൂടെ കൂടെ ഓര്‍മ്മിപ്പിക്കുന്നു. ജോയെ കുറിച്ചുള്ള ഓര്‍മ്മകളാണ്‌ എന്റെ ടോണിക്കുകള്‍. എന്റെ ആരോഗ്യം ആ ഓര്‍മ്മ രസായനങ്ങളില്‍ നിന്നും കിട്ടുന്നു. ഒരു പക്ഷെ ആയുര്‍വേദവൈദ്യന്മാര്‍ക്ക്‌ അറിയാത്ത ഒറ്റമൂലി. ഇനിയും അടുത്തരസായനം ഉണ്ടാക്കാന്‍ ഞാന്‍ വീണ്ടും ഓര്‍മ്മകളില്‍മുങ്ങിതപ്പട്ടേ!

(തുടരും)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍-11: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍-11: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക