Image

കേരള ഗണിതം: മാധവന്‍ മുതല്‍: ഡി. ബാബുപോള്‍

Published on 08 January, 2014
കേരള ഗണിതം: മാധവന്‍ മുതല്‍: ഡി. ബാബുപോള്‍
ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ 79ാമത്‌ സമ്മേളനം ഈയിടെ കൊച്ചിയില്‍ നടന്നു. സംഘാടകരുടെ അശ്രദ്ധയോ മാധ്യമങ്ങളുടെ അനഭിജ്ഞതയോ കാരണം എന്നറിയുന്നില്ല മലയാളമനോരമയുടെയും `ദി ഹിന്ദു'വിന്‍െറയും നഗരപംക്തിയൊഴികെ മറ്റെങ്ങും ആ വര്‍ത്തമാനം അച്ചടിച്ചുകണ്ടില്ല. മാധവന്‍െറയും നീലകണ്‌ഠന്‍െറയും മാത്രം അല്ല, വര്‍ത്തമാനകാലത്ത്‌ മുകുന്ദന്‍ മാരാരുടെയും ഗീവര്‍ഗീസ്‌ ജോസഫിന്‍െറയുംകൂടെ നാടാണ്‌ കേരളം എന്നിരിക്കെ ഇത്ര പ്രധാനപ്പെട്ട ഒരു സമ്മേളനം അഗണ്യകോടിയിലായത്‌ തോമസ്‌ ജേക്കബ്‌ മുതല്‍ ഉള്ള കുലപതിസ്ഥാനീയര്‍ ശ്രദ്ധിക്കണം. ഉദ്‌ഘാടകനായി മമ്മൂട്ടിയെയോ സചിനെയോ എ.കെ. ആന്‍റണിയെയോ വിളിക്കുന്നതിനുപകരം മൂന്ന്‌ വ്യാഴവട്ടക്കാലം പ്രഫസറായിരുന്ന ഒരു വെറും സഹമന്ത്രിയെ ക്ഷണിച്ചതാവാം കാരണം. ആളുവില കല്ലുവില എന്നാണല്‌ളോ.

1907ല്‍ വി. രാമസ്വാമി അയ്യര്‍ എന്ന ഡെപ്യൂട്ടി കലക്ടര്‍ ഉത്സാഹിച്ച്‌ തുടങ്ങിയതും ആദ്യം അനലറ്റിക്‌ ക്‌ളബ്‌ എന്നും പിന്നെ ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ ക്‌ളബ്‌ എന്നും ഒടുവില്‍ 1910 മുതല്‍ ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി എന്നും പേര്‍ വിളിക്കപ്പെട്ടതും ആയ സംഘടനയില്‍ മദ്രാസിലെ ഇരുപത്‌ ഗണിതശാസ്‌ത്രകുതുകികളായിരുന്നു ആദ്യത്തെ അംഗങ്ങള്‍. ഇന്ന്‌ രണ്ടായിരത്തോളം ഉണ്ട്‌ അംഗസംഖ്യ.

1911ല്‍ ഈ കൂട്ടായ്‌മയുടെ മുഖപത്രത്തിലാണ്‌ ശ്രീനിവാസ രാമാനുജന്‍െറ ആദ്യരചനകള്‍ വെളിച്ചം കണ്ടത്‌. `ബര്‍നൂലി സംഖ്യകള്‍' എന്ന സുദീര്‍ഘലേഖനം ഉള്‍പ്പെടെ രാമാനുജന്‍െറ 12 ഗവേഷണലേഖനങ്ങള്‍ ഇവരുടെ ജേണലാണ്‌ പ്രസിദ്ധീകരിച്ചത്‌.

കഴിഞ്ഞയാഴ്‌ച കൊച്ചിയില്‍ ഭാരതീയരും വിദേശികളും ആയ ഗണിതശാസ്‌ത്രപ്രതിഭകള്‍ പങ്കെടുത്ത ഈ മഹദ്‌പ്രതിഭാസംഗമത്തില്‍ കേരളീയരായ മൂന്ന്‌ ഗണിത ശാസ്‌ത്രാധ്യാപകരെ ഗുരുവന്ദനം ചെയ്‌ത്‌ ആദരിച്ചു. കേരളത്തിലെ മൂന്ന്‌ സര്‍വകലാശാലകളും അവരില്‍ പ്രതിനിധാനം ചെയ്യപ്പെട്ടു എന്നത്‌ യാദൃശ്ചികമെങ്കിലും നന്നായി. സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്‌, ആര്‍. ശിവരാമകൃഷ്‌ണന്‍, ടി. ത്രിവിക്രമന്‍. കേരള, കാലിക്കറ്റ്‌ കൊച്ചി. ഈ ഗുരുവന്ദനത്തിന്‌ കാര്‍മികനായിട്ടായിരുന്നു എന്നെ ക്ഷണിച്ചത്‌. അത്‌ എന്‍െറ മഹാസുകൃതമായി കരുതുന്നു ഞാന്‍.

അവസാനമായി ഞാന്‍ ഒരു കണക്ക്‌ ചെയ്‌തത്‌ അമ്പതിലേറെ സംവത്സരങ്ങള്‍ക്കപ്പുറമാണ്‌. എങ്കിലും ഗണിതത്തിന്‍െറ രീതിശാസ്‌ത്രം മറ്റേത്‌ ഗണിതവിദ്യാര്‍ഥിയെയും എന്നതുപോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്‌. `കണക്ക്‌ ചെയ്യുമ്പോലെയാണല്‌ളോ നിങ്ങള്‍ ഫയലെഴുതുന്നത്‌' എന്ന്‌ ഒരു മന്ത്രി ഒരിക്കല്‍ പറയുകയുണ്ടായി എന്ന സംഗതി ഇപ്പോര്‍ ഓര്‍മ വരുന്നു.

കണക്ക്‌ ചെയ്യാതായിട്ട്‌ കാലം ഏറെ ആയെങ്കിലും ഇപ്പോള്‍ ഗണിതശാസ്‌ത്രത്തില്‍ അംഗീകരിക്കപ്പെടുന്ന ഫസിലോജിക്‌ ഭരണരംഗത്തെ ആദ്യപാഠമാണ്‌ എന്ന്‌ സര്‍വീസ്‌ ഏതാണ്ട്‌ പകുതി ആയപ്പോള്‍ തന്നെ ഞാന്‍ കണ്ടത്തെിയിരുന്നു. രണ്ടാം പാതിയില്‍ എന്‍െറ കീഴില്‍ പരിശീലനം നേടിയ നാല്‌ ബാച്ചുകളിലെ അസിസ്റ്റന്‍റ്‌ കലക്ടര്‍മാര്‍ക്ക്‌ അത്‌ പറഞ്ഞുകൊടുക്കുകയും ചെയ്‌തു.

2+2=4 എന്നത്‌ കണക്ക്‌; 2+2+X=4 എന്നത്‌ ഭരണം. ഈ എക്‌സിന്‍െറ മൂല്യം ഒരിക്കലും പൂജ്യമാവുകയില്ല. ഒരിക്കലും അനന്തതഇന്‍ഫിനിറ്റിയും ആവുകയില്ല. ഓരോ ജോലിയിലും അത്‌ വ്യത്യസ്‌തമായിരിക്കും. അതത്‌ ജോലിയിലെ മൂല്യം കൃത്യമായി നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയുന്നവരാണ്‌ കാലത്തെ അതിശയിക്കുന്ന പാദമുദ്രകള്‍ പതിപ്പിച്ച്‌ സിവില്‍സര്‍വീസില്‍നിന്ന്‌ വിരമിക്കുന്നത്‌.

കൂടെ പറയട്ടെ, കൊച്ചിയിലെ സമ്മേളനത്തില്‍ പ്രസിഡന്‍റ്‌ ഗീത റാവു ചെയ്‌ത അധ്യക്ഷ പ്രസംഗം ഫസിലോജിക്കിനെക്കുറിച്ച്‌ ആയിരുന്നു. ഏത്‌ ജീവിത വ്യവഹാരവും ഗണിതശാസ്‌ത്രഭാഷയില്‍ അവതരിപ്പിക്കാം എന്ന്‌ ആ മഹതി പറഞ്ഞതിന്‌ നല്ല ഉദാഹരണമാണ്‌ മുകളില്‍ ഞാന്‍ വിവരിച്ച ഭരണരംഗത്തെ `ഫസിലോജിക്‌'. അക്കാര്യം ഉദാഹരണസഹിതം വിവരിച്ചപ്പോള്‍ ഗണിതശാസ്‌ത്രപ്രതിഭകള്‍ക്ക്‌ രസിച്ചു എന്ന്‌ സംതൃപ്‌തിയോടെ ഓര്‍ക്കുന്നു.

കണക്ക്‌ കൃത്യതയുടെ ശാസ്‌ത്രമാണ്‌. അതില്‍ തന്നെ സാധ്യതകളുടെ കണക്കുകൂട്ടുന്ന ഏര്‍പ്പാടും ഉണ്ട്‌ താനും. 1965ല്‍ സദേ എന്ന പണ്ഡിതനാണ്‌ ഇവ സംയോജിപ്പിച്ച്‌ ഫസിനെസ്‌ നിര്‍വചിച്ചത്‌. നിശ്ചിതത്വംസേര്‍ട്ടന്‍ടി മുപ്പതുകളില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും ഞങ്ങള്‍ കണക്ക്‌ പഠിച്ച കാലത്തെ സുനിശ്ചിതഭാവവും സാധ്യതാശാസ്‌ത്രവും പ്രോബബിലിറ്റി എന്ന്‌ സായിപ്പ്‌ സമന്വയിപ്പിച്ച്‌ മൂടല്‍മഞ്ഞിലൂടെ കാണുന്ന ദൃശ്യം പൊരുള്‍ തിരിച്ചെടുക്കുന്ന തരം `യുക്തി' സദേയുടെ `ഫസി സെറ്റ്‌സ്‌' എന്ന പ്രബന്ധത്തത്തെുടര്‍ന്നാണ്‌ അംഗീകാരം നേടിയത്‌.

കൂടെപറയട്ടെ, ഗണിതശാസ്‌ത്രത്തിലെ സ്ഥൂലഗണനംഅപ്രോക്‌സിമേഷന്‍കേരളീയ ഗണിതശാസ്‌ത്രജ്ഞര്‍ പതിനാലാം നൂറ്റാണ്ടില്‍ തന്നെ തിരിച്ചറിഞ്ഞതാണ്‌. നമ്മുടെ ഗണിതവിജ്ഞാന ചരിത്രത്തിലെ അതികായന്മാരായിരുന്ന മാധവന്‍, പരമേശ്വരന്‍ നമ്പൂതിരി, മകന്‍ ദാമോദരന്‍, നീലകണ്‌ഠന്‍ സോമയാജിപ്പാട്‌, ജ്യേഷ്‌ഠദേവന്‍ എല്ലാം ഇപ്പോള്‍ മനസ്സില്‍ തെളിയേണ്ട രൂപങ്ങളുമാണ്‌. ഇപ്പറഞ്ഞവരുടെയൊക്കെ നാടായ എറണാകുളം, തൃശൂര്‍ പ്രദേശങ്ങള്‍ ഇരിങ്ങാലക്കുട മുതല്‍ തൃപ്പൂണിത്തുറ വരെ എന്ന്‌ ഏകദേശമായി പറയാംതന്നെയാണ്‌ ഇത്തവണ വന്ദിതരായ ഗുരുക്കന്മാരുടെയും ജന്മഭൂമി എന്നത്‌ മറ്റൊരു കൗതുകം.

മാധവന്‍ പതിനാലാം നൂറ്റാണ്ടിലാണ്‌ ജീവിച്ചിരുന്നത്‌. സംഗമഗ്രാമമാധവന്‍ എന്നാണ്‌ രേഖകളില്‍. ഇരിങ്ങാലക്കുടയാണ്‌ സംഗമഗ്രാമം. മാധവന്‍ വാര്യരായിരുന്നു. എമ്പ്രാന്തിരി എന്ന്‌ പറയുന്നവരും ഉണ്ട്‌. ഏതായാലും മറ്റുള്ള കേരളീയ ഗണിതശാസ്‌ത്രജ്ഞരെ പോലെ (ശങ്കരവാര്യരും അച്യുതപിഷാരടിയും ഒഴികെ) നമ്പൂതിരി ആയിരുന്നില്ല. മാധവന്‍െറ കൃതികള്‍ ലഭ്യമാണെന്ന്‌ തോന്നുന്നില്ല. പരമേശ്വരന്‍നമ്പൂതിരിയുടെയും ദാമോദരന്‍െറയും ശേഷം വന്ന നീലകണ്‌ഠന്‍െറയും മറ്റും രചനകളായ തന്ത്രസംഗ്രഹം, ക്രിയാക്രമകാരി, യുക്തിഭാഷ, സ്‌ഫുടനിര്‍ണയം, കരണപദ്ധതി ഇവയാണ്‌ ലഭ്യം. ക്രിയാക്രമകാരി ശങ്കരവാര്യരുടേതാണ്‌. യുക്തിഭാഷയുടെ കര്‍ത്താവ്‌ ജ്യേഷ്‌ഠദേവന്‍. അച്യുതപ്പിഷാരടി സ്‌ഫുടനിര്‍ണയം ചമച്ചു. ഭാരതീയ സമ്പ്രദായത്തില്‍ പരമാചാര്യന്മാര്‍ തത്ത്വങ്ങള്‍ മാത്രമാണ്‌ പറയുക. കാച്ചിക്കുറുക്കിയ രണ്ട്‌ വരികള്‍. യുക്തിയും ഉപപത്തിയും ഒക്കെ ശിഷ്യരാണ്‌ എഴുതിയുണ്ടാക്കുന്നത്‌.

പതിനാലാം നുറ്റാണ്ടില്‍ മാധവന്‍ പറഞ്ഞുവെച്ചതാണ്‌ പില്‍ക്കാലത്ത്‌ ഗ്രിഗറി ടെയ്‌ലര്‍ സീരീസ്‌ എന്ന്‌ പാശ്ചാത്യഗണിതശാസ്‌ത്രജ്ഞര്‍ കൊണ്ടാടിയത്‌. ഇപ്പോള്‍ ഗീവര്‍ഗീസ്‌ ജോസഫിന്‍െറ ഉത്സാഹഫലമായി പേര്‌ മാറി: മാധവന്‍ഗ്രിഗറി സീരീസ്‌ എന്നാണ്‌ ഇപ്പോള്‍ ഇതറിയപ്പെടുന്നത്‌. മാധവന്‍െറ കാലം കഴിഞ്ഞ്‌ മൂന്ന്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം 1671ലാണ്‌ ഗ്രിഗറി അതേകാര്യം പറഞ്ഞത്‌ എന്ന സത്യത്തിനുള്ള അംഗീകാരമാണ്‌ ഈ പുനര്‍നാമകരണം. അതുതന്നെയാണ്‌ കാല്‍ക്കുലസിന്‍െറയും അവസ്ഥ. ന്യൂട്ടന്‍െറയും ലീപ്‌സിഗിന്‍െറയും പേരിലാണ്‌ അതറിയപ്പെടുന്നത്‌. അതിനും എത്രയോ മുമ്പാണ്‌ മധ്യകേരളത്തില്‍ അത്‌ നിര്‍വചിക്കപ്പെട്ടതും ഉപയോഗിക്കപ്പെട്ടതും.
കേരളം ഭാരതത്തിന്‍െറ ഇതരഭാഗങ്ങളില്‍നിന്ന്‌ അകന്നിട്ടാണെങ്കിലും തീരദേശത്തണഞ്ഞ പാശ്ചാത്യര്‍ വഴി നമുക്ക്‌ എന്നും വിദേശബന്ധങ്ങള്‍ ഉണ്ടായിരുന്നു. വിശേഷിച്ചും ഗാമയൂടെ വരവിന്‌ ശേഷം അത്‌ ഏറിയുമിരുന്നു. പോര്‍ചുഗീസുകാര്‍ക്കൊപ്പം കേരളം കണ്ട ജസ്വീറ്റ്‌ പണ്ഡിതന്മാര്‍ വഴി ആയിരിക്കണം നമ്മുടെ ഈ ഗണിതശാസ്‌ത്രവിജ്ഞാനം യൂറോപ്പില്‍ എത്തിയത്‌. ജസ്വീറ്റുകള്‍ കൊച്ചിയില്‍ സ്ഥാപിച്ച കോളജിന്‍െറ ലൈബ്രറി ഡച്ചുകാര്‍ 1670ല്‍ കത്തിച്ചുകളഞ്ഞു. അതുകൊണ്ട്‌ ആ വഴി ഗവേഷണം അസാധ്യമാണ്‌. പിന്നെ നൂഗിബോര്‍ സിദ്ധാന്തപ്രകാരം കണ്ടത്തെലിന്‍െറ കാലം, വാര്‍ത്താവിനിമയോപാധികളും യാത്രാസൗകര്യവും രീതിശാസ്‌ത്രസമാനതകള്‍ (ഇംഗ്‌ളീഷില്‍ പറഞ്ഞാല്‍: ക്രൊണോളോജിക്കല്‍ പ്രയോറിറ്റി, ആക്‌സസിബ്‌ള്‍ കമ്യൂണിക്കേഷന്‍, മെതഡോളജിക്കല്‍ സിമിലാരിറ്റി) എന്നീ സങ്കേതങ്ങള്‍ വഴി നമ്മുടെ അറിവാണ്‌ അവരുടേതായി വാഴ്‌ത്തപ്പെടുന്നത്‌ എന്ന്‌ തെളിയിക്കാന്‍ കഴിയണം. ഇതിനായി നമ്മുടെ പണ്ഡിതര്‍ ഏറെ ചെയ്‌തുവരുന്നു. സി.ടി. രാജഗോപാല്‍, കെ.വി. ശര്‍മ, മുകുന്ദന്‍ മാരാര്‍, ഗീവര്‍ഗീസ്‌ ജോസഫ്‌ എന്നീ പേരുകള്‍ ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്‌.

കേരളീയഗണിതവിജ്ഞാനത്തിന്‌ ലോകഗണിതവിജ്ഞാനത്തിലുള്ള അദ്വിതീയമായ പങ്ക്‌ തെളിഞ്ഞുകഴിഞ്ഞതാണ്‌. അത്‌ പാശ്ചാത്യവിജ്ഞാനത്തെ എത്ര കണ്ട്‌ സ്വാധീനിച്ചു എന്ന കാര്യത്തിലാണ്‌ ഗവേഷണം തുടരാനുള്ളത്‌. ഒപ്പം ശുദ്ധഗണിതം പഠിക്കാന്‍ നമ്മുടെ യുവതലമുറയെ പ്രോത്സാഹിപ്പിക്കാന്‍ നാം ഉത്സാഹിക്കേണ്ടതുണ്ട്‌. ഗണിതഗവേഷണത്തിന്‌ ജീവിതം ഉഴിഞ്ഞുവെക്കാന്‍ മലയാളിയുവത തയാറാകാതെ മാധവനും നീലകണ്‌ഠനും പിന്‍ഗാമികള്‍ ഉണ്ടാവുകയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക