Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (16) (ഓര്‍മ്മക്കുറിപ്പുകള്‍ അവസാനിക്കുന്നു: സരോജ വര്‍ഗ്ഗീസ്‌)

Published on 10 February, 2014
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (16) (ഓര്‍മ്മക്കുറിപ്പുകള്‍ അവസാനിക്കുന്നു: സരോജ വര്‍ഗ്ഗീസ്‌)
എന്റെ പ്രിയനുവേണ്ടി അക്ഷരങ്ങള്‍ കൊണ്ട്‌ ഞാന്‍ കൊരുക്കുന്നഹാരത്തിന്റെ അഗ്രങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടാനുള്ള സമയമായെന്ന്‌ തോന്നുന്നു.വിശാലമായ ഈ ഭൂമിയുടെ അന്ത്യം വരെകൊരുത്താലും തീരാത്തത്രപുഷപങ്ങള്‍ പൂപ്പാലികയിലൂണ്ട്‌. നമ്മുടെ സമ്പാദ്യമെന്നു ജോ വിശ്വസിക്കുന്നഞങ്ങളുടെ മകളും മകനും കൊച്ചുമക്കളും എന്റെ പ്രിയസഹോദരങ്ങളും ആത്മാര്‍ത്ഥ സ്‌നേഹിതരും എല്ലാം ഈ താലത്തിക്കുള്ള പൂക്കള്‍ശേഖരിക്കുന്നതില്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഇനി അവശേഷിക്കുന്ന പുഷപങ്ങളെകൊണ്ട്‌ എന്റെ പ്രണയകോവിലില്‍ സ്‌ഥിരപ്രതിഷ്‌ഠനേടിയിരിക്കുന്ന ആ രാജശില്‍പ്പത്തില്‍ ഞാന്‍ നിത്യേനപുഷ്‌പാര്‍ക്ലനനടത്തും. ഇപ്പോള്‍ ആ ചുണ്ടുകളില്‍പതിവുള്ള കുസൃതിചിരി വിടരുന്നുണ്ടാവാം.

അന്നുരോഗകിടക്കയില്‍വച്ച്‌ എന്നോട്‌ അങ്ങു പ്രവചിച്ച വാക്കുകളെല്ലാം അന്വര്‍ത്ഥമായിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രിയമക്കള്‍ മമ്മിയുടെ കാര്യത്തില്‍ വളരെ കരുതലുള്ളവരായിതന്നെ തുടരുന്നു. മകളുടെ ആ്ര്രഗഹപ്രകാരം ഞാന്‍ അവളുടെ നാട്ടിലേക്ക്‌ താമസം മാറ്റാത്തതില്‍ അവള്‍ക്ക്‌ പ്രയാസമുണ്ടെന്ന്‌ തോന്നുന്നു. നമ്മുടെ പ്രവാസജീവിതം ഈ നൂയോര്‍ക്കിലല്ലേ നമ്മള്‍ ആരംഭിച്ചത്‌.നമ്മുടെ സുഖ ദു:ഖങ്ങളും പരിഭവങ്ങളും പൊട്ടിച്ചിരികളും ചുടുനിശ്വാസ്വങ്ങളും തങ്ങിനില്‍ക്കുന്നുത്‌ ഈ കൊച്ചുവീട്ടിലല്ലേ?. എന്റെ പ്രിയപ്പെട്ടവന്റെ ഗന്ധം മുട്ടിനില്‍ക്കുന്ന ഈ ഭവനം എന്റെ പര്‍ണ്ണാ്ര്രശമം അല്ലേ? തല്‍ക്കാലം ഞാനിത്‌ ഉപേക്ഷിക്കുന്നില്ല.കൊച്ചുമക്കള്‍ അപ്പച്ചനെ നിത്യവും സ്‌മരിക്കുന്നുണ്ട്‌. ഒരു പക്ഷെ ഇന്ന്‌ അപ്പച്ചന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഒരുവലിയവല്ല്യപ്പച്ചന്‍ ആകുമായിരുന്നു എന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്‌.. പുന്നാരകൊച്ചുമോള്‍ ഈ വര്‍ഷം ഗ്രാജുവേറ്റ്‌ ചെയ്യുകയല്ലേ. അപ്പച്ചനു ഏറ്റവും താല്‍പ്പര്യം ഉള്ള പൊളിറ്റിക്കല്‍ സയന്‍സ്‌ തന്നെയാണു അവളും ഐച്‌ഛിക വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്‌. അമ്മാച്ചന്റെ പാതകളെ പിന്തുടര്‍ന്ന്‌ അവള്‍ ആ മേഖലയില്‍ സജീവമായി പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഒരിക്കല്‍ അമ്മാച്ചനേയും (നമ്മുടെ മജു മോന്‍) അനിന്തരവളേയും ഒരുമിച്ച്‌ നമുക്ക്‌, ജോക്ക്‌ ഏറ്റവും പ്രിയപെട്ട ചാനലായ സി.എന്‍ എന്നില്‍ കാണാം.

മകനും കുടുംബവും തലസ്‌ഥാനനഗരിയായ വാഷിംഗ്‌ടണില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു.കൊച്ചുമോനും ആ ജീവിതവുമായി വളരെ പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മുടെ മകനോടൊപ്പം വൈറ്റ്‌ ഹൗസിലെ കാബിനെറ്റ്‌ മുറി, ഓവല്‍ ഓഫിസ്‌, സിറ്റുവേഷന്‍ മുറി, ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍റ്റ്‌ ഹാള്‍, പ്രസ്സ്‌മുറി, എല്ലാം സന്ദര്‍ശിച്ചപ്പോള്‍ ഉള്ളില്‍ ഉയര്‍ന്ന്‌ വന്ന അഭിമാനത്തോടൊപ്പം ഡാഡിയുടെ സാന്നിധ്യം ഇല്ലാതെപോയല്ലോ എന്ന സത്യം നിഷേധിക്കാനായില്ല. കൊച്ചുമകന്‍ അവിടെ വച്ച്‌ പല തവണ അപ്പച്ചന്റെ അസാന്നിധ്യം സ്‌മരിച്ചു. അപ്പോള്‍ എന്റെമുഖത്തെ മ്ലാനത കണ്ടിട്ടാവണം ആ കുരുന്ന്‌ ഓടിവന്ന്‌ എന്നെ ആലിംഗനം ചെയ്‌ത്‌ നിഷക്കളങ്കമായ സ്‌നേഹചുംബനങ്ങളാല്‍ ആശ്വസിപ്പിച്ചു.

നമ്മുടെ കുടുംബകൂട്ടായ്‌മകളില്‍, പ്രത്യേകിച്ച്‌ ജോയ്‌ച്ചായന്റെ പ്രിയ അളിയന്മാരും, മരുമക്കളും ഒക്കെയായി ചീട്ടുകളിക്കാനിരിക്കുമ്പോള്‍ അതിനു ചൂടുപകരുന്ന ക്ലാസ്സുകള്‍ നിറയുമ്പോള്‍ അവര്‍ക്ക്‌ നഷ്‌ടപ്പെട്ട ജോയ്‌ച്ചായനെ ഓര്‍ത്ത്‌ എല്ലാവരും അല്‍പ്പം മൗനം പാലിക്കാറുണ്ട്‌.

ജോ ഒരു സൗന്ദര്യാരാധകനായിരുന്നു. മോടിയില്‍ വസ്‌ത്രങ്ങള്‍ ധരിക്കുന്നതും സുഗന്ധങ്ങള്‍ വാരിപൂശുന്നതും വളരെപ്രിയമായിരുന്നു. എന്നാലും സ്വയം വസ്ര്‌തങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെക്കാള്‍ ആ ജോലി എന്നെ ഏല്‍പ്പിക്കയാണുപതിവ്‌. ഞാന്‍ ഉടുത്തൊരുങ്ങുമ്പോള്‍ അത്‌ നന്നാകാറുണ്ടു അത്‌കൊണ്ട്‌ അതില്‍മാറ്റങ്ങള്‍വരുത്തേണ്ട എന്നാണു അദ്ദേഹം പറയാറ്‌. എന്നാല്‍ പുറത്ത്‌ പോകാന്‍ ഒരുങ്ങുമ്പോഴൊക്കെ അദ്ദേഹം ധരിച്ചു വരുന്നടൈയും ഷര്‍ട്ടും ഞാന്‍ മാറ്റിക്കാറുണ്ട്‌.അതില്‍ ഒരു പരിഭവവും ഉണ്ടായിരുന്നില്ല. ഞാന്‍ ഒരുങ്ങുന്നത്‌ നിനക്ക്‌ വേണ്ടിയല്ലെ, നമ്മള്‍ പരസ്‌പരം നമുക്ക്‌വേണ്ടിയല്ലേ എന്നൊക്കെ ചിലപ്പോള്‍ ശ്രംഗാരം പറയാറുമുണ്ട്‌. മരണം വരെ ചില്ലറ സൗന്ദര്യപിണക്കങ്ങളല്ലാതെ ഞങ്ങള്‍ വഴക്കിട്ടിട്ടില്ല. ഇത്‌ ഒരു പക്ഷെ അവിശ്വസിനീയമായി തോന്നാമെങ്കിലും അതാണു പരമാര്‍ഥം. വളരെ സ്‌നേഹസമ്പന്നനായ വളരെ കരുതലും, ശ്രദ്ധയും എനിക്ക്‌ വേണ്ടിചൊരിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അകാല നിര്യാണം അത്‌കൊണ്ട്‌ കൂടുതല്‍ വേദനാജനകമായി. എന്റെ ഹ്രുദയമിടിപ്പുകള്‍ക്കൊപ്പം ഞാന്‍ കേള്‍ക്കുന്നത്‌ ജോ എന്ന ശബ്‌ദമാണ്‌്‌. അത്‌ എനിക്കും ചുറ്റും നിറഞ്ഞുനില്‍ക്കുന്നു.ഒരു വിധവയുടെ വേഷം എനിക്ക്‌ധരിക്കണമെന്നില്ലാത്തത്‌ അത്‌ എന്റെ ജോക്ക്‌ ഇഷ്‌ടമാകില്ലെന്നറിയുന്നത്‌ കൊണ്ടാണു്‌. ജോമരിക്കുന്നതിനുമുമ്പത്തെ ഓശാന പെരുന്നാളിനു ഞാന്‍ പള്ളിയിലേക്ക്‌ പോകാന്‍തയ്യാറയപ്പോള്‍ ജോ അന്ന്‌ വയ്യാതെ കിടക്കയായിരുന്നു. ജോ ഇല്ലാത്തത്‌കൊണ്ട്‌വസ്ര്‌തധാരണത്തിലൊന്നും ഞാന്‍ ശ്രദ്ധാലുവായിരിുന്നില്ല. എന്നാല്‍ ജോ അന്ന്‌ പറഞ്ഞു ആ സാരിവേണ്ട.കുരുത്തൊലപെരുന്നാളിനുടുക്കാന്‍ നമ്മള്‍ ഇയ്യിടെ നാട്ടില്‍നിന്നും വരുത്തിച്ച ഇളം പച്ച നിറമുള്ളസാരിധരിക്കൂ. ജോയുടെ ഇഷ്‌ടത്തിനു ഞാന്‍ ഒരുങ്ങി വന്നപ്പോള്‍ ജോ പറഞ്ഞു `ഇങ്ങോട്ട്‌ നീങ്ങിനിന്നേ'പിന്നെ ഒരു നൂറുമാര്‍ക്ക്‌ തരുന്നപോലെ വിടര്‍ന്ന ചിരി. ഇപ്പോള്‍ കണ്ണാടിക്ക്‌ മുന്നില്‍നിന്ന്‌ ഒരുങ്ങികഴിയുമ്പോള്‍ ഞാന്‍ ജോയുടെ ചില്ലിട്ട ചിത്രത്തിനുമുന്നില്‍ പോയിനില്‍ക്കുന്നു. നിശ്ശബ്‌ദം, നിരാശപൂര്‍വ്വം.അതേ ജോക്ക്‌ വേണ്ടി എനിക്ക്‌ ഒരുങ്ങേണ്ടിയിരിക്കുന്നു.എന്റെയാത്രകള്‍ എന്നെ ഒരിക്കല്‍ അവന്റെ അരികില്‍ എത്തിക്കും.എന്നെ കാത്തിരിക്കുന്ന ജോ അപ്പോള്‍പറയും `ഇങ്ങോട്ടുനീങ്ങിനിന്നേ' ആ ശബ്‌ദം എന്റെ കാതില്‍ ഇപ്പഴേമുഴങ്ങുന്നു.

ആത്മാര്‍ഥ്‌മായിനമ്മുടെ കുടുംബത്തെസ്‌നേഹിക്കുകയും നാം പൂര്‍ണ്ണമായി വിശ്വസിക്കുകയും ചെയ്യുന്നനമ്മുടെ പ്രിയ സുഹ്രുത്തുക്കള്‍ `എന്റെ അമ്മിണി' എന്ന്‌ ജോ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന അമ്മിണിയും പാപ്പച്ചനും എപ്പോഴും എന്നോട്‌ ഒപ്പം ഉണ്ട്‌. അവരുടെ സഹോദര തുല്യമായസ്‌നേഹം എന്നും ഞാന്‍ അനുഭവിക്കുന്നു.അത്‌പോലെതന്നെ നമ്മുടെ സുഹ്രുത്തുക്കളായ കുഞ്ഞുമോളും, ജോണ്‍ പോളും എല്ലാം എന്റെ അംഗരക്ഷകരായി തന്നെ തുടരുന്നു.

എന്റെ സാഹിത്യാഭിരുചിക്ക്‌ തുടര്‍ച്ചയായി പ്രചോദനം നല്‍കികൊണ്ടിരുന്ന ജോയുടെ അനുഗ്രഹാസ്സിസ്സുകള്‍ എന്നും എന്നോടൊപ്പമുണ്ട്‌ എന്ന്‌ ഞാന്‍ വിശ്വസിച്ചുകൊണ്ട്‌ അത ്‌തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരു നീണ്ട ഇടവേളക്ക്‌ശേഷം ഏകാന്തതയുടെ തടവറയില്‍നിന്നും ഞാന്‍ നമ്മുടെ സമൂഹത്തിന്റെ മധ്യത്തിലേക്ക്‌ അല്‍പ്പാല്‍പ്പമായി ഇറങ്ങിതുടങ്ങി. കേരളസമാജം, കേരളസെന്റര്‍, ലാന, എന്നിവയില്‍ സജീവമായി ഞാന്‍ പങ്കെടുത്തുതുടങ്ങി അങ്ങയുടെ സാന്നിധ്യവും അനുഗ്രഹവും എന്നോട്‌ കൂടി ഉണ്ടായിരിക്കുമെന്ന്‌ പൂര്‍ണ്ണ വിശ്വാസം എനിക്കുണ്ട്‌.

ഇനി ഞാനെന്താണൂ പറയേണ്ടത്‌. 47 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നമ്മുടെ പ്രഥമ രാത്രിക്ക്‌ വേണ്ടി നമ്മുടെ മുറിയുടെ വാതില്‍ ആരോ അടച്ചു. ഇന്ന്‌ എന്റെ പ്രിയന്‍ തനിച്ച്‌ വിശ്രമിക്കുന്ന ആ മുറിയുടെ വാതില്‍ ആരൊക്കൊയേ ചേര്‍ന്ന്‌ എനിക്ക്‌ വേണ്ടി ഒരു നാള്‍ തുറക്കും. അങ്ങയുടെ അടുത്തേക്ക്‌ഞാന്‍ ഇറങ്ങിവരും. ആരോ നമ്മുക്ക്‌ വേണ്ടി ആ വാതിലടക്കും.പിന്നീട്‌ ഒരിക്കലും ആ വാതില്‍തുറക്കപ്പെടുകയില്ല..നമ്മുടെ മുറിയുടെ വാതുക്കല്‍ ഇപ്പോള്‍ ജോയുടെ പേരുമാത്രം കൊത്തിവച്ചിരിക്കുന്നു. ആമാര്‍ബിള്‍ കല്ലില്‍ എന്റെ പേരു കൂടി ആലേഖനം ചെയ്യപ്പെടും. നമുക്ക്‌ തണലേകിപടര്‍ന്ന്‌ നില്‍ക്കുന്ന ചുവന്ന ഇലകളുള്ള ആ പൂമരം എല്ലാ വസന്തത്തിലും നമുക്ക്‌ പുഷ്‌പവ്രുഷ്‌ടി നടത്തും. അതിന്റെകൊമ്പുകളില്‍ ഇരുന്ന്‌ ഇണക്കിളികള്‍ നമുക്ക്‌വേണ്ടി പ്രേമഗാനം ആലപിക്കും. അത്‌കേട്ട്‌ നമുക്ക്‌ സുഖമായുറങ്ങാം. ഞാന്‍ വരും, എന്റെ പ്രിയനേ.. കാത്തിരിക്കൂ....

(അവസാനിക്കുന്നു)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (16) (ഓര്‍മ്മക്കുറിപ്പുകള്‍ അവസാനിക്കുന്നു: സരോജ വര്‍ഗ്ഗീസ്‌)പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (16) (ഓര്‍മ്മക്കുറിപ്പുകള്‍ അവസാനിക്കുന്നു: സരോജ വര്‍ഗ്ഗീസ്‌)പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (16) (ഓര്‍മ്മക്കുറിപ്പുകള്‍ അവസാനിക്കുന്നു: സരോജ വര്‍ഗ്ഗീസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക