Image

ചായ കോപ്പയിലെ കാറ്റും മോഡിയുടെ മഞ്ഞ വിപ്ലവവും

അനില്‍ പെണ്ണുക്കര Published on 14 February, 2014
ചായ കോപ്പയിലെ കാറ്റും മോഡിയുടെ മഞ്ഞ വിപ്ലവവും
മോഡി ഒരു സംഭവമാണെന്നു ഓരോ ദിവസവും തെളിയിക്കുകയാണ്. മോഡി ഇന്ത്യയുടെ പ്രധാന മന്ത്രി ആകും എന്ന് തന്നെയാണ് മോഡിയും കുട്ടരും വിചാരിക്കുന്നത്. പക്ഷെ മോഡിയെ പ്രധാനമന്ത്രി ആക്കാന്‍ ഓടിനടക്കുന്ന മറ്റൊരു കുട്ടര്‍ ഇന്ത്യയില്‍ ഉണ്ട്. അവരെ കോര്‍പ്പറേറ്റുകള്‍ എന്ന് പറയും. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി ജെ പി പ്രഖ്യാപിച്ചതിന്റെ അണിയറ രഹസ്യങ്ങള്‍ ഇവര്‍ക്കെ അറിയൂ.

സൈബര്‍ ലോകത്തെ യുവ ഹിന്ദുത്വവാദികളും  ഇന്ത്യയിലെയും വിദേശത്തെയും കാലാള്‍പ്പടയും ഇപ്പോള്‍ ആവേശഭരിതരായിട്ടുണ്ട്.  അവര്‍ ഹിന്ദു ഹൃദയസമ്രാട്ടിനെ ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്ന തിരക്കിലാണ്. അവരുടെ ജീവിതമാര്‍ഗ്ഗമാകെ കുറേക്കൂടി ലിബറല്‍ സ്വഭാവമാഗ്രഹിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.  ഈ കോര്‍പ്പറേറ്റുകളെല്ലാം മോഡിയെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.

വ്യത്യസ്തമായ രണ്ടുതരം വിഭാഗങ്ങളുടെ ആഗ്രഹങ്ങളെ സഫലീകരിക്കാനാകുന്ന അത്ഭുത മനുഷ്യനാണോ നരേന്ദ്രമോഡി എന്ന ചോദ്യമുണ്ട്.  ഹിന്ദുത്വത്തിന്റെ കാലാള്‍പ്പട നിരവധി നൂറ്റാണ്ടുകള്‍ പിന്നിലേക്ക് ഇന്ത്യയെ നയിക്കണമെന്നാഗ്രഹിക്കുന്നു. രാജ്യത്തിന്റെ ആരോഗ്യത്തിന്റെ അളവുകോല്‍ കോര്‍പ്പറേറ്റുകളുടെ ലാഭസാധ്യതകളും അതിനെ ആശ്രയിച്ചുനില്‍ക്കുന്ന ശമ്പളപ്പൊതികളുമാണെന്ന് പുതുതലമുറയിലെ മോഡി ഭക്തര്‍ ചിന്തിക്കുന്നു.

ഇരുകൂട്ടരേയും ഒരേ സമയം തൃപ്തിപ്പെടുത്താന്‍ മോഡിക്കു കഴിയുമോ? പ്രധാനമന്ത്രിപദം കൈവന്നാല്‍പോലും നരേന്ദ്രമോഡിക്ക് ഇതിലൊന്നുപോലും ഉറപ്പുവരുത്താനാവില്ല. എതിരാളികളുടെ ദുര്‍ഭരണത്തോടുള്ള എതിര്‍പ്പിന്റെ ഭാഗമായി, കോണ്‍ഗ്രസ്സിന്റെ കഴിഞ്ഞ ഒരു ദശകത്തിലെ അഴിമതിയുടെയും കഴിവുകേടിന്റെയും ഫലമായി ജനങ്ങള്‍ മോഡിയെ ജയിപ്പിച്ചെങ്കിലേ ഇതിന് സാധ്യതയുള്ളു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി സ്വപ്‌നം കാണുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് നടപ്പാക്കുന്ന നയങ്ങള്‍ ''മഞ്ഞവിപ്ലവത്തിലൂടെ' പ്രായോഗികമാക്കുന്നയാളായിരിക്കും നരേന്ദ്രമോഡി.  മോഡി വികസനനായകനായി വേഷം കെട്ടുന്നതിന്റെ യുക്തിയും മറ്റൊന്നുമല്ല.  യഥാര്‍ത്ഥത്തില്‍ വന്‍കിട ബിസിനസ്സുകാര്‍ക്ക് ഹെക്ടര്‍ കണക്കിന് ഭൂമി പതിച്ചു നല്‍കുകയാണ് വികസനപ്രവര്‍ത്തനമെന്ന പേരില്‍ മോഡി ചെയ്തിട്ടുള്ളത്. വികസനം വരാനിരിക്കുന്ന പ്രദേശങ്ങളെക്കുറിച്ച് നേരത്തെ വിവരം ലഭിക്കുന്നത് റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാര്‍ക്കാണ്. ഭൂമികച്ചവടത്തിലെ ലാഭത്തിന്റെ വലിയൊരു വിഹിതം പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് എത്തിച്ചേരുന്നത്.

മോഡി വിജയകരമായി മുന്നോട്ടു വെക്കുന്ന കടുപ്പമേറിയ കോക്ക്‌ടെയിലിന്റെ പ്രത്യേകത ഒരേസമയം ഉയര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലെ മധ്യവര്‍ഗ്ഗത്തിന്റെ വികസനസ്വപ്‌നങ്ങളെയും, അര്‍ധനാഗരികരും അര്‍ധസാക്ഷരരുമായ ബഹുജനങ്ങളെയും മധ്യകാല ഹിന്ദുരാഷ്ട്രത്തിലേക്ക് എത്തിക്കാനാകുമെന്നതാണ്. മിത്തുകളിലെ ദേവീദേവന്മാരുടെ ചിത്രം വരയ്ക്കാത്തതും മാട്ടിറച്ചി കിട്ടാത്തതുമായ ഒന്നായിരിക്കും വരാനിരിക്കുന്ന ഹിന്ദു രാഷ്ട്രം.

മോഡിയിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരന്‍ തിരിച്ചറിഞ്ഞ സുപ്രധാനമായ രാഷ്ട്രീയ പ്രശ്‌നമുണ്ട്.  ഇന്ത്യയെപ്പോലെ വിവിധ വംശങ്ങളും ഭാഷകളും സംസ്‌കാരവുമുളള വലിയൊരു രാജ്യത്തില്‍ ഉയര്‍ന്നു വരുന്ന മധ്യവര്‍ഗ്ഗമോ യാഥാസ്ഥിതിക ഹിന്ദുക്കളോ മാത്രം യോജിച്ചതുകൊണ്ട് ഭരണം പിടിച്ചെടുക്കുക സാധ്യമല്ല എന്നതാണത്. അതുകൊണ്ട് മോഡിക്കും മതേതര നാട്യം ആവശ്യമായിവരുന്നു.

തന്റെ റാലികളില്‍ എത്തിച്ചേരുന്ന മുസ്ലീങ്ങള്‍ക്ക് ബുര്‍ഖയും മുഖാവരണങ്ങളും വിതരണം ചെയ്യുന്ന നരേന്ദ്രമോഡി നിര്‍വ്വഹിക്കുന്നത് ഈ ദൗത്യമാണ്.  സൂക്ഷ്മമായി രൂപപ്പെടുത്തിയിട്ടുള്ള ഗീബല്‍സിയന്‍ പ്രചാരണത്തിന്റെ ടെലിവിഷന്‍ പ്രളയത്തില്‍ ബുര്‍ഖയും മുഖാവരണവും ധരിച്ച മുസ്ലീം സ്ത്രീകളും താടി നീട്ടിയ പുരുഷന്മാരും 'ഹിന്ദുഹൃദയസമ്രാട്ടിനെ' വരവേല്‍ക്കുന്ന ദൃശ്യങ്ങള്‍ സുലഭമാണ്.

മോഡിയുടെ പരസ്യച്ചുമതലയുള്ള കമ്പനികളും പബ്ലിക്‌റിലേഷന്‍ വിഭാഗങ്ങളും ഉപദേശിച്ചതനുസരിച്ച് ആവര്‍ത്തിക്കപ്പെടുന്ന ദൃശ്യബിംബങ്ങളുടെ ഫലമെന്താണെന്ന് അറിയേണ്ടിയിരിക്കുന്നു.  കോര്‍പ്പറേറ്റുകളില്‍ നിന്ന് നിര്‍ലോഭം ലഭിക്കുന്ന പണമാണിതിന്റെ അടിസ്ഥാനം.  മോഡിയുടെ ഭരണം കോര്‍പ്പറേറ്റുകള്‍ക്കു നല്‍കിയ സൗജന്യങ്ങള്‍ക്കുള്ള പ്രതിഫലമാണിത്. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയതിലൂടെ ഒരൊറ്റവെടിക്ക് രണ്ടു പക്ഷിയെ വീഴ്ത്തുന്ന ദൗത്യമാണ് ആര്‍ എസ്സ് എസ്സും അതിന്റെ രാഷ്ട്രീയ മുഖമായ ബി ജെ പി യും നിര്‍വ്വഹിച്ചിട്ടുള്ളത്.

 മോഡിയെ സംബന്ധിച്ചിടത്തോളം 2002 ലെ ഗോധ്ര കലാപശേഷം ഗുജറാത്തില്‍ നടന്നിട്ടുള്ള കൊലപാതകങ്ങളുടെയും കൊള്ളയുടെയുമൊക്കെ പേരില്‍ ഒരു ഡസനിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് വിവിധ ഏജന്‍സികളുടെ അന്വേഷണത്തിലിരിക്കുകയാണ്. മുസ്ലീങ്ങളെ വ്യാജ ഏറ്റുമുട്ടലുകളില്‍പെടുത്തി കൊലപ്പെടുത്തിയ കേസുകളും ഇതിലുണ്ട്.  പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള മോഡിയുടെ ഉയര്‍ച്ച ഈ അന്വേഷണ ഏജന്‍സികള്‍ക്കെല്ലാമുള്ള ഒരു മുന്നറിയിപ്പാണ്. 

തനിക്കെതിരെ ശബ്ദിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആരോടും പകപോക്കുന്നയാള്‍ എന്ന മോഡിയുടെ രീതി സിബിഐ, എസ് ടി എഫ്, എസ് ഐ ടി തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ഐ പി എസ് ആഫീസര്‍മാരെ ഭയപ്പെടുത്തുന്നതിനും ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംശയത്തിന്റെ മുനയില്‍ നിന്നു മാറ്റിനിര്‍ത്തുന്നതിനും സഹായിക്കുന്നമെന്നാണ് കണക്കുക്കൂട്ടല്‍.

ചായ കോപ്പയിലെ കാറ്റും മോഡിയുടെ മഞ്ഞ വിപ്ലവവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക