Image

ഒരു പഴയകൃതി വായിച്ചപ്പോള്‍ (ഡി. ബാബു പോള്‍)

ഡി. ബാബു പോള്‍ Published on 19 February, 2014
ഒരു പഴയകൃതി വായിച്ചപ്പോള്‍ (ഡി. ബാബു പോള്‍)

ചാവറ കുര്യാക്കോസ് ഏലിയാസ് കത്തനാര്‍ എന്ന് മലയാളികള്‍ കേട്ടിരിക്കും. ഒരു പുരുഷായുസ്സില്‍ ചെയ്യാവുന്നതിലേറെ ഫലകാംക്ഷയില്ലാതെ നിര്‍വഹിച്ച മഹാനായിരുന്നു അദ്ദേഹം. ഭബദ്ധന്മാര്‍ക്ക് വിടുതലും കുരുടന്മാര്‍ക്ക് കാഴ്ചയും' ഉറപ്പുവരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആ യജ്ഞത്തിന് ഓജസ്സ് പകര്‍ന്നതാകട്ടെ തന്റെ അന്തരാത്മാവിനെ ആകെ ഗ്രസിച്ചുനിന്ന ആധ്യാത്മികതയും.

ജീവിത സായാഹ്നത്തില്‍ സ്വജീവിതാനുഭവങ്ങള്‍ പുനര്‍വായനക്ക് അദ്ദേഹം വിധേയമാക്കിയപ്പോള്‍ മലയാളഭാഷക്ക് അത്യുദാത്തമായ ഒരു കൃതി സംലബ്ധമായി. അതാണ് ആത്മാനുതാപം. ശരണാഗതി എന്ന് ഭാരതീയജ്ഞാനം വിവരിക്കുന്ന മാനസികാവസ്ഥയാണ് മൗലികമായി ഈ കൃതിയെ അടയാളപ്പെടുത്തുന്ന ഭാവം.

ഈ കൃതി ഒരേസമയം െ്രെകസ്തവവും ഭാരതീയവും ആയ ആധ്യാത്മികത്വരയെ അടയാളപ്പെടുത്തുന്നു. തന്നെ അനുഗമിക്കുന്നവന്‍ സ്വന്തം കുരിശ് എടുത്തുകൊണ്ട് തന്നെ പിന്‍പറ്റണം എന്ന് പറഞ്ഞവന്‍ നിര്‍ദേശിക്കുന്ന ശരണാഗതിയാണ് ഭആത്മാനുതാപ'ത്തില്‍ നാം കണ്ടത്തെുന്നത്.
ക്രിസ്തുവാക്യത്തിലെ ബിംബകല്‍പന ക്രിസ്തുവിന്റെ ഇഹലോകവാസത്തിന്റെ അന്ത്യനാഴികകളില്‍ അറംപറ്റിയതാണ്. വധശിക്ഷക്ക് വിധിക്കപ്പെടുന്നവന്‍ തന്നെ ഏറ്റാനുള്ള കുരിശ് എടുത്തുകൊണ്ട് ശതാധിപന്റെ പിറകെ നടക്കുന്നവനാണ്. ശതാധിപനാണ് വഴി നിശ്ചയിക്കുന്നത്. ശതാധിപനാണ് നടക്കുന്നതിനിടയില്‍ നില്‍ക്കണമോ എന്ന് നിശ്ചയിക്കുന്നത്. ശതാധിപന്‍ നല്‍കുന്ന സ്വാതന്ത്ര്യം മാത്രമാണ് കുരിശെടുക്കുന്നവന് ലഭ്യമാകുന്ന സ്വാതന്ത്ര്യം. അതാണ് സമ്പൂര്‍ണ സമര്‍പ്പണം. എന്റെ വണ്ടിയില്‍ ക്രിസ്തുവിന് ലിഫ്റ്റ് കൊടുത്താല്‍ വണ്ടി മറിയാതിരിക്കും എന്ന് കരുതി പിന്‍പറ്റുന്നവന്‍േറത് സമര്‍പ്പണമല്ല.

കൗശലത്തിന്റെ ഉദാത്തഭാവം എന്നാണ് അതേപ്പറ്റി പരമാവധി പറയാനാവുക. വിഭീഷണന്‍ ശ്രീരാമപക്ഷത്തേക്ക് കൂറുമാറിയത് ശരണാഗതിയായി വിശേഷിപ്പിക്കപ്പെടുന്നത് അത് ധര്‍മബോധത്തില്‍നിന്ന് ഉളവായ ഒരു തെരഞ്ഞെടുപ്പാണ് എന്നതിനാലാണ്. ഭാരതീയസങ്കല്‍പത്തിലെ ഗാണപത്യ ചിന്തയും ഈ ശരണാഗതിയുടെ മറ്റൊരു ഭാവമാണ്.

ആനയെ അനുധാവനം ചെയ്യുന്നവന് ആന വഴി തെളിക്കും. പിന്‍കാലുയര്‍ത്തി ചവിട്ടാത്ത മൃഗമാണ് ആന. ചാവറയച്ചന്റെ വരികളില്‍ ഈ ഭാവങ്ങളെല്ലാം മാറിമാറി യഥോചിതം തെളിയുന്നുണ്ട്. ഭഊനം കൂടാതെ ഭൂമിയില്‍ മേവുവാന്‍ ഊനഹീനമാം കാവല്‍ തന്ന'വന് കവി മാനവും മഹത്വവും സമര്‍പ്പിക്കുന്നു.

സ്വന്തം അമ്മക്ക് എത്ര വാത്സല്യം ഉണ്ടായാലും എല്ലാറ്റിനും പോന്ന ശക്തി ഉണ്ടാവുകയില്‌ളെന്ന് കവി തിരിച്ചറിയുന്നു. ആ തിരിച്ചറിവ് വരച്ചിടുന്ന ഉറക്കിക്കിടത്തിയവള്‍ പോകുമ്പോള്‍ ഉറക്കഹീനനായൊരിയാള്‍ കാക്കും എന്ന വരികള്‍ കാണുമ്പോള്‍ പണ്ടുപണ്ട് മറ്റൊരു കവി കുറിച്ചത് ഓര്‍മവരും. ദൈവജനത്തിന്റെ കാവല്‍ക്കാരന്‍ ഉറക്കം തൂങ്ങുന്നുമില്ല, ഉറങ്ങുന്നുമില്ല. വനവാസത്തിന് പുറപ്പെട്ട മകനെ സര്‍വശക്തന്റെ സംരക്ഷണത്തിന് സമര്‍പ്പിക്കുന്ന കൗസല്യ എന്ന മാതാവിനെയും ഓര്‍മ വരും: എന്‍മകനാശു നടക്കുന്ന നേരവും കല്മഷം തീര്‍ന്നിരുന്നീടുന്ന നേരവും തന്മതികെട്ടുറങ്ങീടുന്ന നേരവും സമ്മോദമാര്‍ന്ന് രക്ഷിച്ചീടുക.

അതേസമയം ഈ സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ അനുഭവത്തിലേക്ക് കൈ പിടിച്ചുനടത്തിയ അമ്മയെ എത്ര ചാരുതയോടെയാണ് കവി അവതരിപ്പിക്കുന്നത് എന്ന സംഗതിയും ശ്രദ്ധിക്കാതെ വയ്യ. സ്വമാതാവിനെ നമസ്‌കരിക്കുന്ന കവി സന്യാസിയായിരുന്നെങ്കിലും അസ്മാദൃശന്മാരായ ഗൃഹനാഥന്മാരോട് തന്റെ വാക്കുകളിലൂടെ നല്‍കുന്ന ഉപദേശം ആ ശവകുടീരത്തില്‍ നിന്നുള്ള ഒരു ഗിരിപ്രഭാഷണം തന്നെയാണ്.

തുടര്‍ന്നുള്ള ഖണ്ഡങ്ങളില്‍ നാം വായിക്കുന്നത് ഉന്നതമായ ചിന്തകളെ സുതാര്യമായ ശൈലിയില്‍ സന്നിവേശിപ്പിക്കുന്ന കവിവചസ്സുകളാണ്. അവിടെയൊക്കെ സുവിശേഷസത്യങ്ങളും ഐതിഹ്യമാലകളും സാരോപദേശങ്ങളും ആത്മാനുതാപത്തിന്റെ അനുധ്യാന ചിന്തകളും എല്ലാം മനോഹരമായ പൂമാലയില്‍ പൂക്കളും ഇടക്കിടെ ചെറുനാരങ്ങയും ചേര്‍ത്തുവെക്കുന്ന ആ പഴയ സമ്പ്രദായത്തെ ഓര്‍മിപ്പിക്കുന്നു. ശുഭ്രസുന്ദരമായ മുല്ലപ്പൂക്കളും സുവര്‍ണശോഭനമായ ചെറുനാരങ്ങകളും ആ പഴയ കാലത്തെ ഹാരങ്ങളില്‍ സഹവര്‍ത്തിക്കുന്നത് കാണുമ്പോള്‍ മനുഷ്യനിര്‍മിതമായ ഒരു കലാവസ്തു എന്നതിനപ്പുറം ഈശ്വരനിര്‍മിതമായ ഒരു ചേതോഹരസൃഷ്ടി എന്നായിരുന്നുവല്‌ളോ തോന്നിയിരുന്നത്.

ജീവിതസായാഹ്നത്തില്‍ നടന്നുകയറിയ വഴികളിലേക്ക് തിരിഞ്ഞുനോക്കി നടത്തിയവനെയും നടത്തുവാന്‍ അവന്‍ ആയുധമാക്കിയവരെയും വന്ദിച്ചുകൊണ്ടും പഠിച്ച പാഠങ്ങള്‍ പങ്കുവെച്ചുകൊണ്ടും പറ്റിയതെറ്റുകള്‍ ഔചിത്യപൂര്‍വം അനുസ്മരിച്ചുകൊണ്ടൂം വാചാലരാകുന്ന മിസ്റ്റിക്കുകളില്‍ ഒരാളായി നാം ചാവറയച്ചനെ തിരിച്ചറിയുന്നു ഈ പുസ്തകം മടക്കുമ്പോള്‍.

ഭാഷാശുദ്ധി അത്ര പോരാ എന്നും ഛന്ദസ്സ് അനുകൂലമായില്ല എന്നും ഭാഷാനിരൂപകര്‍ തിരിച്ചറിയുന്ന ഇടങ്ങള്‍ ഈ രചനയില്‍ ഉണ്ട്. എന്നാല്‍, അനുവാചകന്‍ അത് ശ്രദ്ധിക്കുന്നില്ല. അത്ര നിറഞ്ഞതാണ് കവിയുടെ ആധ്യാത്മികതേജസ്സ്. മൂത്താമ്പാക്കല്‍ കൊച്ചൂഞ്ഞുപദേശിയുടെ കീര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്.

ഗ്രാമീണചാരുതയേക്കാള്‍ ഗ്രാമ്യഭാഷയുടെ അലോസരം ആ കീര്‍ത്തനങ്ങളില്‍ അസുലഭമല്ല. എന്നാല്‍, ആ ഗാനങ്ങള്‍ നല്‍കുന്ന ധ്യാനഭാവം ഛന്ദസ്സിനോ അലങ്കാരത്തിനോ സാമാന്യവ്യാകരണത്തിനോ പ്രദാനം ചെയ്യാന്‍ കഴിയുന്നതല്ല. ഈ കൃതിയും അവശേഷിപ്പിക്കുന്നത് ഈശ്വരസാന്നിധ്യത്തെക്കുറിച്ചുള്ള ഒരേ സമയം തീക്ഷ്ണവും സുന്ദരവും ആയ അവബോധം ആകുന്നു. അതാണ് അതിന്റെ മഹത്വം. അതിനിടെ വ്യാകരണവും അലങ്കാരവും തിരയുന്നത് രസികലക്ഷണമല്ല. കൃതിയുടെ ആത്മാവാണ് ശരീരത്തേക്കാള്‍ പ്രധാനം.

ആത്മാവ് ഈശ്വരനോട് സംവദിക്കുന്നതിനെയാണ് നാം പ്രാര്‍ഥന എന്ന് വിളിക്കുന്നത്. ദൈവം സ്‌നേഹമാണ്. ആ സ്‌നേഹം സ്വയം ശൂന്യവത്കരിക്കുന്ന കെനോസിസിന്റെ അനുഭവമാണ്. ഈ കെനോസിസാണ് രക്ഷയിലേക്ക് നയിച്ചത് എന്ന് സെന്റ്‌പോള്‍ സൂചിപ്പിക്കുന്നുണ്ട്. സൃഷ്ടി തന്നെ ഈ കെസ്‌നോസിന്റെ ഭാവമാണ് എന്ന് ഈഡിത് സ്‌റ്റെയ്ന്‍ പറയുന്നതും പ്രസക്തമായ ഒരോര്‍മയാണ് ഈ പ്രകൃതത്തില്‍.

സ്‌നേഹത്തിനുവേണ്ടിയുള്ള സ്‌നേഹത്തിന്റെ ബഹിര്‍ഭാവമാകണം പ്രാര്‍ഥന. അത് ഗോവണിയാണ്. മനുഷ്യന്റെ ആത്മാവ് ദൈവസന്നിധിയിലേക്കും ദൈവകൃപ മനുഷ്യനിലേക്കും സഞ്ചരിക്കുന്ന ഗോവണി. അതിന്റെ ആദ്യത്തെ പടിയാണ് ഉച്ചരിക്കപ്പെടുന്ന പ്രാര്‍ഥനകള്‍. ഭആകാശങ്ങളിലിരിക്കുന്ന ബാവാ' അധികാരിയും സംരക്ഷകനും ആയ ദൈവത്തെ സൂചിപ്പിക്കുന്നതും ഈശ്വരസാക്ഷാത്കാരത്തിന്റെ ആദ്യഘട്ടവുമാണ് എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്.

അടുത്തപടിയാണ് ധ്യാനപ്രാര്‍ഥനകള്‍. ഇവിടെ ആത്മാവ് വാക്കുകള്‍ക്ക് അതീതമായ ഒരു അതിന്ദ്രീയാനുഭവത്തിലേക്ക് കടക്കുകയാണ്. അതിനുമപ്പുറത്താണ് സൂഫികളും മഹര്‍ഷിമാരും ്രൈകസ്തവചരിത്രത്തിലെ താപസന്മാരും എത്തിച്ചേരുന്ന മിസ്റ്റിക് അനുഭവം. ആദ്യപടിയെങ്കിലും പ്രാപിക്കണമെന്ന മോഹമാണ് ഈ കൃതി ഈശ്വരവിശ്വാസികളില്‍ ഉണര്‍ത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക