Image

മലയാള സാഹിത്യത്തിലും ആഗോളവല്‌ക്കരണം! (ജോണ്‍ മാത്യു)

Published on 22 March, 2014
മലയാള സാഹിത്യത്തിലും ആഗോളവല്‌ക്കരണം! (ജോണ്‍ മാത്യു)
അമേരിക്കയിലെ നമ്മുടെ ഏതു പ്രസ്ഥാനത്തിനും ഒരു നെറ്റിപ്പട്ടമായി സാഹിത്യമത്സരങ്ങള്‍ ഇന്ന്‌ കൂടിയേ തീരൂ, അത്‌ സാമൂഹ്യമായാലും മതപരമായാലും പത്രമായാലും. ഓട്ടത്തിനും ചാട്ടത്തിനും പാട്ടിനും പടംവരക്കുന്നതിനും മത്സരങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കില്‍ സാങ്കേതിക പരിജ്ഞാനവും പണചെലവും തീര്‍ച്ചയായും വേണം. സാഹിത്യമാണെങ്കില്‍ പത്രത്തില്‍ ചുമ്മാതൊരു പരസ്യം മാത്രംമതി. കൃതികള്‍ കിട്ടിയാലും ഇല്ലെങ്കിലും, ഒരേയൊരു `കൃതിവെച്ചും' അവാര്‍ഡുകൊടുക്കാം. ഊരിലെപ്പഞ്ഞം ആരറിയാന്‍?

ന്യായാധിപനാകാനുള്ള യോഗം ജാതകത്തിലുണ്ടായിരിക്കുകയും, എന്നാല്‍ കയ്യിലിരിപ്പുമൂലം ഗുമസ്‌തപ്പണിയിലേര്‍പ്പെടുകയും ചെയ്‌ത എന്നെപ്പോലുള്ളവര്‍ക്ക്‌ ജാതകവശാലുള്ളത്‌ ലേശമെങ്കിലും അനുഭവിച്ചല്ലേ തീരൂ. അതുകൊണ്ടാണ്‌ കാലാകാലങ്ങളില്‍ സാഹിത്യമത്സരങ്ങളില്‍ വിധികര്‍ത്താവാകാനുള്ള ഭാഗ്യം വന്നുകൊണ്ടേയിരിക്കുന്നതെന്നുവേണം കരുതാന്‍.

പ്രശസ്‌തമായ ഒരു സാമൂഹിക സംഘടനയുടെ സാഹിത്യമത്സരത്തില്‍ സമ്മാനാര്‍ഹമായ കൃതികള്‍ തെരഞ്ഞെടുക്കുന്ന ഉത്തരവാദിത്തം ഒരിക്കല്‍ ഏറ്റെടുക്കേണ്ടതായി വന്നു. തിളക്കമാര്‍ന്ന അവാര്‍ഡുദാനച്ചടങ്ങ്‌ കഴിഞ്ഞപ്പോള്‍ ജേതാക്കളിലൊരാള്‍ അദ്ദേഹത്തിന്റെ സന്തോഷത്തിന്‌ മാറ്റുകൂട്ടാനായിരിക്കാം എന്റെയടുത്തുവന്നു രഹസ്യമായി ചോദിച്ചു: എത്ര കൃതികളില്‍നിന്നാണ്‌ അവാര്‍ഡിനര്‍ഹമായ എന്റെ കഥ തെരഞ്ഞെടുത്തെന്ന്‌.

ആ ചോദ്യത്തിനു മുന്നില്‍ ഞാന്‍ ചൂളിപ്പോയി. സത്യം പറയുകയാണെങ്കില്‍ അന്നത്തെ ആഘോഷത്തിന്റെ പ്രസരിപ്പുമുഴുവന്‍ ചോര്‍ന്നുപോകും. അതുകൊണ്ട്‌ ഒന്ന്‌ ഉരുണ്ടുകളിച്ച്‌ ഒരു കല്ലുവെച്ചനുണതന്നെ പറഞ്ഞു: `പത്തിരുപതു കഥകളുണ്ടായിരുന്നു, പക്ഷേ ഞാനല്ല അവസാന തെരഞ്ഞെടുപ്പു നടത്തിയത്‌'. നമ്മുടെ കഥാകൃത്തിന്‌ സന്തോഷമായി. താന്‍ എന്തോ നേടിയിരിക്കുന്നുവെന്ന തോന്നലും!

സത്യം എനിക്കല്ലേ അറിയൂ. മത്സരത്തിനു കിട്ടിയത്‌ ഒരേയൊരു കഥ! സംഘാടകര്‍ പറയുന്നു ഒന്നെങ്കില്‍ ഒന്ന്‌, അതിനങ്ങ്‌ അവാര്‍ഡ്‌ കൊടുക്ക്‌. ഇനിയും പറ്റില്ലെന്നു നിങ്ങള്‍ പറഞ്ഞാലും ഞങ്ങള്‍ ആ `പ്ലാക്ക്‌' ആര്‍ക്കെങ്കിലും കൊടുത്തിരിക്കും.

സംഘാടകന്‍ തുടര്‍ന്നുപറയുന്ന ന്യായങ്ങളിങ്ങനെ: `മന്ത്രി വരുന്നു, സായിപ്പുവരുന്നു, ഗാനമേള വരുന്നു, ഇനിയും നിങ്ങളായിട്ടെന്തിനിത്‌ അലങ്കോലപ്പെടുത്തുന്നു. എന്തുകാശുമുടക്കിയാണ്‌ ഇത്രയും തട്ടിക്കൂട്ടിയത്‌, എന്റെ നിലയുംകൂടെയൊന്ന്‌ കണക്കിലെടുക്കൂ. ഇവിടെയെത്ര പേരെ പ്രീതിപ്പെടുത്തണം.'

സംഘാടകരുടെ പക്ഷത്തുനിന്ന്‌ നോക്കുമ്പോള്‍ സാഹിത്യകൃതികള്‍ വിലയിരുത്തണമെന്നൊന്നുമില്ല. വിലയിരുത്തിയെന്ന്‌ കുറേപ്പേരെ ബോധ്യപ്പെടുത്തണമെന്നുമാത്രം.

ഇനിയും വിധികര്‍ത്താവിലേക്കു മടങ്ങിവരാം. വലിയൊരു ഉത്തരവാദിത്തമാണല്ലോ തന്നില്‍ നിക്ഷിപ്‌തമായിരിക്കുന്നതെന്ന ആത്മവിശ്വാസത്തില്‍ അയാള്‍ കൃതികള്‍ വായിച്ചുതുടങ്ങുന്നു. കഥകളാണ്‌ തന്റെ മുന്നിലെങ്കില്‍ നിലവാരം നിശ്ചയിക്കുന്നത്‌ ഏകദേശമായി ഇങ്ങനെയായിരിക്കും:

കഥാകൃത്ത്‌ ഈ മത്സരത്തെ ഗൗരവമായിട്ടെടുത്തിട്ടുണ്ടോ? അതായത്‌, അക്ഷരത്തെറ്റില്ലാതെ ഭംഗിയായി എഴുതിയിട്ടുണ്ടോയെന്നു നോക്കണം. നോട്ടുബുക്കില്‍നിന്ന്‌ ചീന്തിക്കിറിയെടുത്ത കടലാസില്‍ ``കരകുരാ'' എഴുതിയത്‌ അത്ര കാര്യമായിട്ടെടുക്കുകയില്ലെന്നര്‍ത്ഥം മത്സരത്തിനുവരുന്ന സാഹിത്യകൃതികളിലെ അക്ഷരത്തെറ്റുകള്‍ എങ്ങനെയാണ്‌ ക്ഷമിക്കാന്‍ കഴിയുക? സാഹിത്യകാരന്‍ എഴുതുന്നത്‌ മറ്റുള്ളവര്‍ക്ക്‌ മാതൃകയായിരിക്കണമെന്നല്ലേ വെയ്‌പ്‌. അതോ അക്ഷരത്തെറ്റു തിരുത്തല്‍ ജോലി അച്ചുനിരത്തുകാരനു വിട്ടുകൊടുക്കണോ?

ഇനിയും പ്രമേയത്തിലെ പുതുമ, അല്ലെങ്കില്‍ പുതുമയുള്ള അവതരണം ഒരു നിര്‍ണ്ണായക ഘടകമാണ്‌. എഴുത്തിന്റെ രീതിയും വ്യക്തിത്വവും കൂട്ടത്തില്‍നിന്ന്‌ ഒരു കൃതിയെ തലയെടുപ്പോടെ വേര്‍തിരിക്കുന്നു. ബിംബങ്ങള്‍ സൃഷ്‌ടിക്കാതെ എന്തു കഥയെഴുത്ത്‌? ശൈലിയും ബിംബങ്ങളുമാണ്‌ ഒരു കഥ പിന്നെയും പിന്നെയും ഓര്‍മ്മിക്കാന്‍ സഹായിക്കുക. വായനയിലെ കല്ലുകടികയില്ലായ്‌മയും, പ്രശ്‌നങ്ങളെ വെല്ലുവിളിയോടുള്ള അപഗ്രഥനം ചെയ്യുന്നതും തീര്‍ച്ചയായും സുപ്രധാന ഘടകങ്ങളാണ്‌. ഇനിയും അവസാനമായി നാടകീയതയും!

ഇതൊന്നും കാര്യമായിട്ടെടുക്കേണ്ടയെന്ന്‌ അവാര്‍ഡു സംഘാടകര്‍ പറഞ്ഞാലോ?

ഇവിടെയൊരു മറുചോദ്യം : `പിന്നെന്തിന്‌ നിങ്ങളീ പ്രഹസനം നടത്തുന്നു?'

മലയാളം എഴുത്തിനെ പ്രോത്സാഹിപ്പിക്കാനോ? ഈ പ്രോത്സാഹനമൊന്നും മലയാളത്തിനുവേണ്ടായെന്നു ഞാനിവിടെയെഴുതുന്നത്‌ കരുതിക്കൂട്ടിത്തന്നെ. മലയാളത്തിലെ ഒന്നാംതരം കൃതികള്‍ ഇക്കൂട്ടര്‍ ഒരിക്കലെങ്കിലും വായിക്കട്ടെ.

ആഘോഷങ്ങളുടെ ആഗോളമത്സരങ്ങള്‍ നടത്തുമ്പോള്‍ ചില നിശ്ചിത നിലവാരങ്ങള്‍ പുലര്‍ത്തേണ്ടതായിട്ടുണ്ട്‌. പത്രത്തില്‍ പടം വരാനുള്ള അവസരമായി ചിലര്‍ ഇത്‌ കണക്കാക്കിയേക്കാം, പക്ഷേ, മറുനാടുകളില്‍നിന്ന്‌ കൃതികള്‍ അയച്ചുതരുന്ന നിഷ്‌ക്കളങ്കര്‍ക്ക്‌ ചുമ്മാതൊരു ആശ കൊടുക്കരുതല്ലോ. ആഗോളനിലവാരത്തിലുള്ള എന്തോ വന്‍കാര്യമായി പൊലിപ്പിച്ച്‌ സംഘാടകര്‍ അഭിനയിക്കുന്നുണ്ടായിരിക്കാം. ജേതാക്കള്‍ക്കാണെങ്കില്‍, ആയിരക്കണക്കിനു കൃതികളില്‍നിന്നാണ്‌ തങ്ങള്‍ പുരസ്‌ക്കാരം നേടിയതെന്ന ഊറ്റം കൊള്ളാനുള്ള അവസരവും കിട്ടുന്നു. ഈ `ആഗോളത്തിനു' വിരലിലെണ്ണാവുന്ന വ്യാപ്‌തിയേയുള്ളൂവെന്നത്‌ എത്രപേര്‍ക്കറിയാം?

എന്തിനെങ്കിലും ഒരു അവാര്‍ഡ്‌ കൊടുക്കുമ്പോള്‍ അത്‌ കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും അഭിമാനമായിരിക്കണം. അതേ, അഭിമാനപൂര്‍വ്വം ചര്‍ച്ചചെയ്യാന്‍ അങ്ങനെയുള്ള കൃതികള്‍ സാഹിത്യസംഘടനകളുടെ, കലാശാലകളുടെ, അക്കാദമികളുടെ മുന്നില്‍ വെക്കുകയും വേണം.

ആരുടെയും പേര്‌ ഇവിടെ എടുത്തു പറയുന്നില്ല. അമേരിക്കയിലെ എഴുത്തുകാരോട്‌ ഒരേയൊരു അഭ്യര്‍ത്ഥനയേയുള്ളൂ, തുറന്നമനസ്സുമായി ചിന്തിക്കുകയെന്നു മാത്രം, നാട്ടില്‍നിന്നും ഇവിടെനിന്നും നിങ്ങള്‍ വാങ്ങുന്ന ഈ അവാര്‍ഡുകള്‍ക്ക്‌ നിങ്ങളുടെ കൃതി സത്യമായും അര്‍ഹിക്കുന്നുണ്ടോ? കുറേക്കഴിയുമ്പോള്‍ `പ്ലാക്ക്‌' എന്ന പലക നിങ്ങളുടെ ഭിത്തിക്ക്‌ ഭാരമായിത്തീരരുതല്ലോ.
മലയാള സാഹിത്യത്തിലും ആഗോളവല്‌ക്കരണം! (ജോണ്‍ മാത്യു)
Join WhatsApp News
Jacko Mattukalayil 2014-03-23 22:47:03
"കൃതികള്‍ കിട്ടിയാലും ഇല്ലെങ്കിലും, ഒരേയൊരു `കൃതിവെച്ചും' അവാര്‍ഡുകൊടുക്കാം. ഊരിലെപ്പഞ്ഞം ആരറിയാന്‍?"

"ന്യായാധിപനാകാനുള്ള യോഗം ജാതകത്തിലുണ്ടായിരിക്കുകയും, എന്നാല്‍ കയ്യിലിരിപ്പുമൂലം ഗുമസ്‌തപ്പണിയിലേര്‍പ്പെടുകയും ചെയ്‌ത എന്നെപ്പോലു ള്ളവര്‍ക്ക്‌ ജാതകവശാലുള്ളത്‌ ലേശമെങ്കിലും അനുഭവിച്ചല്ലേ തീരൂ..."

"സംഘാടകരുടെ പക്ഷത്തുനിന്ന്‌ നോക്കുമ്പോള്‍ സാഹിത്യകൃതികള്‍ വിലയിരുത്തണമെന്നൊന്നുമില്ല. വിലയിരുത്തിയെന്ന്‌ കുറേപ്പേരെ ബോധ്യപ്പെടുത്തണമെന്നുമാത്രം..."

ജോണ്‍മാത്യൂ വീണ്ടും കലക്കിയിരിക്കൂന്നു. വളരെ ശരിയായ നിഗമനം തന്നെ! അമേരിക്കൻ മലയാളിയുടെ മനസ്സറിഞ്ഞ എഴുത്തുകാരൻ തന്നെ താങ്കൾ! ആരെയും പിണക്കാതെ ഉള്ളതു പറയുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക