Image

കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 02 April, 2014
കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
വടക്കന്‍പാട്ടിന്റെ വീരേതിഹാസം തുടിക്കുന്ന നാടാണ്‌ മലബാറിന്റെ നടുത്തളമായ കണ്ണൂര്‍. തച്ചോളി ഒതേനനും ആരോമല്‍ ചേകവരും ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ചയും പയറ്റിത്തെളിഞ്ഞ മണ്ണാണ്‌ കണ്ണൂരിലേത്‌. ഏറ്റവുമൊടുവില്‍ `ഒരു വടക്കന്‍ വീരഗാഥ' യിലൂടെ മമ്മൂട്ടിയും മാധവിയും ചേകവര്‍കുലത്തിന്റെ വീരകഥകള്‍ നമ്മുടെ മുമ്പില്‍ ജീവസ്സുറ്റതാക്കി.

അറുപത്തഞ്ചു തികയാന്‍ ഒരു മാസംകൂടി (മേയ്‌ നാല്‌) മതിയെങ്കിലും മുപ്പത്തഞ്ചിന്റെ ചുറുചുറുക്കില്‍ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടു പി.കെ. ശ്രീമതിടീച്ചര്‍ക്ക്‌. 2001ലും 2006ലും പയ്യന്നൂരില്‍നിന്ന്‌ നിയമസഭാംഗവും 2006-2011 കാലത്ത്‌ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയുമായിരുന്ന ടീച്ചറുടെ അഞ്ചാമത്തെ അങ്കമാണിത്‌. തോറ്റ ചരിത്രമില്ല.

കത്തോലിക്കര്‍ക്ക്‌ വത്തിക്കാന്‍ പോലെയാണ്‌ സി.പി.എമ്മിനു കണ്ണൂര്‍. വിപ്ലവാവേശത്തിന്റെ ചുവന്ന മണ്ണ്‌. ഇവിടെ മണല്‍ത്തരികള്‍ക്കു പോലുമുണ്ടു സമരവീര്യം. പക്ഷേ, ആവേശമടങ്ങി വോട്ടെണ്ണുമ്പോള്‍ കോണ്‍ഗ്രസ്‌ വിജയം നേടിയ ചരിത്രമാണു കൂടുതലും. കണ്ണൂര്‍ ലോക്‌സഭാ മണ്‌ഡലത്തില്‍ പത്തുതവണ നടന്ന തെരഞ്ഞെടുപ്പില്‍ എട്ടുതവണയും ജയിച്ചതു കോണ്‍ഗ്രസാണ്‌. രണ്ടുതവണ സി.പി.എമ്മിനു വിജയം നേടിക്കൊടുത്ത എ.പി. അബ്‌ദുള്ളക്കുട്ടിയാകട്ടെ കോണ്‍ഗ്രസിലേക്കു ചേക്കേറി. അതുകൊണ്ട്‌ അബ്‌ദുള്ളക്കുട്ടിയെ നാട്ടുകാര്‍ `അദ്‌ഭുതക്കുട്ടി' എന്നു വിളിക്കുന്നു.

``ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നു കേള്‍ക്കുന്നല്ലോ...?'' ഈ ലേഖകന്‍ ശ്രീമതിയോടു ചോദിച്ചു. ``ആവുന്നത്ര പരിശ്രമിക്കുന്നുണ്ട്‌. ദിവസവും പത്തെഴുപതു സെന്ററുകളിലാണു യോഗങ്ങള്‍'' -അവര്‍ പറഞ്ഞു. ``എല്ലാ ആശംസകളും'' എന്നു നേര്‍ന്നപ്പോള്‍ ``ഉവ്വ്‌, എല്ലാ ആശംസകളും വേണം, താങ്ക്‌സ്‌'' -മറുപടി. ``അന്നു ടീച്ചറിന്റെ മയ്യിലെ വീട്ടിലെത്തി അമ്മമ്മയെ കണ്ടതോര്‍ക്കുന്നു. നൂറു കഴിഞ്ഞ ആ അമ്മമ്മ ഇപ്പോഴുമുണ്ടോ?'' ``ഇല്ലില്ല. അമ്മമ്മ ഞാന്‍ മന്ത്രിയായിരിക്കുമ്പോള്‍ തന്നെ മരിച്ചു.''

1951-ല്‍ സാക്ഷാല്‍ എ.കെ.ജി, കെ.പി.സി.സിയുടെ പ്രഗത്ഭനായ പ്രസിഡന്റായിരുന്ന സി.കെ. ഗോവിന്ദന്‍നായരെ 1,66,000 വോട്ടിനു തോല്‌പിച്ച ചരിത്രം ആവര്‍ത്തിക്കുമെന്നാണ്‌ സി.പി.എം അവകാശപ്പെടുന്നത്‌. കോണ്‍ഗ്രസിലെ കെ. സുധാകരന്‍ ഏതിനും പോരുന്ന രാഷ്‌ട്രീയക്കാരന്‍. ശ്രീമതിയാകട്ടെ മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗവുമാണ്‌. ചരിത്രത്തിലാദ്യമാണ്‌ ഒരു വനിതയും പുരുഷകേസരിയും തമ്മില്‍ കണ്ണൂരില്‍ ഏറ്റുമുട്ടുന്നത്‌. രാവിലെ തുടങ്ങി മൂവന്തിയോളം തുടരുന്ന പ്രചാരണജാഥകള്‍ കടക്കുമ്പോള്‍ പിണറായി, കതിരൂര്‍ പോലുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍വച്ച്‌ ഇരുവരും കണ്ടുമുട്ടാറുണ്ട്‌; പരസ്‌പരം അഭിവാദ്യം ചെയ്യാറുമുണ്ട്‌.

``നിങ്ങള്‍ക്കെന്നെ അറിയാം. മയ്യില്‍ ജനിച്ച ഞാന്‍ എന്നും നിങ്ങളില്‍ ഒരാളായിരുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നപ്പോള്‍ നിങ്ങളില്‍ പലരെയും ഞാന്‍ കണ്ടിട്ടുള്ളതല്ലേ...'' -യോഗങ്ങളില്‍ പലപ്പോഴും ശ്രീമതി പരിചയം പുതുക്കാറുണ്ട്‌. പലരും കുഞ്ഞുകുട്ടികളുമായാണ്‌ എത്തുക. കുട്ടികളെക്കൊണ്ട്‌ ചുവന്ന ഹാരമണിയിക്കുന്നു. ശ്രീമതിയാകട്ടെ, അവരെ തൊട്ടടുത്തു നിര്‍ത്തി താലോലിക്കുന്നു, ചിലപ്പോള്‍ ഒരുമ്മയും. പെരുമ്പാ നദിയുടെ പരിലാളനത്തില്‍ ശയിക്കുന്ന പയ്യന്നൂരില്‍നിന്നാണ്‌ ടീച്ചര്‍ രണ്ടുതവണയും നിയമസഭയിലേക്കു ജയിച്ചത്‌. കണ്ണൂര്‍ ജില്ലയുടെ ഏറ്റം വടക്കേയറ്റത്താണു പയ്യന്നൂര്‍.

ശ്രീമതി മന്ത്രിയായിരിക്കുമ്പോള്‍ ഈ ലേഖകന്‍ ഒരുദിനം അവരോടൊത്ത്‌ തലസ്ഥാനമാകെ ഒന്നു കറങ്ങിയതോര്‍ക്കുന്നു. ഒരു മന്ത്രിയുടെ ഒരുദിവസം എങ്ങനെ എന്നു നേരിട്ടറിയുകയായിരുന്നു ലക്ഷ്യം. രാവിലെ 7.30ന്‌ കുളിച്ചൊരുങ്ങി ഇറങ്ങി. എട്ടിന്‌ പേരൂര്‍ക്കട ആശുപത്രിയില്‍ ഒരു ഉദ്‌ഘാടനച്ചടങ്ങ്‌. പരിചയക്കാരെയും പരിഭവക്കാരെയും കണ്ട്‌ പുഞ്ചിരിയും സാന്ത്വനവും സമ്മാനിച്ച്‌ സെക്രട്ടേറിയറ്റിലേക്കു കുതിച്ചപ്പോള്‍ 9.30 ആയി. ഒന്‍പതു മണിക്ക്‌ കാബിനറ്റ്‌ യോഗം!

കാബിനറ്റ്‌ കഴിഞ്ഞിറങ്ങുമ്പോള്‍ വീണ്ടും ഒരു പൊതുചടങ്ങ്‌. ഉച്ചയ്‌ക്കു പങ്കെടുത്ത ഒരു സമ്മേളനത്തിനൊടുവില്‍ ഭക്ഷണമുണ്ടായിരുന്നു. ആതിഥേയയുടെ സ്‌നേഹത്തിനു മുമ്പില്‍ മുട്ടു മടക്കി, എന്തെങ്കിലും കഴിച്ചെന്നു വരുത്തി - അത്യാവശ്യത്തിനു മാത്രം.

വീണ്ടും കാറില്‍. ``പണ്ട്‌ പഠിക്കുന്ന കാലത്ത്‌ ഓട്ടത്തിനും ചാട്ടത്തിനും ഒരുപാടു മെഡലുകള്‍ വാരിക്കൂട്ടിയെന്നു കേട്ടല്ലോ. ഒരു പി.ടി. ഉഷ ആകാന്‍ ആഗ്രഹിച്ചിരുന്നോ?''

``ആരു പറഞ്ഞു, ഇതൊക്കെ?'' ടീച്ചര്‍ അമ്പരപ്പോടെ ചോദിച്ചു. ``ഞാന്‍ സുധീറിനോടു സംസാരിച്ചിരുന്നു.'' സുധീര്‍ നമ്പ്യാര്‍ ഏകമകനാണ്‌. തിരുവനന്തപുരം ആസ്ഥാനമാക്കി ദേശവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ ഉടമ.

പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ടു ടീച്ചര്‍. പെഡഗോഗി പഠിച്ച്‌ സ്‌കൂളില്‍ പഠിപ്പിച്ചു. പോളിടെക്‌നിക്കില്‍ പഠിച്ച്‌ എന്‍ജിനീയര്‍ ആകണമെന്നായിരുന്നു മോഹം. എന്‍ജിനീയറോ ഡോക്‌ടറോ ആയില്ലെങ്കിലും ഡോക്‌ടര്‍മാരുടെ ഭാഗധേയം നിയന്ത്രിക്കുന്ന മന്ത്രിയായപ്പോള്‍ ഇംഗ്ലീഷിലൊക്കെ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്‌, ``അതൊക്കെ എഴുതി വായിക്കുന്നതല്ലേ...'' എന്നു മറുപടി. ബ്രിട്ടനും ചൈനയും ക്യൂബയും സന്ദര്‍ശിച്ചിട്ടുണ്ടു ടീച്ചര്‍.

``വായനയുണ്ടോ? സിനിമ കാണാറുണ്ടോ? ഏതാണ്‌ ഒടുവില്‍ കണ്ട ചിത്രം?'' സഞ്ചാരം അവസാനിക്കാറായപ്പോള്‍ ഞാന്‍ ചോദ്യങ്ങളുടെ കെട്ടഴിച്ചു. ``പിന്നില്ലേ, മാതൃഭൂമിയില്‍ വന്നിരുന്ന ബംഗാളി നോവലുകളുടെ തര്‍ജമകള്‍ കൃത്യമായി വായിക്കുമായിരുന്നു. വായിക്കാതെ ജീവിക്കാനൊക്കുമോ?''

സിനിമ? ``സിനിമ ഇഷ്‌ടമാണ്‌. മോഹന്‍ലാലിനെയും ഇഷ്‌ടം. നല്ല നടനല്ലേ. പക്ഷേ, ഏറ്റവും ഒടുവില്‍ കണ്ട മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര്‌ ഓര്‍മിക്കാന്‍ കഴിയുന്നില്ല. ആയിടെയിറങ്ങിയ `വടക്കുംനാഥന്‍' എന്ന്‌ ഡ്രൈവര്‍ ഷാജു ഓര്‍മിപ്പിച്ചു.

ശ്രീമതി നിര്‍ദേശിച്ച പ്രകാരമാണ്‌ മലബാര്‍ എക്‌സപ്രസില്‍ കണ്ണൂരില്‍ ഇറങ്ങി 21 കിലോമീറ്റര്‍ അകലെയുള്ള മയ്യിലെ അമ്മവീട്ടില്‍ എത്തിയത്‌. 101 കഴിഞ്ഞ അമ്മമ്മ ദേവകിയെ കാണുകയായിരുന്നു ലക്ഷ്യം. ആയമ്മയുടെ നൂറാം പിറന്നാളിന്‌ മൂവായിരം പേര്‍ക്കു സദ്യയൊരുക്കിയതായി ശ്രീമതിയുടെ അച്ഛന്‍ കേളപ്പന്‍ നമ്പ്യാര്‍ പറഞ്ഞു. അദ്ദേഹത്തിന്‌ ഇപ്പോള്‍ 98 ആയി. ശ്രീമതിയുടെ അമ്മ പുതുശേരി കോറോത്ത്‌ മീനാക്ഷിയമ്മ (88). (ശ്രീമതിക്ക്‌ പി.കെ. എന്ന ഇനിഷ്യല്‍ അങ്ങിനെ കിട്ടിയതാണ്‌). മീനാക്ഷിയമ്മയും അധ്യാപികയായിരുന്നു.

ശ്രീമതിക്ക്‌ രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും. അവരില്‍ പി.കെ.എം നമ്പ്യാര്‍ ഡല്‍ഹിയിലും പി.കെ.കെ. നമ്പ്യാര്‍ മുംബൈയിലും ബിസിനസുകാരാണ്‌. അനുജത്തിമാരില്‍ ജയലക്ഷ്‌മി വീട്ടമ്മ. ഇന്ദിര ബാങ്ക്‌ ഉദ്യോഗസ്ഥ. പാര്‍ട്ടി നേതാവ്‌ ഇ.പി. ജയരാജനാണു ഭര്‍ത്താവ്‌.

ഭര്‍ത്താവ്‌ ഇ. ദാമോദരന്‍ മാസ്റ്റര്‍ റിട്ടയര്‍ ചെയ്‌തു. അദ്ദേഹം നഗരത്തിനടുത്ത്‌ (മയ്യിലിനു 30 കിലോമീറ്റര്‍ അകലെ) പഴയങ്ങാടിയില്‍ വീടുവച്ചിട്ടുണ്ട്‌. പ്രസിദ്ധമായ പറശിനിക്കടവ്‌ ക്ഷേത്രം പുഴയ്‌ക്കക്കരെയാണ്‌. തൊട്ടടുത്ത ക്ഷത്രത്തിലെ സ്വര്‍ണക്കൊടിമരം തീര്‍ത്തുകൊടുത്തത്‌ തന്റെ മക്കളാണെന്ന്‌ അച്ഛന്‍ കേളുനമ്പ്യാര്‍ അഭിമാനത്തോടെ പറയുന്നു. പാര്‍ട്ടി വേറെ, ഭക്തി വേറെ.

തെരഞ്ഞെടുപ്പുഗോദായില്‍ ടീച്ചറിനു തുണയായി പറശിനി മുത്തപ്പനുമുണ്ടാവും.
കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കണ്ണൂരില്‍ ചരിത്രത്തിലാദ്യമായ്‌ ഒരു ശ്രീമതി, ഇഞ്ചോടിഞ്ച്‌ ആ ഉണ്ണിയാര്‍ച്ച (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
AMARAN 2014-04-02 08:51:46
KURIAN SIR HAS WONDERFUL READABILITY ITS LIKE A POETRY!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക