Image

ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 10 April, 2014
ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വ്യാഴാഴ്‌ച കേരളത്തിലെ ഒരു പഞ്ചായത്ത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു - ഇടുക്കി നിയോജകമണ്‌ഡലത്തിലെ ഇടമലക്കുടി. കേരളത്തിലെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തിലെ 1206 വോട്ടര്‍മാര്‍ ആര്‍ഭാടമോ കൊട്ടിക്കലാശമോ കൂടാതെ മലനിരകള്‍ക്കു നടുവില്‍, കൊടുങ്കാട്ടിലെ മൂന്നു ബൂത്തുകളില്‍ വോട്ടു രേഖപ്പെടുത്തി. കേരളത്തിലെ പോളിംഗ്‌ ശതമാനം അതോടെ റിക്കാര്‍ഡ്‌ തലത്തിലേക്ക്‌ ഉയരുകയും ചെയ്‌തു - 74 ശതമാനം, കണ്ണൂരും വടകരയിലും 80 ശതമാനം കവിഞ്ഞു. ഇടുക്കിയില്‍ 71 ശതമാനം.

മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ്‌ മാത്രമായിരുന്നു 2010 വരെ ഇടമലക്കുടി. മലഞ്ചെരിവുകളിലെ 26 കുടികളില്‍ 656 വീടുകളിലായി കഴിയുന്ന ഏകദേശം 3500 മുതുവാന്‍മാര്‍ - ആണും പെണ്ണും തുല്യസംഖ്യ - 2010ലെ ആദ്യ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും 2011ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലും ആദ്യമായി വോട്ടു ചെയ്‌തു. പതിമ്മൂന്നു വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കണിയമ്മ ശ്രീരംഗനാണു പ്രസിഡന്റ്‌.

വനത്തില്‍ ഏലം, പച്ചക്കറി, നെല്ല്‌ മുതലായവ കൃഷിചെയ്‌തും തേനും കുന്തിരിക്കവും പോലുള്ള വനവിഭവങ്ങള്‍ ശേഖരിച്ചു വിറ്റും കഴിയുന്ന മുതുവാന്മാര്‍ പണ്ടുപണ്ട്‌ തമിഴ്‌നാട്ടില്‍നിന്ന്‌ ആനമലയുടെ നാലു ചുറ്റുപാടിലേക്കു കുടിയേറിയവരാണെന്നു പഴമൊഴി. ഏറ്റവും വലിയ പ്രശ്‌നം, മൂന്നാറില്‍നിന്ന്‌ അവിടെ ചെന്നെത്താന്‍ 48 കിലോമീറ്റര്‍ താണ്ടണമെന്നതാണ്‌. ടാറ്റാ ടീയുടെ തേയിലത്തോട്ടങ്ങള്‍ താണ്ടി പെട്ടിമുടി വരെ ജീപ്പില്‍ പോകാം. പിന്നെ പതിനെട്ടു കിലോമീറ്റര്‍ ആനയും കരടിയും ഇറങ്ങുന്ന കാട്ടിലൂടെ നടക്കണം.

നടപ്പു മാത്രം ശരണം. വഴി വെട്ടിത്തുടങ്ങിയിട്ടുണ്ട്‌. പക്ഷേ, ഒന്നുമായിട്ടില്ല. വെട്ടിയ ആറ്‌-ഏഴു കിലോമീറ്ററിനുള്ളില്‍ ആന പിടിച്ചാല്‍ മറിയാത്ത വന്‍മരങ്ങള്‍ ആകാശത്തോളം ഉയര്‍ന്നുനില്‌ക്കുന്നു. അവ നീക്കംചെയ്യാന്‍ യന്ത്രവാളും ജെ.സി.ബിയും എത്തിക്കേണ്ടിവരും. അതുവരെ പണ്ടത്തെപ്പോലെ തലച്ചുമടായി അരിയും പലവ്യഞ്‌ജനങ്ങളും കൊണ്ടുപോകുന്ന സ്ഥിരം ചുമട്ടുകാരെ കാണാം. 50 കിലോ അരി, കിലോ ഒന്നിന്‌ ഒന്‍പതു രൂപ കൂലിക്ക്‌ ചുമന്നുകൊണ്ടു പോകുന്ന മുപ്പതോളം പേര്‍ പെട്ടിമുടിയിലെ സിവില്‍ സപ്ലൈസിന്റെ പട്ടികയിലുണ്ട്‌. പലരും തലമുറകള്‍ കടന്നെത്തിയവര്‍. ചാക്കൊന്നിന്‌ 450 രൂപ ചുമട്ടുകൂലി വാങ്ങി മടങ്ങുമ്പോള്‍ മുതുവാന്മാരുടെ വനവിഭവങ്ങള്‍ മൂന്നാറില്‍ വിറ്റു കൊണ്ടുവരാന്‍ കൊടുത്തയയ്‌ക്കും. കൂടെ രഹസ്യമായി, വിദേശമദ്യവും!

ചരിത്രത്തിലാദ്യമായി ഇടമലക്കുടിയില്‍ തെരഞ്ഞെടുപ്പു നടത്തിയത്‌ അശോക്‌കുമാര്‍സിംഗ്‌ ഇടുക്കിയില്‍ കളക്‌ടര്‍ ആയിരിക്കുമ്പോഴാണ്‌. കറണ്ടില്ല, മുളകള്‍ കെട്ടിയൊരുക്കിയ പാലങ്ങള്‍ കടന്നു വേണം അവിടെ ചെന്നെത്താന്‍. കൊട്ടിഘോഷിച്ച്‌ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലതും ചത്തുകിടക്കുന്നു. എന്നിട്ടും ബാറ്ററി വച്ച്‌ ടിവിയും, മലമുകളിലേറി മൊബൈലും പ്രവര്‍ത്തിപ്പിക്കുന്ന ആണിനെയും പെണ്ണിനെയും കണ്ടു.

കളക്‌ടര്‍ സിംഗ്‌ ആദ്യത്തെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ ജില്ലയിലെ ഹാം റേഡിയോക്കാരെ സഹായത്തിനു വിളിച്ചു. ഗാലക്‌സി മനോജിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേര്‍ അതിനു സഹായിക്കുകയും ചെയ്‌തു. ഇലക്‌ഷന്‍ ഗംഭീരമായി നടന്നു.

ചരിത്രത്തിലാദ്യം ഇടമലക്കുടി സന്ദര്‍ശിക്കുന്ന മന്ത്രിയെന്ന ഖ്യാതി ആദിവാസി ക്ഷേമമന്ത്രിയും വയനാട്ടുകാരിയുമായി പി.കെ. ജയലക്ഷ്‌മിക്കു ലഭിച്ചു - 2012ല്‍. വകുപ്പു ഡയറക്‌ടര്‍ പി.കെ. ലത ഐഎഎസ്‌ ഉള്‍പ്പെടെ നൂറോളം പേര്‍ - മാധ്യമപ്പട ഉള്‍പ്പെടെ - മന്ത്രിയെ അനുഗമിച്ചു. അമ്പെയ്‌ത്തിന്‌ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള ജയലക്ഷ്‌മി അണ്ണാറക്കണ്ണനെ വെല്ലുന്ന വേഗത്തില്‍ കല്ലും മേടും ചാടിക്കടന്ന്‌ പതിനെട്ടു കിലോമീറ്റര്‍ താണ്ടി ഇടലമലക്കുടിയിലെത്തി. അന്നവിടെ കിടന്നുറങ്ങി. പിറ്റേന്നു രാവിലെ എട്ടിന്‌ പത്രസമ്മേളനത്തിനു ശേഷം വീണ്ടും നടന്നു. ഒന്നരയ്‌ക്ക്‌ പെട്ടിമുടിയിലെത്തി; സന്ധ്യയായപ്പോള്‍ തിരുവനന്തപുരത്തും. പക്ഷേ, ഗോത്രക്ഷേമ ഡയറക്‌ടറെ മുതുവാന്മാര്‍ മുളംകമ്പുകള്‍ക്കിടയില്‍ സാരി വലിച്ചുകെട്ടി ചുമന്നുകൊണ്ടു പോകേണ്ടിവന്നു.

പശ്ചിമഘട്ടത്തിലെ സംരക്ഷിതമേഖലയെക്കുറിച്ചുള്ള കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി വിവാദം കത്തിനില്‍ക്കുമ്പോഴാണ്‌ ഇടുക്കി ജില്ലയില്‍ മുന്‍ എംപി പി.ടി. തോമസും ബിഷപ്‌ ജോര്‍ജ്‌ ആനിക്കുഴിക്കാട്ടിലും തമ്മില്‍ ഇടഞ്ഞത്‌. കോണ്‍ഗ്രസ്‌ പി.ടിയെ മാറ്റി യൂത്ത്‌ നേതാവായ ഡീന്‍ കുര്യാക്കോസിനെ രംഗത്തിറങ്ങി. കുടിയേറ്റക്കാരന്‍ ജോയ്‌സ്‌ ജോര്‍ജ്‌ ഇടതു പിന്തുണയോടെ ഡീനിനെതിരേ പോരാടി. പക്ഷേ, ആദിവാസികള്‍ക്ക്‌ ഡീന്‍ എന്നോ ജോയ്‌സ്‌ എന്നോ തിരിച്ചറിയാനാവുമോ എന്നു സംശയിക്കണം.

ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാര്‍ ഇടമലക്കുടിയില്‍ അട്ടികിടന്ന്‌ വോട്ട്‌ തേടിയതായിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ ഭൂരിഭാഗം യുഡിഎഫിന്റെ കൂടെ. വനിതാ സംവരണം മൂലം കണിയമ്മ അങ്ങനെ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായി.

കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ശ്രദ്ധേയമായ മണ്‌ഡലം കൊല്ലമാണ്‌. കുണ്ടറക്കാരനായ മുന്‍ മന്ത്രി എം.എ. ബേബിയും നാട്ടുകാരന്‍ തന്നെയായ ആര്‍.എസ്‌.പി മന്ത്രി എന്‍.കെ. പ്രേമചന്ദ്രനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ എല്‍ഡിഎഫില്‍നിന്നു യുഡിഎഫിലേക്കു കാലുമാറ്റിച്ചവിട്ടി എന്നതിന്റെ പേരില്‍ പ്രേമചന്ദ്രനെ ഏതുവിധേനയും തോല്‌പിച്ചേ അടങ്ങൂ എന്ന വാശിയോടെ എല്‍ഡിഎഫ്‌ രംഗത്തിറങ്ങി. യുഡിഎഫ്‌ ആകട്ടെ എങ്ങനെയും പ്രേമചന്ദ്രനെ വിജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലും.

ചലച്ചിത്രതാരമായ ഇന്നസെന്റ്‌ ഇടതുപക്ഷത്തു നിന്നു മാറ്റുരയ്‌ക്കുന്ന ചാലക്കുടിയില്‍ ശക്തനായ പി.സി. ചാക്കോയോയെയാണു നേരിട്ടത്‌. മമ്മൂട്ടിയും മോഹന്‍ലാലിനെയും ഒക്കെ ഇന്നസെന്റ്‌ രംഗത്തിറക്കി. ഇന്നസെന്റ്‌ ഇടയ്‌ക്കിടയ്‌ക്ക്‌ താന്‍ കാന്‍സറില്‍നിന്നു രക്ഷപ്പെട്ട കഥ പറയും, നിറഞ്ഞ കണ്ണുകളോടെ. അഭിനയത്തില്‍ ഇന്നച്ചനെ തോല്‌പിക്കാന്‍ കേരളത്തില്‍ ഇന്നാരുണ്ട്‌.

വി.എസിന്റെ മലക്കംമറിച്ചിലാണ്‌ തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്ന മറ്റൊരു വിഷയം. ടി.പി. ചന്ദ്രശേഖരനെ ക്വട്ടേഷന്‍ സംഘം 51 തവണ വെട്ടി കൊലചെയ്‌തശേഷം, ഒഞ്ചിയത്തെത്തി കെ.കെ. രമയെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ച വി.എസ്‌ മലക്കംമറിഞ്ഞത്‌ പോളിറ്റ്‌ ബ്യൂറോയില്‍ തിരികെക്കയറാന്‍ വേണ്ടിയാണെന്നു ജനം സംശയിക്കുന്നു. ഏറ്റവുമൊടുവില്‍ ഡല്‍ഹിയില്‍ തൂത്തെറിയപ്പെട്ട മുഖ്യമന്ത്രി ഷീല ദീക്ഷിത്‌ കേരളത്തിലെത്തി ഇവിടത്തെ ലോക്‌സഭാ പ്രചാരണത്തിന്റെ കൊട്ടിക്കലാശം കണ്ട്‌ അമ്പരന്നു നിന്നു എന്നും കേള്‍ക്കുന്നു. നിലാത്തിരി കണ്ടശേഷം മേയ്‌ 16ന്‌ ഫലമറിയുംവരെ ജനവും ടെലിവിഷന്‍ ചാനലുകളും ഇനിയെന്തു ചെയ്യും എന്നതാണു പ്രശ്‌നം.
ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചരിത്രത്തിലാദ്യം ലോക്‌സഭാ പോളിംഗ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക