Image

അസ്സലി ചാ, മേനോന്‍ കീ ചാ (മധുരവിചാരം: വൈക്കം മധു)

Published on 03 May, 2014
അസ്സലി ചാ, മേനോന്‍ കീ ചാ (മധുരവിചാരം: വൈക്കം മധു)
ടാറ്റാ ടീയേക്കാള്‍ വീര്യം കൂടിയതാണ്‌ മോഡി ടീ എന്ന നിലവാരത്തിലേയ്‌ക്ക്‌ ഇന്ത്യന്‍ തെരഞ്ഞെടുപ്പു രാഷ്‌ട്രീയം തിളച്ചുമറിഞ്ഞതോടെ, ഈ പൊരിയുന്ന വേനലിലും ചില എസ്റ്റേറ്റുകളില്‍ പൂജ്യത്തിനു താഴെ പകല്‍ച്ചൂടെത്തിയ മൂന്നാറിലെ ടീ എസ്റ്റേറ്റു തൊഴിലാളികള്‍, ജോലി പോകുമോയെന്നുള്ള സംഭ്രാന്തിയില്‍ പെട്ടുപോയത്രെ.

ഗുജറാത്തിലെ തോട്ടങ്ങളില്‍ വിളയുന്ന മോഡി ടീക്കു ഡിമാന്‍ഡു കൂടിയെന്നും ഇങ്ങനെ പോയാല്‍ ടാറ്റാ ടീ കമ്പനികള്‍ പലതും പൂട്ടിപ്പോകുമെന്നായിരുന്നു തൊഴിലാളികളുടെ ആധി.

ഏതായാലും `
ചായ്‌   പേ ചര്‍ച്ച' യുടെ സീസണ്‍ കഴിഞ്ഞതും, മോഡി, ചായ വിറ്റുനടന്ന പാവം പയ്യനല്ലായിരുന്നു എന്നും, ചായ കോണ്‍ട്രാക്‌റ്ററായിരുന്നു എന്നും അഹമദ്‌ പട്ടേല്‍ ഹാര്‍വാഡില്‍പ്പോയി (അതേയതേ., അതേ കട തന്നെ, ലാലു യാദവ്‌ ലോകത്തിലെ ഏറ്റവും കിടിലന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞനാണെന്ന്‌ നേരില്‍ ദര്‍ശിച്ച്‌ അസൂയപ്പെടാന്‍ അമേരിക്കയില്‍നിന്ന്‌ വിമാനം പിടിച്ചുവന്ന തട്ടുകടപ്പിള്ളാരു തന്നെ) പഠിച്ചെഴുതിയതോടെ മോഡി ടീ എന്ന പേടിസ്വപ്‌നം മൂന്നാറിലെ തൊഴിലാളികള്‍ക്കു മാറിക്കിട്ടി.

ശ്ശ്‌.. .ശ്ശെ..., അതു പറഞ്ഞപ്പോഴാ പഴയൊരു ചായക്കഥയിലെ നായകനെ ഓര്‍ത്തുപോയത്‌. ഒപ്പം പൊതുതെരഞ്ഞെടുപ്പുമായി പൊക്കിള്‍ക്കൊടി ബന്ധമുള്ള മറ്റൊരു കാര്യവും.

തര്‍ക്കം, ഗുജറാത്തിനെ `ഭൂമിയിലെ സ്വര്‍ഗമാക്കിമാറ്റിയ' മൂപ്പര്‌ ചായവിറ്റുനടന്ന പയ്യനായിരുന്നു എ
ന്നതോ, മഹോദയ്‌ അഹമദ്‌ പട്ടേല്‍ജിയുടെ ഭാഷയില്‍ ടീ കോണ്‍ട്രാക്‌റ്ററായിരുന്നു എന്നതോ മാത്രമായിരുന്നെങ്കില്‍, ടീയെ അഥവാ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ നമ്മുടെ ചായയെ മുഖ്യഭക്ഷണമാക്കിയ ഒരു മലയാളിയെപ്പറ്റിയായവട്ടെ. ഇനി വര്‍ത്തമാനം. എന്താ ?

ഇദ്ദേഹം ഡല്‍ഹിയിലെ ഒരാശുപത്രിയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ, എന്നും നിഴല്‍പോലെ കൂടെയുണ്ടായിരു
ന്ന പരിചാരകന്‍ (പേര്‌ വഹാബ്‌ എന്നാണ്‌ ഓര്‍മ) കൊടുത്ത അവസാനകപ്പു ചായ കുടിച്ചുകൊണ്ട്‌ വിവാദങ്ങളുടെ ലോകത്തുനിന്ന്‌ യാത്രയായത്‌. അന്ന്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ പത്രത്തിലെ ഒന്നാം പേജിലെ (6,7,8 കോളങ്ങളിലായി) വാര്‍ത്തയുടെ തലക്കെട്ട്‌, "He drank his last cup'. ഇദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകരായിരുന്ന മറ്റൊരു ഇംഗ്‌ളീഷ്‌ പത്രം തലവാചകമായി കൊടുത്തത്‌ അത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പറഞ്ഞ മൂന്നു വാക്കുകളാണ്‌: The typhoon chained.

നെഹ്‌റുവിന്റെ പിന്‍ഗാമിയെന്ന്‌ ടൈം മാഗസിന്‍ വിശേഷിപ്പിച്ച ഈ മുടിഞ്ഞ ചായകുടിയന്‍, മുന്‍തലമുറയ്‌ക്കു കൂടുതല്‍ സുപരിചിതനായിരുന്ന വികെ കൃഷ്‌ണമേനോനായിരുന്നു. ലോകോത്തര നയതന്ത്രജ്ഞനും, ഇന്ത്യന്‍ ചാണക്യനെും, പലരും പല പേരിട്ടു വിളിച്ച ഇന്ത്യയുടെ രാജ്യരക്ഷാമന്ത്രിയും യുഎന്നില്‍ മുഴങ്ങിക്കേട്ട കൊടുങ്കാറ്റിന്റെ ശബ്‌ദവുമായിരുന്ന കോഴിക്കോട്ടുകാരന്‍. റാണി ഗൗരി പാര്‍വതി ബായിയുടെ കാലത്ത്‌ തിരുവിതാംകൂര്‍ ദിവാനായിരുന്ന, രാമന്‍മേനോന്റെ കൊച്ചുമകന്‍. യുഎന്നില്‍ ഏഴുമണിക്കൂര്‍ 48 മിനിറ്റ്‌ തുടര്‍ച്ചയായി പ്രസംഗിച്ച്‌ അഭേദ്യ റിക്കോര്‍ഡിട്ട ഹരോള്‍ഡ്‌ ലാസ്‌കിയുടെ ഇഷ്‌ട ശിഷ്യന്‍. പ്രസംഗത്തിനിടെ പല പ്രാവശ്യം തളര്‍ന്നു വീണെങ്കിലും, പിന്നെയും, ഡോക്‌ടറുടെ ഉപദേശം തള്ളി, കശ്‌മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാട്‌ വ്യക്തമാക്കിയ ശേഷമേ അദ്ദേഹം പ്രസംഗം നിര്‍ത്തിയുള്ളു.

നിങ്ങള്‍ ഒരു കമ്യൂണിസ്റ്റാണെന്നു കേള്‍ക്കുന്നു, എന്ന അമേരിക്കന്‍ റേഡിയോ കൂടിക്കാഴ്‌ചയില്‍ ചോദ്യകര്‍ത്താവായ സ്‌ത്രീയുടെ ചോദ്യത്തിന്‌, നിങ്ങള്‍ ജാരസന്തതിയാണെന്നു കേള്‍ക്കുന്നു, ശരിയാണോ എന്ന്‌ മറുചോദ്യത്തില്‍ അവരെ അടിച്ചിരുത്തിയ പ്രത്യുല്‍പ്പ
ന്നമതി.

ചായയായിരുന്നു മേനോന്റെ ഇഷ്‌ടഭക്ഷണം. മറ്റൊന്നും കഴിക്കാന്‍ വേണ്ട. ചിലപ്പോള്‍ തക്കാളിയും ബിസ്‌ക്കറ്റും. തീര്‍ന്നു ഭക്ഷണം. അദ്ദേഹത്തിന്റെ ദിവസച്ചായയുടെ കണക്ക്‌ ഒരു ദിവസം 30 മുതല്‍ 38 വരെ കപ്പെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതെന്തായാലും ചായയില്ലാതെ അദ്ദേഹത്തിനു ജീവിതമില്ലായിരുന്നു. ചായയായിരുന്നു മേനോന്‌ ശക്തിയും ഉണര്‍വും പ്രതീക്ഷയും.

ഇംഗ്‌ളിണ്ടിലെ ഹൈക്കമ്മീഷണര്‍ ജീവിതം അവസാനിപ്പിച്ച്‌ ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ടും ചായകുടിയില്‍ മാറ്റമൊന്നുമുണ്ടായില്ല. രാജ്യസഭാംഗമായും, പിന്നീട്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മുംബൈ പാര്‍ലമെന്റ്‌ സീറ്റില്‍നിന്നു തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത മേനോന്‍, ഇന്ത്യ-ചൈനായുദ്ധത്തോടെ ഉറ്റ സുഹൃത്തുക്കള്‍ക്കുപോലും അന്യനായ മാറി. ഭ്രഷ്‌ടനായി.

കൂടെനിന്നവര്‍ ഓരോരുത്തരായി, ഉറ്റ സുഹൃത്തുക്കളായിരുന്ന നെഹ്‌റുവും മകള്‍ ഇന്ദിരയും ഉള്‍പ്പെടെ, അകലവും ശത്രുതയും പാലിക്കാന്‍ തുടങ്ങുകയും കയ്യൊഴിയുകയും ചെയ്‌തതോടെ കൃഷ്‌ണമേനോന്‌ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കേിണ്ടിവന്നു. മണ്ണിന്റെ മക്കള്‍ വാദത്തില്‍ ജനിച്ച ശിവസേന അന്യനാട്ടുകാരന്‍ മുംബൈയില്‍ മത്സരിക്കുന്നത്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വീണുകിട്ടിയ അവസരമായി കണ്ടു. സ്വന്തം പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ്‌പോലും മേനോനെ കയ്യൊഴിയാന്‍ തുടങ്ങിയ കാലം. ബോംബെ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റും കേന്ദ്ര ഭക്ഷ്യമന്ത്രിയുമായിരുന്ന മുംബൈയിലെ മുടിചൂടാ മന്നന്‍ എസ്‌കെ പാട്ടീല്‍ ന്യായങ്ങള്‍ പറഞ്ഞ്‌ പാര്‍ട്ടി ടിക്കറ്റ്‌ നിഷേധിച്ചതോടെ മറ്റു മാര്‍ഗമില്ലാതെ സ്വതന്ത്രനായി മത്സരിക്കേണ്ടിവന്നു മേനോന്‌.

എതിരാളിയോ അതിശക്തനും മേനോനെ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ആചാര്യ ജെ.ബി. കൃപലാനിയും. വടക്കന്‍ മുംബൈ മണ്‌ഡലത്തില്‍ അതോടെ കടുത്ത മത്സരത്തിനു വേദിയായി. മേനോന്റെ തോല്‍വിക്കുവേണ്ടി മെഴുകുതിരി കത്തിച്ച്‌ ഏറെ നാളായി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്ന അമേരിക്കക്ക്‌ ആഹ്‌ളാദിക്കാതിരിക്കാന്‍ കഴിയുമോ? അധികാരസ്ഥാനങ്ങളില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യപ്പെടാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ - കൂടോത്രം വരെ! - അതെല്ലാം ഒളിഞ്ഞും തെളിഞ്ഞും ചെയ്‌തുവരുകയായിരുന്നല്ലോ അവര്‍.

ബ്രിട്ടനില്‍ ആദ്യത്തെ ഹൈക്കമ്മിഷണറായിരുന്ന മേനോന്റെ ഓഫീസില്‍ പ്രസ്‌ ഓഫീസറായിരുന്ന, ഈയിടെ അന്തരിച്ച പ്രശസ്‌ത എഴുത്തുകാരന്‍, ഖുശ്വന്ത്‌ സിങ്ങുപോലും മേനോനെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌്‌. എന്നാല്‍ ഖുശ്വന്ത്‌ സിങ്‌സ്‌ ഇന്ത്യ എന്ന പുസ്‌തകത്തില്‍ മേനോന്റെ ഗുണഗണങ്ങളും അപാരമായ കഴിവുകളും അദ്ദേഹം രേഖപ്പെടുത്താതെ പോയിട്ടുമില്ല.

മുംബൈയിലെ പത്രങ്ങളായ പത്രങ്ങളെല്ലാം മേനോന്റെ രക്തത്തിനുവേണ്ടി ദാഹിച്ചു തുടങ്ങിയിട്ട്‌ നാളുകളായി. ആര്‍.കെ. കരഞ്ചിയയുടെ ബ്‌ളിറ്റ്‌സ്‌ വാരിക മാത്രമായിരുന്നു മേനോന്റെ വിജയത്തിനുവേണ്ടി ആവതെല്ലാം ചെയ്‌തുകൊണ്ടിരുന്നത്‌.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി, മുംബൈയില്‍നിന്ന്‌ പുനെ വരെ 120 മൈല്‍ ദൂരം ആയിരക്കണക്കിനു സൈക്കിളുകളുടെ യാത്ര നടത്തിയത്‌, അന്ന്‌ ആ മണ്‌ഡലത്തിലെ വോട്ടറായിരുന്ന ഞാന്‍ കുളിരുന്ന ഒരു പ്രഭാതത്തില്‍ റോഡരുകില്‍ വരിനിന്നത്‌ ഓര്‍ക്കാതിരിക്കാന്‍ വയ്യ. സൈക്കിള്‍ ബാല്യകാലത്ത്‌ കൃഷ്‌ണമേനോന്റെ ഹരമായിരുന്നല്ലോ.

വടക്കന്‍ മുംബൈയില്‍ തിളക്കുന്ന ഒരു നട്ടുച്ചയ്‌ക്ക്‌ വിശാലമായ മൈതാനത്ത്‌ കൃഷ്‌ണമേനോന്‍ പ്രസംഗിച്ചുകൊണ്ടുനിന്ന കാഴ്‌ചയും ഓര്‍മയില്‍ തെളിയുന്നു. പതിനായിരക്കണക്കിന്‌ ആരാധകര്‍ വിയര്‍ത്തൊലിച്ച്‌ മേനോന്റെ പ്രസംഗം ആവേശത്തോടെ രണ്ടരമണിക്കൂര്‍ കേട്ടുനിന്നു. ഒരിക്കല്‍പ്പോലും തനിക്കു വോട്ടുചെയ്യണമെന്ന്‌ അദ്ദേഹം അഭ്യര്‍ഥിച്ചില്ല. കോണ്‍ഗ്രസ്‌ പുറംകൈകൊണ്ടു തട്ടിക്കളഞ്ഞ മേനോന്‍ പ്രസംഗിച്ചതത്രയും നെഹ്‌റുവിന്റെ വിദേശനയത്തിന്റെ അന്യൂനതയേയും ലോകവേദികളില്‍ ഇന്ത്യനേടിയെടുത്ത അസൂയാര്‍ഹമായ പദവിയെയും കുറിച്ചായിരുന്നു. ഞാന്‍ എന്ന പദം ഒരിക്കല്‍പ്പോലും അദ്ദേഹം ഉച്ചരിച്ചില്ല. എതിര്‍സ്ഥാനാര്‍ഥിയെക്കുറിച്ച്‌ ഒരു വാക്കുപോലും പറഞ്ഞില്ല. പറഞ്ഞതെല്ലാം ഇന്ത്യയേക്കുറിച്ചുമാത്രം.

തിളക്കു
ന്ന ഉച്ചവെയിലില്‍ കേള്‍വിക്കാരുടെ മുന്‍നിരയില്‍ വിശറിവീശിക്കൊിണ്ടിരുന്നവരില്‍ ഇംഗ്‌ളണ്ടില്‍ തന്റെ സുഹൃത്തുക്കളായിരുന്ന ബുദ്ധിജീവികളില്‍ വളരെയേറെപ്പേരുണ്ടായിരുന്നു, അവരില്‍ ലേബര്‍ പാര്‍ട്ടിയില്‍ തന്റെ സഹപ്രവര്‍ത്തകരായിരുന്നു സായിപ്പുമാരും മദാമ്മമാരും. റെജിനാള്‍ഡ്‌ സോറന്‍സ, സിഡ്‌നി സില്‍വര്‍മാന്‍ ഉള്‍പ്പെടെ.

അതെന്തായാലും കൃപലാനിയേയും കോണ്‍ഗ്രസിനേയും അത്ഭുതത്തിന്റെ നിരാശയിലാഴ്‌ത്തി കൃഷ്‌ണമേനോന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു കോണ്‍ഗ്രസ്‌ നേതൃത്തിനു കനത്ത തിരിച്ചടി നല്‍കി. മേനോനോടൊപ്പം നിയമസഭയിലേയ്‌ക്കു മത്സരിച്ച സിപിഐ സ്ഥാനാര്‍ഥിയും വിജയം കണ്ടു.

പിന്നീടു നടന്ന തെരഞ്ഞെടുപ്പിനു മുമ്പായി മണ്‌ഡലം വിഭജിക്കപ്പെട്ടു. മേനോന്‍ ജയിച്ച മണ്‌ഡലം മുംബൈ വടക്കു-കിഴക്കായി. ആ തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചെങ്കിലും പരാജിതനായി. എന്നാല്‍ ജയിച്ച സ്ഥാനാര്‍ഥി മൂന്നു മാസത്തിനകം മരിച്ചതിനാല്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നു. മരിച്ച എതിരാളിയുടെ സഹോദരിയായിരുന്നു അന്ന്‌ എതിര്‍ സ്ഥാനാര്‍ഥി. അന്നും മത്സരിച്ച കൃഷ്‌ണമേനോന്‌ പിന്നെയൊരു തോല്‍വികൂടി നേരിടേണ്ടിവന്നത്‌ അദ്ദേഹത്തെ സ്‌നേഹിച്ച ഇന്ത്യക്കാരെയെല്ലാം ദുഖത്തിലാഴ്‌ത്തി.
കോണ്‍ഗ്രസിന്‌, ആദരിക്കേണ്ടവരെ ആദരിക്കാന്‍ കഴിയാത്ത പാരമ്പര്യമാണ്‌. അതും മുംബൈയില്‍. ഭരണഘടനയുടെ ശില്‍പ്പിയായിരുന്ന ബി.ആര്‍. അംബേദ്‌ക്കറെ മുംബൈയില്‍ തോല്‍പ്പിച്ച പാരമ്പര്യം,- അതോ ശാപമോ - അവരെ വിട്ടൊഴിയുമോ? മുംബൈ നോര്‍ത്ത്‌ സെന്‍ട്രലില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കേണ്ടിവന്ന അംബേദ്‌ക്കറെ കോണ്‍ഗ്രസിലെ എന്‍എസ്‌ ഖജ്‌റോള്‍ക്കറാണ്‌ 1952-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി കോണ്‍ഗ്രസ്‌ സ്വയം ചെറുതായത്‌.

2014-ലെ തെരഞ്ഞെടുപ്പില്‍, ചായക്കപ്പുകള്‍ വീണ്ടും കൂട്ടിമുട്ടുമ്പോള്‍, പറയാതെ പോകരുതല്ലോ ഇത്രയുമെങ്കിലും.

ഗുജറാത്തില്‍നിന്നാണ്‌ മോഡിയുടെ ചായക്കഥകള്‍ ഊറിയിറങ്ങിയതെങ്കില്‍ കണ്ണന്‍ദേവന്‍ കമ്പനിയുടെ ആസ്ഥാനമായിരുന്ന ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറേറ്റില്‍നിന്നാണ്‌ കൃഷ്‌ണമേനോന്റെ ചായക്കഥകള്‍ ലോകമെങ്ങും സുഖകരമായ വാസന എത്തിച്ചത്‌.

കൃഷ്‌ണമേനോനു ശേഷം ഇപ്പോഴിതാ ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി, ലോകപ്രശസ്‌തയായ, ആധുനിക ഭാരതത്തിന്റെ അമ്മയായ, മേധ പട്‌ക്കര്‍ ജനവിധി തേടി വടക്കു-കിഴക്കന്‍ മുംബൈ മണ്‌ഡലത്തിന്റെ യശസ്‌ കാത്തുസൂക്ഷിക്കാനുള്ള പാതയില്‍.
അസ്സലി ചാ, മേനോന്‍ കീ ചാ (മധുരവിചാരം: വൈക്കം മധു)അസ്സലി ചാ, മേനോന്‍ കീ ചാ (മധുരവിചാരം: വൈക്കം മധു)അസ്സലി ചാ, മേനോന്‍ കീ ചാ (മധുരവിചാരം: വൈക്കം മധു)അസ്സലി ചാ, മേനോന്‍ കീ ചാ (മധുരവിചാരം: വൈക്കം മധു)അസ്സലി ചാ, മേനോന്‍ കീ ചാ (മധുരവിചാരം: വൈക്കം മധു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക