Image

വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 30 May, 2014
വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഐസോള്‍ തലസ്ഥാനമായ മിസോറം വടക്കുകിഴക്കേ ഇന്ത്യയില്‍ മണിപ്പൂരിനോടു തൊട്ടുരുമ്മി മ്യാന്‍മര്‍ എന്ന ബര്‍മയിലേക്കു താഴ്‌ന്നിറങ്ങുന്ന മനോഹരമായൊരു സംസ്ഥാനമാണ്‌. പത്തു ലക്ഷം ജനം. നൂറു ശതമാനം സാക്ഷരതയുടെ കാര്യത്തില്‍ കേരളത്തോട്‌ എന്നും മത്സരിക്കുന്ന സംസ്ഥാനമാണ്‌ മിസോറം. അവിടത്തെ വെളുത്തു സുന്ദരിമാരായ പെണ്‍കൊടികള്‍ വെല്ലൂരില്‍ ഹോട്ടല്‍മുറി തേടിച്ചെന്നാല്‍ റിസപ്‌ഷനിലിരിക്കുന്നവര്‍ ചോദിക്കുന്നു: പാസ്‌പോര്‍ട്ട്‌ എവിടെ? തങ്ങള്‍ ഇന്ത്യക്കാരാണെന്നു പറഞ്ഞു ബോധിപ്പിക്കാന്‍ അവര്‍ ക്ലേശിക്കുന്നു.

കേരളവുമായുള്ള മിസോറമിന്റെ ഏറ്റവുമൊടുവിലത്തെ ബന്ധം അവരുടെ ഗവര്‍ണര്‍ മലയാളിയാണെന്നതാണ്‌ - വക്കം പുരുഷോത്തമന്‍. അയല്‍സംസ്ഥാനമായ നാഗാലാന്‍ഡിലും ഒരു മലയാളി ഗവര്‍ണറുണ്ടായിരുന്നു - കെ. ശങ്കരനാരായണന്‍. അദ്ദേഹമിപ്പോള്‍ മഹാരാഷ്‌ട്രയിലാണ്‌. രണ്ടുപേരും തികഞ്ഞ കോണ്‍ഗ്രസുകാര്‍. തന്മൂലം, എപ്പോഴാണ്‌ സ്ഥാനമൊഴിയാന്‍ പുതിയ ബിജെപി സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന്‌ അറിയില്ല.

ശങ്കരനാരായണന്‍ കൊഹിമയില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അതിഥിയായി രാജ്‌ഭവന്‍ അനക്‌സില്‍ താമസിച്ച ദിവസങ്ങള്‍ ഓര്‍ത്തുപോകുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ്‌ ഐസോളില്‍ എത്തിപ്പെട്ടപ്പോള്‍ മലയാളിക്ക്‌ മലയാളിയോടുള്ള സൗഹൃദം രുചിച്ചറിയാന്‍ കഴിഞ്ഞു. രാജ്‌ഭവനില്‍ ഗവര്‍ണര്‍ സ്‌നേഹപൂര്‍വം സ്വീകരിക്കുകയും ചായയും പലഹാരവും നല്‍കി സത്‌കരിക്കുകയും ചെയ്‌തു. നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്‌ കേരളത്തെക്കുറിച്ച്‌ മനസുനിറയെ ഒരു നൊള്‍സ്റ്റാജിയ ഉള്ളതുപോലെ.

വാഗമണ്‍ ടൗണോ മൂന്നാര്‍ ടൗണോ ശബരിമല ക്ഷേത്രാങ്കണമോ പോലെ മലകളുടെ നടുവിലാണ്‌ ഐസോളും. ഹില്‍ സ്റ്റേഷന്‍ പോലെ വേനല്‍ക്കാലത്ത്‌ ഹൃദ്യമായ തണുപ്പ്‌. രാത്രികാലത്ത്‌ സ്വെറ്ററും കമ്പിളിയും അത്യാവശ്യം. മലയോര പാതകളിലൂടെ ചീറിപ്പാഞ്ഞുപോകുന്ന സുസുകി ജിപ്‌സികളും മഹീന്ദ്ര സൈലോകളും ധാരാളം. ഇടയ്‌ക്കിടെ ശക്തികൂടിയ ബൈക്കില്‍ പാഞ്ഞുപോകുന്ന മിസോ പെണ്‍കുട്ടികളെയും കാണാം. എല്ലാവരും സ്വെറ്ററോ ഓവര്‍കോട്ടോ ധരിക്കുന്നു.

നാട്‌ മനോഹരം; നാട്ടാരും നല്ലവര്‍. പക്ഷേ, അവിടെ ചെന്നുപറ്റാനാണു പാട്‌. ആസാമിലെ ഗോഹട്ടിയില്‍നിന്ന്‌ ജോര്‍ഹട്ട്‌, ടിന്‍സുകിയ, ദിബ്രുഗര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്ന റൂട്ടില്‍ ലുംഡിംഗില്‍ ഇറങ്ങുക. അതൊരു ജംഗ്‌ഷനാണ്‌. അവിടെനിന്ന്‌ ആസാം അതിര്‍ത്തിയിലെ സില്‍ച്ചറിലേക്കു മീറ്റര്‍ഗേജ്‌ ട്രെയിന്‍. ത്രിപുരയിലെ അഗര്‍ത്തലയ്‌ക്കു പോകുന്നതും ഈ റൂട്ടിലൂടെത്തന്നെ.

ലുംഡിംഗില്‍നിന്ന്‌ രാവിലെയും വൈകിട്ടും ഓരോ ട്രെയിനേയുള്ളൂ സില്‍ച്ചറിലേക്ക്‌. പന്ത്രണ്ടു മണിക്കൂറേ സഞ്ചാരസമയമുള്ളുവെങ്കിലും ട്രെയിന്‍ മിക്കപ്പോഴും പതിനഞ്ചും പതിനെട്ടും ഇരുപതും മണിക്കൂര്‍ എടുക്കാറുണ്ട്‌. മറ്റു ട്രെയിനുകള്‍ കടന്നുപോകാന്‍ പിടിച്ചിടുന്നതാണ്‌ ഇതിനു കാരണം. സില്‍ച്ചറിലേക്ക്‌ ബ്രോഡ്‌ഗേജ്‌ നിര്‍മിക്കാനുള്ള പണി തുടങ്ങിയിട്ട്‌ പതിനഞ്ചു വര്‍ഷമായി. പണികള്‍ ഇഴഞ്ഞിഴഞ്ഞാണു നീക്കം. പലയിടത്തും ഇടവിട്ടിടവിട്ട്‌ മലകള്‍ക്കു നടുവില്‍ കൊച്ചി മെട്രോയുടേതുപോലുള്ള കൂറ്റന്‍ തൂണുകള്‍.

എങ്ങനെയെങ്കിലും സില്‍ച്ചറില്‍ എത്തിപ്പെട്ടാലോ? രാത്രികാല സര്‍വീസ്‌ നടത്തുന്ന ബസുകളെല്ലാം പോയിക്കഴിഞ്ഞിരിക്കും. പകരം, ആളെ നിറച്ചു പോകുന്ന ടാറ്റാ സുമോകള്‍ ശരണം. പലപ്പോഴും അവയും പോയ്‌ക്കഴിഞ്ഞിരിക്കും. അര്‍ധരാത്രിക്കു ശേഷമെത്തുന്ന പത്രവാനുകളാണ്‌ പിന്നെ ആശ്രയം. ഒരാള്‍ക്ക്‌ 300 രൂപ! ഐസുപോലെ തണുത്ത കൊച്ചുവെളുപ്പാന്‍കാലത്ത്‌ ഐസോളിലെത്തും.

ലേഖകന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്ന രാജ്‌ഭവനിലെ ഉദ്യോഗസ്ഥന്‍ മുതുകുളം സ്വദേശി വി. ബേബി പ്രഭാതസവാരി കഴിഞ്ഞ്‌ എത്തിയതേയുണ്ടായിരുന്നുള്ളൂ. എങ്കിലും നല്ലൊരു ചായ തരപ്പെട്ടു. ബേബി മുഖേന ഗവര്‍ണറെയും രാവിലെതന്നെ കാണാനായി. സില്‍ച്ചറില്‍നിന്നെത്തിയ പത്രങ്ങളില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു വക്കം പുരുഷോത്തമന്‍. നിമിഷനേരംകൊണ്ട്‌ ചായയും പലഹാരങ്ങളുമെത്തി. നാട്ടിലെ വിശേഷങ്ങള്‍ അറിയാനായിരുന്നു അദ്ദേഹത്തിനു തിടുക്കം. കേരളത്തിലെ ഇടതു-വലത്‌ ഏറ്റുമുട്ടലുകളും കോണ്‍ഗ്രസിലെതന്നെയുള്ള പടലപിണക്കങ്ങളും നന്നായി അറിയാവുന്ന രാഷ്‌ട്രീയനേതാവാണല്ലോ വക്കം.

``ഇവിടെ എനിക്കൊന്നും ചെയ്യാനില്ല. ഒരു വ്യവസ്ഥാപിത ഗവണ്‍മെന്റും ഭരണസംവിധാനവും ഇവിടെയുണ്ടല്ലോ. കടലാസുകള്‍ ഒപ്പിടുക മാത്രം. നേരേമറിച്ച്‌, ഞാന്‍ മുമ്പു ലഫ്‌. ഗവര്‍ണറായിരുന്ന ആന്‍ഡമാന്‍സില്‍ ഭരണകര്‍ത്താവ്‌ ഗവര്‍ണര്‍ തന്നെയായിരുന്നു. ചെന്നെത്തി ഒറ്റയാഴ്‌ചകൊണ്ട്‌ സെക്രട്ടേറിയറ്റ്‌ ഞാന്‍ അഴിച്ചുപണിതു. അച്ചടക്കം അച്ചട്ടാക്കി.

``ഇവിടെനിന്ന്‌ നാട്ടിലൊന്നു പോയി വരുന്നതാണ്‌ ഏറ്റവും വലിയ ക്ലേശം. രണ്ടു വിമാനസര്‍വീസുകളുണ്ടെങ്കിലും വെളുപ്പിനു പോയാല്‍ കല്‍ക്കട്ടയിലും ബാംഗളൂരിലും മാറിക്കയറി നാട്ടിലെത്തുമ്പോള്‍ നടുപ്പാതിരയാവും. ഈയിടെ നിയമസഭയുടെ ശതാബ്‌ദി സമ്മേളനത്തില്‍ ഒരു മുഖ്യപ്രസംഗം എന്റെ വകയായിരുന്നു. പാതിരായ്‌ക്കെത്തി രാവിലെ ഉറക്കച്ചടവോടെ മീറ്റിംഗിനു പോകേണ്ടിവന്നു.

``എന്റെ ഭാര്യ ഡോ. ലില്ലി പുരുഷോത്തമന്‍ (തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രഫസറും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റെ ഡയറക്‌ടറും ആയിരുന്നു) കൂടെയുണ്ട്‌. കാല്‍വേദന മൂലം കുഴമ്പിട്ട്‌ ഒന്നു തിരുമ്മണമെന്നുണ്ടെങ്കില്‍ ഒന്നുകില്‍ നാട്ടില്‍ പോകണം. അല്ലെങ്കില്‍ ഒരു തിരുമ്മുകാരനെ മൂന്നു വിമാനം കയറ്റി കൊണ്ടുവരണം.``

``ഇങ്ങനെയൊക്കെയാണെങ്കിലും മിസോറംകാര്‍ക്ക്‌ ദക്ഷിണേന്ത്യയുമായി അടുത്ത ബന്ധമാണുള്ളത്‌. അവരെല്ലാം ഉപരിചികിത്സയ്‌ക്കു പോകുന്നത്‌ വെല്ലൂരിലോ മദ്രാസിലോ തിരുവനന്തപുരത്തോ ആണ്‌. ഇവിടത്തെ കുട്ടികള്‍ കേരളത്തിലെ മെഡിക്കല്‍ എന്‍ജിനീയറിംഗ്‌ കോളജുകളില്‍ പഠിക്കുന്നു. എന്നാലും ഇവിടെ പ്രഫഷണലുകള്‍ക്ക്‌ വല്ലാത്ത ക്ഷാമമാണ്‌. കൊച്ചിയിലോ തിരുവനന്തപുരത്തോ ഉള്ള വന്‍കിട ആശുപത്രികള്‍ ഇവിടെ സ്ഥാപനങ്ങള്‍ ആരംഭിച്ചാല്‍ അതൊരു വലിയ ബന്ധത്തിനു തുടക്കമാവും'' -വക്കം വിശദീകരിക്കുന്നു.

ഐസോളില്‍ മുപ്പതു വര്‍ഷമായി സേവനം ചെയ്യുന്നു രാജ്‌ഭവനിലെ ഉദ്യോഗസ്ഥനായ ബേബി. റിട്ടയര്‍മെന്റ്‌ ആകാറായി. എരുമേലിക്കാരന്‍ പി.വി. വര്‍ഗീസാണ്‌ ചീഫ്‌ സെക്രട്ടറിയുടെ പ്രൈവറ്റ്‌ സെക്രട്ടറി. (ഒരു മാസംമുമ്പ്‌ റിട്ടയര്‍ ചെയ്‌തു). ഡി.ജി.പിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയും മലയാളിതന്നെ - ഇ.കെ. ശശിധരന്‍. പ്രഫസര്‍ പി.ജി. മുരളീധരന്‍പിള്ള ഉള്‍പ്പെടെ നൂറോളം മലയാളികള്‍ ഐസോളില്‍ സര്‍വീസിലുണ്ട്‌. ഒരു കാലത്തു 300 പേരുണ്ടായിരുന്നു. 1988ല്‍ അവര്‍ ഒരു കേരള കള്‍ച്ചറല്‍ ഫോറം ഉണ്ടാക്കി.

ഐസോളില്‍ ഫെഡറല്‍ ബാങ്കിന്റെ പുതിയൊരു ശാഖ തുറക്കാനെത്തിയ കോട്ടയംകാരന്‍ ജോര്‍ജ്‌ മാത്യു ഗവര്‍ണറെ ക്ഷണിക്കാന്‍ രാജ്‌ഭവനിലെത്തി കാത്തിരിക്കുന്നതു കണ്ടു. ഗവര്‍ണര്‍ തന്നെ ശാഖ ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. മിസോറമിലെ ആദ്യത്തെ കേരള ബാങ്കാണത്‌.

രസകരമായ ഒരു സംഭവമുണ്ടായി. 23 വര്‍ഷം മുമ്പ്‌ ഐസോളിലെത്തിയ ഈ ലേഖകന്‍ മലയാള മനോരമയില്‍ എഴുതിയ ഒരു ലേഖനം നിധിപോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരാെള കണ്ടു-പ്രഫ.പി.ജി. മുരളീധരന്‍പിള്ള അദ്ദേഹം ആ ലേഖനവുമായി എന്നെക്കാണാനെത്തി; മിസോറമിനെക്കുറിച്ചുള്ള ആ ലേഖനത്തിത്തില്‍ അദ്ദേഹത്തിന്റെ ചിത്രവുമുണ്ടായിരുന്നു.

ഫെഡറല്‍ ബാങ്ക്‌ മാനേജര്‍ ജോര്‍ജ്‌ മാത്യു ന്യൂ മാര്‍ക്കറ്റിലെ സൗത്ത്‌ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ചായയ്‌ക്കു ക്ഷണിച്ചു. സമയം നാലുമണിയായതേയുള്ളൂവെങ്കിലും ഇഡ്ഡലി, വട, തൈരുവട... ഒക്കെ തീര്‍ന്നിരുന്നു. പകരം, മിസോകള്‍ക്കു പ്രിയമേറിയ കൊഴുക്കട്ടപോലുള്ളൊരു വിഭവവും അതിനു ചേരുവയായി കുഴമ്പുകറിയും വാട്ടവെള്ളംപോലൊരു ചായയും കിട്ടി.

സില്‍ച്ചറിലെത്തി ടിക്കറ്റ്‌ വാങ്ങി നാലു മണിക്കൂര്‍ വൈകിയോടിവരുന്ന ട്രെയിനിനു കാത്തുനില്‍ക്കുമ്പോള്‍ വയറുകത്തി. ബേബി സ്‌നേഹപൂര്‍വം ഏല്‌പിച്ച ഭക്ഷണപ്പൊതി തുറന്നു. അതില്‍ പച്ചക്കപ്പ വേവിച്ചതും മീന്‍കറിയും! ഇലപൊട്ടി മീന്‍കറി പുറത്തേക്കൊഴുകിയെങ്കിലും ഒരു കഷണംപോലും അവശേഷിപ്പിക്കാതെ അകത്താക്കി.

``എന്റെ ബേബീ, മിസോറമില്‍ കപ്പയും മീനും തന്നു സല്‍ക്കരിച്ചതിന്‌ ഏറെ നന്ദി...''
വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വക്കം പുരുഷോത്തമന്റെ മിസോറം; ഗുഡ്‌ബൈ, കം എഗെയ്‌ന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക