Image

മോദിയുടെ നയപ്രഖ്യാപനം (ഡി.ബാബുപോള്‍)

ഡി.ബാബുപോള്‍ Published on 12 June, 2014
 മോദിയുടെ നയപ്രഖ്യാപനം (ഡി.ബാബുപോള്‍)
തെരഞ്ഞെടുപ്പുഫലം അറിയുന്നതിനുമുമ്പ് എഴുതിയതും വിമര്‍ശിക്കപ്പെട്ടതുമായ ഒരു ലക്കത്തില്‍ ‘മധ്യരേഖ’ നിരീക്ഷിച്ചതിനെ സാധൂകരിക്കുന്നതായി രാഷ്ട്രപതിയുടെ പ്രസംഗത്തിലൂടെ അനാവരണം ചെയ്യപ്പെട്ട നയങ്ങള്‍. അത് എഴുതിയ ആള്‍ക്ക് സംതൃപ്തി നല്‍കുന്നു. അന്ന് അത് അസ്വീകാര്യമായി തോന്നിയവര്‍ക്ക് ആശ്വാസകരമായി അനുഭവപ്പെടും എന്നതില്‍ സന്തോഷവുമുണ്ട്.
കേരളത്തില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് ആദ്യത്തെ നക്കല്‍ തയാറാക്കുന്നത് സെക്രട്ടേറിയറ്റിലെ ഇളംതലമുറയില്‍പ്പെട്ട ഒരു ഐ.എ.എസുകാരന്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു പണ്ട്. ഇപ്പോള്‍ ആ ഇനം ഡിപ്പിടികള്‍തന്നെ ഇല്ല എന്ന് തോന്നുന്നു. ഏതായാലും, ഉദ്യോഗസ്ഥ നിര്‍മിതിക്ക് മന്ത്രിസഭയുടെ മേലൊപ്പ് എന്നതാണ് സമ്പ്രദായം. ആ അവസാന ഘട്ടത്തില്‍ വല്ല പുതിയ കാര്യവും വന്നാലായി. അതും മാണിയെപ്പോലൊരാളാണ് ധനമന്ത്രിയെങ്കില്‍ പ്രധാന സംഗതികളൊക്കെ ഗവര്‍ണറില്‍നിന്ന് ഒളിപ്പിച്ച് ബജറ്റ് പ്രസംഗത്തില്‍ വെടിക്കെട്ടാക്കും.
കേന്ദ്രസര്‍ക്കാറില്‍ രാഷ്ട്രപതിയുടെ പ്രസംഗം തയാറാക്കുന്നതിനും പരമ്പരാഗത സമ്പ്രദായങ്ങളുണ്ട്. സാധാരണഗതിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ ചെയ്യുകയാണ് അവിടത്തെ രീതി. ഇത്തവണ കാബിനറ്റ് സെക്രട്ടേറിയറ്റ് ഒരു നക്കല്‍ തയാറാക്കുകയായിരുന്നു. അത് സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, രവിശങ്കര്‍ പ്രസാദ് എന്നിവരടങ്ങിയ ഉപസമിതി സംശോധന ചെയ്തശേഷം പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ മന്ത്രിസഭയില്‍ സമര്‍പ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ഒരു പുതിയ മാതൃക മോദി രൂപപ്പെടുത്തിയതുമാകാം.
തിങ്കളാഴ്ച രാഷ്ട്രപതി വായിച്ച പ്രസംഗത്തില്‍ ആദിമധ്യാന്തം ഒരു മോദിമുദ്ര കാണുന്നു എന്നതാണ് ആദ്യംതന്നെ ശ്രദ്ധിക്കാനുള്ളത്. സംഘ്പരിവാറിന്‍െറ പിന്തുണ ഉറപ്പിക്കാന്‍ അവരുടെ സമിതികളിലോ ഭാ.ജ.പായുടെ ഭരണപ്രാപ്തി ഉറപ്പിക്കാന്‍ പ്രചാരണവേദികളിലോ മോദിയില്‍നിന്ന് ഉതിര്‍ന്നുവീണ സംഗതികളൊന്നുമല്ല രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ കാണുന്നത്. പൊതുവായി കാണുന്നത് ഓര്‍മയില്‍ ഉറക്കുന്ന ചില പദപ്രയോഗങ്ങളാണ്. മിനിമം ഗവണ്‍മെന്‍റ്, മാക്സിമം ഗവേണന്‍സ്, ‘ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ’ എന്നിവ ഉദാഹരണങ്ങള്‍. മൂന്ന് എസ്, അഞ്ച് ടി, മൂന്ന് ഡി. സ്കില്‍, സ്കെയില്‍, സ്പീഡ് ഇങ്ങനെ എസ്. ട്രഡീഷന്‍, ടാലന്‍റ്, ടൂറിസം, ട്രേഡ്, ടെക്നോളജി ഇങ്ങനെ ടി. ഡെമോക്രസി, ഡമോഗ്രഫി, ഡിമാന്‍ഡ് ഇങ്ങനെ ഡി.
പൊതുവേ തെരഞ്ഞെടുപ്പിന് മുമ്പുള്ള മോദിയല്ല, പ്രധാനമന്ത്രി മോദിയാണ് ഈ വാക്കുകളില്‍ വിരിയുന്ന താമര. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ ഒരു ദശാബ്ദക്കാലം പ്രധാനമന്ത്രിയായി തുടര്‍ന്നുകൊണ്ട് തന്‍െറ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച മോദി സ്വാതന്ത്ര്യ പ്രാപ്തിയുടെ ജൂബിലി വേളയെ അതിരായി നിര്‍വചിച്ചുകൊണ്ട് 2022നകം ചെയ്യേണ്ടതായ സംഗതികളെക്കുറിച്ചാണ് ഈ പ്രസംഗത്തില്‍ പറയുന്നത്. നമ്മുടെ ലക്ഷംവീട് പദ്ധതിയുടെ ഏകദേശ മാതൃകയില്‍ എല്ലാ ഭാരതീയര്‍ക്കും ശുചിമുറിയും വൈദ്യുതിയും കുഴല്‍ വഴി വീടകത്തത്തെുന്ന ശുദ്ധജലവും ഉള്‍പ്പെടുന്ന ഭവന നിര്‍മാണ പദ്ധതി ഉദാഹരണം. ദാരിദ്ര്യത്തിന് മതമില്ല, വിശപ്പിന് വിശ്വാസ പ്രമാണം മറുപടിയല്ല എന്നൊക്കെ പറയുന്ന പ്രസംഗത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആധുനിക വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും സംപ്രാപ്തമാക്കുന്നതിനെക്കുറിച്ചും മദ്റസകളുടെ നവീകരണത്തിനുള്ള ദേശീയപദ്ധതിയെക്കുറിച്ചും പറയുന്നതും ശ്രദ്ധിക്കാതെ വയ്യ.
ഭരണഘടനയില്‍ കശ്മീരിനുള്ള പദവി, ഏകീകൃത സിവില്‍കോഡ്, രാമക്ഷേത്രനിര്‍മാണം എന്നിങ്ങനെ തെരഞ്ഞെടുപ്പിനുമുമ്പ് മുന്നില്‍ നിര്‍ത്തിയ പ്ളക്കാര്‍ഡുകളൊന്നും കാണാനില്ല ഈ പ്രസംഗത്തില്‍. അവ അധ്യക്ഷ വേദിയുടെ പിന്നാമ്പുറത്തേക്ക് പറിച്ചുനട്ടിരിക്കുന്നു പ്രധാനമന്ത്രിയായ മോദി. അതേസമയം, നിരാക്ഷേപമായി നിര്‍വഹിക്കപ്പെടുന്നപക്ഷം ആരും അംഗീകരിക്കുന്ന ചില അനുബന്ധ ചിന്തകള്‍ പറയാതിരിക്കുന്നുമില്ല.
കശ്മീരി പണ്ഡിറ്റുകളുടെ മടക്കയാത്രയും പുനരധിവാസവും പ്രധാനപ്പെട്ട സംഗതിയായി ഇടംപിടിച്ചിട്ടുണ്ട്  പ്രസംഗത്തില്‍. കശ്മീര്‍ താഴ്വരയില്‍നിന്ന് പലായനം ചെയ്ത ബ്രാഹ്മണര്‍ക്ക് അവരവരുടെ അഗ്രഹാരങ്ങളില്‍ തിരിച്ചത്തെി സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് ഈ വാക്കിന്‍െറ വില തെളിയുക. ജമ്മുവില്‍ ബ്രാഹ്മണരുടെ ചെങ്കല്‍ച്ചൂള കോളനികള്‍ നിര്‍മിക്കുന്നതിനേക്കാള്‍ ക്ളേശകരമാണ് ഈ യജ്ഞം. അതേസമയം, കശ്മീര്‍ താഴ്വരയിലെ ബഹുഭൂരിപക്ഷം മുസ്ലിംകളും പണ്ഡിറ്റുകളോട് വിരോധമുള്ളവരല്ല എന്നിരിക്കെ ഉമറും പി.ഡി.പിയും ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുമായും ഹുര്‍റിയത്തിലെ മിതവാദികളുമായും സര്‍ഗാത്മകസഹകരണം ഉറപ്പുവരുത്തി സമയബന്ധിതമായി ചെയ്യാനാവുന്നതാണു താനും.
കശ്മീരില്‍ അനാവശ്യമായ സൈനിക സാന്നിധ്യ പ്രകടനം ഉപേക്ഷിക്കാന്‍ മോദി ധൈര്യം കാണിക്കും എന്നാണ് എന്‍െറ പ്രത്യാശ. പട്ടാളത്തെ പിന്‍വലിക്കുമെന്നല്ല. അത് സാധ്യമല്ല എന്ന് ആര്‍ക്കാണറിയാത്തത്? എന്നാല്‍, രാവിലെ എട്ടു മണിക്ക് കുഞ്ഞുങ്ങള്‍ പള്ളിക്കൂടത്തില്‍ പോകുന്ന നേരത്ത് ദാല്‍തടാകതീരത്ത് കാമൂഫ്ളാഷ് യൂനിഫോമിട്ട തോക്കുധാരികള്‍ വേണ്ടതില്ല. ഡി.ഐ.ജിയും ബ്രിഗേഡിയറും നഗരവീഥികളിലൂടെ പോകുമ്പോള്‍ ഒരു അധിനിവേശ മേഖലയിലെ യാത്രയുടെ പ്രതീതി സൃഷ്ടിക്കേണ്ടതില്ല. അങ്ങനെയുള്ള ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇച്ഛാശക്തിയും റിസ്ക്ക് എടുക്കാനുള്ള മനോധൈര്യവും ഉണ്ടായാല്‍ മതി. അത് പ്രധാനമന്ത്രി പ്രകടിപ്പിക്കും എന്ന് വിശ്വസിക്കുക നാം.
അതുപോലെതന്നെ, അത്യന്തം സൂക്ഷ്മതയോടെ നിര്‍വഹണപര്‍വം ആസൂത്രണം ചെയ്യേണ്ടതാണ് വടക്കുകിഴക്ക് പ്രദേശത്തെ നുഴഞ്ഞു കയറ്റം സംബന്ധിച്ച പ്രഖ്യാപനവും. ഇനിയും കൃത്യമായി വേലികെട്ടി വേര്‍തിരിക്കാന്‍ കഴിയാത്തതാണ് ബംഗ്ളാദേശ് അതിര്‍ത്തി. ആ അതിര്‍ത്തി കടന്നു വരുന്നവര്‍ക്ക് മതമില്ല. ഹിന്ദുക്കളും മുസ്ലിംകളും വരും. പച്ചയായ പുല്‍പ്പുറങ്ങള്‍ തേടി വരുന്നവരാണ് അവര്‍. ഭാരതത്തിലെ മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ഗൂഢാലോചനയല്ല അവരുടെ പ്രയാണത്തിന് പിന്നില്‍. അതേസമയം, ആ കൂട്ടത്തില്‍ നുഴഞ്ഞുകയറുന്ന തീവ്രവാദികളും ഉണ്ടാകും എന്നതും സത്യമാണ്. അത്യന്തം സങ്കീര്‍ണമാണ് ആ പ്രശ്നം. അവിടെയും പ്രധാനമന്ത്രിയുടെ ഉത്തമ വിശ്വാസംതന്നെയാണ് നാടിന്‍െറ വിശ്വാസത്തിന് അടിസ്ഥാനമാകുക.
സാമ്പത്തിക രംഗത്തെ പ്രഖ്യാപനങ്ങളും ശ്രദ്ധിക്കണം. ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് നടപ്പാക്കുന്നതും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതും സ്കില്‍-സ്കെയില്‍-സ്പീഡ് എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയ മാനുഫാക്ചറിങ് ഹബ് ആയി ഭാരതത്തെ പരിവര്‍ത്തനം ചെയ്യുന്നതും പ്രധാനമായി കാണുന്നുണ്ട് ഈ രേഖ. അടിസ്ഥാന സൗകര്യങ്ങളുടെ ആശാനാണല്ളോ മോദി. അതിവേഗത്തീവണ്ടികളുടെ വജ്രപാത, കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട അഗ്രിറെയില്‍, ചെറിയ പട്ടണങ്ങളിലൊക്കെ വിമാനത്താവളങ്ങള്‍, നൂറ് വികസിത നഗരങ്ങള്‍ (വേള്‍ഡ് ക്ളാസ് സിറ്റീസ് എന്ന് ഇംഗ്ളീഷില്‍) എന്നിവ മറന്നിട്ടില്ല പുതിയ പ്രധാനമന്ത്രി.
ആണവോര്‍ജം, സൗരോര്‍ജം എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനവും സവിശേഷശ്രദ്ധ ക്ഷണിക്കുന്നുണ്ട്. പ്രത്യേകിച്ചും ആദ്യത്തേത്. അന്തര്‍ദേശീയ ആണവ കരാറുകളുമായി ബന്ധപ്പെട്ടതാണല്ളോ സംഗതി.
പ്രതിരോധവ്യവസായങ്ങളില്‍ ഉള്‍പ്പെടെയുള്ള വിദേശമൂലധനനിക്ഷേപം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യും എന്ന് പ്രതീക്ഷിക്കുക. സാര്‍ക് രാജ്യങ്ങളുമായും ചൈനയുമായുമുള്ള ബന്ധങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതും ശ്രദ്ധേയംതന്നെ.
ചുരുക്കിപ്പറഞ്ഞാല്‍, വോട്ടുപിടിക്കാന്‍ ഓടുന്ന സ്ഥാനാര്‍ഥിയെയല്ല 10 കൊല്ലം ഭരിക്കാന്‍ പുറപ്പെട്ടിരിക്കുന്ന പക്വമതിയായ രാഷ്ട്രതന്ത്രജ്ഞനെയാണ് ഈ പ്രസംഗത്തില്‍ നാം കാണുന്നത്. ഭൂതകാലത്തിന്‍െറ ഭാണ്ഡക്കെട്ടുകള്‍ തനിക്ക് ചങ്ങലകള്‍ തീര്‍ക്കാന്‍ മോദി അനുവദിക്കുകയില്ല എന്ന് വ്യക്തമാണ്. അതേസമയം, പ്രധാനമന്ത്രിയുടെ പക്വത ഇല്ലാത്തവര്‍ പുണെയിലും മറ്റു ചില ഇടങ്ങളിലും മോദിക്കും ഭാ.ജ.പാക്കും സഹായകരമല്ലാത്ത നിഷ്ഠുര കൃത്യങ്ങളിലേക്ക് വഴിതെറ്റി എന്നതും ശ്രദ്ധിക്കണം. അവയുടെ ആവര്‍ത്തനം ഇന്നലെയുടെ നിഴലുകള്‍ക്ക് കനം പകരും എന്ന് പ്രാദേശിക നേതാക്കളെ ബോധ്യപ്പെടുത്താന്‍ ഭാ.ജ.പാ കര്‍ത്തവ്യബദ്ധമായിരിക്കുന്നു. ഇന്നത്തെ വാക്കുകള്‍ക്ക് അര്‍ഥമുണ്ടെന്ന് തെളിയിക്കേണ്ടത് നാളത്തെ പ്രവൃത്തികളാണ്. മോദിയുടെ കരങ്ങളെ മോദിയുടെ അനുയായികള്‍ ദുര്‍ബലപ്പെടുത്താതിരിക്കട്ടെ.
മോദിയുടെ ശുഭചിന്തകളെ മോദിയുടെ ശത്രുക്കള്‍ വീണ്‍വാക്കുകളായി എഴുതിത്തള്ളാതിരിക്കട്ടെ.
ഭാരതം മുന്നോട്ടു പോകട്ടെ.
http://www.madhyamam.com/news/292029/140612
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക