Image

ആന്‍ സാറാ കോശി ഹാര്‍വാഡില്‍; മലയാളിക്ക്‌ അസുലഭ ബഹുമതി (കുര്യന്‍ പാമ്പാടി)

Published on 30 June, 2014
ആന്‍ സാറാ കോശി ഹാര്‍വാഡില്‍; മലയാളിക്ക്‌ അസുലഭ ബഹുമതി (കുര്യന്‍ പാമ്പാടി)
ചെങ്ങന്നൂര്‍ കോടുകുളഞ്ഞി ചെറുകര വീടിന്റെ സന്തതി ഇന്നലെ ബാംഗ്ലൂരില്‍നിന്ന്‌ അമേരിക്കയില്‍ മാസച്ചുസെറ്റ്‌സിലെ ഹാര്‍വാഡിലെത്തി. ഒബാമ - സിംഗ്‌ ഫെലോഷിപ്പില്‍ മാതൃ-ശിശു സംരക്ഷണത്തെപ്പറ്റി ഗവേഷണപഠനം നടത്തുകയാണ്‌ 24-കാരിയായ ആന്‍ സാറാ കോശിയുടെ ലക്ഷ്യം.

ആന്‍ വെറുമൊരു പെണ്‍കൊടിയല്ല. ബാംഗ്ലൂര്‍ സെന്‍ജോണ്‍സ്‌ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനു പഠിക്കുമ്പോള്‍ (2008 ബാച്ച്‌) സ്റ്റുഡന്‍സ്‌ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. സെന്റ്‌ ജോണ്‍സിന്റെ ചരിത്രത്തില്‍ ആദ്യമാണ്‌ ഒരു വനിത ആ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നത്‌. പഠിക്കാന്‍ മിടുക്കി. കെമ്പഗൗഡ ഇന്‍സ്റ്റിസ്റ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ 2009-ല്‍ സംഘടിപ്പിച്ച ഇന്റര്‍ മെഡിക്കല്‍ സ്‌കൂള്‍ ഫിസിയോളജി ക്വിസ്സില്‍ ആനും സഹപാഠികളും ഒന്നാം സ്ഥാനം നേടി.

മലേഷ്യന്‍ തലസ്ഥാനമായ കൊലാലംപൂരില്‍ നടന്ന സാര്‍വദേശീയ ഫിസിയോളജി ക്വിസ്സില്‍ പങ്കെടുക്കാനുള്ള ക്ഷണമായിരുന്നു മത്സരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മലേഷ്യന്‍ മെഡിക്കല്‍ കോളേജില്‍ നടന്ന മത്സരത്തില്‍ ആനും സഹപാഠികളായ ഭരധ്വാജ്‌ രവീന്ദ്രന്‍, കാര്‍ത്തിക്‌ ശ്യാം, ശരണ്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു. അവിടെയും വിജയം നേടി.

ശിശു ഗര്‍ഭപാത്രത്തില്‍ കഴിയുന്ന കാലത്തുതന്നെ വൈറ്റമിന്‍ ബി2 മുഖേന അതിന്റെ നാഡീവ്യൂഹത്തില്‍ ഗണനീയമായ മാറ്റങ്ങള്‍ വരുത്താനാവുമോ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ്‌ ആനിന്റെ ലക്ഷ്യം. ബാംഗ്ലൂരിലെ 300 ഗര്‍ഭിണികള്‍ക്ക്‌ വൈറ്റമിന്‍ ബി2 ഗുളികകള്‍ കൂടുതലായി നല്‍കി പരീക്ഷിച്ചു നോക്കി. ഇവരില്‍ 150 പേരുടെ ശിശുക്കളില്‍ പ്രകടമായ നേട്ടം കണ്ടെത്തുവാന്‍ കഴിഞ്ഞു. ഹാര്‍വാഡില്‍ ഈ പഠനം തുടരുകയാണ്‌ ലക്ഷ്യം. അതിനുശേഷം അവിടെത്തന്നെ ക്ലിനിക്കല്‍ എപ്പിഡെമിയോളജിയില്‍ ഒരു കോഴ്‌സ്‌ ചെയ്യാനും അനുമതി ലഭിിട്ടുണ്ട്‌. ഒപ്പം ആഗോള പോഷകാഹാര മേഖലയിലും പഠനം നടത്തും.

ഡോക്‌ടറായ ശേഷം സര്‍ജാപൂര്‍ റോഡിലുള്ള `കരുണാലയം' എന്ന ഗ്രാമീണ മാതൃശിശു ആശുപത്രിയില്‍ സേവനം ചെയ്യുകയായിരുന്നു ആന്‍ ഇതുവരെ. ``ആനിന്റെ യാത്ര ഞങ്ങള്‍ക്ക്‌ വലിയ നഷ്‌ടമാണ്‌.'' സ്ഥാപനത്തിലെ സ്റ്റാഫും അവിടെ ചികിത്സയ്‌ക്കെത്തുന്നവരും ഒരുപോലെ പറയുന്നു ``ഞാന്‍ സ്ഥിരമായി പോകുകയല്ല. അമേരിക്കയില്‍ പഠനം കഴിഞ്ഞ്‌ റൂറല്‍ ബോണ്‌ട്‌്‌ പൂര്‍ത്തിയാക്കാനായി ഇവിടെത്തന്നെ മടങ്ങിവരും'' - ആന്‍ അവരെ സമാധാനിപ്പിച്ചു.

ഡോക്‌ടറാകാന്‍ ആഗ്രഹിച്ച ആളല്ല ആന്‍ സാറാ കോശി. കണക്കില്‍ നല്ല മാര്‍ക്കു വാങ്ങി എസ്‌.എസ്‌.എല്‍.സി ജയിച്ച ആളാണ്‌. 100 ല്‍ 99 മാര്‍ക്കുണ്ടായിരുന്നു. ബയോളജിക്ക്‌ 95 ഉം, കണക്ക്‌ പഠിച്ച്‌ ഒരു ശാസ്‌ത്രജ്ഞ അല്ലെങ്കില്‍ ആസ്‌ട്രോനോട്ട്‌്‌ ആകണമെന്ന്‌ മോഹമുണ്ടായിരുന്നു. പക്ഷെ എനിക്ക്‌ പൊക്കം കുറവാണെന്ന്‌ അവര്‍ പറഞ്ഞു. അതോടെ ഗഗനചാരിയാകാനുള്ള സ്വപ്‌നം പൊലിഞ്ഞു.

``സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം പാസായി പോകുന്ന കുട്ടികള്‍ക്ക്‌ ഒരു യാത്രയയപ്പ്‌ ഉണ്ടായിരുന്നു. വിടവാങ്ങല്‍ പ്രസംഗം ചെയ്യാനായി എന്നെയാണ്‌ തെരെഞ്ഞെടുത്തത്‌. മമ്മിയും അക്കൂടെയുണ്ടായിരുന്നു. ഡോക്‌ടറാണ്‌, സെന്റ്‌ ജോണ്‍സില്‍ ഗൈനക്കോളജി പ്രൊഫസര്‍ ഡോ.അന്നമ്മ തോമസ്‌. ഞാന്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ മമ്മി പെട്ടെന്ന്‌ എഴുന്നേറ്റ്‌ സ്ഥലം വിട്ടു.

``എനിക്കത്‌ വലിയ മനഃപ്രയാസം ഉണ്ടാക്കി. പിന്നീടാണ്‌ അറിഞ്ഞത്‌ ഒരു പ്രസവം അറ്റന്‍ഡു ചെയ്യാന്‍ പോയതാണെന്ന്‌. ഡാഡിയും ഡോക്‌ടര്‍ തന്നെ. സെന്റ്‌ ജോണ്‍സില്‍ ഒഫ്‌താല്‍മോളജി പ്രൊഫസറാണ്‌ റെജി ഫിലിപ്പ്‌. അച്ഛനമ്മമാരുടെ സ്‌നേഹം വേണ്ടത്ര കിട്ടാതിരിക്കാന്‍ ഒരു കാരണം അവര്‍ ഡോക്‌ടര്‍മാരാകുന്നതാണല്ലോ എന്ന്‌ ഞാന്‍ ചിന്തിച്ചുപോയി. പക്ഷെ ഇപ്പോഴിതാ ഞാന്‍ തന്നെ ഡോക്‌ടറായിരിക്കുന്നു. വിധിവൈപരിത്യം എന്നല്ലാതെ എന്തു പറയാന്‍!''

സെന്റ്‌ ജോണ്‍സ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിനെ ഒബാമ -സിംഗ്‌ ഉന്നത വിദ്യാഭ്യാസ പദ്ധതിയിലേക്ക്‌ തെരെഞ്ഞെടുക്കുന്നത്‌ 2008 ലാണ്‌. അങ്ങനെ ആ സ്ഥാപനവും അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹെല്‍ത്തുമായി സഹകരിച്ച്‌ ഗവേഷണം ആരംഭിച്ചു. അതിന്റെ ആത്യന്തിക ഫലമായി അവിടെനിന്ന്‌ അമേരിക്കയില്‍ പോയി ഗവേഷണം തുടരാനുള്ള ആദ്യത്തെ അവസരം ലഭിച്ച ആളാണ്‌ ആന്‍ സാറാ കോശി.

``എനിക്കിത്‌ വിശ്വസിക്കാനാവുന്നില്ല. ഹാര്‍വാഡിലെ പരിശീലനത്തിനുശേഷം ആഗോള പോഷകാഹാര മേഖലയില്‍ ഗവേഷണ പഠനം നടത്താനുള്ള എന്റെ മോഹം അവര്‍ അംഗീകരിക്കുമെന്ന്‌ എനിക്ക്‌ അല്‌പവും പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷെ, സര്‍വ്വരെയും അമ്പരിപ്പിച്ചുകൊണ്ട്‌ അതും സാധ്യമായിരിക്കുന്നു.'' - ഹാര്‍വാഡിലേക്കു പോകാന്‍ ഞായറാഴ്‌ച വിമാനം കയറുംമുമ്പ്‌ ആന്‍ സാറാ കോശി സുഹൃത്തുക്കളോട്‌ പറഞ്ഞു.

മല്ലപ്പള്ളി കീച്ചേരില്‍.ഡോ.അന്നമ്മ തോമസ്‌-റെജി ദമ്പതിമാരു ടെ

ഇളയ മകള്‍ ആര്‍ലിന്‍ ലോ പഠിക്കുന്നു
ആന്‍ സാറാ കോശി ഹാര്‍വാഡില്‍; മലയാളിക്ക്‌ അസുലഭ ബഹുമതി (കുര്യന്‍ പാമ്പാടി)ആന്‍ സാറാ കോശി ഹാര്‍വാഡില്‍; മലയാളിക്ക്‌ അസുലഭ ബഹുമതി (കുര്യന്‍ പാമ്പാടി)ആന്‍ സാറാ കോശി ഹാര്‍വാഡില്‍; മലയാളിക്ക്‌ അസുലഭ ബഹുമതി (കുര്യന്‍ പാമ്പാടി)ആന്‍ സാറാ കോശി ഹാര്‍വാഡില്‍; മലയാളിക്ക്‌ അസുലഭ ബഹുമതി (കുര്യന്‍ പാമ്പാടി)ആന്‍ സാറാ കോശി ഹാര്‍വാഡില്‍; മലയാളിക്ക്‌ അസുലഭ ബഹുമതി (കുര്യന്‍ പാമ്പാടി)ആന്‍ സാറാ കോശി ഹാര്‍വാഡില്‍; മലയാളിക്ക്‌ അസുലഭ ബഹുമതി (കുര്യന്‍ പാമ്പാടി)ആന്‍ സാറാ കോശി ഹാര്‍വാഡില്‍; മലയാളിക്ക്‌ അസുലഭ ബഹുമതി (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക