Image

രാമായണമാസ രാപ്പകലുകള്‍ (വാസുദേവ്‌ പുളിക്കല്‍)

Published on 22 July, 2014
രാമായണമാസ രാപ്പകലുകള്‍ (വാസുദേവ്‌ പുളിക്കല്‍)

രാമായണം മാസത്തെ ആദരിച്ചുകൊണ്ട്‌ ഇ-മലയാളി ഒരു കോളം സമര്‍പ്പിക്കുന്നു. എഴുത്തുകാര്‍ക്ക്‌ രാമായണത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍, രാമായണത്തിലെ കഥകള്‍, ഭക്‌തിപൂര്‍വ്വമായ അനുഭവങ്ങള്‍ എന്നിവ പങ്ക്‌ വക്കാം.രാമായണവായനയും സമ്മേളനങ്ങളുമൊക്കെ ചിത്രത്തിലാക്കിയിട്ടുണ്ടെങ്കില്‍ അതും പ്രസിദ്ധീകരണത്തിനായി അയച്ചുതരുക.

രാമായണ മാസം (മലയാള മാസം കര്‍ക്കിടകം) ജൂലൈ 17 - ആഗ്‌സ്‌റ്റ്‌ 16

ഭാരതീയര്‍ പ്രത്യേകിച്ച്‌ കേരളീയര്‍ വളരെയധികം പ്രാധാന്യം കല്‍പിക്കുന്നത്‌ രാമായണം ഒരു കാവ്യം എന്നതിലുപരി ധര്‍മ്മസംഹിതകള്‍ അടങ്ങിയിക്കുന്ന ഒരു പുണ്യഗ്രന്ഥമായാണ്‌. ഭാരതീയരുടെ ജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ തലങ്ങളെ രാമായണം ഏറെ സ്വാധീച്ചിട്ടൂണ്ട്‌ എന്നതായിരിക്കാം ഇതിന്‌ കാരണം. ഹിന്ദു മതത്തിന്റെ തത്വസംഹിതകള്‍ അടങ്ങിയിരിക്കുന്നത്‌ വേദങ്ങളിലാണ്‌. സാധരണക്കാര്‍ക്ക്‌ വേദങ്ങള്‍ പഠിക്കാന്‍ ദുഷ്‌കരമായിക്കുന്നതു കൊണ്ട്‌ വേദങ്ങളിലെ തത്വാംശങ്ങള്‍ സ്വാംശീകരിച്ച്‌ ലളിതമായി സാധാരണക്കാര്‍ക്ക്‌ പ്രാപ്യമാകത്തക്കവണ്ണം രചിച്ചിട്ടുള്ളതാണ്‌ പുരാണങ്ങളും ഇതിഹാസങ്ങളും. വാല്‌മീകി രാമായണത്തേക്കാള്‍ കേരളീയരുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്‌ എഴുത്തഞ്ചന്റെ അദ്ധ്യാത്മരാമായണമാണ്‌.അദ്ധ്യാത്മരാമായണത്തെ പോലെ കേരളീയ ഹൈന്ദവരെ സ്വാധീനിക്കുകയും അവരുടെ മനസ്സില്‍ ഭക്തി ജനിപ്പിക്കുക യും ചെയ്‌തിട്ടുള്ള മറ്റൊരു വിശുദ്ധ ഗ്രന്ഥം ഉണ്ടെന്നു തോന്നുന്നില്ല. കേരളീയരുടെ ഹൃദയ തലങ്ങളെ സ്‌പര്‍ശിച്ചു കൊണ്ട്‌, ആത്മീയമായ ഒരുഉണര്‍വ്വുണ്ടാക്കി അവരെ ഭക്തിയുടെ ഉന്നത മേഖലകളിലേക്ക്‌ കൂട്ടിക്കൊണ്ടു പോകാന്‍ എഴുത്തഞ്ചന്റെ അദ്ധ്യാത്മരാമായണത്തിനു കഴിഞ്ഞുട്ടുണ്ട്‌. വേദാന്ത സംസ്‌കാരത്തെ പറ്റി കേരളീയരില്‍ ബോധം ജനിപ്പിക്കാനും രാമായണം മുഖ്യ പങ്കു വഹിക്കുന്നു. രാമഭക്തന്മാര്‍ക്ക്‌ കര്‍ക്കിടക മാസം രാമായണ മാസമാണ്‌. അവരുടെ ഗൃഹാന്തരീക്ഷത്തില്‍ രാമായണത്തിലെ ജീവിത ഗന്ധിയും തത്വചിന്താപരവും ഗാനാത്മകവുമായ ഈരടികള്‍ അലയടിച്ചു നില്‍ക്കുന്ന മാസം.

രാവണനെ നിഗ്രഹിച്ച്‌ സീതാദേവിയെ മോചിപ്പിച്ച രാമന്റെ വീരഗാഥയോ മഹത്വ പ്രകീര്‍ത്തനമോ മാത്രമാണ്‌ രാമായണം എന്ന്‌ തെറ്റിദ്ധരിക്കരുത്‌. രാമായണം ഭാരതീയ പൈതൃകത്തിന്റെ ആധാര ശിലയാണ്‌. ആ പൈതൃ കത്തോട്‌ നമുക്ക്‌ ബഹുമാനം വേണം. പിതൃഭക്തിയുടെ, ഗുരുഭക്തിയുടെ, ഈശ്വരചിന്തയുടെ, പുത്രവാത്സല്യത്തിന്റെ, സഹോദരസ്‌നേഹത്തിന്റെ, പാതിവൃത്യനിഷ്‌ഠയുടെ, ധര്‍മ്മത്തിന്റെ, കര്‍ത്തവ്യനിര്‍വ്വഹണത്തിന്റെ ഒക്കെ ഛായചിത്രങ്ങള്‍ വരച്ചിടുന്ന രാമായണം നമുക്ക്‌ മാര്‍ക്ഷദര്‍ശനമാകണം. നിര്‍മ്മലവും സുന്ദരവുമായ ആശയങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ രാമായണം.ജീവിതത്തിന്റെ പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ സാന്ത്വനപ്പെടുത്താന്‍ പാകത്തിന്‌ സംഗീതാന്മകമായ രാമായണത്തില്‍ അര്‍ത്ഥഗംഭീരമായ തത്വ രത്‌നങ്ങളും ചിതറിക്കിടക്കുന്നു. രാജ്യഭാരം ഉപേക്ഷിച്ച്‌ രാമന്‌ വനത്തിന്‌ പോകേണ്ടി വരുന്ന ഘട്ടത്തില്‍ അതിന്‌ ഇടവരുത്തിയ പിതാവിനെ വധിച്ച്‌ രാമന്റെ രാജ്യാഭിഷേകം നിര്‍വഹിക്കാമെന്ന്‌ പറഞ്ഞ്‌ രോഷാകുലനായി നില്‍ക്കുന്ന ലക്ഷ്‌മണനെ ലൗകികതയുടെ നിരര്‍ത്ഥകതയേയൂം ആത്മീയതയുടെ മഹത്വത്തെയും പറ്റി തത്വോപദേശങ്ങള്‍ നല്‍കി രാമന്‍?സാന്ത്വനപ്പെടുത്തുന്നു.

ചക്ഷുഃശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ
കാലാഹീന പരിഗ്രസ്ഥമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു.

പാമ്പിന്റെ വായില്‍ അകപ്പെട്ടു പോയ തവള ഭക്ഷണത്തിനു്‌ വേണ്ടി നാവു നീട്ടുന്നതു പോലെയാണ്‌ മനുഷ്യകുടെ ആഗ്രഹങ്ങള്‍. അവര്‍ കാലമാകുന്ന പാമ്പിന്റെ വായില്‍ അകപ്പെട്ടിരിക്കുകയാണ്‌. അവര്‍ വിഴുങ്ങപ്പെടും എന്നതിന്‌ സംശയമില്ല. എങ്കിലും ഭൗതിക സുഖങ്ങള്‍ സ്വായത്തമാക്കാനും ആ സുഖങ്ങളില്‍ എന്നെന്നും ആമഗ്നരായിരിക്കാനും അവര്‍ വൃഥാ ശ്രമിക്കുന്നു. ഭൗതികസുഖങ്ങള്‍ മിന്നല്‍ പിണര്‍ പോലെയാണെന്നറിയാതെയാണീ പരക്കം പാച്ചില്‍. കൊച്ചു കൊച്ചു താത്‌പര്യങ്ങളുമായി ലൗകികതയില്‍ മുഴുകിപ്പോകുമ്പോള്‍ ദേഹേന്ദ്രിയബുദ്ധ്യാതികള്‍ക്കെല്ലാം മേലെ വസിക്കുന്നത്‌ നിത്യനായ ആത്മാവാണെന്ന്‌ അവര്‍ക്ക്‌ അറിയാന്‍ സാധിക്കുന്നില്ല. ക്ഷണികമായ ലൗകിക സുഖത്തെ പറ്റിയല്ലാതെ അനശ്വരമായ ആത്മീയാനന്ദത്തെ പറ്റി അവര്‍ ചിന്തിക്കുന്നതേയില്ല. ലൗകിക സുഖത്തേക്കാള്‍ കര്‍ത്തവ്യ നിര്‍വഹണം അഭികാമ്യമായി തോന്നിയ രാമന്റെ ജീവിതം ജനങ്ങള്‍ക്ക്‌ മാതൃകയാണ്‌.

രാമന്‍ തുടര്‍ന്ന്‌ ലക്ഷ്‌മണനെ ഉപദേശിക്കുന്നു:

കാമക്രോധലോഭമോഹാദികള്‍
ശത്രുക്കളാകുന്നതെന്നുമറിക നീ
മാതാപിതൃഭ്രാത്യമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍
ക്രോധമൂലം മനസ്‌താപമുണ്ടായ്‌ വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജകര്‍മ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം

രജോഗുണത്തില്‍ നിന്നുണ്ടാകുന്ന ആസക്തിയാണ്‌ മനുഷ്യന്റെ മുഖ്യ ശത്രുവായ ക്രോധത്തെ ജനിപ്പിക്കുന്നതെന്ന്‌ ഭഗവാന്‍ കൃഷ്‌ണന്‍ ഗീതയില്‍ അര്‍ജ്ജുനനും പറഞ്ഞു കൊടുക്കുന്നുണ്ട്‌. മനുഷ്യനെ നരകത്തിന്റെ അഗാധതയിലേക്ക്‌ തള്ളി വിടുന്ന കാമാസക്തി, ക്രോധം, ദുരാഗ്രഹം തുടങ്ങിയ ദുര്‍ക്ഷുണങ്ങളില്‍ നിന്ന്‌ മനുഷ്യര്‍ മോചിതരാകണം. നമ്മുടെ ദൈനദിന ജീവിതം ഒരു വിശകലനം ചെയ്‌തു നോക്കിയാല്‍ കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങളും ആസക്തിയും നമ്മെ കൂരിരുട്ടിലേക്കാണ്‌ നയിക്കുന്നത്‌ എന്ന്‌ ബോധ്യമാകും. പാമ്പിന്റെ വായിലിരിക്കുന്ന തവളയെപ്പോലെ ഇന്ദ്രിയങ്ങളുടെ നിയന്ത്രണങ്ങളില്‍ അകപ്പെട്ടു പോയി രക്ഷപെടനാകാതെ ഞെരിപിരികൊള്ളുകയാണ്‌. പലരും തണുത്തു മരവിച്ച നിലയിലാണ്‌. ആഗ്രഹങ്ങള്‍ സഫലീകൃതമാകാതാകുമ്പോള്‍, സ്‌നേഹിക്കേണ്ടവര്‍ അവഗണിച്ച്‌ പുറം തള്ളുമ്പോള്‍, ബന്ധങ്ങള്‍ ശിഥിലീകരിക്കപ്പെടുമ്പോള്‍ മാനസിക വ്യഥയോടെ ജീവിതം നയിക്കേണ്ടി വരുന്നവരുടെ സ്ഥിതി ഇരുട്ടിനു തുല്യമാണ്‌. സാധ്യതകള്‍ സാക്ഷാത്‌ക്കരിക്കാതെ വരുമ്പോള്‍ നിരാശരാകാതെ എതിര്‍ ധ്രുവത്തിലുള്ള പ്രകാശത്തെ ലക്ഷ്യമാക്കി പ്രയാണം ചെയ്യുക. ആത്മസംബന്ധിയായ അറിവു തേടി ആത്മാവിന്റെ ആഴത്തിലേക്കിറങ്ങി ചെല്ലുമ്പോള്‍ വെളിച്ചം അനുഭവവേദ്യമാകും. കാമക്രോധമോഹാദികളില്‍ നിന്ന്‌ മോചനവും ലഭിക്കും.

രാമായണത്തിലെ പല കഥാപാത്രങ്ങളും നമുക്ക്‌ അനുകരിക്കാന്‍ പകത്തിന്‌ പരിശുദ്ധവും ആദര്‍ശ സുന്ദരവുമായ ജീവിതം നയിച്ചവരാണ്‌. പാതിവൃത്യനിഷ്‌ഠതയുടേയും സ്വഭാവനൈര്‍മ്മല്യത്തിന്റേയും മൂര്‍ത്തി ഭാവമായി സീത നിലനില്‍ക്കുന്നു. സീതയെ അനുകരിക്കാനും സീതയെപ്പോലെ പാതിവൃത്യനിഷ്‌ഠയുള്ളവരും പരിശുദ്ധിയുള്ളവരും ആയിത്തീരാനുമാണ്‌ ഭാരതത്തിലെ സ്‌ത്രീകള്‍ ആഗ്രഹിക്കുന്നത്‌. ഭാരതീയ സ്‌ത്രീകള്‍ അവരുടെ ഭാവ ശുദ്ധി പര്‍കര്‍ന്നെടുത്തിട്ടുള്ളത്‌ സീതയുടെ സ്വഭാവനൈര്‍മ്മല്യത്തില്‍ നിന്നായിരിക്കണം. വനവാസത്തിനു പോകാന്‍ ഒരുങ്ങുന്ന രാമന്‍ കാട്ടില്‍ വന്യമൃഗങ്ങളുണ്ട്‌, ഫലമൂലാദികള്‍ കഴിച്ച്‌ ജീവിക്കേണ്ടി വരും എന്നൊക്കെ പറഞ്ഞ്‌ സീതയെ രാമനെ അനുഗമിക്കുന്നതില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സീത പറയുന്ന വാക്കുകള്‍ ഭാരതീയ സ്‌ത്രീകള്‍ക്ക്‌ അനുകരണീയമായിട്ടുണ്ട്‌.

പാദശുശ്രൂഷാവൃതം മുടക്കായ്‌ക മേ
വല്ലഭോച്‌ഛിഷ്ടമെനിക്കമൃതോപമം

തുടങ്ങിയ വാക്കുകളിലെ എളിമയും ഭവ്യതയും സ്‌ത്രീകള്‍ക്ക്‌ ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്‌. സീതയുടെ ഭര്‍ത്തൃസ്‌നേഹത്തിന്റേയും ഭര്‍ത്താവിനോടുള്ള ആദരവിന്റേയും ആഴം കാണിക്കുന്ന വരികളാണ്‌

മറിവോടൊരുനിശിരഹസികൊണ്ടുപോയാലത്‌
മല്‍ പ്രാണനാഥകീര്‍ത്തിക്ക്‌ പോരാദൃഢം

ലങ്കയില്‍ രാമന്റെ ദൂതനായി എത്തിയ ഹനുമാന്‍ സീതയെ കൈകളിലെടുത്ത്‌ സമുദ്രം ചാടിക്കടന്ന്‌ രാമന്റെ അടിത്തെത്തിക്കാം എന്ന്‌ പറയുമ്പോള്‍ അതിനു വഴങ്ങാന്‍ സീതയുടെ വ്യക്തിത്വവും ഭര്‍ത്താവിനോടുള്ള ബഹുമാനവും അനുവദിക്കുന്നില്ല. വീരനായ രാമന്‌ തന്നെ രക്ഷിക്കാന്‍ കഴിയുമെന്നും മറ്റൊരാളെ ആശ്രയിച്ച്‌ ലങ്കയില്‍ നിന്ന്‌ പോയാല്‍ അത്‌ തന്റെ ഭര്‍ത്താവിന്‌ അപകീര്‍ത്തിയുണ്ടാകുമെന്നുമാണ്‌ സീതയുടെ പക്ഷം.ഭര്‍ത്താക്കന്മാകുടെ കീര്‍ത്തിയിലും ക്ഷേമാശ്വരങ്ങളിലും ഭാര്യമാര്‍ ശ്രദ്ധാലുക്കളായിരിക്കണം എന്നാണ്‌ സീതയുടെ പ്രവൃത്തികള്‍ നല്‌കുന്ന സന്ദേശം.

സീതയെ അനുകരിക്കുന്ന നിരവധി സ്‌ത്രീകളുണ്ടെങ്കിലും സ്വന്തം വിശ്വാസങ്ങളില്‍ നിന്നും ആചാരാനുഷ്‌ഠാ നങ്ങളില്‍ നിന്നും വ്യതിചലിച്ച്‌ ഭര്‍ത്താക്കന്മാരെ സാത്താന്മാരെന്ന്‌ മുദ്രകുത്തി പുറം തള്ളുന്നവകും സമൂഹത്തില്‍ ഉണ്ടെന്ന്‌ കാണാന്‍ കഴിയും. മരണത്തിനു ശേഷം സ്വര്‍ഗ്ഗരാജ്യം വാഗ്‌ദാനം ചെയ്യുന്നവരുടെ പിടിയില്‍ പെട്ട്‌ ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച്‌ സ്വര്‍ഗ്ഗരാജ്യത്തിന്റെ സുഷുപ്‌തിയിലാണ്ട്‌ പോകുന്നവര്‍ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്ത സ്വാര്‍ത്ഥമതികളാണെന്ന്‌ പറയേണ്ടിയിരിക്കുന്നു. കുടുംബം തകര്‍ന്ന്‌ തരിപ്പണമായാലും വേണ്ടില്ല പ്രലോഭനക്കാര്‍ തന്റെ മസ്‌തിഷ്‌ക്കത്തില്‍ തള്ളിക്കയറ്റിയ വിശ്വാസത്തില്‍ നിന്ന്‌ അണുവിട വ്യതിചലിക്കാന്‍ തയ്യാറല്ല എന്ന്‌ ശഠിക്കുന്നവര്‍ രാവണ തുല്യരാണ്‌. രാവണന്റെ വിവേകശുന്യമായ പ്രവൃത്തിയുടെ ദുരന്തഫലം അനുഭവിക്കേണ്ടി വന്ന ലങ്കാനിവാസികളായ സ്‌ത്രീകള്‍ പറയുന്ന്‌ത്‌ നോക്കൂ

സുകൃതദുരിതങ്ങളും കാര്യമകാര്യവും
സുക്ഷിച്ചു ചെയ്‌തു കൊള്ളേണം ബുധജനം.

ചിന്താശുന്യനായ രാവണന്‍ സീതയെ കട്ടുകൊണ്ടു പോയതു കൊണ്ട്‌ ലങ്കാനഗരം വെന്തു വെണ്ണീറായി. ഒരു പ്രവൃത്തി ചെയ്യുന്നതിനു മുമ്പ്‌ അതിന്റെ പരിണിതഫലങ്ങളെ പറ്റി ചിന്തിക്കണം. അല്ലെങ്കില്‍ ദുരന്തങ്ങള്‍ ഉണ്ടായെന്ന്‌ വരും. രാവണന്‍ ചെയ്‌ത ദുഷ്‌പ്രവൃത്തി മൂലം ലങ്കാനിവാസികള്‍ ശിക്ഷിക്കപ്പെട്ടു. ജീവിതത്തില്‍ തെറ്റുകള്‍ സംഭവിക്കാം. തെറ്റുകള്‍ തിരുത്തിയും പിന്നീട്‌ ആ തെറ്റുകളുടെ തനിയാവര്‍ത്തനം ഉണ്ടാകാതെ ശ്രദ്ധിക്കുകയും ചെയ്യുന്നത്‌ ജീവിത മഹത്വമാണെന്ന പാഠം രാമായണത്തിന്റെ രചനാ പശ്ചാത്തലത്തില്‍ നിന്ന്‌ നമുക്ക്‌ ലഭിക്കുന്നുണ്ട്‌. കള്ളനും പിടിച്ചു പറിക്കാരനുമായിരുന്ന കാട്ടാളന്റെ മനം മാറ്റത്തിന്റെ പരിണിതഫലമാണല്ലോ ആദ്യകവിത `മാനിഷാദ' യും വാല്‌മീകി രാമായണവും

രാമനെ അവതരിപ്പിക്കുന്നത്‌ സദാചാരസമ്പന്നനായ ഒരു ആദര്‍ശ പുകുഷനായിട്ടാണ്‌. രാമന്‍ മര്യാദ പുരോഷത്തമന്‍ തന്നെ. കൈകേയിയുടെ ആവശ്യം നിറവേറ്റിക്കൊടുത്ത പിതാവിനെ സത്യ സന്ധനായിത്തന്നെ നിലനിര്‍ത്താന്‍ വേണ്ടി യാതൊരു വിമുഖതയും കാണിക്കാതെ സ്വയം രാജ്യവും രാജപദവിയും ഉപേക്ഷിച്ച്‌ കാട്ടിലേക്ക്‌ പോകാന്‍ തയ്യാറാക്കുന്ന രാമന്‍ പിതൃഭക്തിയുടേയും കര്‍ത്ത്യനിര്‍വ്വഹണത്തിന്റേയും കാര്യക്ഷമതയുടേയും പര്യായമായിത്തിക്കുന്നു. വനവാസം കഴിഞ്ഞ്‌ തിരിച്ചു വന്ന്‌ രാജ്യഭരണം ഏറ്റെടുത്ത രാമന്‍ സ്വന്തം താല്‌പര്യങ്ങള്‍ക്ക്‌ വില കല്‍പിക്കാതെ രാജധര്‍മ്മം പാലിച്ച്‌ ഉത്തമനായ രാജാവായി. പ്രജകളുടെ താല്‌പര്യം സംരക്ഷിക്കുന്നതിനു വേണ്ടി സീതയെ ഉപേക്ഷിക്കുന്നതിലാണ്‌ രാമന്റെ മഹത്വം ഏറ്റവുമധികം പ്രകീര്‍ത്തിക്കപ്പെടുന്നത്‌. പ്രജാവത്സലനായ രാജാവ്‌ എന്ന നിലയില്‍ സ്വന്തം സുഖത്തേക്കാള്‍ രാമന്‌ അഭികാമ്യമായത്‌ പ്രജകളുടെ ക്ഷേമവും സംതൃപ്‌തിയുമാണ്‌. അതുകൊണ്ട്‌ രാമന്‍ പ്രജകളെ മുന്നില്‍ നിര്‍ത്തി. സീതയോട്‌ സ്‌നേഹമില്ലാഞ്ഞിട്ടല്ല, സീതയുടെ പരിശുദ്ധിയിലും ഭര്‍ത്തൃസ്‌നേഹത്തിലും സംശയമുണ്ടായിട്ടുമല്ല. രാമന്‍ സീതയെ ഓര്‍ത്ത്‌ ദുഃഖിക്കുന്നുണ്ട്‌. ഒരു ഭ്രാന്തനെപ്പോലെ വിഭ്രാന്തി പൂണ്ട്‌ നിസ്സഹായനായി കരയുന്നുണ്ട്‌. പ്രജകള്‍ സംശയത്തിന്റെ കൂരമ്പുകള്‍ എയ്‌തുവിട്ടപ്പോള്‍ സീതയെ ഉപേക്ഷിച്ച്‌ രാജനീതി പുലര്‍ത്തുകയല്ലാതെ രാമന്‌ വേറെ നിവൃത്തിയില്ലാതായി. സ്വന്തം കുടുംബജീവിതസുഖങ്ങള്‍ പ്രജകള്‍ക്ക്‌ വേണ്ടി ബലിയര്‍പ്പിച്ച്‌ രാമന്‍ ത്യാഗത്തിന്റെ കഥ വീണ്ടും പറയുന്നു. രാമന്റെ ജീവിതത്തില്‍ മറ്റൊരു സ്‌ത്രീ ഉണ്ടായില്ല. ഏകപത്‌നി വൃതം രാമന്റെ മഹത്വത്തിന്റെ മാറ്റു കൂട്ടി. സീതയെ പരിത്യജിച്ചെങ്കിലും പരസ്‌ത്രീ ബന്ധമില്ലാതെ ഏകപത്‌നി വൃതവുമായി ജീവിച്ച രാമന്‍ ജനങ്ങളിലേക്ക്‌ പര്‍കര്‍ന്നു കൊടുക്കുന്നത്‌ സ്വാര്‍ത്ഥത വെടിഞ്ഞ്‌ ആദര്‍ശവാന്മാരും സദാചാരസമ്പന്നരുമായി ജീവിക്കണമെന്ന സന്ദേശമാണ്‌. എന്നാല്‍ രാമന്റെ സ്വഭാവവൈശിഷ്ട്യമുള്ളവര്‍ എത്ര കാണും. ഒരുത്തി അല്ലെങ്കില്‍ മറ്റൊരുത്തി എന്ന നിലപാട്‌ സ്വീകരിക്കുന്നവരാണ്‌ മിക്ക പുരുഷന്മാരും.

ആദര്‍ശവാന്മാരും ആദര്‍ശവദികളുമായ കഥാപാത്രങ്ങളെ രാമായണത്തില്‍ അവതരിപ്പിക്കുന്നത്‌ ആ കഥാപാത്രങ്ങളുടെ സ്വാധീനം കൊണ്ട്‌ ജനങ്ങളില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കി അവരെ നേര്‍വഴിക്ക്‌ നടത്തണം എന്ന ഉദ്ദേശ്യം മുന്‍ നിര്‍ത്തിയാണ്‌. എന്നാല്‍ സംസ്‌കാരാധഃപതനം മൂലം നമ്മുടെ നാട്‌ സ്‌ത്രീ പീഢനത്തിന്റെയും അസന്മാര്‍ക്ഷികതയുടേയും കൂത്ത്‌ രംഗമായി മാറുകയാണ്‌. മാന്യതയുള്ളവരെ ലജ്ജിപ്പിക്കുന്ന വാര്‍ത്തകളാണ്‌ ദിനംപ്രതി പുറത്തു വരുന്നത്‌. സാക്ഷര കേരളം എന്നതിനു പകരം പെണ്‍ വാണീഭ കേരളമെന്നോ ദൈവത്തിന്റെ നാടെന്നതിനു പകരം സാത്താന്റെ നാട്‌ എന്നോ ഉള്ള പേരായിരിക്കും നമ്മുടെ നാടിന്‌ ഇപ്പോള്‍ ചേരുക.

സ്‌ത്രീകള്‍ സീതയെപ്പോലെ പാതിവൃത്യ നിഷ്‌ഠയോടും സ്വഭാവശുദ്ധിയോടും പുരുഷന്മാര്‍ രാമനെ പോലെ ഏകപത്‌നി വൃതത്തോടും ആദര്‍ശത്തോടും കൂടി ജീവിക്കുന്ന പക്ഷം സദാചാരത്തിന്റേയും അധാര്‍മ്മികതയുടെയും അതിര്‍ വരമ്പുകള്‍ ഭേദിച്ചു പോകുന്ന സംഭവങ്ങളൊന്നും സമൂഹത്തില്‍ ഉണ്ടാവുകയില്ല. ഇത്തരം സല്‍ഗുണങ്ങള്‍ മസ്സില്‍ വേരുറപ്പിക്കാനും ധര്‍മ്മാധര്‍മ്മങ്ങളെ വേര്‍തിരിച്ച്‌ നീതി ധര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതത്തെ നേര്‍വഴിക്ക്‌ നയിക്കാക്കും രാമായണം സഹായകമാണ്‌. കൊച്ചു കൊച്ചു കഥകളിലൂടെ ഏറെ ഗുണപാഠങ്ങള്‍ പറഞ്ഞു തരുന്ന ഒരു വിശ്വോത്തര രചനയാണ്‌ രാമായണം.
രാമായണമാസ രാപ്പകലുകള്‍ (വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക