Image

അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)

Published on 28 July, 2014
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
മഴയും വെയിലും കിളിത്തട്ടുകളിച്ച ദിവസം ഈദു പെരുന്നാളിന്റെ തലേന്നാള്‍ തുഞ്ചന്‍പറമ്പിലെ തത്തയുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ മലയാളത്തെ നെഞ്ചിലേറ്റി നടക്കുന്ന അമേരിക്കന്‍ മലയാളികള്‍ ഒത്തുകൂടി. അവരില്‍ ആറു എഴുത്തുകാരുടെ ഏഴു പുസ്‌തകങ്ങള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്‌തു. ഒരെണ്ണം ഇംഗ്ലീഷിലായിരുന്നു.

"മലയാളത്തിലോ ഇംഗ്ലീഷിലോ, നിങ്ങളുടെ ഹൃദയ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്കാവുന്ന ഏതു മാധ്യമത്തി
ലോ, എഴുതിക്കൊള്ളൂ. പക്ഷേ മലയാളത്തെ നിന്ദിക്കരുത്‌. മലയാളം നിങ്ങളുടെ അമ്മയാണ്‌. നിളാ നദിയെപ്പോലെ നിങ്ങളുടെ ഹൃദയസരസില്‍ അതിന്റെ ആന്ദോളനങ്ങള്‍ എന്നും ഉണ്ടായിരിക്കട്ടെ!'  എം.ടി. അവര്‍ക്ക്‌ ആശംസ നേര്‍ന്നു.

"അമേരിക്കയിലെ നാല്‌പതു ശതമാനം വീടുകളിലേ ഇംഗ്ലീഷ്‌ സംസാരിക്കുന്നുള്ളൂ എന്ന്‌ ഞാന്‍ വായിച്ചതോര്‍ക്കുന്നു. ബാക്കിയുള്ളവര്‍ സ്‌പാനിഷും പോര്‍ട്ടുഗീസും ചൈനീസുമൊക്കെ സംസാരിക്കുന്നവരാണ്‌. കാരണം അമേരിക്ക കുടിയേറ്റക്കാരുടെ സംഗമഭൂമിയാണ്‌. വീടുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നതില്‍ മലയാളികള്‍ അഭിമാനം കൊള്ളണം.'- വടക്കേ അമേരിക്കന്‍ മലയാളികളുടെ സാഹിത്യ വേദിയായ
"ലാന'യുടെ കേരളാ കണ്‍വെന്‍ഷന്റെ സമാപനം തുഞ്ചന്‍പറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു എം.ടി. പറഞ്ഞു.

നൊബേല്‍ സമ്മാനം കിട്ടിയ ഡെറിക്‌ വാല്‍കോട്ടിനെ എം.ടി. ഓര്‍മ്മിച്ചെടുത്തു. "അദ്ദേഹം ഇംഗ്ലീഷിലാണ്‌ എഴുതിയത്‌. പക്ഷേ താന്‍ ബാല്യകാലത്ത്‌ അമ്മയില്‍ നിന്നു കേട്ട ക്രിയോള്‍ ഭാഷയിലുള്ള പാട്ടുകള്‍ തനിക്ക്‌ എന്നെന്നേയ്‌ക്കുമായി നഷ്‌ടപ്പെട്ടല്ലോ എന്ന വ്യഥ അദ്ദേഹത്തെ ജീവിതാന്ത്യം വരെ പിന്‍തുടര്‍ന്നിരുന്നു.


പഞ്ചവാദ്യത്തോടെ ആരംഭിച്ച ചടങ്ങില്‍ മലയാള സാഹിത്യ ലോകത്തെ ഒരു താരനിരതന്നെ സന്നിഹിതമായിരുന്നു. പെരുമ്പടവം ശ്രീധരന്‍, സി. രാധാകൃഷ്‌ണന്‍, കെ. ജയകുമാര്‍, സക്കറിയ, കെ.പി. രാമനുണ്ണി, അക്‌ബര്‍ കക്കട്ടില്‍, പി.കെ. പാറക്കടവ്‌, ആര്‍. ഗോപാലകൃഷ്‌ണന്‍, പി.ടി. നരേന്ദ്രമേനോന്‍ എന്നിങ്ങനെ. ഒപ്പം അമേരിക്കയില്‍ നിന്നെത്തിയ
ഷാജന്‍ ആനിത്തോട്ടം, പി.എസ്‌. നായര്‍ കെ. രാധാകൃഷ്‌ണന്‍ നായര്‍, ജോണ്‍ ഓച്ചാലില്‍, എബ്രഹാം തെക്കേമുറി, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം, മിനു എലിസബത്ത്‌, സാറാമ്മ വര്‍ഗ്ഗീസ്‌, സ്റ്റാന്‍ലി ലൂക്കോസ്‌ തുടങ്ങിയവരും. പാറക്കടവും, പ്രൊഫ. മാത്യു പ്രാലും ചര്‍ച്ചകള്‍ക്ക്‌ മോഡറേറ്റര്‍മാരായിരുന്നു.

"അമേരിക്കന്‍ മലയാളികള്‍ സാഹിത്യ അക്കാദമിയില്‍ തുടങ്ങി കലാമണ്ഡലത്തിലൂടെ തുഞ്ചന്‍ പറമ്പ്‌ വരെ നടത്തിയ തീര്‍ത്ഥാടനം ഒട്ടേറെ കൗതുകത്തോടും അഭിമാനത്തോടും നോക്കിക്കാണുന്ന ഒരാളാണ്‌ ഞാന്‍. സുന്ദരമായ ഒരാശയമായിരുന്നു ഈ തീര്‍ത്ഥാടനം. ഞാന്‍ ഒരു അവിശ്വാസിയാണ്‌ എങ്കിലും രാവിലെ ഞാന്‍ യാത്ര ചെയ്‌ത ട്രെയിനില്‍ നിരവധി ആളുകള്‍ തുഞ്ചത്ത്‌ എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണം വായിച്ചിരിക്കുന്നത്‌ കണ്ടു. വിശ്വാസമല്ല അവരുടെ അക്ഷരങ്ങളോടുള്ള പ്രണയമാണ്‌ എന്നെ ആകര്‍ഷിച്ചത്‌. ഈ പ്രണയം മലയാളത്തെ സ്‌നേഹിക്കുന്ന ഏത്‌ എഴുത്തുകാരനും ആഹ്ലാദം തരുന്ന ഒന്നാണ്‌. സാഹിത്യത്തിന്റെ മുഖ്യധാരയില്‍ കടക്കാന്‍ കഴിയാതെ അറച്ചു നിന്നിരുന്ന പ്രവാസി എഴുത്തുകാര്‍ക്ക്‌ ഇന്റര്‍നെറ്റും ബ്ലോഗും ട്വിറ്ററും പുതിയൊരു ലോകമാണു തുറന്നു തരുന്നത്‌. പഴയ മാധ്യമങ്ങളുടെ സാരഥികള്‍ ഈ മാറ്റം തിരിച്ചറിയണം-- സക്കറിയ മുന്നറിയിപ്പു നല്‍കി.

ഗാനങ്ങളിലൂടെ "ചന്ദനലേപ സുഗന്ധം പൂശിയ കെ. ജയകുമാര്‍ (തുഞ്ചന്‍ മലയാള സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍) സാഹിത്യത്തില്‍ താന്‍ ആരുമല്ലെന്ന മുഖവുരയോടെയാണ്‌ ആരംഭിച്ചത്‌. മലയാള ഭാഷക്കും സാഹിത്യത്തിനും നവോന്മേഷം പകരാന്‍ സര്‍വ്വകലാശാല നിരവധി പരിപാടികള്‍ നടപ്പിലാക്കിത്തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ഭാഷ അനുസ്യൂതം വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ പുതിയ പദങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഒരു ഡിജിറ്റല്‍ ഡിക്ഷ്‌ണറി കേരളിപ്പിറവി ദിനമായ നവംബര്‍ ഒന്നിന്‌ പ്രകാശിപ്പിക്കും. അതൊരു തുടക്കമാണ്‌. വിക്കിപീഡിയ പോലെ അവസാനമില്ലാത്ത ഒരു ആരംഭം.

എം.ടി. പ്രകാശിപ്പിച്ച പുസ്‌തകങ്ങളുടെ രചയിതാക്കളില്‍ അബ്‌ദുള്‍ പുന്നയൂര്‍കുളം (എളാപ്പ, Catching the Dream), ജോണ്‍ മാത്യു (സാഹിത്യ സംവാദം), ഷാജന്‍ ആനിത്തോട്ടം (ഹിച്ച്‌ ഹൈക്കര്‍), ജോസന്‍ ജോര്‍ജ്‌ (നിയതിയുടെ താളം), മിനു എലിസബത്ത്‌ (മഴയില്‍ നീയും വെയിലില്‍ ഞാനും), സരോജ വര്‍ഗ്ഗീസ്‌ (പ്രിയ ജോ നിനക്കായ്‌ ഈ വരികള്‍) എന്നിവരാണ്‌ ഉള്‍പ്പെട്ടിരുന്നത്‌.

കലാമണ്ഡലത്തിലെ സംഗീത പ്രൊഫസറായ സുകുമാരി മേനോന്‍ "വാനമേ ഗഗനമേ ശ്യാമമേ' എന്നു തുടങ്ങുന്ന വള്ളത്തോള്‍ കവിത ആലപിച്ചതോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌.

കലാമണ്ഡലത്തില്‍ നടന്ന രണ്ടാം ദിവസത്തെ പരിപാടികളും സുന്ദര സുരഭിലമായിരുന്നു. "ലോകമേ തറവാട്‌ തനിക്കീ ചെടികളും പുല്ലുകളും പുഴുക്കളും...
' എന്നു തുടങ്ങുന്ന വള്ളത്തോളിന്റെ എന്റെ ഗുരുനാഥനിലെ വരികള്‍ ശരണ്യ പാടി. പിന്നാലെ കലാമണ്ഡലം ഉണ്ണികൃഷ്‌ണന്റെ തായമ്പകയും സുകുമാരി മേനോന്റെ സ്വാതിതിരുനാള്‍, ദീക്ഷിതര്‍ കൃതികളുടെ ആലാപനവും ഹൃദ്യമായി. പ്രശസ്‌ത കലാനിരൂപകന്‍ വി. കലാധരന്‍ (അദ്ദേഹം ഏഴാമത്തെ പ്രഭാഷണ പര്യടനത്തിനായി അമേരിക്കന്‍ സര്‍വ്വകലാശാലകളിലേക്ക്‌ അടുത്ത മാസം പോകുകയാണ്‌) കലാകാരന്മാരെ പരിചയപ്പെടുത്തി.

കേരള കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ കെ. രാധാകൃഷ്‌ണന്‍ നായരുടെ കുളപ്പുള്ളിയിലെ കുണ്ടുതൊടി തറവാട്ടില്‍ സോപാന സംഗീതത്തോടെ വിളമ്പിയ വള്ളുവനാടന്‍ സദ്യ രണ്ടാം ദിവസവും തുഞ്ചന്‍ പറമ്പില്‍ ഒരുക്കിയ കേരള സദ്യ മുന്നാംദിവസവും പ്രവാസികളുടെ മനസ്സിനൊപ്പം ശരീരത്തിനും ഊര്‍ജ്ജം പകര്‍ന്നു.

ഭാരതപ്പുഴ അറബിക്കടലില്‍ വിലയം പ്രാപിക്കുന്ന പൊന്നാനി കടവിന്‌ പത്തു കിലോമീറ്റര്‍ അകലെ രാമായണത്തെ കിളിപ്പാട്ടിലൂടെ ജനകീയമാക്കിയ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‌ പ്രണാമം അര്‍പ്പിച്ചുകൊണ്ട്‌ ഏഴാം കടലിന്‌ അക്കരെനിന്നെത്തിയ മലയാളി എഴുത്തുകാര്‍ അവരുടെ മലയാളത്തോടുള്ള പ്രണയത്തിന്‌ പുതിയൊരു പരിവേഷം നല്‍കി. ഇത്‌ പ്രവാസി മലയാളിയുടെ പുതുപുത്തന്‍ തീര്‍ത്ഥാടനത്തിന്റെ കേളികൊട്ടാണ്‌, സക്കറിയ പറഞ്ഞു. ഈദ്‌ പെരുന്നാളിന്റെ മധുരവുമായി ലാനാ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‌ അവിടെ തിരശ്ശീല വീണു.
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
Join WhatsApp News
P.Somarajan 2014-07-30 08:50:14
I hope and pray that the enthusiasm and love shown by Pravasi Malayalees for our Mother-tongue is taken up by their younger generation also in the years to come.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക