Image

സാഹിത്യകാരന്റെ കുപ്പായമണിഞ്ഞ രാഷ്ട്രീയക്കാര്‍ (വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 29 July, 2014
സാഹിത്യകാരന്റെ കുപ്പായമണിഞ്ഞ രാഷ്ട്രീയക്കാര്‍ (വാസുദേവ് പുളിക്കല്‍)
 - ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം-

ആനുകാലിക മലയാള സാഹിത്യത്തിന്റെ അവസ്ഥയെ കുറിച്ച് അറിയാനും ചിന്തിക്കാനും വിചാരവേദിയുടെ ഏകദിന സെമിനാറില്‍ 'ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം' എന്ന വിഷയം അവതരിപ്പിച്ച് അവസരമൊരുക്കിയത് ഉചിതമായി.

സാഹിത്യത്തിലെ പുത്തന്‍ പ്രവണതകളേയും സാഹിത്യകാരന്മാരുടെ നിലപാടിനേയും കുറിച്ച് ഈ ലേഖകനും അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി.മറ്റു രംഗങ്ങളില്‍ എന്ന പോലെ സാഹിത്യരംഗത്തും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പഴയ തലമുറ ചിന്തിച്ചിരുന്നതു പോലെയല്ല ഇന്നത്തെ തലമുറ ചിന്തിക്കുന്നതും എഴുതുന്നതും. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛനോ അല്ലെങ്കില്‍ ആശാനോ വള്ളത്തോളോ എഴുതിയതു പോലെ ഇന്ന് ആരും കവിതയെഴുതാറില്ല. അതിനുള്ള കാരണം എഴുത്തുകാരുടെ ആധുനികതയുമായി ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ശാസ്ത്രീയ വീക്ഷണമോ അല്ലെങ്കില്‍ സര്‍ഗ്ഗശക്തിയുടേയും ഭാവനയുടേയും പരിമിതിയോ ആയിരിക്കാം.

കാരണം എന്തായാലും പഴയ തലമുറയിലെ എഴുത്തുകാരെ കുറ്റം പറയാനും അവരുടെ കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വമില്ല എന്ന് അധിക്ഷേപിക്കാനും ഉള്ള പ്രവണത ആധുനിക എഴുത്തുകാരില്‍ കാണുന്നുണ്ട്. അതൊക്കെ പുനര്‍ വായനയിലെ കണ്ടെത്തലുകാളാണെന്ന് വാദിച്ച് അനുഭാവികളെ സൃഷ്ടിക്കാന്‍ സാധിച്ചേക്കും. മറ്റുള്ളവരെ കുറ്റം പറയുന്നത് ചിലരുടെ സ്വഭാവത്തിന്റെ ഒരു ഭാഗമാണ്. സാഹിത്യകാരന്മാര്‍ തമ്മിലുള്ള സ്പര്‍ദ്ധയുടെ കാരണവും ഇതു തന്നെ. പൊറ്റക്കാട് തന്റെ യാത്ര വിവരണങ്ങളില്‍ മായം ചേര്ക്കുന്നു എന്ന ആരോപണവും 'മുട്ടത്തു വര്‍ക്കി അവാര്‍ഡ്' സ്വീകരിച്ച ഒ. വി. വിജയനെ പരിഹസിച്ച് 'എന്തൊരു പതനം' എന്ന് വി. കെ. എന്‍. ലേഖനമെഴുതിയതും നമ്മള്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ എഴുത്തുകാര്‍ തമ്മിലുള്ള സ്പര്‍ദ്ധയുടെ മാറ്റ് പതിന്മടങ്ങാണ്. മറ്റു ഗത്യന്തരമില്ലാതെ വരുമ്പോള്‍ അപവാദം പറഞ്ഞു പരത്തിയും വ്യക്തിപരമായി അധിക്ഷേപിച്ചും എഴുത്തുകാരുടെ മനോവീര്യം നശിപ്പിച്ച് അവരെ രംഗത്തു നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നത് പുതിയ അടവാണ്.

കോളേജ് തലത്തില്‍ പോലും പാഠ്യവിഷയമാക്കിയിട്ടുള്ള എഴുത്തച്ഛന്റെ കൃതികളെ വിമര്‍ശിച്ചുകൊണ്ട് എഴുത്തച്ഛന്‍ കവിയല്ല 'കപി' യാണ് എന്ന് പറയാന്‍ മടിക്കാത്ത ആധുനിക എഴുത്തുകാരുണ്ട്. ആധുനിക സാഹിത്യത്തിന്റെ അധ:പതനം എന്നേ ഇതിനെ കണക്കാക്കാന്‍ സാധിക്കൂ. പണ്ട് ഉപയോഗിച്ചിരുന്ന ഭാഷ തന്നെയാണ് എപ്പോഴും ഉപയോഗിക്കുന്നതെങ്കിലും ഭാഷക്ക് സാരമായ പരിണാമം സംഭവിച്ചിട്ടുണ്ട്. പ്രയോഗത്തിലും മറ്റും സ്വാഭാവികമായി കാലാനുസൃതമായി സംഭവിക്കുന്ന മാറ്റം. പക്ഷെ ഭാഷയില്‍ കൃതൃമത്വം തിരുകി വയ്ക്കുന്നത് ഭാഷയെ മൃതപ്രായമാക്കുന്നതിനു തുല്യമാണ്. ഒരു ആധുനികകവിതയെ പറ്റി പറയാം. 'ര്‍' എന്നാണ് കവിത തുടങ്ങുന്നത്. പിന്നെ കുറെ അക്ഷരങ്ങള്‍ ചേര്‍ത്തു വച്ചിട്ടുണ്ട്. അയ്യപ്പപണിക്കര്‍ എന്ന് പറയാന്‍ കവി ശ്രമിക്കുകയാണ്. 'ര്‍' എന്ന 'കീറല്‍' ശബ്ദത്തോടെ ആരംഭിക്കുന്ന കവിത തല കീഴായിക്കിടക്കുന്ന വവ്വാലിനെ പോലെ തോന്നി.

ആനുകൂലിക സാഹിത്യലോകത്തിന്റെ മുഖഛായ പ്രകാശമാനമാക്കേണ്ടത് സാഹിത്യകാരന്മാരും സാഹിത്യ പ്രസ്ഥാനങ്ങളുമാണ്. സാഹിത്യത്തെ പരിപോഷിപ്പിക്കാന്‍ ഇവിടെ പല സാഹിത്യ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ടേമില്‍ ഞാന്‍ ലാനയുടെ പ്രസിഡന്റായിരുന്ന സമയത്ത് അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വേണ്ടി പല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവിടത്തെ എഴുത്തുകാരെ അംഗീകരിച്ചിട്ടുണ്ട്, ആദരിച്ചിട്ടുണ്ട്.

'ലാന സാഹിത്യ അക്കാഡമി' രൂപീകരിച്ച് എഴുത്തുകാര്‍ക്ക് വിവിധ മേഖലകളില്‍ അവരുടെ കഴിവുകള്‍ കണ്ടെത്തി അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇവിടത്തെ എഴുത്തുകാരുടെ രചനകള്‍ നിരൂപണാത്മകമായി ചര്‍ച്ച ചെയ്‌തെങ്കിലെ സാഹിത്യസംഘടനകള്‍ കൊണ്ട് അവര്‍ക്ക് പ്രയോജനമുണ്ടാവുകള്ളൂ എന്ന് മനസ്സിലാക്കി ലാന കണ്‍വെന്‍ഷനില്‍ അവരുടെ കൃതികള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രാധാന്യം നല്‍കിയുട്ടുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വേരുകള്‍ പടര്ന്നു കിടക്കുന്നത് ഇവിടെത്തന്നെയാണെന്നറിഞ്ഞ് അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിന്റെ വെളിച്ചിത്തിലാണ് പ്രവാസി എഴുത്തുകാരായ ഡോ. എന്‍. പി. ഷീലയേയും അബ്ദുള്‍ പുന്നയോര്‍ക്കുളത്തിനേയും ആദരിച്ചുകൊണ്ട് അവരുടെ കൃതികള്‍ ചര്‍ച്ച ചെയ്യാന്‍ വിചാരവേദി അവസരമൊരുക്കിയത്.

സാഹിത്യകാരന്റെ കുപ്പായമിട്ട അവസരവാദികളായ രാഷ്ട്രീയക്കാരുടെ മനസ്സുമായി പ്രവര്‍ത്തിക്കുന്നവരെക്കൊണ്ട് സാഹിത്യത്തിന് ഗുണമൊന്നുമില്ല. കാരണം അങ്ങനെയുള്ളവര്‍ അവരുടെ വ്യക്തിപരമായ നേട്ടം മാത്രമെ ലക്ഷ്യമാക്കുകയുള്ളു. ആനക്ക് ഉത്സവം നന്നാകണമെന്നില്ലല്ലൊ. അവന് നല്ല തീറ്റി കിട്ടണമെന്നേയുള്ളു.

അമേരിക്കന്‍ മലയാള സാഹിത്യത്തെ നെഞ്ചോട് ചേര്‍ത്തു വച്ച് അതിന്റെ വികാസം ഉന്നം വച്ചുകൊണ്ട്, മലയാളസാഹിത്യത്തെ അധഃപതനത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്പിച്ച് ഒരു നവീന തലത്തില്‍ എത്തിക്കാന്‍ അശ്രാന്തം പരിശ്രമിക്കുകയും ഈടുറ്റ മനോഹരമായ പ്രബന്ധങ്ങള്‍ തയ്യാറാക്കി ഉന്നത സദസ്സുകളില്‍ അവതരിപ്പിച്ച്നാട്ടിലും ഇവിടേയും പേരും പെരുമയും ആര്‍ജ്ജിക്കുകയും ചെയ്ത പണ്ഡിതനായ ഒരു സാഹിത്യകാരനോട് ഒരു സാഹിത്യ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ഡോളര്‍ ആവശ്യപ്പെടുന്നത് സാഹിത്യത്തെ ക്രൂശിക്കുന്നതിനു തുല്യമാണ്. അത് പൊറുക്കാനാവാത്ത തെറ്റാണ്, അനീതിയാണ്, പാപവുമാണ്. ഇങ്ങനെ, സ്ഥാപിതതാല്പര്യക്കാരായ രാഷ്ട്രീയ സംഘങ്ങളിലെ പിടിച്ചുപറിക്കാരെ പോലെ സ്വാര്‍ത്ഥമതികളായ സാഹിത്യകാരന്മാര്‍ ആനുകാലിക സാഹിത്യത്തിന്റെ അധഃപതനത്തിന് കാരണമാകും. സാഹിത്യ സംഘടനകള്‍ സാഹിത്യകാരന്മാര്ക്കു വേണ്ടിയല്ലാതെ ചില വ്യക്തികളുടെ താല്പര്യമനുച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സംഘടനകളുടെ ലക്ഷ്യബോധത്തില്‍ വരുന്ന ദിശാ മാറ്റം സാഹിത്യത്തിന്റെ പുരോഗതിക്ക് ഹാനികരമായിത്തീരും.

സാഹിത്യ രചന ഒരു തപസ്യയായി കണക്കാക്കി സാഹിത്യ സൃഷ്ടികള്‍ നടത്തിയിരുന്ന സാഹിത്യകാരന്മാരുണ്ടായിരുന്നു. പ്രതിഫലം അവരുടെ ലക്ഷ്യമായിരുന്നില്ല. ഉല്‍കൃഷ്ടമായ സാഹിത്യ സൃഷ്ടി. അതായിരുന്നു അവരുടെ ലക്ഷ്യം. ആധുനിക എഴുത്തുകാരില്‍ അങ്ങനെയുള്ളവര്‍ വിരളമാണ്. ജീവിത തത്ത്വങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന അക്കിത്തത്തിനെ പോലെ ചുരുക്കം ചിലര്‍ കാണുമായിരിക്കും. ഇന്നത്തെ എഴുത്തുകാരില്‍ ഭൂരിഭാഗവും രചനയുടെ ഉല്‍കൃഷ്ടതയേക്കാള്‍ പ്രാധാന്യം കല്പിക്കുന്നത് അവാര്‍ഡുകള്‍ വഴിയും സ്ഥാനമാനങ്ങള്‍ വഴിയും മറ്റും അവര്‍ക്ക് ലഭിച്ചേക്കാവുന്നപ്രതിഫലത്തിനാണ്.

അതിനായി പാര്‍ട്ടിയുടെ സ്വാധീനമുപയോഗിക്കും, വേണ്ടിവന്നാല്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കും. അവാര്‍ഡുകളോ സ്ഥാനമങ്ങളോ നല്‍കാന്‍ അധികാരമുള്ളവരെ കണ്ടുകിട്ടിയാല്‍ അവരെ സ്വാധീനിക്കാന്‍ വേണ്ടി സല്‍ക്കാരങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിക്കും, അവരുടെ പേരില്‍ വിദേശനാണ്യങ്ങള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇങ്ങനെ സമ്മാനിക്കുന്ന ആകര്‍ഷണീയമായ പ്രലോഭനങ്ങള്‍ക്കു വഴങ്ങിയുള്ള സാഹിത്യ അക്കാഡമിയുടേയും മറ്റും അവാര്‍ഡ് പ്രഖ്യാപനം വരുമ്പോള്‍ പാവപ്പെട്ട എഴുത്തുകാര്‍ അന്ധാളിച്ചു പോകും.

ആത്മരോഷത്തില്‍ നിന്ന് അവര്‍ ഉയര്‍ത്തുന്ന ശബ്ദം തരംഗങ്ങളായി വായുവിന്റെ നേരിയ പാളികളില്‍ അലിഞ്ഞില്ലാതാവുകയേയുള്ളൂ. ഒടുവില്‍ പാമ്പും പഴയതു തന്നെ നല്ലത് എന്ന് അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ 'വെളിച്ചം ഇരുട്ടാണുണ്ണി' എന്ന് അവര്‍ പാടിക്കൊണ്ടേയിരിക്കും. വായനക്കാരാണ് എഴുത്തുകാരെ നിലനിര്‍ത്തുന്നത്. ജനപ്രീതിയുടെവ്യാപ്തി വര്‍ദ്ധിപ്പിക്കാനാണ് എഴുത്തുകാര്‍ അവാര്‍ഡുകള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി പ്രലോഭിതരാകുന്നതും അതിനായി കുറുക്കു വഴികള്‍ തേടുന്നതും. ഇങ്ങനെ കുറുക്കുവഴികല്‍ തേടുന്ന എഴുത്തുകാരെ ജനം തിരിച്ചറിഞ്ഞ് അപഹാസ്യ ഭാവത്തോടെ നോക്കുമ്പോള്‍ അവര്‍ക്ക് ലജ്ജിച്ച് തല താഴ്‌ത്തേണ്ടി വരും. അവരുടെ അപകീര്‍ത്തിക്ക് അവര്‍ തന്നെ കാരണമാകും.

ഇങ്ങനെ എഴുത്തുകാര്‍ സ്വാര്‍ത്ഥമതികളാകുമ്പോള്‍ സമൂഹം അവര്‍ക്ക് പ്രശ്‌നമാവുകയില്ല. സാഹിത്യകലക്കും സാമുഹ്യ പ്രസക്തിയുണ്ടെന്നും സാഹിത്യകാരന്മാര്‍ക്ക് സമൂഹത്തോട് കടമയുണ്ടെന്നും അവര്‍ മറക്കും. സമൂഹത്തെ മറന്നുകൊണ്ടുള്ള രചനകള്‍ക്ക് അസ്ഥിത്വമുണ്ടാവുകയില്ല. സാമൂഹ്യപ്രതിബദ്ധത ആനുകാലിക സാഹിത്യത്തില്‍ പ്രത്യേകിച്ച് കവിതകളില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്ന ഘടകമാണ്. എല്ലാ രചനകളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാകണമിന്നില്ല. സ്വന്തം വിചാര വികാരങ്ങള്‍ സമൂഹത്തിലേക്ക് സംക്രമിപ്പിക്കാനുള്ള ആത്മാര്‍ത്ഥതയാണ് പ്രധാനം.

ആനുകാലിക സാഹിത്യത്തില്‍ കടന്നുകൂടിയുട്ടുള്ള അപകടകരമായ പ്രവണതകളെ പറ്റി എഴുത്തുകാര്‍ ബോധമുള്ളവരാവുകയും അതിന് പ്രതിവിധി സ്വയം കണ്ടെത്തുകയും വേണം. എഴുത്തുകാര്‍ ഒരു ആത്മപ്പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.

ആത്മശുദ്ധി വരുത്തേണ്ടവര്‍ അതിനു തയ്യാറാകണം. പ്രലോഭിതരായി പരിഹാസ്യരാകാതെ തന്റെ അന്തരംഗത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളും വിചാര വികാരങ്ങളും ആത്മാര്‍ത്ഥമായും സത്യസന്ധമായും പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യവുമായി എഴുത്തുകാര്‍ മുന്നോട്ട് വരുമ്പോള്‍ ആനുകാലിക സാഹിത്യത്തിന്റെ ശക്തിയും മേന്മയും മികവും വര്‍ദ്ധിക്കും. അനുവാചര്‍ക്ക് അത് അനുഭവവേദ്യമാവുകയും എഴുത്തുകാര്‍ സത്യസന്ധമായി ആദരിക്കപ്പെടുകയും ചെയ്യും. അങ്ങനെ ആനുകാലിക സാഹിത്യത്തെ ഉയര്‍ത്തെഴുന്നേല്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ എഴുത്തുകാര്‍ക്ക് സാധിക്കട്ടെ.
സാഹിത്യകാരന്റെ കുപ്പായമണിഞ്ഞ രാഷ്ട്രീയക്കാര്‍ (വാസുദേവ് പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക