Image

'മുഖ്യധാര'യെന്ന വ്യാമോഹം- ജോണ്‍മാത്യു

ജോണ്‍മാത്യു Published on 15 September, 2014
'മുഖ്യധാര'യെന്ന വ്യാമോഹം- ജോണ്‍മാത്യു
കാലങ്ങളായി എഴുതിക്കൊണ്ടിരിക്കുന്നവരോടും പുതിയതായി രംഗത്തുവരുന്നവരോടുപോലും നാട്ടില്‍നിന്നുള്ള സാഹിത്യകാരന്മാര്‍ മാത്രമല്ല ഇവിടെയുള്ള 'സ്യൂഡോ' ഉപദേശകരും നിര്‍ദ്ദേശിക്കുന്നത് എഴുത്തിന്റെ മുഖ്യധാരയില്‍ എത്താനാണ്. ഇതു കേട്ടാല്‍ തോന്നും ഏതോ പരീക്ഷയെഴുതി ജയിച്ചാല്‍ അങ്ങ് മുഖ്യധാരയില്‍ കയറിപ്പറ്റാമെന്ന്. അതായത് മലയാളത്തിലെ പ്രമുഖസാഹിത്യകാരന്മാരുടെ ഒപ്പം കയറിയിരിക്കാമെന്ന് സാരം.

എന്താണ് മുഖ്യധാര?
ഒരു പ്രത്യേക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഒപ്പം നില്ക്കാന്‍ കഴിയുക, നാടന്‍ഭാഷയില്‍ 'കട്ടയ്ക്ക്കട്ടയ്ക്ക്' എന്നു പറയാം. എഴുത്തില്‍ മാത്രമല്ല എല്ലായിടത്തും അതാതിന്റെ മുഖ്യധാരയുണ്ട്. നമ്മുടെ തൊഴില്‍ രംഗങ്ങളില്‍പ്പോലും അവിടെ ഉപയോഗിക്കുന്ന 'ജാര്‍ഗണ്‍' മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എത്ര വേഗമാണ് പുറത്താക്കപ്പെടുക.

മലയാളത്തിലെ പ്രചാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി എഴുതിയാല്‍ മുഖ്യധാരയില്‍ ചെന്നുപെടുമോ? ഇല്ല എന്നുതന്നെയാണ് എന്റെ ഉറപ്പുള്ള മറുപടി. പകരം ഒരാളുടെ എഴുത്തുകള്‍ വായിക്കാന്‍ മറ്റ് മുതിര്‍ന്ന എഴുത്തുകാരും സമന്മാരും തുടര്‍ച്ചയായി ശുപാര്‍ശ ചെയ്യുന്നുവെങ്കില്‍, ചര്‍ച്ച ചെയ്യപ്പെടുകയാണെങ്കില്‍ അയാള്‍ എഴുത്തുകാരുടെ കൂട്ടത്തിലെങ്കിലുമാണെന്ന് കണക്കാക്കാം.
ഇവിടെ അല്പം ക്രൂരമായിത്തന്നെ മറുപടി പറഞ്ഞേ തീരൂ. മറ്റുള്ളവര്‍ എടുത്ത് ഒരാളെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കുമെന്നു കരുതരുത്. ശ്രദ്ധപിടിച്ച് പറ്റുന്നത് അവരവരുടെ ജോലിയാണ്. കേരളത്തിലേക്കൊന്നും പോകേണ്ട, അമേരിക്കയിലെ സാഹിത്യപ്രസ്ഥാനങ്ങളുടെ വളര്‍ച്ച എത്ര പേര്‍ക്കറിയാം. ലാനയോ മറ്റേതെങ്കിലും സാഹിത്യസംഘടനകളോ എഴുത്തുകാരെ ഏതെങ്കിലും 'ധാര'യിലെത്തിക്കാമെന്നൊന്നും കരാറെടുത്തിട്ടില്ലല്ലോ.

എന്റെ അറിവില്‍ ആയിരത്തിതൊള്ളായിരത്തി എഴുത്തിനാലുമുതല്‍ എത്രയോ കാലത്തേക്ക് ഡിട്രോയ്റ്റിലെ ഇന്ത്യാഹൗസില്‍ മലയാള സാഹിത്യചര്‍ച്ചകളുണ്ടായിരുന്നു. ഇന്ന് ഹൂസ്റ്റനിലും ഡാളസിലും ചിക്കാഗോയിലും ഡിട്രേയ്റ്റിലും ന്യൂയോര്‍ക്കിലും മറ്റു പല നഗരങ്ങളിലും സജ്ജീവമായിത്തന്നെ മലയാള സാഹിത്യ കൂട്ടായ്മകളുണ്ട്. കൂടാതെ കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി ലാനാ തുടര്‍ച്ചയായി ദേശീയ സമ്മേളനങ്ങള്‍ നടത്തുന്നു ഈ സംരംഭങ്ങളുടെ പിന്നില്‍ പണവും സമയവും ചെലവഴിക്കുന്ന കുറേപ്പേരെങ്കിലുമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളെ മാനിക്കുക, സൗജന്യമായി ഒന്നുമില്ലെന്നാണല്ലോ അമേരിക്കന്‍ പഴമൊഴി! അത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ എടുക്കുകയും വേണം.

ലക്ഷക്കണക്കിനു മലയാളികള്‍ ജീവിക്കുന്ന ഒരു നഗരത്തില്‍ നടക്കുന്ന സാഹിത്യകൂട്ടായ്മക്ക് ഒരു ഡസനെങ്കിലും പങ്കെടുത്താല്‍ അത് ഭാഗ്യമായി! ഭാഷയുടെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഏതാനും ആളുകളെങ്കിലുമുണ്ടല്ലോ. ഇതാ, ഹൂസ്റ്റനില്‍ തുടര്‍ച്ചയായി സാഹിത്യചര്‍ച്ച നടത്തുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ.

ഈ എഴുത്തുകാര്‍ക്ക് മാത്രമെന്തേ മുഖ്യധാരയില്‍ എത്തണമെന്ന ഇത്ര മോഹം? ഒരു ചിത്രകാരനെ സങ്കല്പിക്കുക. ധാരാളം ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട്, പെയിന്റിംഗുകള്‍ ചെയ്യുന്നുണ്ട്. ലോകത്തിലെ പ്രശസ്ത ചിത്രകാരന്മാരുടെ നിരയില്‍ കയറിയിരിക്കണമെന്ന് വ്യാമോഹമുണ്ടെങ്കില്‍ അതത്ര നിസ്സാരമായിട്ടങ്ങ് നടക്കുമോ? സമാജവാര്‍ഷികത്തിന് പാടുന്ന ഒരു ഗായകനാണെങ്കിലോ, മലയാളത്തിലെ പ്രമുഖഗായകരുടെ നിരയില്‍ അയാള്‍ക്ക് കയറിയിരിക്കാന്‍ കഴിയുമോ? രാവിലെയും വൈകുന്നേരവും ഒന്നരമൈല്‍ ഓടുന്ന നമ്മേപ്പോലുള്ളവര്‍ സ്വപ്നം കാണുമോ ഓട്ടക്കാരുടെയൊരു 'മുഖ്യധാര'?

ചുരുക്കം ചിലര്‍ക്ക് മാത്രം ഒരു കൊടുങ്കാറ്റുപോലെ സാഹിത്യരംഗത്തേക്ക് വരാന്‍ കഴിഞ്ഞു. ചങ്ങമ്പുഴയും, കുഞ്ഞുണ്ണിമാസ്റ്ററും, വി.കെ. എന്നും, സി.ജെ. തോമസും, ജോണ്‍ ഏബ്രഹാമും എം.പി. നാരായണപിള്ളയും ചില ഉദാഹരണങ്ങള്‍ മാത്രം. അവരുടെ ശൈലി ശ്രദ്ധിക്കുക, പ്രമേയങ്ങളിലെ പുതുമയും ആവിഷ്‌ക്കരണരീതിയും ശ്രദ്ധിക്കുക.

സ്വന്തം ശൈലിയും പുതിയ ആശയങ്ങളും ആകര്‍ഷണീയമായ ആവിഷ്‌ക്കരണരീതിയും. അതിനുള്ള നൈസര്‍ഗ്ഗീകമായ സാധ്യതയില്ലെങ്കില്‍ നിരന്തരപരിശ്രമത്തില്‍ക്കൂടിയാണ് മറ്റ് എഴുത്തുകാരുടെ ഒപ്പം ഇരിക്കാനുള്ള കസേര പിടിച്ചിടേണ്ടത്.

പ്രമുഖരുമായി സൗഹൃദം സ്ഥാപിച്ചതുകൊണ്ടോ, നാട്ടില്‍നിന്ന് ചിലരെ വിളിച്ചുവരുത്തിയതുകൊണ്ടോ, എന്തെങ്കിലും എഴുതി വ്യാപകമായി എഡിറ്റ് ചെയ്യിച്ചതുകൊണ്ടോ സാഹിത്യരംഗത്ത് സ്ഥായിയായ അംഗീകാരമൊന്നും കിട്ടാന്‍ പോകുന്നില്ല. അതിന് നിരന്തരമായ വായനയും ചിന്തയും വേണം. അനന്തമായ അന്വേഷണവും ആവശ്യമാണ്. അടങ്ങാത്ത സാമൂഹിക പ്രതിബദ്ധതയും വേണം. ഇതിനെല്ലാം പുറമേയാണ് എഴുത്തില്‍ക്കൂടി പ്രകടമാക്കേണ്ടുന്ന ജീവിതദര്‍ശനം!
'മുഖ്യധാര'യെന്ന വ്യാമോഹം- ജോണ്‍മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക