Image

പ്രസവ ചിത്രീകരണമോ? ഡോ. ബാബു പോള്‍

Published on 01 October, 2014
പ്രസവ ചിത്രീകരണമോ? ഡോ. ബാബു പോള്‍
ഡോക്ടര്‍ പ്രസവമെടുത്തു എന്നത് വാര്‍ത്തയല്ല. എന്നാല്‍, നഴ്‌സ് പ്രസവത്തിന്റെ പടമെടുത്തു എന്നത് തീര്‍ച്ചയായും വാര്‍ത്തതന്നെയാണ്. സംഗതി സത്യമാണെങ്കില്‍!
ശ്വേതാമേനോന്‍ പ്രസവരംഗം ചിത്രീകരിച്ചതിന്റെ ബാക്കിപത്രം, ഈശ്വരനോട് ചേര്‍ന്നുനിന്ന് വിശുദ്ധമായ ഒരു പ്രക്രിയയുടെ ഭാഗം ആയിത്തീരാന്‍ സ്ത്രീകള്‍ക്കു മാത്രമായും സ്വന്തമായും കിട്ടുന്ന സവിശേഷമായ ഒരു ജീവിതവേളയെ വാണിജ്യവത്കരിച്ചതിന്റെ അരോചകത്വമാണ്. ഇന്റര്‍നെറ്റിലൂടെ ലൈംഗികചിത്രങ്ങള്‍ സുലഭമായിരിക്കെ അങ്ങനെ ഒരു വീക്ഷണകോണില്‍നിന്നല്ല ആ വിവാദത്തെ നോക്കിക്കാണേണ്ടത്. ശ്വേതയും സഹകാരികളും ചെയ്തത് സ്രഷ്ടാവായ ദൈവത്തിനെതിരെയുള്ള തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആ പശ്ചാത്തലത്തിലാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സമാനമായ ഒരു സംഭവം നടന്നതായി പത്രങ്ങളില്‍ വായിച്ചത്. സിസേറിയന്‍ ആയിരുന്നുവോ എന്ന സംശയം ഉദിക്കാവുന്നതായിരുന്നു മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു എന്ന സാഹചര്യം. ശസ്ത്രക്രിയയിലൂടെ ഭൂജാതരായ ശിശുത്രയത്തിന്റെ ചിത്രമായിരുന്നു തേടിയതെങ്കില്‍ അത് ഗര്‍ഹണീയമായ കുറ്റകൃത്യം ആവുകയില്ലതാനും. ശസ്ത്രക്രിയയുടെ ചിത്രം വിദ്യാഭ്യാസത്തിനോ പ്രബന്ധാവതരണത്തിനോ ഒക്കെ എടുക്കാറുള്ളതാണ്. എങ്കിലും ആ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നോ, ആ ചിത്രം വാട്‌സ്ആപ്പില്‍ ആപ്പായി ഭവിച്ചതെങ്ങനെ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഉത്തരം തരുന്നില്ല.
നമ്മുടെ മാധ്യമങ്ങള്‍ അരനൂറ്റാണ്ടിനപ്പുറം കലാനിലയം കൃഷ്ണന്‍ നായര്‍ തനിനിറം കാണിച്ചിരുന്ന കാലത്തേക്ക് തിരിച്ചുപോവുകയാണോ എന്ന് സംശയിക്കാതെ വയ്യ. കേട്ടത് പാതി കേള്‍ക്കാത്തത് പാതി സത്യവും സാഹചര്യവും അന്വേഷിക്കാനുള്ള ക്ഷമ കാണിക്കാതെ 'ഞാനാണ് കേമന്‍' എന്ന മട്ടില്‍ ബ്രേക്കിങ് ന്യൂസും ഫ്‌ളാഷുമായി ആശുപത്രിവിചാരം നടത്തുന്നതും തെറ്റുപറ്റിയാല്‍ ഉചിതമാണോ എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ആത്മവിമര്‍ശം നടത്താന്‍ കാലമായി എന്ന് കുറിക്കുന്നത് സന്തോഷത്തോടെയല്ല.
നമ്മുടെ വൈദ്യരംഗം ഏറെ പുരോഗതി കൈവരിച്ചു എന്ന് ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. രണ്ടാം ലോകയുദ്ധം കെടുതി വിതച്ച നാളുകളില്‍ വടക്കന്‍ തിരുവിതാംകൂറിലെ കുന്നത്തുനാട് താലൂക്കില്‍ വിദ്യുച്ഛക്തിയില്ലാത്ത ഒരു നാട്ടിന്‍പുറത്ത്, വിദ്യാലംകൃതരെങ്കിലും വിത്താലംകൃതരല്ലാത്ത അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച ഞാന്‍ ഇപ്പോഴത്തെ കുഞ്ഞുങ്ങളെപ്പോലെ മരുന്നിന്റെ മണം ഏറ്റ് പിറന്നതല്‌ളെന്ന് എടുത്തുപറയേണ്ടതില്ല.
പ്രസവങ്ങള്‍ പൊതുവെ വീടകങ്ങളില്‍ നടന്നുവന്ന കാലം. അതിസമ്പന്നര്‍ പോലും അത്യാവശ്യമില്‌ളെങ്കില്‍ ആശുപത്രികളില്‍ ചേക്കേറാതിരുന്ന കാലം. എന്റെ മാതാപിതാക്കള്‍ അതിസമ്പന്നരായിരുന്നെങ്കില്‍ ഒരുവേള എന്റെ ജനനവും അന്ന് കൊച്ചി ശീമയിലായിരുന്ന എറണാകുളം നഗരത്തില്‍ ആകുമായിരുന്നിരിക്കാം. ഒരു പന്തീരാണ്ടുകാലത്തെ ഊഷരദാമ്പത്യത്തിന് അന്ത്യംകുറിച്ച് അകാലപ്രജയായി പിറന്നവനാണല്‌ളോ ഞാന്‍. എങ്കിലും പൊതുവെ പതിച്ചി എന്ന് തങ്ങളുടെ നാട്ടില്‍ വിളിക്കപ്പെട്ടവരായിരുന്നു പേറെടുത്തുവന്നത്. അകത്ത് പ്രസവം വേദനയാകുമ്പോള്‍ പുറത്ത് പൂമുഖത്ത് സംസാരിച്ചിരിക്കാന്‍ ഒരു ഡോക്ടര്‍ ഉണ്ടാകുമായിരുന്നു പ്രധാനപ്പെട്ട തറവാടുകളിലെന്ന് കരുതണം. അക്കാലത്ത് നവജാതശിശുവിനെ വെള്ളം തളിച്ച് ഭൂമിയില്‍ സ്വീകരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നത്രെ. എന്നെ വെള്ളം തളിച്ചത് ഡോക്ടര്‍ കെ.എം. ചാക്കോ എന്ന എല്‍.എം.ബിക്കാരനായിരുന്നു.
കുന്നത്തുനാട് താലൂക്കില്‍ അന്ന് മൂന്ന് എല്‍.എം.ബിക്കാരാണ്. തോമ്പ്ര ഡോക്ടര്‍, കോച്ചേരി ഡോക്ടര്‍, ആലടി ഡോക്ടര്‍. ഒടുവില്‍ പറഞ്ഞ ഡോക്ടര്‍ ദാമോദരന്‍ പിള്ളപ്രശസ്ത നായര്‍ തറവാടായ ആലടിയില്‍നിന്ന് സംബന്ധം ചെയ്തതിനാലാണ് ആ വീട്ടുപേര് ജനം ചാര്‍ത്തി നല്‍കിയത്. അദ്ദേഹം സര്‍ക്കാര്‍ ഡോക്ടറായിരുന്നു താനും. വീട്ടുപേരുകളില്‍ ഡോക്ടര്‍മാരെ അറിഞ്ഞിരുന്ന ആ ഗതകാലം സമൂഹത്തില്‍ നിലനിന്ന ഗ്രാമീണചാരുതയെ അടയാളപ്പെടുത്തുന്നു എന്ന് നിരീക്ഷിക്കാതെ വയ്യ.
10 വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യം ആശുപത്രിയില്‍ പോയത്. പെരുമ്പാവൂരിന്റെ കിഴക്ക്, ചീങ്ങോളങ്ങരപ്പാടം കഴിഞ്ഞ് പുലിമലയുടെ പടിഞ്ഞാറെ ചരിവില്‍ എത്തുമ്പോള്‍ ആലുവയില്‍നിന്ന് മൂന്നാറ്റിലേക്കുള്ള നാട്ടുവഴിയുടെ ഓരത്ത് ഒരു ചെറിയ കെട്ടിടം: 'കോച്ചേരീടെ ആശോത്രി'. ഒരു ഞായറാഴ്ച വേദപാഠക്‌ളാസില്‍ പഠിച്ചു, രോഗികളെ ചെന്നുകണ്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശം ഉറപ്പാണെന്ന്. അന്ന് വൈകീട്ട് കളിക്കൂട്ടുകാര്‍ പള്ളിപ്പറമ്പില്‍ ബ്രസൂക്ക തട്ടുമ്പോള്‍ ഞാന്‍ ആശുപത്രിയിലേക്ക് നടന്നു.
രണ്ട് മുറികള്‍. അഞ്ചോ ആറോ സ്ത്രീകള്‍. പ്രസവം കഴിഞ്ഞവരാണ് (എന്ന് ഇന്നറിയാം). അര്‍ധനഗ്‌നരായിരുന്നു അവര്‍. ചിലര്‍ ഒരു ഈരെഴയന്‍ തോര്‍ത്ത് അലസമായി മാറത്തിട്ടിരുന്നു എന്ന് തോന്നുന്നു. ഏതോ ഒരു മുലയില്‍നിന്ന് പാല്‍ ഇറ്റുവീഴുന്നുണ്ടായിരുന്നു എന്നത് കൃത്യമായി ഓര്‍മിക്കുന്നുണ്ട് ഞാന്‍.
മടങ്ങി വീട്ടിലത്തെിയപ്പോള്‍ അന്നുതന്നെ വിജ്ഞാനദാഹിയായിരുന്ന ഞാന്‍ അമ്മയോട് ചോദിച്ചു: പെറ്റ് കിടക്കുമ്പോ ചട്ടേടാമ്പാടില്‌ളെന്ന്‌ണ്ടോമ്മേ? പ്രസവിച്ചുകിടക്കുമ്പോള്‍ ചട്ട (അന്ന് ബ്‌ളൗസൊക്കെ വിരളം; സുറിയാനിക്കാര്‍ക്ക് ചട്ട, നായര്‍ സ്ത്രീകള്‍ക്ക് റൗക്ക, ദലിതരില്‍ മുതിര്‍ന്നവര്‍ മാറ് മറച്ചിരുന്നില്ല, പുത്തന്‍കാവിയും മകള്‍ മുണ്ടിയും ഒക്കെ ഒരുതരം അയഞ്ഞ ബനിയന്‍ ഇട്ടിരുന്നു) അഥവാ മാറുമറയ്ക്കുന്ന വസ്ത്രം ധരിക്കരുത് എന്ന് നിയമമുണ്ടോ എന്നായിരുന്നു എന്റെ സംശയം. തിരുവിതാംകൂറില്‍ ഒന്നാം റാങ്കോടെ മദ്രാസുകാരുടെ മെട്രിക്കുലേഷന്‍ ജയിച്ച മിടുക്കിയായിരുന്നു അമ്മ. പോരെങ്കില്‍ അധ്യാപികയും. സംശയം ഉദിക്കാനുള്ള സാഹചര്യമാണ് അമ്മ ആദ്യം തിരക്കിയത്. സ്വര്‍ഗം തേടിയുള്ള യാത്രയിലാണ് സ്തനസമൃദ്ധി ശ്രദ്ധിച്ചത് എന്നറിഞ്ഞപ്പോള്‍ എന്റെ അമ്മ പൊട്ടിച്ചിരിച്ചുപോയി. രോഗികളെ ചെന്നുകാണുന്നത് ആശ്വാസവാക്കുകള്‍ പറയാനും ആവശ്യമറിഞ്ഞ് പ്രാര്‍ഥിക്കാനും ഒക്കെയാണ് എന്ന് എനിക്കറിയാമായിരുന്നില്ലല്‌ളോ. ഞാന്‍ ഓരോ രോഗിയുടെയും അടുത്തുപോയി ഒരു നിമിഷം നില്‍ക്കും. പിന്നെ അടുത്ത രോഗി. പ്രാര്‍ഥനാ പുസ്തകം ഉണ്ടായിരുന്നു ആയുധമായി. ഓരോ കിടക്കയുടെ അടുക്കലും നിന്ന് 'രോഗികള്‍ക്കുവേണ്ടി പ്രാര്‍ഥന' എന്ന ഭാഗം വായിക്കും. ഒരു പരദേശി മോക്ഷയാത്ര.
രോഗങ്ങള്‍ ഇല്ലാഞ്ഞല്ല അന്ന് ആശുപത്രികള്‍ ഇല്ലാഞ്ഞത്. കരപ്പന്‍ വ്യാപകമായിരുന്നു. അതിന്റെ ചികിത്സ വേലന്മാര്‍ക്കാണ്. ഇപ്പോള്‍ ദലിതാനുകൂല്യം ഉള്ളവരാണ് കെ.ആര്‍. നാരായണനെ ഉള്‍ക്കൊണ്ട ഈ സമുദായം. സാമൂഹികമായിരുന്നു അവരുടെ പിന്നാക്കാവസ്ഥ. സംസ്‌കൃതപണ്ഡിതന്മാരായിരുന്നു വേലന്മാര്‍. അവരുടെ കഷായം കുടിച്ചാണ് എന്റെ തലമുറ ആയുസ്സ് ഉറപ്പിച്ചത്. കുറച്ചുകൂടെ മുതിര്‍ന്നാല്‍ വൈദ്യന്മാരായി കണ്ടുവന്നത് വര്‍ണാശ്രമത്തില്‍പെട്ടവര്‍ ആരോ ആയിരുന്നു. ഒല്ലൂര്‍മൂസും തൈക്കാട്ടുമൂസും വയസ്‌കരമൂസും ഒക്കെ റഫറല്‍ കേന്ദ്രങ്ങളായിരുന്നു എന്ന് തോന്നുന്നു. ഇന്നത്തെ മാതിരി ബ്രാഞ്ചും ഫ്രാഞ്ചൈസിയും കുപ്പിയില്‍ നിറച്ച കഷായവും ഒന്നും അക്കാലത്ത് ഇല്ലല്‌ളോ.
കൂടെ പറയട്ടെ, മഞ്ചേരി ആശുപത്രിയില്‍ പ്രധാന ഡോക്ടറായിരുന്ന വി. വര്‍ഗീസ് ബി.ജി. വര്‍ഗീസ് എന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്റെ പിതാവ്‌ കോട്ടക്കലെ പ്രധാന വൈദ്യന് ഉപദേശിച്ചു കൊടുത്തതാണ് ഈ കുപ്പിമന്ത്രം. ആയുര്‍വേദ ചികിത്സയുടെ മുഖച്ഛായ തന്നെ മാറ്റിയ ഉപദേശമായി അത് പരിണമിച്ചുവെന്ന് ഒരു നിമിഷം ആലോചിച്ചാല്‍ ഗ്രഹിക്കാന്‍ കഴിയും. അതിനുമുമ്പ് കുറിപ്പടി അനുസരിച്ച് മരുന്നുകള്‍ ശേഖരിച്ച് വീടുകളില്‍ ഉണ്ടാക്കുകയായിരുന്നുവല്‌ളോ കഷായാദികള്‍.
നാട്ടിന്‍പുറത്തെ ആരോഗ്യരംഗത്തെ മറ്റൊരു കൂട്ടര്‍ ഹോമിയോ ഡോക്ടര്‍ ആയിരുന്നു എന്ന് തോന്നുന്നു. അവരില്‍ ആരെങ്കിലും ഏതെങ്കിലും ഹോമിയോ കോളജില്‍ പഠിച്ചവരായിരുന്നു എന്ന് തോന്നുന്നില്ല. എറണാകുളത്ത് പ്രാക്ടിസ് ചെയ്തിരുന്ന പ്രശസ്തനായ ഡോക്ടര്‍ പടിയാര്‍ ഒഴികെ.
ഡോക്ടര്‍മാരുടെ സഹായം കൂടാതെ മരിക്കണമെന്നാണ് എന്റെ മോഹം. എനിക്ക് ഹൃദയസ്തംഭനം ഉണ്ടായാല്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്‌ളെന്ന് ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. എങ്കിലും ആതുരശുശ്രൂഷാരംഗത്തും രോഗപ്രതിരോധരംഗത്തും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുള്ള അദ്ഭുതകരമായ പുരോഗതി ശ്‌ളാഘനീയംതന്നെയാണ്. കോര്‍പററ്റൈസേഷനാണ് ഈ രംഗത്തെ ഭീഷണി. കമ്പനികള്‍ നടത്തുമ്പോലെ ആശുപത്രികള്‍ നടത്തുമ്പോള്‍ ലാഭചേതങ്ങള്‍ അവഗണിക്കാനാവുകയില്ല. ഇംഗ്‌ളണ്ടിലേതുപോലെ ഒരു ജി.പി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറും ഡോക്ടര്‍മാരും സഹകരിച്ച് മുന്നോട്ടുവരുകയാണ് അതിനുള്ള പരിഹാരം. ലക്ഷ്യം വ്യക്തമാണെങ്കിലും മാര്‍ഗം ദുര്‍ഘടമാണ് എന്നു മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക