Image

മൂന്നു വിവാദങ്ങള്‍ (ഡോ. ബാബു പോള്‍ )

ഡോ. ബാബു പോള്‍ Published on 15 October, 2014
മൂന്നു വിവാദങ്ങള്‍ (ഡോ. ബാബു പോള്‍ )
മൂന്നു വാര്‍ത്തകളാണ് ഈ കുറിപ്പിന് പ്രേരണ. ഒന്ന്, കാലടിപ്പാലത്തിന്റെ ഉദ്ഘാടനത്തിലെ പകിടകളി. രണ്ട്, ശശി തരൂരിന്റെ ചൂല്‍. മൂന്ന്, വെള്ളിയാഴ്ച മദ്യമുക്തമാക്കണമെന്ന് മുസ്ലിം സംഘടന ആവശ്യപ്പെട്ടത്.

ആദ്യത്തേത് ആദ്യം. കാലടിപ്പാലം ഉദ്ഘാടനം ചെയ്തിട്ട് അരനൂറ്റാണ്ടിലേറെയായി. അത് ഇടക്കിടെ ഗതാഗതയോഗ്യമല്ലാതാകും. യഥാകാലമല്‌ളെങ്കിലും പൊതുമരാമത്തുകാര്‍ക്ക് ഒത്തുവരുമ്പോഴൊക്കെ അറ്റകുറ്റപ്പണി നടക്കും. വീണ്ടും വണ്ടികള്‍ ഓടും. അത്തരം ഒരു പരിപാടിയാണ് ഈയിടെ നടന്നത്. അതിന് ഒരു ഉദ്ഘാടനം വേണ്ടിയിരുന്നില്ല.

പറയുമ്പോള്‍ കൂടെ പറയട്ടെ. എന്തിനാണ് ഇത്തരം ഉദ്ഘാടനങ്ങള്‍? അരൂര്‍പാലം തിരുവിതാംകൂറിനെയും കൊച്ചിയെയും ബന്ധിപ്പിച്ചത് ഒരു വലിയ സംഭവംതന്നെ. അതിന്റെ ഉദ്ഘാടനവും കെങ്കേമമായിരുന്നിരിക്കണം. ഒരിക്കല്‍ ഒരു കൗതുകം തോന്നി. വണ്ടി നിര്‍ത്തിച്ച് പുറത്തിറങ്ങി ആ ശിലാഫലകം വായിച്ചു. കേന്ദ്രത്തില്‍ ഷിപ്പിങ് മന്ത്രിയായിരുന്ന പി. സുബ്ബരായന്‍ ആയിരുന്നു ആ മംഗളകര്‍മം നിര്‍വഹിച്ചത്.

ശരി. ആരായിരുന്നു ഈ സുബ്ബരായന്‍? മോഹന്‍ കുമാരമംഗലത്തിന്റെ തന്ത (വിഷമിക്കരുത്. തന്ത നല്ല പദമാണ്, വര്‍ത്തമാനകാല വരവാണിയില്‍, പ്രചാരലുപ്തമാണെങ്കിലും). ആരാണ് മോഹന്‍ കുമാരമംഗലം? പുതിയതലമുറ പറയും: ആവോ. അതായത്, കല്ലില്‍ പേര് കൊത്തുന്നത് ആരെയും ചരിത്രത്തില്‍ പ്രതിഷ്ഠിക്കുന്നില്ല.

ഈയിടെ പത്മനാഭപുരം കൊട്ടാരത്തില്‍ പോയിരുന്നു. അവിടെയുള്ള മ്യൂസിയം ഇന്നത്തെ രൂപത്തിലാക്കിയത് പ്രശസ്ത മ്യൂസിയോളജിസ്റ്റ് സത്യമൂര്‍ത്തിയാണ്. അദ്ദേഹം അന്ന് കേരളത്തിലെ പുരാവസ്തു വകുപ്പ് ഡയറക്ടറായിരുന്നു. സത്യമൂര്‍ത്തിയെ ഡയറക്ടറാക്കിയതും ഇടതന്‍ എന്ന് ആരോപിക്കപ്പെട്ടപ്പോള്‍ കരുണാകരനെ കണ്ടും കോണ്‍ഗ്രസുകാരന്‍ എന്ന് ചിത്രീകരിക്കപ്പെട്ടപ്പോള്‍ എം.എ. ബേബി വഴിയും സംരക്ഷിച്ചതും ഞാനായിരുന്നു എന്നത് ഇന്നും എനിക്ക് അഭിമാനം പകരുന്നുണ്ട്. പറഞ്ഞുവന്നത് പത്മനാഭപുരത്തെ കാര്യമാണല്‌ളോ. അവിടെ ഒരു ശിലാഫലകത്തില്‍ എന്റെ പേര് കണ്ടു. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിക്ക് തോന്നിയത് ആഹ്‌ളാദമാണെങ്കിലും എനിക്ക് തോന്നിയത് ആത്മനിന്ദയാണ്. എന്റെ പേര് കൊത്തിവെക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നിട്ടും ഇതുപോലെ അഞ്ചാറിടങ്ങളില്‍ പേരുണ്ട്. അതുകൊണ്ട് എന്ത് ഗുണം? ഇരുപതാം നൂറ്റാണ്ടിലെ ഭാരതത്തില്‍ മഹാത്മ ഗാന്ധി ഒഴികെ നെഹ്‌റു അടക്കം മറ്റാരുണ്ട് വിവരണം കൂടാതെ ഓര്‍മിക്കപ്പെടാന്‍?

ഉദ്ഘാടനമാമാങ്കങ്ങള്‍ തീര്‍ത്തും വേണ്ട എന്നൊന്നും പറയുകയല്ല. ഇടുക്കി പദ്ധതിയുടെയും വല്ലാര്‍പാടം ടെര്‍മിനലിന്റെയും ഉദ്ഘാടനം നാടാകെ ആഘോഷിച്ച സംഭവങ്ങളാണ്. ബോട്ട് ഓടിച്ചും മരുന്ന് വായില്‍ ഒഴിച്ചുകൊടുത്തും ഉദ്ഘാടനകര്‍മം നിര്‍വഹിച്ച ബി. വെല്ലിങ്ടണ്‍ ആ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് കേരളത്തില്‍. അത് ഇന്നും തുടരുന്നു. വി.എസ്. ശിവകുമാര്‍ കാന്‍സറിന് മരുന്ന് കൊടുത്തും പി.കെ. അബ്ദുറബ്ബ് പച്ചബോര്‍ഡില്‍ അക്ഷരം എഴുതിയും നമ്മെ സംഗതി ബോധ്യപ്പെടുത്തുന്നുണ്ട്. എം.ടി. പത്മ മുലയൂട്ടല്‍വാരം ഉദ്ഘാടനം ചെയ്തത് മാത്രമാണ് ഈ സമ്പ്രദായത്തിന് ഒരപവാദം എന്നു തോന്നുന്നു.

ഇതൊക്കെ സമ്മതിച്ചാലും പള്ളിക്കൂടത്തിന്റെ മേല്‍ക്കൂരയിലെ പൊട്ടിയ ഓടുകള്‍ മാറ്റി പുതിയ ഓടുകള്‍ 'സ്ഥാപിക്കുക'യും അലൂമിനിയത്തിന് പകരം ഒറാലിയം മേല്‍ക്കൂരയാക്കുകയും ചെയ്യുമ്പോള്‍ ഉദ്ഘാടനം എന്തിന്? അങ്ങനെ ഒരു ചടങ്ങ് അനാവശ്യമായിരുന്നു ശങ്കരപ്പാലത്തില്‍. പെരുമ്പാവൂര്‍ എം.എല്‍.എ എനിക്ക് പുത്രതുല്യനാണ്. അതിലേറെ, സാജു വിവരം ഉള്ളവനാണ്. പി.ടി. തോമസിനെയും ബിനോയ് വിശ്വത്തെയുംപോലെ പുസ്തകപ്രേമിയുമാണ്. ഞാന്‍ സാജുവിനെ ഫോണില്‍ വിളിച്ച് വഴക്കുപറഞ്ഞു. സാജുവും തെറ്റയിലും ആണ് അഗ്രദ്വയപാലകര്‍. രണ്ടും പ്രതിപക്ഷം. 'എന്റെ കൈക്ക് ഒതുങ്ങിയില്ല ചേട്ടാ' എന്നാണ് സാജു കൈമലര്‍ത്തിയത്. ഇബ്രാഹിംകുഞ്ഞിനും സാമാന്യബുദ്ധി ഉള്ളതാണ്. വല്ല മണിയടിക്കാരും കുടുക്കിയതാകണം. ഏതായാലും, അരനൂറ്റാണ്ട് മുമ്പ് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയതിലെ പാളിച്ച പരിഹരിച്ച സംഭവം ഇരുചെവിയറിയാതെ പോകേണ്ടതായിരുന്നു. അതിനും നടത്തി ഉദ്ഘാടനം. വേണ്ടായിരുന്നു മാഷേ. ആല്‍ നല്ല മരമാണെങ്കിലും ചിലയിടങ്ങളില്‍ കിളിച്ചാല്‍ അഭംഗിയാണ്.

മോദിയുടെ ചൂലാണ് തരൂര്‍ എന്ന മട്ടിലുള്ള പ്രതികരണങ്ങളാണ് അടുത്ത വിഷയം. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാമൂഴത്തിന്റെ രണ്ടാം പാതി മുതല്‍ ഭാരതം കാത്തിരുന്ന പ്രധാനമന്ത്രിയാണ് മോദി. ആജ്ഞാശക്തിയും നേതൃത്വസിദ്ധികളും അടയാളപ്പെടുത്തുന്ന ഒരു പ്രധാനമന്ത്രിക്ക് പകരം മന്ദബുദ്ധിയല്ലാത്ത ഒരാളെ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസുകാര്‍ മോദിയെ എതിര്‍ക്കുന്നത് മനസ്സിലാക്കാം. മാഡിസണ്‍ സ്‌ക്വയറിലെ ബഹളവും മോദിയുടെ സന്ദര്‍ശനംതന്നെയും നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിച്ചത് അമേരിക്കന്‍ മാധ്യമങ്ങള്‍ അത്രക്കങ്ങ് ശ്രദ്ധിക്കാതിരുന്നതോ ഗുജറാത്തില്‍നിന്നുള്ള സമ്പന്നരായ പ്രവാസികളുടെ പീയാര്‍ പ്രാഗല്ഭ്യമോ അന്ധമായ മോദിഭക്തിയില്‍ മോദിയെ രജനീകാന്ത് ആക്കാനുള്ള ബാലിശമായ ആവേശമോ ഒക്കെ കോണ്‍ഗ്രസ് ചര്‍ച്ചാവിഷയമാക്കാന്‍ ശ്രമിച്ചാല്‍ അതും കഷ്ടിച്ച് മനസ്സിലാക്കാം.

 മഹാത്മ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഭാരത പ്രധാനമന്ത്രി ചൂലെടുക്കുമ്പോള്‍ പരിഹസിക്കുന്നത് ഗാന്ധിജിയോടും ചരിത്രത്തോടും സാമൂഹിക യാഥാര്‍ഥ്യങ്ങളോടുമുള്ള അവഗണനയാണ്. സ്വച്ഛഭാരതയജ്ഞം തുടങ്ങാന്‍ സവര്‍ക്കറുടെയോ ഗോള്‍വാള്‍ക്കറുടെയോ പിറന്നാളല്ലല്‌ളോ മോദി തെരഞ്ഞെടുത്തത്. ഗാന്ധിജയന്തിദിനത്തില്‍ രാജ്ഘട്ടില്‍ പോകാതെ പുതച്ചുമൂടിക്കിടന്ന വൈസ് പ്രസിഡന്റ് അഥവാ ഉപാധ്യക്ഷ മഹോദയ് നയിക്കുന്ന കക്ഷിയായി അധ$പതിച്ച കോണ്‍ഗ്രസിന്റെ രക്ഷാകര്‍ത്താവായി രംഗത്തുവരേണ്ടവരില്‍ ഒരാളായ സുധീരനെങ്കിലും ഈ നാണംകെട്ട തരൂര്‍വധം ആട്ടക്കഥയില്‍ പങ്കാളിയാകരുതായിരുന്നു.

ദിഗ്വിജയ്‌സിങ്ങിനെപ്പോലെ നാളെ പ്രധാനമന്ത്രിയാകാനുള്ള ഒരാള്‍ പ്രകടിപ്പിച്ച ധീരത കേരളനേതാക്കള്‍ പ്രകടിപ്പിക്കണമായിരുന്നു. ആരെയാണ് അവര്‍ പേടിക്കുന്നത്? സഖാവ് പിണറായി ഈ വാദ്യസംഘത്തിന്റെ വാഹനത്തില്‍ കയറിയതും ഭംഗിയായില്ല. ആ തോമസ് ഐസക്കിനെയെങ്കിലും കണ്ടുപഠിക്കരുതോ? എത്ര നിശ്ശബ്ദമായാണ് ആലപ്പുഴയില്‍ ഐസക് മാലിന്യസംസ്‌കരണത്തിന് മുന്നിട്ടിറങ്ങിയത് എന്ന സംഗതി സകല പൊതുപ്രവര്‍ത്തകരും ശ്രദ്ധിക്കേണ്ടതാണ്. തലസ്ഥാനത്ത് വാസുകി എന്ന യുവതിയെ വാക്കുകള്‍കൊണ്ട് ബലാത്സംഗം ചെയ്ത നേതാവിനെ ഞാന്‍ വെറുതെ വിടുന്നത് അദ്ദേഹത്തിന്റെ പത്‌നി എന്റെ അനന്തരവളായതുകൊണ്ട് മാത്രമാണ്. പറയാനുള്ള ചീത്ത പാര്‍വതി വഴി അറിയിച്ചിട്ടുണ്ട്. പണ്ട് പെരുമ്പാവൂരിലെ വീട്ടില്‍ ഞങ്ങള്‍ക്ക് ഒരു പട്ടിയുണ്ടായിരുന്നു. തൊഴുത്തിലെ പുല്‍ത്തൊട്ടിയിലാണ് കിടപ്പ്, പട്ടിക്ക് പുല്ല് വേണ്ട. എങ്കിലും പശുവിനെ പുല്ലുതിന്നാന്‍ പട്ടി അനുവദിക്കയില്ല. കോണ്‍ഗ്രസുകാര്‍ അത് അനുകരിക്കരുത്. ഭാ.ജ.പാ. അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജനാധിപത്യവിശ്വാസികളും ആഗ്രഹിക്കുന്നതാണ് ഒരു സുഘടിത പ്രതിപക്ഷം. അതുണ്ടാക്കാനുള്ള വഴികള്‍ തേടുന്നതിന് പകരം ശശി തരൂരിന്റെ ഔചിത്യബോധത്തെ അപഹസിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് കോണ്‍ഗ്രസിനെയോ ഈ നാട്ടിലെ ജനാധിപത്യത്തെയോ സഹായിക്കുകയില്ല. വെള്ളപ്പൊക്കത്തില്‍പെട്ട് അഴിമുഖത്തിനടുത്തുവരെ എത്തിനില്‍ക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും ഇത്തരം നിഷേധാത്മക സമീപനങ്ങള്‍ സഹായിക്കയില്ല.

ഇനി വിഷയം മൂന്ന്. വെള്ളിയാഴ്ച െ്രെഡഡേ ആക്കണം എന്ന് ആവശ്യപ്പെടുന്ന മുസ്ലിംനേതാക്കള്‍ ഒരു പൊതുവിഷയത്തെ അനാവശ്യമായി വര്‍ഗീയവത്കരിക്കയാണ്. ഞായറാഴ്ച െ്രെഡഡേ ആക്കിയത് അത് ഒരു ചെറിയ ന്യൂനപക്ഷത്തിന് മതപരമായി പ്രധാനമായ ദിവസമായതുകൊണ്ടല്ല എന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്ക് അന്യമായിക്കൂടാ. എല്ലാ പൊതു ഒഴിവുകളും െ്രെഡഡേകള്‍ ആക്കണം എന്നുപറഞ്ഞാല്‍ മനസ്സിലാക്കാം. വെള്ളിയാഴ്ചക്ക് എന്താണ് വ്യാഴാഴ്ചയേക്കാള്‍ പ്രത്യേകത, മദ്യത്തിന്റെ ഉപയോഗത്തില്‍? അഞ്ചാം മന്ത്രി, പച്ചക്കോട്ട്, മന്ത്രിമന്ദിരത്തിന്റെ പേരുമാറ്റം എന്ന് തുടങ്ങി ന്യൂനപക്ഷ വിരോധത്തിന് പച്ചക്കൊടി ഉയര്‍ത്തിയ വിഷയങ്ങള്‍ക്കൊപ്പം ഒന്നുകൂടെ ഇരിക്കട്ടെ എന്ന് കരുതുന്നത് ഒന്നുകില്‍ വിവരക്കേട്, രണ്ടുകില്‍ അഹങ്കാരംതന്നെയാണ്.

ഇസ്ലാമിന് ഒരു രാജ്യാന്തരഭാവം ഉള്ളത് ഇന്ത്യയില്‍ ഒരുപാട് ദോഷം ചെയ്യുന്നുണ്ട് എന്ന് ഭാരതീയ മുസ്ലിംകള്‍ തിരിച്ചറിയണം. ക്യൂബയിലെയോ ചൈനയിലെയോ കത്തോലിക്കരെ ഭരണകൂടങ്ങള്‍ ഉപദ്രവിക്കുന്നു എന്നു പറഞ്ഞ് അവരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളത്തിലെ മെത്രാന്മാര്‍ പള്ളിയിലത്തെുന്ന ജനത്തെ നിരത്തിലിറക്കിയാല്‍ ഈ നാട്ടില്‍ വിലപ്പോകില്ല. ഇസ്ലാമിന്റെ കാര്യത്തില്‍ ഐ.എസ്.ഐ.എസിനെയോ ബോകോ ഹറാമിനെയോ സംബന്ധിച്ച വീക്ഷണത്തില്‍ മുസ്ലിംകള്‍ക്കിടയില്‍പോലും അഭിപ്രായസമന്വയം ഇല്ല എന്നറിയാതെയല്ല ഇത് കുറിക്കുന്നത്. എങ്കിലും ഒരു കാര്യവും അധികമായി നേടാനില്ലാതിരിക്കെ അനാവശ്യമായി സാമുദായിക വിവാദം ഉണര്‍ത്തുന്ന െ്രെഫഡേ െ്രെഡഡേ മട്ടിലുള്ള പ്രകോപനങ്ങളെങ്കിലും ഒഴിവാക്കുന്നതല്‌ളേ ബുദ്ധി എന്ന് സമുദായ നേതൃത്വം ചിന്തിക്കണം. 1992 ഡിസംബറില്‍ ശിഹാബ് തങ്ങള്‍ പ്രകടിപ്പിച്ച പക്വത ആ മഹാത്മാവിനൊപ്പം മയ്യത്തായിക്കൂടാ. തങ്ങളുടെ ആശയങ്ങള്‍ക്ക് അധിക പ്രസക്തിയുള്ള ഇക്കാലത്ത് വിശേഷിച്ചും.
http://www.madhyamam.com/news/313703/141015?utm_source=feedburner&utm_medium=email&utm_campaign=Feed%3A+madhyamam%2FxeIF+%28Madhyamam+Online%29
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക