Image

അവസാനത്തിന്റെ ആരംഭം- രാജു മൈലപ്രാ

രാജു മൈലപ്രാ Published on 29 October, 2014
അവസാനത്തിന്റെ ആരംഭം- രാജു മൈലപ്രാ
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. പിന്നീട് അതിമനോഹരമായ ഏദന്‍ തോട്ടം നിര്‍മ്മിച്ചു. തോട്ടത്തില്‍ ആപ്പിള്‍, ഓറഞ്ച് , മുന്തിരിങ്ങാ, വരിക്കച്ചക്ക, കിളിച്ചുണ്ടന്‍ മാമ്പഴം , ആദ്യം കയ്ക്കുകയും പിന്നീടു മധുരിക്കുകയും ചെയ്യുന്ന നെല്ലിക്ക തുടങ്ങിയ ഫലവൃക്ഷാദികള്‍ നട്ടു പിടിപ്പിച്ചു. എന്നിട്ടും എന്തോ ഒരു കുറവ്. കുറച്ചു നേരം ചിന്തിച്ചു. ഉത്തരം പിടികിട്ടി. ദൈവം മണ്ണില്‍ നിന്നും മനുഷ്യനെ മെനഞ്ഞെടുത്തു. പിന്നീട് അവന്റെ വാരിയെല്ലില്‍ നിന്നും ഒന്ന് ഊരിയെടുത്ത് അവനു ഇണയായും തുണയായും സ്ത്രീയെ സൃഷ്ടിച്ചു. (പില്‍ക്കാലത്ത് ചിലരുടെ വാരിയെല്ലിനു പകരം നട്ടെല്ല് ഊരിയെടുത്താണ് ഈ കര്‍മ്മം നിര്‍വ്വഹിച്ചത്). തോട്ടത്തില്‍ പോയി ഇഷ്ടമുള്ള കായ്കനികള്‍ ഭക്ഷിച്ച് സുഖമായി ജീവിച്ചു കൊള്ളുവാന്‍ കല്പിച്ചു. അക്കാലത്ത് ജീവിച്ചിരുന്ന വയലാര്‍ജി  എന്നൊരു കവി ഇതേപ്പറ്റി
“ആദാമേ ഞാന്‍ നിന്നെ തോട്ടത്തിലാക്കി
തോട്ടം സൂക്ഷിപ്പാനും കായ്കനികള്‍ ഭക്ഷിപ്പാനും”
എന്നൊരു ഗാനം രചിച്ചിട്ടുണ്ട്.

സകല സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തെങ്കിലും ഒരു ചെറിയ കുനിഷ്ട്ട് ഒപ്പിക്കുവാന്‍ ദൈവം മറന്നില്ല. തോട്ടത്തിനു നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം മാത്രം രുചിക്കരുത്. വിലക്കപ്പെട്ട കനി ഭക്ഷിക്കുവാനാണല്ലോ മനുഷ്യന് എപ്പോഴും താല്പര്യം. ഹവ്വാ അമ്മച്ചിക്ക് അതിന്റെ രുചി  ഒന്നറിയുവാനുള്ള ഒരു മോഹം. കൂട്ടത്തില്‍ സാത്താന്റെ വക ഒരു സപ്പോര്‍ട്ടും. സാത്താന്‍ അമ്മച്ചിയെ പ്രലോഭിപ്പിച്ച് തോട്ടത്തിന്റെ നടുവില്‍ നിന്ന ഫലം  തീറ്റിച്ചു. സ്‌നേഹമതിയായ ഭാര്യ, തന്റെ ഭര്‍ത്താവിനും കൊടുത്തു ഒരു കഷണം. കാര്യമറിഞ്ഞ കര്‍ത്താവിന് ഉഗ്രകോപമുണ്ടായി  എല്ലാത്തിനേയും ശപിച്ചു. പാമ്പിനേയും, പുരുഷനേയും സ്ത്രീയേയും! അതില്‍ പുരുഷനു കിട്ടിയത് നീ നിന്റെ ഭാര്യടെ വാക്ക് അനുസരിക്കുകയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതു കൊണ്ട് നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. … നിലത്തു നിന്നു നിന്നെ എടുത്തിരിക്കുന്നു. അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും. നീ പൊടിയാകുന്നു. പൊടിയില്‍ തിരികെ ചോരും..

അങ്ങിനെ ദൈവകോപത്തിന്റെ പാരമ്പര്യ അവകാശിയായ എനിക്കും കിട്ടി തുണയായി ഒരു ഭാര്യയേയും, ഉപജീവനത്തിനായി ഒരു പണിയും. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഈ കഠിന തടവ് അനുഭവിച്ചു കൊണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ റിട്ടയര്‍മെന്റ് എന്ന പരോളിനര്‍ഹനായി.

മലയാള നാട്ടില്‍ അന്‍പത്തിയഞ്ചു വയസാകുമ്പോഴേ വിരമിച്ചു കൊള്ളണം. പ്രായപരിധി നീട്ടിക്കൊടുക്കാമെന്ന് ഏതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ കാറും ബസുമെല്ലാം തല്ലിപ്പൊട്ടിച്ച് തീവെക്കുകയും, കടകള്‍ക്കും പോലീസുകാര്‍ക്കും നേരെ കല്ലെറിയുകയും ചെയ്യും. അവരില്‍ മിടുക്കന്മാര്‍ പില്‍ക്കാലത്ത് എംഎല്‍എമാരും മന്ത്രിമാരും മറ്റുമാകും.

വിരമിക്കുവാന്‍ വിധിക്കപ്പെട്ടവനു സഹപ്രവര്‍ത്തകരെല്ലാം കൂടി ഒരു ചായസര്‍ക്കാരം നല്‍കുന്ന പതിവ് പണ്ടുണ്ടായിരുന്നു. പിന്നെ കൈയില്‍ ഒരു പൂച്ചെണ്ടും, കഴുത്തില്‍ ഒരു പൂമാലയുമായി ഒരു  ഗ്രൂപ്പ് ഫോട്ടോ ! ഈ ഫോട്ടോ ഫ്രെയിം ചെയ്ത് ആണിയടിച്ചു ഭിത്തിയില്‍ തൂക്കുന്ന അന്നു മുതല്‍ , കാലന്‍ കയറുമായി വരുന്നതും കാത്തിരുപ്പാണ്. അതിനിടയില്‍ പെന്‍ഷന്‍ കൈപ്പറ്റാന്‍ കാലന്‍കുടയുമായി തെക്കുവടക്കു നടന്നു രണ്ടു മൂന്നു വള്ളിച്ചെരുപ്പുകളുടെയെങ്കിലും വള്ളിപൊട്ടും.

(രാഷ്ട്രീയക്കാര്‍, പുരോഹിതന്മാര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയവര്‍ക്കൊന്നും ഈ റിട്ടയര്‍മെന്റ് ബാധകമല്ല. അവരെല്ലാം മരണം വരെ നായകന്മാര്‍ തന്നെ- നല്ല കാര്യം)

എന്നാല്‍ ഇവിടെ അമേരിക്കയില്‍ സംഗതി നേരെ തിരിച്ചാണ്. മരിച്ചു വീഴുവോളം വരെ ജോലി ചെയ്യുവാന്‍ അനുവാദമുണ്ട്. പിന്നെ, എന്നേപ്പോലെയുള്ള ചില ഉഴപ്പന്‍മാര്‍, കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ പുറത്തു ചാടും. എഴുന്നേറ്റു നടക്കാവുന്ന കാലത്ത് റിട്ടയര്‍മെന്റ് എടുത്തില്ലെങ്കില്‍ , ഭൂമിയില്‍ അവശേഷിച്ചിരിക്കുന്ന ഒരു ചെറിയ ഇടവേള എന്‍ജോയ് ചെയ്യുവാന്‍ പറ്റുകയില്ലല്ലോ ! റിട്ടയര്‍മെന്റിന്റെ ആദ്യപടി ഒരു ദീര്‍ഘകാല അവധി എടുത്ത് ദൂരയാത്രകള്‍ നടത്തുക എന്നുള്ളതാണ്. (ഒരു ജോലിയുണ്ടായിരുന്നെങ്കില്‍ അവധി എടുക്കാമായിരുന്നു എന്ന് ഇനി എനിക്കു പറയണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ചെറിയ സന്തോഷം).

അങ്ങിനെ ഞാനും എന്റെ പ്രിയതമ പുഷ്പയും കൂടി മൂന്നുമാസത്തെ അവധിക്ക് നാട്ടിലെ വീട്ടില്‍ പോയി താമസിക്കുവാന്‍ പദ്ധതിയിട്ടു. ഭാര്യ കൂടെയുണ്ടായിരുന്നതുകൊണ്ട് ഒരു വെക്കേഷന്‍ എന്നൊരു വിശേഷണം ഞാനതിനു കൊടുക്കുന്നില്ല.
ഞങ്ങളൊരുമിച്ചുള്ള ഒരു ട്രിപ്പ് - അത്രമാത്രം !
അവസാനത്തിന്റെ ആരംഭം- രാജു മൈലപ്രാഅവസാനത്തിന്റെ ആരംഭം- രാജു മൈലപ്രാഅവസാനത്തിന്റെ ആരംഭം- രാജു മൈലപ്രാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക