Image

ആര്‍ച്‌ ബിഷപ്‌ സുധീരന്‍ (ഡി. ബാബു പോള്‍)

Published on 10 December, 2014
ആര്‍ച്‌ ബിഷപ്‌ സുധീരന്‍ (ഡി. ബാബു പോള്‍)
മലപോലെ തുടങ്ങിയത്‌ എലി ആയി അവസാനിച്ചു. ഇനി അറിയാനുള്ളത്‌ രാഹുല്‍ ഗാന്ധി പറന്നിറങ്ങുമ്പോള്‍ ആവശ്യത്തിന്‌ ആളിറക്കാനാവുമോ എന്നത്‌ മാത്രമാണ്‌. അതറിഞ്ഞിട്ട്‌ എഴുതാനിരുന്നാല്‍ പത്രാധിപര്‍ കല്‍പിച്ചിരിക്കുന്ന സമയം തെറ്റും എന്നതിനാല്‍ പാറശാലയില്‍ അവസാനിച്ചതിനെക്കുറിച്ച്‌ പറഞ്ഞ്‌ ആരംഭിക്കുന്നു. ഏതായാലും പത്തിരുനൂറ്‌ ബസും ഒരു ജി. വേണുഗോപാലും ഉള്ള സ്ഥിതിക്ക്‌ തീരെ മോശമാവാനിടയില്ല.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷി സി.പി.എമ്മും അടുത്തത്‌ ഇ.നാ.കോ.യും ആണ്‌ എന്ന കാര്യത്തില്‍ ഭാ.ജ.പാ. പോലും തര്‍ക്കിക്കുമെന്ന്‌ തോന്നുന്നില്ല. ഇപ്പറഞ്ഞ കക്ഷികളുടെയൊക്കെ നേതാക്കന്മാര്‍ കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരംവരെ യാത്ര നടത്തുന്നത്‌ പതിവാണ്‌. ഇത്തവണ വി.എം. സുധീരന്‍ നടത്തിയ യാത്രപോലെ ശുഷ്‌കവും ദുര്‍ബലവുമായ ഒരു പ്രകടനം മറ്റാരും നടത്തിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. മാവോവാദി രൂപേഷും സൂസി (എസ്‌.യു.സി.ഐ)യുടെ നേതാവ്‌ സി.കെ. ലൂക്കോസും ഇത്തരമൊരു ജാഥ സംഘടിപ്പിച്ചാല്‍ സുധീരന്‍െറ പരിപാടിക്കൊപ്പം എത്തുകയില്‌ളെന്നാശ്വസിക്കുകയാവാം കോണ്‍ഗ്രസുകാര്‍.

ഡല്‍ഹിയില്‍നിന്ന്‌ നൂലില്‍ കെട്ടി വെള്ളയമ്പലത്തിറക്കിയ പ്രസിഡന്‍റാണ്‌ സുധീരന്‍. അത്‌ വി.എം. സുധീരന്‌ വ്യക്തിപരമായ എന്തെങ്കിലും ദുര്‍ബലത ഉണ്ടായിട്ടല്ല. സുധീരന്‍െറ വ്യക്തിപരമായ സത്യസന്ധത ശത്രുക്കള്‍പോലും ചോദ്യം ചെയ്യുകയില്ല. എ.കെ. ആന്‍റണിയേക്കാള്‍ ആത്മാര്‍ഥത ഉണ്ട്‌ എന്നതിലും ആരും തര്‍ക്കിക്കാനിടയില്ല. ആത്മാര്‍ഥതയില്‍ മാത്രമല്ല, ഭരണപാടവത്തിലും സുധീരന്‍ ആന്‍റണിയെ അതിശയിക്കും. മന്ത്രിയും സ്‌പീക്കറുമൊക്കെ ആയിരുന്നകാലത്ത്‌ അത്‌ തെളിഞ്ഞതാണ്‌. അതായത്‌, സ്വന്തം നിലയില്‍ കെ.പി.സി.സിയുടെ അധ്യക്ഷനാവാന്‍ സുധീരന്‍ തികച്ചും യോഗ്യന്‍ തന്നെയാണ്‌.

യോഗ്യതയുള്ളവര്‍ക്കെല്ലാം സ്വീകാര്യത ഉണ്ടാവണമെന്നില്ല. എനിക്ക്‌ മുഖ്യമന്ത്രിയാകാന്‍ യോഗ്യത ഇല്ലാഞ്ഞിട്ടല്ല ക്‌ളിഫ്‌ ഹൗസില്‍ പാല്‌ കാച്ചാനാവാത്തത്‌. സുധീരനെ ഇന്ദിരഭവനില്‍ കെട്ടിയിറക്കിയതുപോലെ എന്നെ സോണിയ ഗാന്ധി ക്‌ളിഫ്‌ ഹൗസില്‍ ഇറക്കാത്തതുകൊണ്ടാണ്‌. മുഖ്യമന്ത്രിയായാല്‍ എനിക്ക്‌ കിട്ടാവുന്ന സ്വീകാര്യതയെക്കാള്‍ ഏറെയല്ല കെ.പി.സി.സി പ്രസിഡന്‍റ്‌എന്ന നിലയില്‍ സുധീരന്‌ കിട്ടിയത്‌. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടപ്പോള്‍ സുധീരന്‍ വഴങ്ങരുതായിരുന്നു. ഏത്‌ കോണ്‍ഗ്രസുകാരന്‍െറയും കിനാവാണ്‌ കെ.പി.സി.സിയുടെ അധ്യക്ഷ പദം. എങ്കിലും സുധീരനെപോലെ ആദര്‍ശധീരനായ ഒരാള്‍ തികച്ചും ജനാധിപത്യവിരുദ്ധമായ ഈ ?സിവില്‍ സര്‍വിസ്‌ നിയമനത്തിന്‌? നിന്നുകൊടുക്കരുതായിരുന്നു.

സുധീരന്‍ വന്ന നാള്‍ തുടങ്ങി കോണ്‍ഗ്രസിന്‍െറ അധ$പതനം. സുധീരനെ നിയമിച്ച ബുദ്ധികേന്ദ്രങ്ങളാണ്‌ ഇടുക്കി, ചാലക്കുടി, തൃശൂര്‍ നിയോജക മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്‌ നഷ്ടപ്പെടുത്തിയതും. ഒമ്പത്‌ വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നയാള്‍ സേനയെ പത്തുവര്‍ഷം പിന്നോട്ടടിച്ചുവെന്ന്‌ പറയുന്നതുപോലെയായി കെ.പി.സി.സിയുടെ കാര്യം.

കോണ്‍ഗ്രസ്‌ ഒരു കണ്ണൂര്‍ ഡീലക്‌സ്‌ ആണ്‌. അതില്‍ കൊല്ലത്തിറങ്ങാനുള്ളവനും കൊയിലാണ്ടിവരെ പോകാനുള്ളവനും കാണും. ജോലിക്ക്‌ പോകുന്നവനും ഭാര്യവീട്ടില്‍ പോകുന്നവനും കാണും. എല്ലാ യാത്രക്കാരും ഒരേ ഇടംതന്നെ ലക്ഷ്യമാക്കിക്കൊള്ളണം, എല്ലാ യാത്രക്കാരുടെയും ഉദ്ദേശ്യം ഒന്നുതന്നെയായിരിക്കണം എന്നൊന്നും പറയരുത്‌. കരുണാകരനെപോലെയുള്ളവര്‍ക്കേ ഈ വണ്ടി ഓടിക്കാന്‍ കഴിയൂ. കരുണാകരനുവേണ്ടി മൃത്യുഞ്‌ജയഹോമം നടത്തിയിരുന്നത്‌ കരുണാകരന്‌ കഞ്ഞി വെച്ച ആന്‍റണി ആയിരുന്നു എന്നതും മറക്കേണ്ട. അതാണ്‌ കോണ്‍ഗ്രസിന്‍െറ ഒരു കോംബോ. ആന്‍റണി ഇല്‌ളെങ്കില്‍ കരുണാകരനില്ല, കരുണാകരനില്‌ളെങ്കില്‍ ആന്‍റണിയുമില്ല എന്ന സത്യം അവര്‍ ഇരുവരും തിരിച്ചറിഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശും അതേ സമവാക്യം ഹൃദിസ്ഥമാക്കിയവരായിരുന്നു. അതിനിടെയാണ്‌ ഗ്രൂപ്പുകള്‍ക്കതീതനായി ഒരാളെ ഇറക്കുമതി ചെയ്‌തത്‌. അവിടെയാണ്‌ തുടക്കം. അതിന്‍െറ തുടര്‍ച്ചയാണ്‌ ജനപക്ഷയാത്ര നനഞ്ഞുകുതിര്‍ന്ന പടക്കം ആയി ഭവിച്ചത്‌.

കെ.പി.സി.സിക്കുവേണ്ടത്‌ ആത്മസംയമനം പാലിക്കുന്ന, ഹോളിയര്‍ ദാന്‍ ദൗ (ഞാനാണ്‌ വിശുദ്ധന്‍, ശേഷം പാപികള്‍) എന്ന ഭാവം ഇല്ലാത്ത, സമന്വയവാദിയായ ഒരു പ്രസിഡന്‍റിനെയാണ്‌ ഗ്രൂപ്പില്ലാനേതാവ്‌ വേണം എന്ന്‌ നിര്‍ബന്ധമാണെങ്കില്‍. തെന്നല ബാലകൃഷ്‌ണപിള്ള, തലേക്കുന്നില്‍ ബഷീര്‍, പി.പി. തങ്കച്ചന്‍ എന്നിവരില്‍ ഒരാളാകും. ദശാബ്ദങ്ങളായി സുധീരനെ അറിയുന്ന വ്യക്തിയാണ്‌ ഞാന്‍. സുധീരന്‍ ഒരു സ്ഥാനമോഹിയല്ല. എന്നാല്‍, ഏത്‌ സുധീരനും രാഹുലിന്‍െറ മുന്നില്‍ കവാത്ത്‌ മറക്കണമെന്നാണല്‌ളോ കോണ്‍ഗ്രസിന്‍െറ ഭരണഘടന. അങ്ങനെ മറന്നതാവാം സുധീരനും. ഏതായാലും ജനപക്ഷയാത്രവഴി കാസര്‍കോട്‌ മുതല്‍ ഇങ്ങുവരെയുള്ള ജനങ്ങളില്‍ എത്രപേര്‍ തന്‍െറ പക്ഷത്തുണ്ട്‌ എന്ന്‌ ബോധ്യമായ സ്ഥിതിക്ക്‌ ഇനിയെങ്കിലും രാഹുല്‍ജിയോട്‌ അനുവാദംവാങ്ങി ഗൗരീശപട്ടത്തെ ആലിന്‍ചോട്ടിലേക്ക്‌ മടങ്ങണം.

മുനികന്യക മാന്‍പേടയില്‍നിന്ന്‌ പഠിച്ചതോ മാന്‍പേട മുനികന്യകയില്‍നിന്ന്‌ പഠിച്ചതോ എന്ന ചോദ്യത്തിന്‌ കാളിദാസനോളം പഴക്കം ഉണ്ട്‌. വാര്‍ത്തമാനകാല കേരളത്തിലെ സംശയം സുധീരന്‍ ബിഷപ്പുമാരെ ഇളക്കിയോ ബിഷപ്പുമാര്‍ സുധീരനെ ചാടില്‍ കയറ്റിയോ എന്നതാണ്‌.
നേരത്തേ ഒന്നിലധികം തവണ ?മധ്യരേഖ? നിരീക്ഷിച്ചിട്ടുള്ളത്‌ ആവര്‍ത്തിക്കാതെ വയ്യ. ബിഷപ്പുമാര്‍ അരമനയിലും പള്ളിയിലും ഒതുങ്ങണം. മദ്യപാനാസക്തി തടയാന്‍ അവര്‍ ശ്രമിക്കേണ്ടത്‌ യുക്തവും ന്യായവും തന്നെ. അവരുടെ കുഞ്ഞാടുകളോടാണ്‌ അവര്‍ അത്‌ പറയേണ്ടത്‌. കേരളത്തില്‍ ഒട്ടാകെ അറുപതുലക്ഷം െ്രെകസ്‌തവരാണ്‌ ഉള്ളത്‌. അവരില്‍ പകുതിയെങ്കിലും മദ്യം കഴിക്കാത്തവരാണ്‌. തീരദേശത്തുള്ള െ്രെകസ്‌തവരും പരിഷ്‌കാരം തലക്ക്‌ പിടിച്ചവരുമാണ്‌ മറ്റേ പകുതി.

പെരുമ്പാവൂരിലെ എന്‍െറ ഇടവകയില്‍ ആരും ഒരു സല്‍ക്കാരത്തിനും മദ്യം വിളമ്പാറില്ല. പതിനയ്യായിരം അംഗങ്ങള്‍. ഏകദേശം മൂന്ന്‌ ഫനാല്‌ ആയിരം പുരുഷന്മാര്‍. മദ്യം കഴിക്കുന്നവര്‍ നൂറ്‌ തികഞ്ഞാലായി. അതായത്‌ ബിഷപ്പുമാര്‍ ഇടപെടുന്നത്‌ പൊതുസമൂഹത്തിന്‍െറ മദ്യപാനത്തിലാണ്‌. തിരുവനന്തപുരം ആര്‍ച്‌ ബിഷപ്‌ സാത്വികനും മഹാപണ്ഡിതനുമായ സൂസൈപാക്യം തിരുമേനിക്ക്‌ പറയാം. അദ്ദേഹം മെത്രാനായപ്പോള്‍ ആദ്യം ചെയ്‌തത്‌ തന്‍െറ രൂപതയുടെ അതിര്‍ത്തിയില്‍ തന്‍െറ ആത്മീയസന്താനങ്ങള്‍ നടത്തിവന്ന വ്യാജവാറ്റും മദ്യപാനവും അവസാനിപ്പിക്കുകയായിരുന്നു. ഒരു സര്‍ക്കാറിനെയും ഭീഷണിപ്പെടുത്തിയില്ല. പൊതുസമൂഹത്തെ അലോസരപ്പെടുത്തിയുമില്ല. സ്വജനത്തെ ബോധവത്‌കരിച്ചു. ആ തിരുമേനിക്ക്‌ ഒരു പരിഭവം ഉണ്ട്‌. താന്‍ ഒഴിവാക്കിയെടുത്ത വിപത്ത്‌ തിരിച്ചുവരാന്‍ വഴിയൊരുക്കുന്ന വണ്‍സ്റ്റാര്‍ ടൂസ്റ്റാര്‍ മദ്യവില്‍പനകേന്ദ്രങ്ങള്‍ കടലില്‍ അധ്വാനിച്ച്‌ പരിക്ഷീണരായി കൂടണയുന്ന തന്‍െറ ജനങ്ങള്‍ക്ക്‌ പ്രലോഭനം തീര്‍ക്കുന്നു. സൂസൈപാക്യം പ്രതിഷേധിച്ചാല്‍ മനസ്സിലാക്കാം. തന്നാലാവുന്നതും അതിലേറെയും ചെയ്‌തിട്ടാണ്‌ പറയുന്നത്‌.

എന്തും ഏതും സ്ഥാനത്തും അസ്ഥാനത്തും വര്‍ഗീയവത്‌കരിക്കപ്പെടുന്ന ഭാന്ത്രാലയത്തിലാണ്‌ നാം ജീവിക്കുന്നത്‌. അതുകൊണ്ട്‌, ബിഷപ്പുമാര്‍ ആത്മീയനിയന്ത്രണം പാലിക്കണം. പറയാനുള്ളത്‌ പള്ളിയില്‍ പറയണം. ചെയ്യാനുള്ളത്‌ സ്വജനങ്ങള്‍ക്കിടയില്‍ ചെയ്യണം. തങ്ങളുടെ ദൗത്യം പരാജയപ്പെട്ടിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ആയത്‌ ഏറ്റെടുക്കണം എന്ന്‌ പറയുന്ന രീതി ലജ്ജാകരമാണ്‌; ഈ നാട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അവിവേകവുമാണ്‌. സഭ യോഗം നടത്തി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തരുത്‌. അച്ചന്മാര്‍ ചാനലുകളില്‍ പോയി ബിജു രമേശിനോട്‌ തര്‍ക്കിക്കയുമരുത്‌. സ്വകാര്യാശുപത്രികളില്‍ നഴ്‌സുമാരുടെ സേവനവേതനവ്യവസ്ഥകള്‍ ഉന്നയിക്കുമ്പോഴും പള്ളിക്കൂടത്തിലെ വാധ്യാന്മാരുടെ കാര്യംപറയുമ്പോഴും ന്യൂനപക്ഷാവകാശം എന്ന ഉമ്മാക്കി കാട്ടി വര്‍ഗീയത വളര്‍ത്തരുത്‌ എന്ന്‌ പറയുമ്പോലെതന്നെ പ്രധാനമാണ്‌ മദ്യനിരോധം പൊതുസമൂഹത്തിന്‍െറമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സഭ മുന്നിട്ടിറങ്ങരുത്‌ എന്ന്‌ പറയുന്നതും. ഗാഡ്‌ഗില്‍ കസ്‌തൂരിരംഗന്‍ വിഷയത്തില്‍ ഇടുക്കി ബിഷപ്‌ ഇടപെട്ടതുപോലെ ഹിന്ദുസന്ന്യാസിമാര്‍ ഇടപെട്ടാല്‍ മെത്രാന്‌ ദഹിക്കുമോ? ആറന്മുള വിമാനത്താവളക്കാര്യത്തില്‍ മതം കൊണ്ടുവരരുത്‌ എന്ന്‌ പറയുന്നവര്‍തന്നെ സമാനമായ പൊതുവിഷയങ്ങളില്‍ മതത്തിന്‍െറ ഇടപെടല്‍ ഉണ്ടാകുന്നത്‌ ശരിയല്ല എന്ന്‌ തിരിച്ചറിയാത്തതെന്താണ്‌? സഭക്ക്‌ അജ്ഞതയോ ധാര്‍ഷ്ട്യമോ? സഭ സുധീരന്‌ വേണ്ടി കളിക്കുന്നത്‌ നിര്‍ത്തണം. സുധീരന്‍ സഭയെ ഉപയോഗിച്ച്‌ കളിക്കുന്നതും നിര്‍ത്തണം.

ഒടുവിലത്തെ തമാശ ബിഷപ്പുമാര്‍ പുതുപ്പള്ളിയില്‍ നടക്കാന്‍ പോയതാണ്‌. 1971 മുതല്‍ പ്രഭാതസവാരി നടത്തുന്ന ഞാന്‍ ഞായറാഴ്‌ചകളില്‍ രാവിലെ പള്ളിയിലാണ്‌ പോകുന്നത്‌. ശാബത്‌ വിശുദ്ധീകരിക്കാതെ ഉമ്മന്‍ ചാണ്ടിയെ വിശുദ്ധീകരിക്കാന്‍ തോമസ്‌ ഉമ്മന്‍ തിരുമേനി ഇറങ്ങിപ്പുറപ്പെട്ടത്‌ അരോചകമായി. ആകെ കാണുന്ന ഒരു കൗതുകം കെ.എം. മാണിയെ പ്രസംഗവശാല്‍ തള്ളിപ്പറയാന്‍ ഒരു മെത്രാന്‍ ധൈര്യം കാണിച്ചു എന്നതാണ്‌. മാണിയുടെ ഫോണില്‍ അതും ഒടുങ്ങി. ഏതായാലും സുധീരനും തിരുമേനിമാരും ഈ പൊറാട്ടുനാടകം അവസാനിപ്പിക്കണമെന്ന്‌ വിനയത്തോടെ അപേക്ഷിക്കുന്നു.
ആര്‍ച്‌ ബിഷപ്‌ സുധീരന്‍ (ഡി. ബാബു പോള്‍)
Join WhatsApp News
Babu C Thumpayil 2014-12-10 12:21:46

Dr Babu Paul put his style in very interesting subject 
Good article
Varghese Chamathil 2014-12-13 20:48:39
 Dr. Babu Paul's view 100% correct in this matter.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക