Image

മലയാളഭാഷയുടെ വികാസ സാധ്യതകളും പരിണാമവും (വാസുദേവ്‌ പുളിക്കല്‍)

Published on 20 December, 2014
മലയാളഭാഷയുടെ വികാസ സാധ്യതകളും പരിണാമവും (വാസുദേവ്‌ പുളിക്കല്‍)
(വിചാരവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)

ശ്രേഷ്‌ഠഭാഷാപദവിയില്‍ എത്തി നില്‌ക്കുന്ന മലയാളഭാഷയുടെ നൂറ്റാണ്ടുകളിലൂടെയുള്ള പരിണാമവും വികാസ സാധ്യതകളും ഒരു പ്രബന്ധത്തില്‍ ഒതുക്കാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ വളരെ സംക്ഷിപ്‌തമായ ഒരവതരണം മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ഏതെങ്കിലുമൊരു സംഗതിക്ക്‌, അത്‌ ഭാഷയോ പ്രസ്ഥാനമോ എന്തു തന്നെ ആയിരുന്നാലും, ഉടവു തട്ടുമ്പോഴാണ്‌ പുനരുദ്ധാരണ ചിന്തകള്‍ ഉയര്‍ന്നു വരുന്നത്‌. അര്‍ജ്ജുനന്റെ അസ്‌തമിച്ചു കൊണ്ടിരുന്ന  'ആത്മവീര്യം' ഉണര്‍ത്തിക്കൊണ്ടു വന്ന്‌ അര്‍ജ്ജുനനെ കര്‍മ്മനിരതനാക്കിയ ഒരു പ്രക്രിയ ഭഗവദ്‌ഗീതയില്‍ കാണാം. ആത്മാവിനെ ആത്മാവിനെക്കൊണ്ട്‌ തന്നെ ഉദ്ധരിക്കുന്ന പ്രക്രിയ. അത്‌ വെറും ഒരു തിയറിയല്ല. ആശയങ്ങളുടെ പ്രായോഗികവല്‍ക്കരണമാണ്‌. ഇവിടെ ഉദ്ധരിക്കേണ്ടത്‌ അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളഭാഷയെയാണ്‌. മലയാളഭാഷയുടെ സാര്‍വ്വദേശീയ വികാസ സാധ്യതകള്‍ കണ്ടെത്തി, അത്‌ പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഭാഷാപണ്ഡിതനാണ്‌ ഡോ. എ. കെ. ബി. പിള്ള. മലയാള ഭാഷയുടെ ദുസ്ഥിതിയില്‍ ഭാഷയുടെ സാര്‍വ്വദേശീയമായ വികാസത്തിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കേണ്ടത്‌ അനിവാര്യമാണ്‌.

ബ്രിട്ടീഷുകാര്‍ അവരുടെ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി പ്രചരിപ്പിച്ച ഇംഗ്ലീഷ്‌ മലയാള ഭാഷയുടെ വളര്‍ച്ചക്ക്‌ സഹായകമായിട്ടുണ്ട്‌. ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തകരുടെ സംഭാവന വിസ്‌മരിക്കാവുന്നതല്ല. ഇംഗ്ലീഷില്‍ വരുന്ന ലേഖനങ്ങളും റിപ്പോര്‍ട്ടുകളും തര്‍ജ്ജുമ ചെയ്യുകയോ അവയെ ഉപജീവിച്ച്‌ എഴുതുകയോ ചെയ്യേണ്ടത്‌ പത്രപ്രവര്‍ത്തകര്‍ക്ക്‌ അനിവാര്യമായിത്തീര്‍ന്നു. അത്‌ നമ്മുടെ ഭാഷക്ക്‌ വലിയ മുതല്‍ക്കുട്ടുണ്ടാക്കിയിട്ടുണ്ട്‌. പത്രലേഖകന്മാരില്‍ നിന്ന്‌ ഗദ്യസാഹിത്യത്തിനുണ്ടായ അഭിവൃദ്ധി അവരുടെ തൂലികയില്‍ നിന്ന്‌ നൈസ്സര്‍ക്ഷികമായി ഒഴുകിവന്ന ഭാഷാശൈലിയിലൂടെ ഉടലെടുത്ത സാഹിത്യമാണ്‌. പ്രൗഢമായ പല ഇംഗ്ലീഷ്‌ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയതും മലയാള ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്‌. പാശ്ചത്യ സാഹിത്യത്തിലെ പ്രവണതകള്‍ മനസ്സിലാക്കാനും ലക്ഷണമൊത്ത ആദ്യത്തെ മലയാളം നോവല്‍ ഇന്ദുലേഖ എഴുതാനും ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ചന്തു മേനോനെ പ്രാപ്‌തനാക്കി. പാശ്ചാത്യ ചരിത്രാഖ്യായികയുടെ മാതൃകയില്‍ സി. വി. രാമന്‍പിള്ള രചിച്ച മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജബഹദൂര്‍ എന്നീ ചരിത്രനോവലുകളും മലയാളഭാഷയുടെ സമ്പത്തായിത്തിര്‍ന്നിട്ടുണ്ട്‌. പാശ്ചത്യ സാഹിത്യം മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയവരുടെ കൂട്ടത്തില്‍ നിരൂപകരും കൂടിയായ കേസരി ബാലകൃഷ്‌ണപിള്ളയും എം. പി. പോളും ഉള്‍പ്പെടുന്നു. കേസരി ബാലകൃഷ്‌ണപിള്ള വിശ്വോത്തര കൃതികളെ പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ ആസ്വാദനങ്ങള്‍ നമ്മുടെ ഭാഷക്കൊരു നേട്ടം തന്നെയാണ്‌. എന്നാല്‍ ഇംഗ്ലീഷ്‌ നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയതോടെ മലയാളഭാഷക്ക്‌ മങ്ങലേറ്റു തുടങ്ങി. ഇംഗ്ലീഷ്‌ പഠിക്കണ്ട എന്നല്ല?ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ഇംഗ്ലീഷ്‌ നമ്മുടെ മേല്‍ ആധിപത്യം ചെലുത്തുന്നതു മൂലം മലയാളഭാഷ അവഗണിക്കപ്പെടാന്‍ ഇടയാകരുത്‌. ഭാഷയുടെ ആധിപത്യത്തെ പറ്റി പറയുമ്പോള്‍ ചില കാര്യങ്ങള്‍? ഓര്‍ക്കുന്നു. എനിക്ക്‌ അഗ്രഹാരത്തില്‍ വളര്‍ന്ന ഒരു സുഹൃത്തുണ്ട്‌. പാലാക്കാട്ടുകാരിയായ ആ പെണ്‍കുട്ടിക്ക്‌ മലയാളം നല്ല വശമുണ്ടെങ്കിലും തമിഴേ പേശൂ. മലയാളത്തോടുള്ള അവഗണന. അതേപോലെ മലയാളംസര്‍വ്വകലാശാല രൂപീകരിച്ചതിനോടനുബന്ധിച്ച്‌ ജയകുമാര്‍ സാറിനെ ആദരിച്ചുകൊണ്ട്‌?ഇവിടെ സംഘടിപ്പിച്ച ഒരു യോഗത്തില്‍ പ്രസംഗിച്ച ഒരു പ്രൊഫസര്‍ പറഞ്ഞു, `ഞാന്‍?ഏതാണ്ട്‌ നാല്‌പതു വര്‍ഷങ്ങളായി കേരളം വിട്ടിട്ട്‌. മലയാളം മറന്ന മട്ടായി. അതുകൊണ്ട്‌ ഞാന്‍ ഇംഗ്ലീഷില്‍ സംസാരിക്കുകയാണ്‌' എന്ന്‌. മലയാളത്തെ സംബന്ധിച്ചു നടക്കുന്ന ഒരു യോഗത്തിന്റെ സമീപത്ത്‌ നില്‍ക്കാന്‍ പോലുമുള്ള യോഗ്യത അദ്ദേഹത്തിനില്ല. അങ്ങനെയുള്ളവര്‍? `ഹിപ്പൊക്രിറ്റുക'ളുടെ മുഖം മൂടിയണിഞ്ഞു കൊണ്ട്‌ മലയാളത്തിന്റെ ശ്രേഷ്‌ഠതയെ കുറിച്ച്‌ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നും. ഇങ്ങനെ മലയാളഭാഷ അവഗണിക്കപ്പെടുന്നത്‌ ഇംഗ്ലീഷ്‌ നമ്മുടെ മേല്‍ ആധിപത്യം ചെലുത്തുന്നതു കൊണ്ടാണ്‌. ഇംഗ്ലീഷ്‌ ഉപയോഗിക്കേണ്ടിടത്ത്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കണം. മലയാളത്തെ മറന്നു കളയുന്ന ഒരു സാഹചര്യമുണ്ടാകരുത്‌. മലയാളം മലയാളികളുടെ ഭാഷയാണ്‌. അത്‌ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകമാണ്‌. നമ്മുടെ സംസ്‌കാരം പ്രതിഫലിക്കേണ്ടത്‌ മലയാളത്തിലൂടെയാണ്‌. ഇംഗ്ലീഷ്‌ സംസാരിക്കുന്നതില്‍ കേമത്തരം കാണുന്നത്‌ മാനസികമായ അടിമത്തമാണ്‌.

പാശ്ചാത്യ സംസ്‌കാരം കേരളത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്‌. ഏതു സംസ്‌കാരം സ്വീകരിക്കണമെന്ന ചിന്ത ഇന്ന്‌ പ്രവാസി കുട്ടികളേക്കാള്‍ കൂടുതല്‍ അലട്ടുന്നത്‌്‌ കേരളത്തിലെ കുട്ടികളെയാണ്‌. അവര്‍ ആശയ വിനിമയത്തിന്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നതും പാശ്ചാത്യ സംസ്‌കാരം അനുകരിക്കുന്നതും അഭിമാനമായി കരുതുന്ന? ഒരവസ്ഥയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്‌ സെന്റ്രല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ പോലെ അവര്‍ മലയാളഭാഷയില്‍ നിന്ന്‌ അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. സെന്റ്രല്‍ സ്‌കൂള്‍ സിലബസ്‌ പഠിക്കുന്നവര്‍ക്ക്‌ മലയാളം പഠിക്കാതെ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാം, നല്ല ജോലി നേടാം. എത്രയോ മലയാളികള്‍ക്കാണ്‌ ഇങ്ങനെ മലയാളഭാഷ അന്യമായിക്കൊണ്ടിരിക്കുന്നത്‌. സെന്റ്രല്‍ സ്‌കൂള്‍ സിലബസില്‍ ഏതെങ്കിലുമൊരു പ്രാദേശിക ഭാഷ പഠിക്കേണ്ടത്‌ നിര്‍ബ്ബന്ധമാക്കിയാല്‍ മലയാളി?കുട്ടികള്‍ മലയാളം പഠിച്ചുകൊള്ളൂം. അതിനുള്ള സംവിധാനമുണ്ടാക്കാന്‍ ഭാഷയുടെ വികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ മൂന്‍കൈ എടുക്കണം. എന്നാല്‍ നമ്മുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അതിന്‌ തടസ്സമുണ്ടാകാം. രാഷ്ട്രീയക്കാര്‍ ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്ക്‌ അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ സാധിക്കുകയില്ല. മലയാളംസര്‍വ്വകലാശാല രൂപീകരിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ഉണ്ടായാല്‍ ഭാഷയുടെ വികാസത്തിന്‌ പര്യാപ്‌തമായ പരിപാടികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കാന്‍ ഭാഷാപണ്ഡിതന്മാര്‍ക്ക്‌ സാധിക്കാതെ വരും. പാഠപുസ്‌തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും രാഷ്ട്രീയക്കാര്‍ കൈ കടത്തുകയും അവരുടെ രാഷ്ട്രീയപരമായ താല്‌പര്യം സരംക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ പാഠ്യപദ്ധതി ഭാഷയുടെ വികാസം എന്ന ലക്ഷ്യത്തില്‍ നിന്ന്‌ തെന്നിപ്പോകുന്നു. രാഷ്ട്രീയക്കാര്‍ നില്‍ക്കേണ്ടിടത്ത്‌ നില്‍ക്കണം എന്ന്‌ ഓര്‍മ്മപ്പെടുത്താന്‍ ഭാഷയുടെ വികാസത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വരണം.  രാഷ്ട്രീയക്കാരുടെ പിന്തുണയോടെ ഔദ്യോഗിക പദവിയില്‍ വരുന്നവര്‍ക്ക്‌ രാഷ്ട്രീയക്കാരുടെ മുന്നില്‍ തല കുനിക്കാതിരിക്കാനും നിവൃത്തിയില്ലല്ലോ. അപ്പോള്‍ മലയാളത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ അവര്‍ക്ക്‌ സാധിക്കാതെ വരും.

കേരളത്തനിമയും മലയാളത്തിന്റെ ഗന്ധവും വര്‍ണ്ണവും നമ്മുടെ കുട്ടികള്‍ക്ക്‌ അനുഭവപ്പെടാന്‍ മലയാളഭാഷ സ്വായത്തമാക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ മനസ്സിലാക്കി വരും തലമുറയിലേക്ക്‌ മലയാളഭാഷ പകര്‍ന്നു കൊടുക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ചരിത്രം ഇവിടത്തെ പല സംഘടനകള്‍ക്കുമുണ്ട്‌.?ആ പരാജയത്തിന്‌ കാരണം രക്ഷകര്‍ത്താക്കളുടെ അനാസ്ഥയും തമ്മില്‍ തമ്മിലുള്ള മനോഭാവങ്ങളുടെ സംഘര്‍ഷങ്ങളുമായിരുന്നു. യൂണിവേഴ്‌സിറ്റി തലത്തില്‍ ആരംഭിച്ച മലയാളം സ്‌കൂളും ഇടക്കു നിന്നു പോകാനുള്ള കാരണവും ഇതൊക്കെത്തന്നെ. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അമേരിക്കന്‍ സര്‍വ്വകലാശാലകളിലൂടെയുള്ള മലയാളഭാഷയുടെ വികാസ സാധ്യത ഒരു സ്വപ്‌നമായി മാത്രം അവശേഷിക്കാം. എങ്കിലും ചില മലയാളം സ്‌കൂളുകള്‍ സ്‌തുത്യര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്ന്‌ നമുക്ക്‌ അഭിമാനിക്കാം. ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിപ്പിക്കാന്‍ സംവിധാനം ചെയ്‌തിരിക്കുന്ന അത്തരം സ്ഥാപനങ്ങളിലൂടെ ഭാഷയുടെ വികാസത്തിനുള്ള സാധ്യത വളരെ വിദൂരമാണ്‌. ഭാഷയുടെ വികാസ പ്രവര്‍ത്തനങ്ങള്‍ക്കായി? ഭാഷാസ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാരില്‍ നിന്ന്‌ ലഭിക്കുന്ന ഗ്രാന്റിന്റെ ഒരു ചെറിയ ഭാഗം?ഇവിടത്തെ മലയാളം സ്‌കൂളുകള്‍ക്ക്‌ നല്‍കി പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‌ ഉത്തേജനം നല്‍കേണ്ടതാണ്‌. ഭാഷയുടെ സാര്‍വ്വദേശീയമായ വികാസത്തിന്‌ അത്‌ വഴിയൊരുക്കും.

ഭാഷയുടെ വികാസത്തിനൂള്ള സാധ്യത ഇവിടത്തെ സാഹിത്യകാരന്മാരില്‍ കാണുന്നുണ്ട്‌. അവര്‍?പുതിയ പദങ്ങളുടെ പ്രയോക്തക്കളായി ഭാഷയെ സമ്പന്നമാക്കുന്നു. ഉദാഹരണത്തിന്‌ ഉവര്‍പ്പ്‌ എന്ന പദപ്രയോഗം പീറ്റര്‍ നീണ്ടൂരിന്റെ ഒരു കവിതയില്‍ കണ്ടു. അസാധരണമായ ഒരു പദപ്രയോഗം. കവി അതിന്‌ ഒരര്‍ത്ഥവും കൊടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മറ്റൊരു പദപ്രയോഗമാണ്‌ `മുപ്ര'. ചെത്ത്‌ എന്ന പദത്തിന്‌ ശബ്ദതാരാവലിയില്‍ പുതിയ ഒരു അര്‍ത്ഥം പ്രത്യക്ഷപ്പെട്ടതുപോലെ ഈ പദങ്ങളും?പുതിയ അര്‍ത്ഥവുമായി ശബ്ദതാരാവലിയില്‍ സ്ഥാനം പിടിച്ച്‌ ഭാഷയുടെ വികാസത്തിന്‌ കാരണമാകാം. ചെറുപ്പക്കാര്‍ പൂവാലന്മാരും പൂവാലികളുമായി ആകര്‍ഷണീയമായ വേഷവിധാനങ്ങളോടെ ചുറ്റിയടിക്കുന്നതിനെ?`ചെത്തി നടക്കുക' എന്ന്‌ പറയും. ചെത്ത്‌ എന്ന പദത്തിന്‌ `ചെത്തി നടക്കുക' എന്ന പുതിയൊരര്‍ത്ഥം ഇപ്പോള്‍ ശബ്ദതാരാവലിയില്‍ കാണാം. അത്‌ ഭാഷയുടെ വികാസമാണ്‌.  വ്യത്യസ്‌തമായ രചനാസബ്രദായങ്ങള്‍ വരുന്തോറും ഭാഷക്ക്‌ വികാസമുണ്ടാകുന്നു. ശാസ്‌ത്രത്തിന്റെ പുരോഗതിയും അതിനോടനുബന്ധിച്ചുണ്ടാകുന്ന ശാസ്‌ത്രഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്ന, ശാസ്‌ത്രവുമായി ബന്ധപ്പെട്ട പദങ്ങളും ഭാഷയെ വികാസത്തിലേക്ക്‌ നയിക്കുന്നു. ശാസ്‌ത്രജ്ഞന്മാരായ കവികളുടെ കാവ്യഭാഷ മറ്റു കവികളുടേതില്‍ നിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നതു തന്നെ ഭാഷയുടെ ഒരു മാറ്റമായി?കണക്കാക്കാം.ശാസ്‌ത്രജ്ഞന്മാര്‌ക്കും ഭാഷയുടെ വികാസത്തിലേക്കുള്ള പുതിയ വഴികള്‍ തുറക്കാന്‍?സാധിക്കും.

മലയാളഭാഷ വിദേശത്ത്‌ പ്രചരിച്ചില്ലെങ്കിലും കേരളത്തില്‍ എത്തിയ മിഷനറിമാര്‍, ഭാഷയോടുള്ള താല്‌പര്യം കൊണ്ടല്ലെങ്കിലും. മലയാളം പഠിക്കാന്‍ തുടങ്ങി. മതപ്രചരണം ലക്ഷ്യമാക്കിയാണ്‌ മിഷനറിമാര്‍ മലയാളം പഠിച്ചതും ഗ്രന്ഥങ്ങള്‍ രചിച്ചതും അച്ചടിയന്ത്രം കൊണ്ടു വന്നതുമെങ്കിലും?മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയുടെ വളര്‍ച്ചക്ക്‌ പ്രചോദനമായിട്ടുണ്ട്‌. മിഷനറിമാരില്‍ ഒരു കവിയും കൂടിയായിരുന്ന അര്‍ണ്ണോസ്‌ പാതിരിയേയും ഒരു നിഘണ്ഡു സമ്മാനിച്ച്‌ മലയാളഭാഷക്ക്‌ നേട്ടങ്ങളുണ്ടാക്കിയ ഹെര്‍മ്മന്‍ ഗുണ്ഡര്‍ട്ടിനെയും മലയാളം-ഇംഗ്ലീഷ്‌ നിഘണ്ഡുവും ഇംഗ്ലീഷ്‌ - മലയാളം നിഘണ്ഡുവും എഴുതിയ റവ. ബഞ്ചമിന്‍ ബയിലിയേയും മലയാള വ്യാകരണം എഴുതിയ റവ. ജോസഫ്‌ പിറ്റിനേയും പ്രത്യേകം സ്‌മരിക്കേണ്ടിയിരിക്കുന്നു.

ഭാഷയുടെ സാര്‍വ്വദേശീയ വികാസത്തെ പറ്റി പറയുമ്പോള്‍ ഭാഷയുടെ ഉല്‌പത്തി ചരിത്രവും നൂറ്റാണ്ടുകളിലൂടെയുള്ള വികാസ പരിണാമവും വിസ്‌മരിക്കാവുന്നതല്ല. മലയാളഭാഷയുടെ ചരിത്രം അന്വേഷിച്ചു ചെല്ലുമ്പോള്‍ വിഭിന്ന അഭിപ്രായങ്ങളും വാദങ്ങളും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. തമിഴും സംസ്‌കൃതവും ചേര്‍ന്നാണ്‌ മലയാളം ഉണ്ടായതെന്നും അതില്‍ 70 ശതമനവും തമിഴ്‌ ആയിരുന്നു എന്ന്‌ വാദഗതി. ആര്യന്മാരുടെ വരവോടുകൂടി ദ്രാവിഡര്‍? തെക്കോട്ട്‌ തള്ളിനീക്കപ്പെട്ടപ്പോള്‍ ആന്ധ്ര, കന്നട, തമിഴകം എന്നിവിടങ്ങളിലെ ഭാഷകളെ പോലെ മലയാളത്തിന്റേയും പൈതൃകം ദ്രാവിഡ ഭാഷയാണ്‌ എന്നതിന്‌ തര്‍ക്കത്തിന്നവകാശമില്ല. തമിഴിനെ അപേക്ഷിച്ച്‌ മലയാള ഭാഷയുടെ വികാസത്തിന്‌ കാലതാമസം നേരിട്ടിട്ടുണ്ട്‌.?ഒന്‍പതാം നൂറ്റാണ്ടിലാണ്‌ മലയാളഭാഷ രംഗത്ത്‌ വന്നതെന്ന്‌ കണക്കാക്കപ്പെടുന്നു. മൂലദ്രാവിഡഭാഷയില്‍ നിന്ന്‌ ഉരുത്തിരിഞ്ഞു വന്ന മലയാളം തമിഴുമായി സമ്പര്‍ക്കം പുലര്‍ത്തിയുരുന്നെങ്കിലും മൗലികത അവകാശപ്പെടാവുന്ന ഭാഷയായിരുന്നു. കാലക്രമേണ മറ്റുഭാഷകളില്‍ നിന്ന്‌ പദങ്ങള്‍ സ്വീകരിക്കേണ്ടി വന്നതിനാല്‍ ഒരു സ്വതന്ത്രഭാഷയായി നിലനില്‍ക്കാന്‍ മലയാളത്തിന്‌ കഴിഞ്ഞില്ല.വിഭിന്ന ഭാഷകളുടെ സങ്കലനം മലയാള ഭാഷയുടെ വികാസത്തിന്‌ കാരണവുമായിട്ടുണ്ട്‌.ബുദ്ധമതക്കാരിലൂടെ കേരളത്തില്‍ എത്തിയ പാലി എന്ന പ്രാകൃത ഭാഷയും അതേ പോലെ ജൈന പ്രാകൃതവും മഗധ പ്രാകൃതവും മലയാള ഭാഷയെ സ്വാധീനിച്ചിട്ടുണ്ട്‌. ഇങ്ങനെ മലയാളഭാഷയുടെ വികാസത്തിന്‌ കാരണമായി പ്രാകൃതം, ഹിന്ദി, മറാഠി, പേഴ്‌സ്യന്‍, അറബി, ഹീബ്രു, സുറിയാനി, ഗീക്ക്‌, ലത്തീന്‍, പോര്‍ട്ടുഗീസ്‌ ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളില്‍ നിന്ന്‌ മുവ്വായിരത്തോളം വാക്കുകള്‍ മലയാളഭാഷയിലേക്ക്‌ കടന്നു വന്നിട്ടുണ്ടെന്നാണ്‌ ഭാഷാഗവേഷകന്മാരുടെ? കണ്ടെത്തല്‍. ഈ പരകീയ പദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മലയാളഭാഷയുടെ പദസമ്പത്ത്‌ എത്ര ശുഷ്‌കമായിരിക്കും.

ഭാഷയുടെ രൂപവിശേഷമാണ്‌ സാഹിത്യം എന്നു വരുമ്പോള്‍ സാഹിത്യത്തിന്റെ വികാസം ഭാഷയുടേയും വികാസമാണ്‌. ഭാഷയുടെ വികാസ പരിണാമം പല ഘട്ടങ്ങളിലായിട്ടാണ്‌ നടന്നിട്ടുള്ളത്‌. മലയാളഭാഷയുടെ പിതാവ്‌ എന്നറിയപ്പെടുന്ന എഴുത്തച്ഛന്‌ മുമ്പുള്ള കാലം, എഴുത്തച്ഛന്റെ കാലം, കവിത്രയങ്ങളുടെ കാലം, അധുനീകം, അത്യാധുനീകം എന്നിങ്ങനെ പിരിവുകള്‍ പലതാണ്‌. എഴുത്തച്ഛന്റെ മുമ്പുള്ള കാലഘട്ടത്തില്‍ വളരെ പ്രചാരത്തിലിരുന്ന കവിതാസമ്പ്രദായമാണ്‌ മണിപ്രവാളം.  മലയാളവും സംസ്‌കൃതവും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ തെളിയിക്കുന്ന മണിപ്രവാള രചനക്ക്‌ വടക്കുനിന്നും നമ്പൂതിരിമാര്‍ കേരളത്തിലേക്ക്‌ വന്നത്‌ നാന്ദിയായി. ആര്യ-ദ്രാവിഡ സംസ്‌കാരങ്ങളുടെ സമ്മേളനമാണ്‌ മണിപ്രവാളമെന്നു കരുതാം. കാലഘട്ടത്തിന്റെ സ്വഭാവത്തിന്‌ അനുസൃതമായി വിഷയങ്ങള്‍ പ്രതിപാദിച്ചിട്ടുള്ള  സംസ്‌കൃത പ്രാധാന്യമുള്ള 13-ാം നൂറ്റാണ്ടിലെ ഉണ്ണിയച്ചിചരിതം, ഉണ്ണിച്ചിരുതേവിചരിതം, പതിനാലാം നൂറ്റാണ്ടിലെ കോകില സന്ദേശം, ഉണ്ണുനീലി സന്ദേശം, കണ്ണശ്ശകൃതികള്‍?മുതലായവ മലയാളഭഷാശൈലിയുടെ രൂപവല്‍ക്കരണം സാധ്യമാക്കിയിട്ടുണ്ട്‌. മണിപ്രവാളത്തിന്റെ സുവര്‍ണ്ണകാലം 15-ാം നൂറ്റാണ്ടിലെ ചമ്പുക്കളുടെ കാലമാണ്‌. പുനം നമ്പൂതിരിയും മഴമംഗലം നമ്പൂതിരിയുമാണ്‌ ചമ്പു രചനയില്‍ മുന്നിട്ടു നിന്നത്‌. പുനത്തിന്റെ രാമായണചമ്പുവും മറ്റും മണിപ്രവാള സമ്പ്രദായത്തിന്റെ ധാരാളിത കൊണ്ട്‌ ആ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു.മണിപ്രവാളം കണ്ണശ്ശകവികളേയും സ്വാധീനിച്ചിരുന്നുവെങ്കിലും 14-ാം നൂറ്റാണ്ടില്‍ കണ്ണശന്മാരില്‍ മാധവപ്പണിക്കര്‍ എഴുതിയ ഭഗവത്‌ഗീതയുടെ പരിഭാഷയും രാമപ്പണിക്കരുടെ രാമായണവും മലയാള ഭാഷക്ക്‌ ഒരു അസ്‌തിത്വമുണ്ടാകുമെന്ന്‌ തെളിയിച്ച കൃതികളാണ്‌. സംസ്‌കൃത പ്രാധ്യാന്യമുള്ള മണിപ്രവാളം വളരെയേറെ പ്രചരിച്ചിരുന്നെങ്കിലും മലയാളത്തിന്റെ ഓജസ്സും ചൈതന്യവും നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ തെളിയിക്കുന്ന കൃതിയാണ്‌ 15-ാം നൂറ്റാണ്ടിലെ ചെറിശ്ശേരിയുടെ  കൃഷ്‌ണഗാഥ. ഒരു സാഹിത്യകൃതിയായി കൃഷ്‌ണഗാഥ പരിലസിച്ചതോടെ മലയാളഭാഷ ഒരു സാഹിത്യഭാഷ എന്ന പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. കൃഷ്‌ണഗാഥയില്‍ ചെറുശ്ശേരി സംസ്‌കൃത പദങ്ങള്‍ ഒഴിവാക്കന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും, മലയാളത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്ന സംസ്‌കൃതത്തിന്റെ അമിതമായ സാങ്കര്യം കൊണ്ട്‌ മലയാളത്തിന്റെ ചൈതന്യം നശിപ്പിച്ചുകൊണ്ടിരുന്ന മണിപ്രവാളത്തിന്‌ ഒരു വിരാമമുണ്ടാകാന്‍ പിന്നെയും കാലം കഴിയേണ്ടി വന്നു.

മലയാളഭാഷയുടെ വികാസത്തിന്റെ കാഹളം ശക്തിയായി മുഴങ്ങിക്കേട്ടത്‌ 16-ാം നൂറ്റാണ്ടില്‍ ഉയര്‌ന്നു വന്ന ഭക്തി പ്രസ്ഥാനത്തോടെയാണ്‌.?ഭക്തി പ്രസ്ഥാനത്തിന്റെ പ്രഭാവം പൂര്‍ണ്ണമായും നിറഞ്ഞു നില്‌ക്കുന്ന 16-ാം നൂറ്റാണ്ടിലെ കവിതകളാണ്‌ ഭാഷയെ പരിഷ്‌കൃത സാഹിത്യ ഭാഷയായി ഉയര്‍ത്തിയത്‌. അതില്‍ പ്രഥമസ്ഥാനം എഴുത്തച്ഛന്റെ കവിതകള്‍ക്കാണ്‌. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയതു പോലെ മറ്റൊരു കൃതിക്കും സാധിച്ചിട്ടില്ല. ഭക്തിയില്‍ ചാലിച്ചെടുത്ത? തത്വചിന്താപരമായ ഔന്നത്യത്തിലേക്ക്‌ ചിലപ്പോള്‍ എത്തിയിരുന്ന ഭാഷയിലാണ്‌ എഴുത്തച്ഛന്‍ എഴുതിയിരുന്നത്‌. അതുവരെ ഉണ്ടായിരുന്ന ഭാഷാപ്രയോഗത്തില്‍ നിന്ന്‌ വ്യത്യസ്‌തമായ രീതി ഭാഷയില്‍ കാര്യമായ പരിണാമം വരുത്തുകയും എഴുത്തച്ഛന്‍ മറ്റു കവികള്‍ക്ക്‌ അനുകരണീയനാവുകയും ചെയ്‌തു. മലയാളഭാഷക്ക്‌ ഒരു മാനവും ചൈതന്യവും നല്‍കാന്‍ എഴുത്തച്ഛന്‌ കഴിഞ്ഞു. എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ്‌ എന്ന പദവി നല്‍കി ആദരിക്കുന്നുണ്ടെങ്കിലും എഴുത്തച്ഛന്‍ കൃതികള്‍ മണിപ്രവാള സമ്പ്രദായത്തില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തമായിരുന്നില്ല. എന്നാല്‍? എഴുത്തച്ഛന്റെ സമകാലികനായിരുന്ന പൂന്താനത്തിന്റെ  ഭാഷാശൈലിയും ചിന്താരീതിയും വ്യത്യസ്‌തമായിരുന്നു. മണിപ്രവാളത്തിന്റെ സ്വാധീനത്തില്‍ നിന്നും വിട്ടുമാറി പച്ച മലയാളത്തില്‍ കവിതയെഴുതി ഭാഷയെ പരിപോഷിപ്പിച്ച കവിയാണ്‌ പുന്താനം. ലളിതവും ഹൃദയംഗവുമായ ശൈലിയില്‍ പുന്താനം കേള്‍പ്പിച്ച ജീവിത ദര്‍ശനം ജനഹൃദയങ്ങളില്‍ ആഴ്‌ന്നിറങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ ജ്ഞാനപ്പാന ഇപ്പോഴും ജനങ്ങള്‍ പാടി ആസ്വദിക്കുന്നു.  ഒരു സാഹിത്യ കൃതിയിലേക്ക്‌ ഉയര്‌ന്നു വന്ന കൃഷ്‌ണഗാഥയെ അപേക്ഷിച്ച്‌ എഴുത്തച്ഛന്റേയും പുന്താനത്തിന്റേയും കവിതകള്‍ വായിക്കുമ്പോള്‍ അത്രക്ക്‌ പഴമ അനുഭവപ്പെടാത്തതിന്റെ കാരണം ആ കവിതകളില്‍ അടങ്ങിയിരിക്കുന്ന  ഊര്‍ജ്ജവും ദാര്‍ശനിക സ്വഭാവവുമായിരിക്കാം.

എഴുത്തച്ഛന്‍ മുതല്‍ കവിത്രയം (ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍) വരെയുള്ള കാലഘട്ടത്തില്‍ എഴുത്തച്ഛനെ അനുകരിച്ച്‌ നിരവധി കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും ഭാഷയുടെ വികാസത്തിന്‌ സഹായകമായില്ല.എങ്കിലും ആട്ടക്കഥകളിലൂടെ പ്രത്യേകിച്ച്‌ ഉണ്ണായി വാര്യരുടെ നളചരിതത്തിലൂടെ സാഹിത്യപദവിയിലേക്കുയര്‍ന്ന കഥകളിസാഹിത്യം വേറിട്ടു നില്‌ക്കുന്നു. നമ്മുടെ സംസ്‌കാരവും ഭാഷയും വിദേശീയര്‍ക്ക്‌ പരിചയപ്പെടുത്തിയ കലാസാഹിത്യ ശില്‌പമാണ്‌ കഥകളി.? ആട്ടക്കഥകളില്‍ നിന്ന്‌ വ്യത്യസ്‌തമായി, സരളവും ശുദ്ധവുമായ മലയാളശൈലിയില്‍ കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയ തികച്ചും ജനകീയമായിരുന്ന തുള്ളല്‍ സാഹിത്യം മലയാളഭാഷക്ക്‌ ഒരു മുതല്‍ക്കൂട്ടായി നിലനില്‌ക്കുന്നു.?നമ്പ്യാരുടെ പദപ്രയോഗങ്ങളുടെ വ്യാപ്‌തി കണ്ടാല്‍ മലയാളത്തിന്റെ പദസമ്പത്ത്‌ എത്ര സമൃദ്ധമാണെന്നു തോന്നും. സ്വാതിതിരുന്നാളിന്റെ കീര്‍ത്തനങ്ങളും ശൃംഗാരരസസമൃദ്ധമായ വെണ്മണിക്കവിതകളും ഭാഷയുടെ ?ചമല്‍ക്കാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. എഴുത്തച്ഛന്റെ യുഗത്തില്‍ നിന്ന്‌ കവിത്രയങ്ങളുടെ യുഗത്തില്‍ എത്തിയപ്പോള്‍ ഭാഷക്ക്‌ ഉണ്ടായ വികാസം അന്യാദൃശ്യമാണ്‌. ഒരു നവോത്ഥാനത്തിന്റെ കാലം. പിച്ച വച്ചു നടന്ന മലയാളഭാഷ കവിത്രയങ്ങളിലൂടെ വളര്‍ന്ന്‌ യൗവനത്തില്‍ എത്തി ശോഭിച്ചതായി കാണാം. അവരുടെ പ്രൗഢമായ കാവ്യകലയും കാവ്യഭാഷയും മലയാളഭാഷയുടെ സൗന്ദര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. കവിത്രയങ്ങളുടെ കാലത്ത്‌ റോമന്റിസിസം മറ്റു കവികള്‍ക്ക്‌ അനുകരണണീയാമാം വണ്ണം വളര്‍ന്ന്‌ പന്തലിച്ചു. ആശാനും വള്ളത്തോളം വെട്ടിത്തുറന്ന ഖണ്ഡകാവ്യപ്രസ്ഥാനം ഭാഷയുടെ വളര്‍ച്ചക്ക്‌ ഒരു പുതിയ വഴിത്തിരിവായി. ഏത്‌ ആശയവും ആവിഷ്‌ക്കരിക്കാനുള്ള ശക്തി മലയാളഭാഷക്കുണ്ട്‌ എന്ന്‌ അഭിമാനിച്ചിരുന്നെങ്കിലും ആശയ ഗംഭീരനായ ആശാന്‍ തന്റെ  ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ തക്ക പദസമ്പത്ത്‌ മലയാളഭാഷയില്‍ ഇല്ലെന്ന്‌ വ്യാകുലപ്പെടുന്നതു കാണാം.

ഇന്ന്‌ ഭാഷയിതപൂര്‍ണ്ണമിങ്ങഹോ
വന്നു പോം പിഴയുമര്‍ത്ഥ ശങ്കയാല്‍.

തകഴി, കേശവദേവ്‌, പൊറ്റക്കാട്‌, മുട്ടത്തു വര്‍ക്കി. പി. കുഞ്ഞുരാമന്‍ നായര്‍, ജി. ശങ്കരക്കുറുപ്പ്‌ മുതലായവരിലൂടെ ഭാഷയും സാഹിത്യവും വളര്‌ന്നു. ഭാഷാസൗന്ദര്യം തുളുമ്പി നില്‌ക്കുന്ന മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ സഹൃദയരെ കോരിത്തരിപ്പിച്ചിട്ടുണ്ട്‌.

അറുപതുകളില്‍ സ്‌പെയിന്‍, ലാറ്റിന്‍ അമേരിക്ക, അഫ്രിക്ക എന്നിവിടങ്ങളിലെ?എഴുത്തുകാര്‍ മലയാളി എഴുത്തുകാരെ സ്വാധീനിക്കുകയും അവരുടെ കലാസൃഷ്ടികളില്‍? ഭാഷയുടെ സൗന്ദര്യം മങ്ങുകയും ചെയ്‌തിട്ടുണ്ട്‌. വികലമായ ഭാഷ ഉപയോഗിക്കാനും മടിയില്ലാത്ത അത്യാധുനികരുണ്ട്‌. എഴുത്തുകാര്‍ വായനയിലൂടേയും എഴുത്തിലൂടെയും ബുദ്ധിപരവും മാനസീകവുമായ വികാസം ലഭിച്ചിട്ടുള്ളവരും സംസ്‌കാരത്തിന്റെ കാര്യത്തില്‍ മുന്‍ നിരയില്‍ നില്‌ക്കുന്നവരുമാണ്‌. അങ്ങനെയുള്ള സാഹിത്യകാരന്മാരില്‍ നിന്ന്‌ വികലമായ ഭാഷാപ്രയോഗം സഹൃദയര്‍ പ്രതീക്ഷിന്നില്ല.?അഗാധമായ ജീവിതവീക്ഷണമോ, സാമൂഹ്യപ്രതിബദ്ധതയുടെ ചൈതന്യമോ ആധുനിക കവിതകളില്‍ പ്രതിഭാസിക്കുന്നില്ലെങ്കിലും കവികളുടെ വിചാര വികാരങ്ങളുമായി തദാത്മ്യം പ്രാപിക്കുന്ന അനുവാചകരുണ്ടാകുമ്പോള്‍ ആധുനിക കവിതകള്‍ക്ക്‌ പ്രചാരം ലഭിക്കുന്നു.?മനോഹരമായ കവിതകളിലൂടെ സഹൃദയരുടെ മനസ്സില്‍ സ്ഥാനം പിടിക്കുകയും ഭാഷയെ ധന്യമാക്കുകയും ചെയ്‌തിരുന്ന പ്രഗത്ഭരായ കവികളും ആധുനികതയുടെ പിന്നാലെ പോയി അധുനിക കവിത എന്ന പേരില്‍ ഭാഷാപ്രാധാന്യവും സാഹിത്യമൂല്യവും പരിമിതമായ കവിതകള്‍ എഴുതുന്നു. ? ജി. ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചനില്‍. പാലത്തിലൂടെ നടന്നു വരുന്ന യാത്രക്കാരെ, വെള്ളത്തില്‍ നിന്ന്‌ പൊന്തി വന്ന്‌ തുപ്പുന്ന പെരുന്തച്ഛന്റെ പാവയെ മകന്റെ പാവ ചെകിട്ടത്തടിച്ചതു പോലെ ആധുനിക എഴുത്തുകാര്‍ ഭാഷയുടെ ചെകിട്ടത്ത്‌ നിരന്തരം അടിച്ചു കൊണ്ടിരിക്കുകയാണ്‌. മലയാളം വികലമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ക്രാന്തദര്‍ശികള്‍ക്ക്‌ മലയാളഭാഷ മരണത്തിലേക്ക്‌ അടുത്തു കൊണ്ടിരിക്കുകയാണെന്നു പറയേണ്ടി വരുകയും പ്രതിവിധിയായി മലയാള ഭാഷയുടെ വികാസ സാധ്യതകളെ പറ്റി ചിന്തിച്ച്‌ ഉചിതമായ പരിപാടികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കാന്‍ ശ്രമിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതായി വരുന്നു. അതാണ്‌ ഭാഷാസ്‌നേഹിയായ ഡോ. എ. കെ. ബി. പിള്ള ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

അമേരിക്കന്‍ മലയാളി എഴുത്തുകാരും മലയാളഭാഷയുടെ വികാസ സാധ്യതകളെ പറ്റി ചിന്തിക്കുകയും ഭാഷയെ പരിപോഷിപ്പിക്കുകയും ചെയ്യുക. സാഹിത്യരചനകളില്‍ ശ്രദ്ധ കേന്ദീകരിച്ച്‌, ഉല്‍കൃഷ്ടമായ രചനകളിലൂടെ ഭാഷയേയും സാഹിത്യത്തേയും വികസിപ്പിക്കാന്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക്‌ സാധിക്കട്ടെ.
മലയാളഭാഷയുടെ വികാസ സാധ്യതകളും പരിണാമവും (വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
Abdul punnayurkulam 2014-12-21 05:51:26
Vasudhev,  it's worth reading your article-Abdul
വിദ്യാധരൻ 2014-12-21 14:04:55
മലയാള ഭാഷയുടെ വികാസ പരിണാമങ്ങളെക്കുറിച്ച് നിങ്ങൾ എഴുതിയ ലേഖനം വളരെ അഭിനന്ദനീയം തന്നെ. നൂറ്റാണ്ടുകളിലൂടെ നമ്മളുടെ ഭാഷ സ്നേഹികളായാ പൂർവികർ അവരുടെ "നിജ ചിന്തകളിൽ ബാലികഴിചാർജ്ജിച്ച  നിക്ഷേപം "  അന്യനന്മാർ 'കവരുന്നത് " കാണുമ്പൊൾ പലപ്പോഴും ദുഖം തോന്നാറുണ്ട് . ആശാൻ പറഞ്ഞതുപോലെ 'പകരണ്ടത്തിനു പകരം കവരുകയാണ് ചെയ്യുന്നത്.  കവർച്ച എന്ന് പറയുമ്പോൾ നൂറ്റാണ്ടുകളിലൂടെ അച്ചടക്കത്തിലൂടെ പടുത്തുയർത്തിയ ഒരു സാഹിത്യ സംസ്കൃതിയെ, അമേരിക്കയിലെ അഹങ്കാരികളും ബുദ്ധിശൂന്യരുമായ ചിലർ ചേർന്ന്, നശിപ്പിക്കാൻ ശ്രമിക്കുന്നതിനെ ഭാഷ സ്നേഹികൾ അനുവദിച്ചുകൂടാ.  ഭാഷാ സാഹിത്യ ചരിത്രത്തിന്റെ പിന്നിലെനോക്കിയാൽ ഭൗദികതക്കപ്പുറത്ത് മനുഷ്യമനസ്സിന്റെ മുറിവുകളെയും വേദനകളെയും സുഖപ്പെടുത്തുവാൻപോരുന്ന സാഹിത്യത്തിന്റെ ഔഷദ ഗുണത്തെക്കുറിച്ച് നമ്മളുടെ പൂർവികർ വിഭാവനം ചെയ്തിരുന്നു. 
"ജ്യോതിർ ഭ്രമത്താൽ ഉളവാം ഒലി കൊണ്ടിതാത്യ 
സാഹിത്യഗീതകലകൾക്കു ഉദയം ചെയ്തു 
നെരായുദിർത്തോരാ സ്വരതാളമേളം 
ജീവാത്ജീവിത സുഖത്തെ വളർത്തിടുന്നു " ( വി സി ബാലകൃഷ്ണപ്പണിക്കർ )

എന്നാൽ അമേരിക്കയിലെ എത്ര സാഹിത്യ കൃതികൾ "ജീവാത്ജീവിത സുഖത്തെ" വളർത്തിടുന്നു എന്ന് സ്വയം ചോദിക്കേണ്ടതാണ്.  ഒരു നല്ല ശതമാനം എഴുത്തുകാർക്കും സാഹിത്യത്തെക്കുറിച്ചും അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും തെറ്റായ എന്തോ ധാരണകളാണ് ഉള്ളതെന്ന് ഇവിടുത്തെ പല എഴുത്തുകാരുടെയും ശരീരശാസ്ത്രത്തിലെ നിന്ന് വളരെ സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്ന്തെയുള്ള്.  നിങ്ങളുടെ ലേഖനം അച്ചടക്കത്തോടും അർപ്പണ ബോധത്തോടും സാഹിത്യസപരിയ നടത്തിയ പൂർവ്വ പിതാക്കന്മാരുടെ ചരിത്തിന്റെ ഒരു പ്രതിഫലനമാണ്. പക്ഷെ നാം ഇന്ന് ജീവിക്കുന്ന കാലഘട്ടം, ആ പൂർവികർ പടുത്തുയർത്തിയ സംസ്ക്കാരത്തിന്റെ അടിക്കല്ലുകൾ ഇളക്കുന്ന ഒരു കാലഘട്ടമാണ്.  ഭൗദികമായ വളർച്ച പലപ്പോഴും പല സംസ്ക്കാരത്തിന്റെയും അടിത്തറ ഇളക്കാറുണ്ട്‌.  സാഹിത്യം കാലഘട്ടത്തെ പ്ര്തിഫലിപ്പിക്കണം എന്ന് വാദിക്കുമ്പോഴും ആരും തന്റെ അച്ഛനെയും അമ്മയേയും മറക്കണം എന്ന് പറയുന്നതിൽ എന്ത് ന്യായികരണമാണുള്ളത്‌. അതും ഒരു പുരുഷനും മറ്റൊരു പുരുഷനും, അല്ലെങ്കിൽ ഒരു സ്ത്രീയും മറ്റൊരു സ്ത്രീയും ചേർന്ന് കുട്ടികളെ സൃഷ്ടിക്കാം എന്ന് പറയുന്നതും തമ്മിൽ എന്ത് വ്യത്ത്യാസം?  മലയാള സാഹിത്യത്തിനു കാശുകൊടുത്ത് ക്ലാസിക്കൽ സാഹിത്യ പദവി മേടിച്ചും, സൂകര പ്രസവപ്പോലെ അവാർഡു കൊടുത്തും, അല്ലെങ്കിൽ കേരളത്തിലെ ചില സാഹത്യകാരന്മാരെക്കൊണ്ട് 'സാഹിത്യകാരൻ എന്ന് പറയിച്ചും, ഒരു മണിക്കൂറിൽ ആരും വായിക്കാത്ത കുറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും, ആർക്കും മനസിലാകാത്ത കവിതകളും, കഥാകവിതകളും പടച്ചു വിട്ടും, ബിരുദവും ബിരുദാനന്ധബിരുദത്തിന്റെ മറവിൽ, പടച്ചു വിടുന്നെതെന്തും ജനം സാഹിത്യം എന്ന് പറഞ്ഞു വാങ്ങിക്കൊള്ളും എന്നുള്ള തെറ്റ് ധാരണയും,  നാട്ടിൽപ്പോയി പൗര സ്വീകരണം സംഘടിപ്പിച്ചും,  യാതൊരു ഔചത്യവും ഇല്ലാതെ സംഘടനകൾ നൽകുന്ന അവാർഡുകളുടെ ബലത്തിൽ സാഹിത്യകാരൻ എന്ന വാദവും, 'വായിൽ വരുന്നത് കോതക്ക് പാട്ടിന കവിതയെന്നു ചിത്രികരിക്കുന്നതുമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇത് മലയാള സാഹിത്യത്തിനെ ശനിദശയാണ്.  പ്രവാസി സാഹിത്യം എന്ന് പേര് വിളിച്ചു ഭാഷാ സാഹിത്യത്തിൽ നിന്നും വേർ തിരിച്ച് സാഹിത്യത്തെ വേറൊരു ദിശയിലേക്കു തിരിച്ചു സ്വന്തമാക്കാൻ ചിലർ ശ്രമം നടത്തിയപ്പോൾ, ഉണ്ടായത് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കള്ളന്മാരെ ജനം തിരിച്ചറിഞ്ഞു എന്നുള്ളതാണ്.  ഇവന്മാര് തന്നെയാണ് കട്ടിക്കലിനെപ്പോലെയുള്ള ധീരന്മാരേ ചീത്ത വിളിച്ചതും. ഇത്തരം കള്ളന്മാരെ സൗകര്യം കിട്ടുമ്പോൾ പരത്തിക്കോലുകൊണ്ട് അടിക്കണം എന്നുള്ള പക്ഷക്കാരനാണ് ഞാൻ. വായനക്കാർ എന്ന് പറയുന്നവർ ഇവന്റെയൊക്കെ മുതുമുത്തച്ഛന്മാരാണെന്ന കാര്യം മറക്കാതിരിക്കട്ടെ. 

അക്ഷരമെന്നാലമ്പതുമൊന്നുംമ -
തിൽപ്പരമെങ്ങാൻ കേൾപ്പാനുണ്ടോ ?
പ്രാകൃതമെന്നും സംസകൃതമെന്നും 
വ്യാകരണം പതിനെട്ടു പുരാണം 
സൂത്രം നാടക കാവ്യ ശ്ലോകം 
ശാസ്ത്രം പലവക ചമ്പുബ്റിഹ്ക്കഥ 
ഗദ്യഗ്രന്ഥം പദ്യഗ്രന്ഥം 
ഗണിതം വൈദ്യം വൈദികതന്ത്രം 
ഇത്തരമാനവതി പുസ്തകജാലസ -
മസ്തവും അമ്പൊത്തൊന്നിലടങ്ങും 
അക്ഷരമീവക കൂട്ടിച്ചേർത്തതി-
ലക്ഷതമാക്കിയ രസമുളവാക്കി 
പ്രാസവുമർത്ഥവുമിടചേർത്തതിലു-
ള്ളാസ്യരസങ്ങളുമങ്ങുളവാക്കി 
തീർക്കും നല്ലൊരു കവിയുടെ കവിതകൾ 
കേൾക്കും പരിഷകളെത്ര രസിക്കും ?

 (സ്യമന്തകം)
Ninan Mathulla 2014-12-21 15:09:59

Anthropology agrees that the human race started from a single point by reproduction and spreading to different parts of the world. Human race didn’t take origin at the same time or different time in different places. Bible also agrees to this. There was only one language to begin with. With tower of Babel and the confusion of tongue different languages originated, and as people couldn’t understand each other they fought among themselves and scattered to different regions. Thus a group settled on the banks to Indus as the ancient civilization of India (Dravidians of South India). Aryans came around 1500 BC and their language was Sanskrit. As the two cultures embraced each other both gained as the vocabulary of both languages got better for communication (the purpose of language is for communication). Malayalam gained because of the contact with English. The root words of most of the words in English are from Hebrew, Greek and Latin. So language gets enriched by associating with other language groups. Malayalam has some similarity to the ancient Elamite language. Initially there were no scripts for writing. Later cuneiform writing came into existence. Around 2000 BC when Abraham in Bible bought land from Hittite, no records were made but only eyewitness to the transaction. When writing about the history of Malayalam literature the contribution of some of the writers and their contributions are left out- Mahakavi K.V. Simon and Chithramezhuthu K.M. Varughese (writing in Gadhya Kavitha) who wrote foreword to Maghdalamariyam of Vallathol. Hope this was not a deliberate omission. Vallathol had very high opinion of both. Racism is a curse of humanity. Racism is not in America alone. It is all over the world. Committees that select text books for our children bring racial consideration in selecting writers. They like to see writers from their race or religion in school text books and omit others from other religion or sects. Soon their contributions are forgotten by generations. Association with Sanskrit only enriched our language. Now talented poets who can write in ‘Vrutham’ is no more there. We make, ‘veenathu vidhya’ and say that it is better. Here is a link to selections from Mahakavi K.V. Simon’s ‘Vedhaviharam, or search for K.V. Simon or Vedhaviharam on You tube.

 

https://www.youtube.com/watch?v=DP2yilORJ6E&list=FLiWMwM6_EngeP80rPvWpznw&index=16

A.C.George 2014-12-21 19:11:11
The comprehensive study and evolution about Malayalam language presented by Vasudev Pulickal is enrihed with historical overview of Malayalam. I have  to admire his great effort and patience in diging out the language history. Very skillfuly Mr. Vasudev narrated the evolution. So, also Mr. Vidyadharan explained the present day situation and the condition of our Malayalam. He correctly pointed out about the habits of many of our writers, readers and publishers. The unethical selection of of literary awardees and the people who run after awards and ponnadas by any means. Many occassions the deserving candidates are sidelined. Actually all these unethical process really distroy even our language. I agree with Vidhya Dharan. Mr Nainan Mathulla's suggestions also are to be considered in a historical point of view. He is always in a debate with Anthappan. I think we have to bring Anthappan Mathulla face to face for an open debate.Both Anthappan and Mathulla is making firing statements. I listen both of them.
Ninan Mathulla 2014-12-22 06:34:38
The article is presented well and the style is ggod. But your assessment that moving away from the relationship with Sanscrit to pure Malayalam was better for Malayalam that I can't agree. As mentioned before a language get enriched when it associate with other languages and its vocabulary for communication get broader. It is true that ordinary people could understand Kavitha better with the change. At the same time writers lost their vocabulary of Sanscrit words and with that gone their ability to write in 'Vrutham' as their vocabulary of words available shrinked. Readers decide if it was good for the language.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക