Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-17: സാം നിലമ്പള്ളില്‍)

Published on 20 December, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-17: സാം നിലമ്പള്ളില്‍)
അദ്ധ്യായം പതിനേഴ്‌.

ഹിറ്റ്‌ലര്‍ യഹൂദവിരോധി ആയതിന്റെപിന്നില്‍ ഒരു സംഭവമുണ്ട്‌. പഠനത്തില്‍ പിന്നോക്കമായിരുന്നെങ്കിലും ചിത്രകലയില്‍ പ്രത്യേക കഴിവുകള്‍ ഉള്ളവനായിരുന്നു. ആര്‍ട്ട്‌സ്‌ അക്കാഡമിയില്‍ ചിത്രകല പഠിക്കുമ്പോള്‍ ഉണ്ടായ ഒരു ദുരനുഭവമാണ്‌ അയാളെ യഹൂദവിരോധിയാക്കി മാറ്റിയത്‌. പരീക്ഷയില്‍ താന്‍ തോല്‍ക്കാന്‍ കാരണം യഹൂദരായ പരീക്ഷകരുടെ വിവേചനമനോഭാവം കൊണ്ടാണെന്ന്‌ ഹിറ്റ്‌ലര്‍ ധരിച്ചു. തന്നെ തോല്‍പിച്ച യഹൂദര്‍ അതിന്റെഫലം അനുഭവിക്കുമെന്ന്‌ അയാള്‍ പറഞ്ഞുകൊണ്ട്‌ നടന്നു. പരീക്ഷയില്‍ തോറ്റവന്റെ വെറുമൊരു വീമ്പിളക്കളായി മാത്രമേ എല്ലാവരും അതിനെ കണക്കാക്കിയുള്ളു. അന്നുമുതല്‍ തുടങ്ങിയ യഹൂദവിരോധം മരണംവരെയും അയാള്‍ വച്ചുപുലര്‍ത്തി.

വിദ്യാഭ്യാസമില്ലാതെ പോയതിന്റെ ഫലമാണ്‌ ഹിറ്റ്‌ലറെ ഇടുങ്ങിയ മനോഭാവമുള്ളവനും, വര്‍ഗീയവാദിയും, യുദ്ധക്കൊതിയനുമാക്കിയതെന്ന്‌ വേണമെങ്കില്‍ പറയാം. എട്ടാംക്‌ളാസ്സില്‍ പഠിപ്പ്‌ നിറുത്തിയതിനുശേഷം കുറെനാള്‍ തെണ്ടിത്തിരിഞ്ഞ്‌ നടന്നു. ഒന്നാംലോകയുദ്ധകാലത്ത്‌ പട്ടാളത്തില്‍ചേര്‍ന്നു. യുദ്ധത്തിനുശേഷം നാസിപാര്‍ട്ടില്‍; അധികം താമസിയാതെ നേതാവ്‌; പിന്നീട്‌ ജര്‍മനിയടെ ചാന്‍സലര്‍.

ചാന്‍സലര്‍ ആയപ്പോഴും പഴയ യഹൂദവിരോധം കെട്ടടങ്ങിയിരുന്നില്ല. ചെറുപ്പത്തില്‍ തന്നെ തോല്‍പിച്ച അധ്യാപകരെമാത്രമല്ല അവരുടെ വര്‍ഗത്തെതന്നെ കൊന്നൊടുക്കണമെന്ന്‌ തീരുമാനിച്ചെങ്കില്‍ ആ മനസ്‌ എത്രത്തോളം ഇടുങ്ങിയതായിരിക്കണമെന്ന്‌ ആലോചിക്കാവുന്നതേയുള്ളു. യുദ്ധംതോറ്റ്‌ ജര്‍മന്‍പട പിന്നോട്ടോടുമ്പോള്‍പോലും യഹൂദരെ ഉന്മൂലനം ചെയ്യുന്നതിനായിരുന്നു മുന്‍ഗണന. അവസാനം സഖ്യകക്ഷികള്‍ പടിവാതില്‍ക്കല്‍ എത്തിയപ്പോഴും താന്‍ വലിയൊരുകാര്യം സാധിച്ചെന്നാണ്‌ അയാള്‍ വീമ്പ്‌പറഞ്ഞത്‌, യൂറോപ്പില്‍നിന്ന്‌ യഹൂദവംശത്തെ തുടച്ചുമാറ്റുക എന്ന തന്റെസ്വപ്‌നം.

പോളണ്ട്‌ കീഴടക്കിയത്‌ പ്രത്യേക ചില ഉദ്ദേശത്തോടുകൂടിയായിരുന്നു. ലോകദൃഷ്‌ഠി ചെന്നെത്താത്തസ്ഥലത്ത്‌ മനുഷ്യക്കുരുതി നടത്തിയാല്‍ ആരും അറിയാന്‍പോകുന്നില്ല. തെളിവുകള്‍ അവശേഷിപ്പിക്കാതിരുന്നാല്‍ മതിയല്ലോ. അഥവാ ഇനി അറിയുകയാണെങ്കില്‍തന്നെ കുറ്റം സ്റ്റാലിന്റെ തലയില്‍ കെട്ടിവെയ്‌ക്കാം. സോവ്യറ്റ്‌ റഷ്യയുടെ അതിര്‍ത്തിയോട്‌ ചേര്‍ന്നഭാഗത്ത്‌്‌ കൂട്ടക്കൊലക്കുള്ള ക്യാമ്പുകള്‍ ഒരുക്കിയത്‌ അതുകൊണ്ടാണ്‌. അതിര്‍ത്തിക്കപ്പുറത്ത്‌ അയാളും എതിരാളികളെ ഉന്മൂലനം ചെയ്‌തുകൊണ്ടിരിക്കയാണല്ലോ.

പുനരധിവാസം എന്നപേരിലാണ്‌ ജര്‍മന്‍ യഹൂദരെ പോളണ്ടിലേക്ക്‌ കൊണ്ടുപോയത്‌. സ്റ്റെഫാനും കൂട്ടരും അങ്ങനെപോയ തുടക്കക്കാരായിരുന്നു. അവരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും ഗെട്ടോകളിലുമാണ്‌ പാര്‍പ്പിച്ചിരുന്നത്‌. കൂട്ടക്കുരുതി ആരംഭിക്കുന്നത്‌ പിന്നീടാണ്‌. ജൊസേക്കിനെപ്പോലെ അയല്‍രാജ്യങ്ങളിലേക്ക്‌ രക്ഷപെടാന്‍ സാധിക്കാതെപോയ യഹൂദരെ കൂട്ടമായി അരിച്ചുപെറുക്കി പോളണ്ടിലെ ക്യാമ്പുകളില്‍ എത്തിച്ചു. ഗെട്ടോകള്‍ വെറും കരിങ്കല്‍ ക്വറികളും വനമധ്യത്തിലുള്ള തുറസ്സായ സ്ഥലങ്ങളുമായിരുന്നു. അവിടെ വെയിലും, മഴയും തണുപ്പും സഹിച്ച്‌ ജനക്കൂട്ടം ആഹാരംപോലുമില്ലാതെ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി. കുട്ടികളും, പ്രായംചെന്നവരും രോഗികളും ആദ്യമേ മരിച്ചു. ഓരോദിവസവും നൂറുകണക്കിനാളുകളാണ്‌ ഗെട്ടോകളില്‍ മരിച്ചുകൊണ്ടിരുന്നത്‌. ആരോഗ്യമുള്ള പൂരുഷന്മാരും ചില സ്‌ത്രീകളും എസ്സെസ്സിന്റെ കണ്ണുവെട്ടിച്ച്‌ വനങ്ങളിലേക്ക്‌ ഓടിരക്ഷപെട്ടു. അവരില്‍ പലരും കരടികള്‍ക്കും ചെന്നായ്‌ക്കള്‍ക്കും ഭക്ഷണമായിത്തീരുകയോ, പട്ടിണിമൂലമോ, അല്ലെങ്കില്‍ യഹൂദവിരോധികളായ പോളണ്ടുകാരുടെ ആക്രമണത്തിലോ മരിക്കുകയോ ചെയ്‌തു.

അങ്ങനെ രക്ഷപെട്ട ചുരുക്കംചിലരില്‍ ഒരാളായിരുന്നു പതിന്നാലുവയസുകാരന്‍ ടൊമേക്ക്‌. തങ്ങളുടെ ഗതിയെന്താകുമെന്ന്‌ അറിയാമായിരുന്ന അവന്റെ അച്ഛനും അമ്മയും അവനെ ഗെട്ടോയില്‍നിന്ന്‌ തള്ളിവിടുകയായിരുന്നു.

`നീ എവിടെയെങ്കിലും പോയി രക്ഷപെട്ടോ. ഭാഗ്യമുണ്ടെങ്കില്‍ നമുക്ക്‌ വീണ്ടുംകാണാം. മോന്‍ ഞങ്ങളെയോര്‍ത്ത്‌ വിഷമിക്കരുത്‌.' ഏക മകനെ ആലിംഗനംചെയ്‌ത്‌ അവര്‍ പറഞ്ഞയച്ചു.

പോയവഴിയില്‍ ടൊമേക്കിന്‌ ഒരുകൂട്ടുകാരനെക്കൂടി കിട്ടി, അവനെക്കാള്‍ അഞ്ചുവയസ്‌ മൂപ്പുള്ള ലിഡര്‍മാന്‍. അവര്‍ രണ്ടുപേരും വനത്തില്‍കൂടി ലക്ഷ്യമില്ലാതെ നടന്നു. അരുവികളില്‍നിന്ന്‌ വെള്ളംകുടിച്ചും കാട്ടുബെറിപഴങ്ങള്‍ തിന്നും അവര്‍ മുന്‍പോട്ട്‌ നീങ്ങി. ധരിച്ചിരിക്കുന്ന വസ്‌ത്രങ്ങളല്ലാതെ അവരുടെ കൈവശം യാതൊന്നുമില്ലായിരുന്നു. ഗെട്ടോയില്‍ എത്തിക്കുന്നതിനുമുന്‍പ്‌ അഭയാര്‍ത്തികളുടെ കൈവശം ഉണ്ടായിരുന്ന പണവും, സ്വര്‍ണവും മറ്റുവിലപിടിപ്പുള്ള സാധനങ്ങളും എസ്സെസ്സുകാര്‍ കൈവശപ്പെടിത്തിക്കഴിഞ്ഞിരുന്നു.

?ഇതുമാത്രമേ നിനക്കുതരാന്‍ എന്റെ കയ്യിലുള്ളു,? ഒരുസ്വര്‍ണനാണയം ടൊമേക്കിന്‌ കൊടുത്തുകൊണ്ട്‌ അവന്റെ അപ്പന്‍ പറഞ്ഞു. എസ്സെസ്സ്‌ കാണാതെ കോട്ടിന്റെ രഹസ്യപോക്കറ്റില്‍ ഒളിച്ചുവെച്ചിരുന്ന സമ്പാദ്യമായിരുന്നു അത്‌.

പോളണ്ടുകാരായിരുന്നു ടൊമേക്കിന്റെ വീട്ടുകാര്‍. ജര്‍മനിയിലെ യഹൂദരെ അരിച്ചുപെറുക്കികഴിഞ്ഞപ്പോളാണ്‌ നാസികള്‍ പോളണ്ടിലേക്ക്‌ കൈവെച്ചത്‌. സകല യഹൂദരെയും കൊന്നൊടുക്കി യൂറോപ്പനെ ശുദ്ധീകരിക്കുക എന്നുള്ളതായിരുന്നു ഹിറ്റ്‌ലറുടെ അജണ്ട.

ദിവസവും നാലും അഞ്ചും ട്രെയിന്‍ നിറയെ അഭയാര്‍ത്ഥികള്‍ നൂറുകണക്കിനുള്ള ഗെട്ടോകളിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുലും എത്തിക്കൊണ്ടിരുന്നു. ഇത്തരം ട്രെയിനുള്‍ക്ക്‌ `ട്രാന്‍സ്‌പോര്‍ട്ട്‌' എന്നാണ്‌ നാസികള്‍ പേരുകൊടുത്തിരുന്നത്‌. ഓരോ ട്രാന്‍സ്‌പോര്‍ട്ടിലും ആയിരങ്ങളാണ്‌ വന്നിറങ്ങിയത്‌. ഗെട്ടോകളെ അപേക്ഷിച്ച്‌ കോണ്ടസന്‍ട്രേഷന്‍ ക്യാമ്പുകളിലെ അവസ്ഥ കുറെക്കൂടി മെച്ചപ്പെട്ടതായിരുന്നു. അവിടെ കഴിഞ്ഞവര്‍ക്ക്‌ മഴയും വെയിലും കൊള്ളാതെ കിടക്കാനുള്ള ഒരു മേല്‍കൂരയെങ്കിലും ഉണ്ടായിരുന്നു. ദിവസം ഒരുനേരമെങ്കിലും ആഹാരവും കിട്ടിയിരുന്നു. ഘെട്ടോകളില്‍ ആഹാരം നല്‍കിയിരുന്നില്ല. പട്ടിണിമൂലമോ, രോഗങ്ങള്‍കൊണ്ടോ ചത്തൊടുങ്ങട്ടെ എന്നതായിരുന്നു നാസികളുടെ തീരുമാനം.

ഗെട്ടോകളും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും നിറഞ്ഞുകവിഞ്ഞപ്പോളാണ്‌ കൂട്ടക്കൊലനടത്താനുള്ള മറ്റുമാര്‍ഗങ്ങളെപ്പറ്റി നാസികള്‍ ആലോചിച്ചത്‌. ക്രിസ്റ്റ്യന്‍ വിര്‍ത്ത്‌ എന്ന എസ്സെസ്സ്‌ ഓഫീസറാണ്‌ ഗ്യാസ്‌ ചേമ്പര്‍ എന്നവിദ്യ കണ്ടുപിടിച്ചത്‌. ഇരുനൂറും മുന്നൂറും പേരെ ഏതാനും മിനിറ്റുകള്‍കൊണ്ട്‌ കൊല്ലാം.

ആദ്യം അയാള്‍ മറ്റൊരു വിദ്യയാണ്‌ പരീക്ഷിച്ചത്‌. കാറ്റും വെളിച്ചവും കയറാത്ത ഒരു വാഗണില്‍ റഷ്യാക്കാരില്‍നിന്ന്‌ പിടിച്ചെടുത്ത ഒരു ടാങ്കിന്റെ പുകക്കുഴല്‍ ഘടിപ്പിച്ചു. തന്റെ കണ്ടുപിടുത്തം എങ്ങനെയുണ്ടെന്ന്‌ പരീക്ഷിക്കാന്‍ പുരുഷന്മാരും, സ്‌ത്രീകളും, കുട്ടികളും അടങ്ങയ ഒരുസംഘം യഹൂദരെ വാഗണില്‍ കയറ്റി വാതില്‍ അടച്ചു. ടാങ്ക്‌ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ കറുത്തിരുണ്ട പുക വാഗണിനുള്ളിലേക്ക്‌ പ്രവഹിച്ചു. കാര്‍ബണ്‍മോണോക്‌സൈഡ്‌ എന്ന വിഷവായു ശ്വസിച്ച പരീക്ഷണജീവികള്‍ പത്ത്‌ മിനിറ്റിനുള്ളില്‍ മരിച്ചുവീണു. പരീക്ഷണം വിജയിച്ചതുകണ്ട്‌ നാസികള്‍ വിര്‍ത്തിനെ കൈകൊടുത്ത്‌ അഭിനന്ദിച്ചു. വിജയം ആഘോഷിക്കാന്‍ അവര്‍ ഒരുകുപ്പി ഷാംപേയ്‌ന്‍ പൊട്ടിച്ചു.
പിന്നീടാണ്‌ കുറച്ചുകൂടി മാരകശക്തിയുള്ള സൈക്‌ളോണ്‍-ബി എന്ന മറ്റൊരു വിഷവാതകം കണ്ടുപിടിച്ചത്‌.

കൊല്ലാന്‍കൊണ്ടുപോയവരെ അകമ്പടിസേവിച്ച ഒരു എസ്സെസ്സ്‌ ഡോക്‌ട്ടര്‍ താന്‍കണ്ട കൂട്ടക്കൊലയെപ്പറ്റി യുദ്ധത്തിനുശേഷം നടന്ന കുറ്റവിചാരണയില്‍ ഇന്റര്‍നാഷണല്‍ മിലിറ്ററി ട്രിബ്യൂണല്‍ മുന്‍പാകെ വിവരിക്കുയുണ്ടായി.

`ഒരു ട്രാന്‍സ്‌പോര്‍ട്ടില്‍ വന്നിറങ്ങിയ ആയിരത്തോളം യഹൂദരെ തരം തിരിക്കുന്ന ജോലിയാണ്‌ ഞാന്‍ ചെയ്‌തുകൊണ്ടിരുന്നത്‌. ആരോഗ്യവും ജോലിചെയ്യാന്‍ കഴിവുള്ളവരുമായ പുരുഷന്മാരെയും ചില സ്‌ത്രീകളെയും ഒരുവശത്തേക്ക്‌ മാറ്റിനിറുത്തി. അവര്‍ ഏകദേശം അന്‍പത്‌ പേരോളം ഉണ്ടായിരുന്നു. അവരെ ലേബര്‍ ക്യാമ്പിലേക്കാണ്‌ കൊണ്ടുപോയത്‌.ബാക്കിയുള്ള സ്‌ത്രീകളെയും ബലഹീനരായ പുരുഷന്മാരെയും പ്രായമായവരെയും കുട്ടികളേയും മറ്റൊരു വശത്തേക്കും മാറ്റി. അവരെ ഗ്യാസ്‌ ചേമ്പറിലേക്കു തെളിക്കുകയായിരുന്നു. തങ്ങളെ എങ്ങോട്ടാണ്‌ കൊണ്ടുപോകുന്നതെന്ന്‌ അവര്‍ക്ക്‌ യാതൊരു അറിവും ഉണ്ടായിരുന്നില്ല; എവിടെയോ പാര്‍പ്പിക്കാന്‍ കൊണ്ടുപോകുകയാണെന്നാണ്‌ വിചാരിച്ചത്‌. യുദ്ധംകഴിയുന്നതുവരെ മാറ്റിപ്പാര്‍പ്പിക്കുന്നു എന്നല്ലേ അവരോട്‌ പറഞ്ഞിട്ടുള്ളത്‌. അവരില്‍നിന്ന്‌ ഇരുനൂറോളംപേരെ കുളിപ്പിക്കാനാണെന്ന്‌ പറഞ്ഞ്‌ ഒരു ടണലില്‍കൂടി കൊണ്ടുപോയി. വലിയൊരു കുളിമുറിയുടെ മുമ്പില്‍ ചെന്നപ്പോള്‍ അവരുടെ കൈവശമുള്ള ബാഗുകളും മറ്റ്‌ വിലപിടിപ്പുള്ള സാധനങ്ങളും അവിടെയുള്ള കൗണ്ടറുകളില്‍ ഏല്‍പിച്ച്‌ കുളിക്കാന്‍ തയ്യാറെടുക്കുവാന്‍ ആവശ്യപ്പെട്ടു. സ്‌ത്രീകളുടെ മുടി അവിടെവച്ച്‌ മുറിച്ചുമാറ്റപ്പെട്ടു. അതിനുശേഷം എല്ലാവരേയും നഗ്‌നരാക്കി ഓരോ ചെറിയകഷണം സോപ്പും കൊടുത്ത്‌ `കുളിമുറിയില്‍' കയറ്റി വാതില്‍ അടച്ചു. മുറിയുടെ കിളിവാതിലില്‍ക്കൂടി സൈക്ക്‌ളോണ്‍ ബി എന്ന വിഷവാതകം അടങ്ങിയ ഒരുടിന്‍തുറന്ന്‌ അകത്തേക്ക്‌ എറിഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കുളിമുറിയില്‍നിന്ന്‌ അലര്‍ച്ചയും നിലവിളിയും കേട്ടു. അഞ്ചുമിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മുറിക്കുള്ളിലെ ബഹളം ശമിച്ചു. ഇരുനൂറോളം ആളുകള്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചുകഴിഞ്ഞിരുന്നു. പത്തുമിനിറ്റുകള്‍ക്ക്‌ ശേഷം എല്ലാവരും മരിച്ചെന്ന്‌ ഉറപ്പായപ്പോള്‍ വാതില്‍ തുറന്നു. എസ്സെസ്സുകാര്‍ വിഷവാതകം ശ്യസിക്കാതിരിക്കാന്‍ മാസ്‌ക്കുകള്‍ ധരിച്ചിരുന്നു.

അടുത്ത ബാച്ച്‌ പ്രവേശിക്കാന്‍ ശവങ്ങള്‍ എടുത്തുമാറ്റുക എന്നജോലി ആരോഗ്യമുള്ള യഹൂദതടവുകാരെ തന്നെയാണ്‌ ഏല്‍പിച്ചിരുന്നത്‌. അവരില്‍ ചിലര്‍ക്ക്‌ തങ്ങളുടെ അച്ഛനമ്മമാരുടേയും സ്വന്തം ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും ശവങ്ങള്‍ എടുത്തുമാറ്റേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്‌. ശവങ്ങള്‍ തൊട്ടടുത്തുള്ള വലിയൊരു ചൂളയിലേക്കാണ്‌ എറിയപ്പെട്ടത്‌. ദഹിപ്പിക്കപ്പെടുന്നതിനുമുന്‍പ്‌ എല്ലാശവങ്ങളും സൂഷമമായി പരിശോധിക്കപ്പെട്ടു. വിലപിടിപിപുള്ള എന്തെങ്കിലും അവയില്‍ അവശേഷിച്ചിട്ടുണ്ടോ എന്നറിയാന്‍. ചിലരുടെ വായില്‍ സ്വര്‍ണപ്പല്ലുണ്ടായിരിക്കും. അത്‌ പിഴുതെടുക്കാന്‍ കൊടിലുകള്‍ കൊടുത്തിട്ടുണ്ട്‌. ചിലര്‍ നാക്കിനടിയില്‍ സ്വര്‍ണനാണയങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടായിരിക്കും. അതെല്ലാം എടുത്ത്‌ എസ്സെസ്സിനെ ഏല്‍പിച്ചതിനുശേഷം ശവങ്ങള്‍ ചൂളയിലേക്ക്‌ എറിയപ്പെടും. മാംസം കത്തുന്നതിന്റെ നാറ്റമായിരുന്നു പരിസരംമൊത്തം.'

ഡോക്‌ട്ടറുടെ വിചാരണ കഴിഞ്ഞതിതിനുശേഷം അദ്ദേഹത്തെ കുറ്റവാളിയല്ലെന്നുകണ്ട്‌ വെറുതെ വിട്ടു. ഒരു പ്രത്യേകസാഹചര്യത്തില്‍ ദുഷിച്ചഭരണകൂടത്തിനുകീഴില്‍ ജോലിചെയ്യേണ്ടവന്നതിനാലാണ്‌ താന്‍വെറുക്കപ്പെട്ട ജോലിചെയ്യാന്‍ ഇടയായതെന്ന്‌ അയാള്‍ പറഞ്ഞു.


(തുടരും....)
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-17: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക