Image

`ഓള്‍ ഓഫ്‌ ദ എബൗവ്‌' - പ്രൊഫ. നൈനാന്‍ കോശി (വാല്‍ക്കണ്ണാടി- കോരസണ്‍)

Published on 12 March, 2015
`ഓള്‍ ഓഫ്‌ ദ എബൗവ്‌' - പ്രൊഫ. നൈനാന്‍ കോശി  (വാല്‍ക്കണ്ണാടി- കോരസണ്‍)
ചോദ്യം: പ്രൊഫ. നൈനാന്‍ കോശി എങ്ങനെ അറിയപ്പെടുന്നു?

ഉത്തരങ്ങള്‍ (എ): ക്രിസ്‌തു സുവിശേഷം സ്വാംശീകരിച്ചത്‌ കാറല്‍മാക്‌സ്‌ എന്നുപറഞ്ഞയാള്‍. (ബി) മതേതര ക്രിസ്‌തീയതയാണ്‌ യഥാര്‍ത്ഥ ആത്മീയത എന്നു പ്രചരിപ്പിച്ച വ്യക്തി. (സി) യുദ്ധങ്ങളുടേയും കലാപങ്ങളുടേയും അടിസ്ഥാനം വ്യാപകമായ ആയുധവത്‌കരണമാണ്‌ എന്ന്‌ ചിന്തിച്ചയാള്‍ (ഡി) വിമോചന ദൈവശാസ്‌ത്രത്തിന്റെ വക്താവ്‌. (ഇ) സംഘപരിവാര്‍ ഹൈന്ദവതയെ വിഴിതെറ്റിക്കുന്നു എന്നു വിരല്‍ചൂണ്ടിയ വ്യക്തി (എഫ്‌) മേല്‍പ്പറഞ്ഞവയെല്ലാം ശരികള്‍. ശരിയുത്തരം: (എഫ്‌).

മനുഷ്യസമൂഹത്തെ ഒരു കുടക്കീഴില്‍ വീക്ഷിച്ച്‌, ധൈഷണികമായ പഠനം നിര്‍വ്വഹിച്ച്‌, നിരന്തരമായ ഇടപെടുകളിലൂടെ ചിന്തകളെ കാട്ടുതീയാക്കിയ അതുല്യ വ്യക്തിയാണ്‌. മാര്‍ച്ച്‌ നാലാം തീയതി ഭൗമ മണ്‌ഡലത്തോടു വിടപറഞ്ഞ പ്രൊഫ. നൈനാന്‍ കോശി അറുപതുകളുടെ അന്ത്യപാദം മുതല്‍, മങ്ങിയ പ്രതീക്ഷികളും ഇല്ലായ്‌മയുടെ പെരുമഴയും കോലംതുള്ളിയിരുന്ന കേരളത്തിലെ യുവാക്കളില്‍ ഒരു രക്ഷപെടലിനും മാറ്റത്തിനുമായി ഒരു നെരിപ്പോട്‌ എരിഞ്ഞുനിന്നിരുന്നു. യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ പിറന്നുവീണതിനാല്‍ പുരോഗമന ചിന്താഗതി പുറംതിരിഞ്ഞുനില്‍ക്കുമ്പോഴും വിപ്ലവത്തോടുള്ള ആരാധനയും `സോവ്യറ്റ്‌ ലാന്റ്‌' എന്ന സചിത്ര മാസികയില്‍ ആകൃഷ്‌ടമായ സോഷ്യലിസ്റ്റ്‌ ചിന്തകളും മനസില്‍ താലോലിച്ചിരുന്നു. സമൂല മാറ്റങ്ങള്‍ക്കുള്ള പാഞ്ചജന്യം നക്‌സല്‍ബാരികള്‍ മുഴക്കുകയും, തുടര്‍ന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ജനാധിപത്യരീതികളിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്‌തു. യാഥാസ്ഥിക മതചുറ്റുപാടില്‍ ഗാഢമായി തളയ്‌ക്കപ്പെട്ട ഒരു വലിയകൂട്ടം യുവാക്കളുടെ സ്വരം ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലും, ലിബറേഷന്‍ തിയോളജിയിലും, ശാസ്‌ത്രസാഹിത്യപരിഷത്തിലും ഒരു സങ്കടകടലായി തങ്ങിനിന്നു.

മാക്‌സിസം സ്വാധീനിച്ച ഇന്ത്യയിലെ ദൈവശാസ്‌ത്രജ്ഞന്മാരില്‍ ബിഷപ്പ്‌ പൗലോസ്‌ മാര്‍ പൗലോസ്‌, പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍, ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്ത, എം.എം. തോമസ്‌ എന്നിവരോടൊപ്പം ചേര്‍ത്ത്‌ വെയ്‌ക്കാവുന്ന ഇടമാണ്‌ പ്രൊഫ. നൈനാന്‍ കോശിക്കുള്ളത്‌. ബൈബിളിന്റെ പുനര്‍വായന വിമോചന ദൈവശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം നിര്‍വഹിച്ചു. ക്രിസ്‌തീയ സോഷ്യലിസം, ക്രിസ്‌തീയ ഭൗതീകവാദികള്‍, ക്രിസ്‌തുമതവും സാമൂഹികക്രമവും, പ്രവര്‍ത്തനോന്മുഖമായ ദൈവശാസ്‌ത്രം ( Doing theology), കറുത്ത ദൈവശാസ്‌ത്രം ( Black theology), മര്‍ദ്ദിതനായ ക്രിസ്‌തു ( God the oppressed) തുടങ്ങിയ സാങ്കേതിക സംജ്ഞകള്‍ ലളിതമായി അദ്ദേഹം വിശദീകരിച്ചു.

സ്രാഷ്‌ടാവായ ദൈവത്തിന്റെ സര്‍വ്വാധിപത്യത്തിന്‍കീഴില്‍, മനുഷ്യന്റെ വളര്‍ച്ചയ്‌ക്കും പൂര്‍ണ്ണതയ്‌ക്കും വിമോചനത്തിനും വേണ്ടി പടപൊരുതുവാനും അതിനായി സമാന ചിന്താഗതിക്കാരുമായി ചേരാനുമാണ്‌ വിമോചന ദൈവശാസ്‌ത്രം ആഹ്വാനം ചെയ്യുന്നത്‌. ലോകത്തിലെ യാഥാര്‍ത്ഥ്യങ്ങളെ ക്രിസ്‌തീയ വെളിച്ചത്തില്‍ അപഗ്രഥിക്കുന്നതിനു പകരം, വരാനിരിക്കുന്ന ലോകത്തിലേക്ക്‌ അനുയായികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ സഭകള്‍ ശ്രമിക്കുന്നത്‌. `സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ ഹിതം നടക്കണമേ' എന്ന ക്രിസ്‌തു പഠിപ്പിച്ച പ്രാര്‍ത്ഥന, നാം ചവുട്ടി നില്‍ക്കുന്ന മണ്ണിനെപ്പറ്റിയാണെന്ന ഫാ. സാമുവേല്‍ റായന്റെ ചിന്തകള്‍ അഗ്നിശലഭങ്ങളായി പ്രൊഫ. നൈനാന്‍ കോശിയുടെ വാക്കുകളിലുടെ പറന്നു നടന്നത്‌. സുവിശേഷത്തിന്റെ പൂര്‍ണ്ണത വീണ്ടെടുക്കാനും, ദൈവരാജ്യത്തിന്റെ ഇഹലോകത്തിലെ നിര്‍മ്മാണത്തിന്‌ പ്രാധാന്യം നല്‍കുവാന്‍ പ്രേരകമായ ശക്തി മാര്‍ക്‌സിസമായിരുന്നു എന്ന്‌ അസന്നിഗ്‌ധമായി അദ്ദേഹം പറഞ്ഞു. കാലത്തിന്റെ അടയാളങ്ങള്‍ വിവേചിച്ചറിയാന്‍ യേശുക്രിസ്‌തു തന്നെ പിന്തുടര്‍ന്നവരോട്‌ പറഞ്ഞെങ്കില്‍, അടയാളങ്ങള്‍ പലതും ചൂണ്ടിക്കാട്ടിയത്‌ കാള്‍മാക്‌സാണ്‌ എന്നു അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

തികഞ്ഞ വാഗ്മി, അനുഗ്രഹീതനായ എഴുത്തുകാരന്‍, ലോക സഭാ കൗണ്‍സിലിന്റെ ഡയറക്‌ടര്‍, ബാംഗ്ലൂരിലെ എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ സെന്ററിന്റെ ഡയറക്‌ടര്‍, സ്റ്റുഡന്റ്‌ ക്രിസ്‌ത്യന്‍ മൂവ്‌മെന്റ്‌ സെക്രട്ടറി തുടങ്ങി നിരവധി അന്തര്‍ദേശിയ- ദേശീയ സമിതികളില്‍ പ്രവര്‍ത്തിച്ചു. 1991-ല്‍ മാവേലിക്കരിയില്‍ നിന്നും ലോക്‌സഭയിലേക്ക്‌ മത്സരിച്ചു. യു.എസ്‌.എയിലെ ഹാവാര്‍ഡ്‌ ലോ സ്‌കൂളിലും, നാഷണല്‍ ലോ സ്‌കൂളിലും ഫാക്കല്‍റ്റി അംഗമായിരുന്നു. 1992-ല്‍ ഇറാക്കിലെ കുര്‍ദിഷ്‌ ജനതയെപ്പറ്റി നടത്തിയ പഠനം അന്തര്‍ദേശീയ ശ്രദ്ധ നേടി. തിരുവല്ല സ്വദേശിയായിരുന്ന അദ്ദേഹം ചങ്ങനാശേരി എസ്‌.ബി കോളജില്‍ നിന്നും ആഗ്ര സെന്റ്‌ ജോണ്‍സ്‌ കോളജില്‍ നിന്നും ബിരുദങ്ങള്‍ നേടി. മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളജില്‍ അധ്യാപകനായിരുന്നു.

ചില വ്യക്തികളുടെ വേര്‍പാടുകള്‍ ഓര്‍മ്മയില്‍ ഇടയ്‌ക്കിടെ കടന്നുവരും; കാരണം അവര്‍ ഉണര്‍ത്തിയ ചിന്തകള്‍ ചിതലിനും, പുഴുവിനും ഭക്ഷണമാകില്ല. അവ കാലാകാലങ്ങളില്‍ സ്‌മൃതിപഥത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. അവരുടെ വ്യക്തിത്വം നമ്മിലേല്‍പ്പിക്കുന്ന സ്വാധീനമാണത്‌.
`ഓള്‍ ഓഫ്‌ ദ എബൗവ്‌' - പ്രൊഫ. നൈനാന്‍ കോശി  (വാല്‍ക്കണ്ണാടി- കോരസണ്‍)
Join WhatsApp News
SchCast 2015-03-12 09:35:49
Great article. Keep it coming.
Aniyankunju 2015-03-12 17:24:17
വലിയ ആകാരവും കുനിയാത്ത ശിരസുമുള്ള അദ്ദേഹം ലോകവേദികളില്‍ വളരെ ആദരിക്കപ്പെട്ട ചിന്തകനായിരുന്നു. എന്നാല്‍ കേരളത്തില്‍ അദ്ദേഹം ഒരു സാധാരണ മലയാളിയായിരുന്നു. ജനങ്ങളോട് വളരെ ലളിതമായും വളച്ചുകെട്ടില്ലാതെയും അദ്ദേഹം സംസാരിച്ചു, പെരുമാറി. സാമ്രാജ്യത്വവിരുദ്ധ, വര്‍ഗ്ഗീയവിരുദ്ധ വേദികളില്‍ നിന്ന് ജനങ്ങളോട് സംസാരിക്കാന്‍ കേരളത്തിന്റെ മുക്കിലും മൂലയിലും എത്തി.........വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ രക്ഷിതാവിനെപ്പോലെ അദ്ദേഹം പിന്നില്‍ നിന്നു.വിദ്യാഭ്യാസ സംരക്ഷണസമിതി ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി  സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ പരിഷ്കരണ നടപടികള്‍ക്കെതിരായി പിന്തിരിപ്പന്‍ ശക്തികള്‍ വലിയ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ അതിന്റെ പൊള്ളത്തരം അദ്ദേഹം തുറന്നുകാട്ടി. .....അധ്യാപകന്റെ ജോലിസുരക്ഷിതത്വത്തില്‍ ഒതുങ്ങിക്കൂടാമായിരുന്നിട്ടും അതില്‍നിന്ന് കുതറി ലോകരാഷ്ട്രീയത്തിന്റെ കാണാക്കാഴ്ചകളിലേക്ക് കുതിക്കാനായിരുന്നു പ്രൊഫ. നൈാന്‍ കോശിക്ക് താല്‍പര്യം.

[ക്രൈസ്തവസഭയുടെ കേരളത്തിലെ പാരമ്പര്യം പൊതുവില്‍ പുരോഗമന പ്രസ്ഥാനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തുന്നതായിരുന്നു. കേരളരാഷ്ട്രീയത്തിലെ കളങ്കമായ വിമോചനസമരത്തിലെ പങ്കാളിത്തമടക്കം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ചട്ടക്കൂട്ടില്‍ ക്രൈസ്തവസഭകളെ നിര്‍ത്താന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനം നടന്നിട്ടുണ്ട്.] 

എന്നാല്‍ ലോകമെങ്ങും മനുഷ്യവിമോചനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ക്രൈസ്തവസഭയും ഇടതുപക്ഷ രാഷ്ട്രീയവും കൈകോര്‍ക്കുന്ന നിരവധി അനുഭവങ്ങള്‍ കണ്ട നൈാന്‍ കോശി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വളരെയടുത്തു.
പത്ത് വര്‍ഷം World Council of Churches ന്റെ അന്താരാഷ്ട്ര വിഭാഗം ഡയറക്ടറും സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ നിരവധി മിഷനുകളില്‍ അദ്ദേഹം പങ്കാളിയാവുകവും ലോകമെങ്ങും സഞ്ചരിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയടക്കം ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കയിലും നടന്ന വിമോചന പോരാട്ടങ്ങളെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ മനസ്സ് പലസ്തീനെതിരായ സിയോണിസ്റ്റ് ക്രൂരതകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
....വിദേശകാര്യങ്ങളിലെ സര്‍വവിജ്ഞാനകോശമായിരുന്നു അദ്ദേഹം.
ഏതു സംശയവും ഏതു സമയത്തും അദ്ദേഹത്തോട് ചോദിക്കാമായിരുന്നു.
സാമ്രാജ്യത്വവിരുദ്ധതയും സ്വാതന്ത്ര്യബോധവുമായിരുന്നു നൈനാന്‍ കോശിയുടെ സാര്‍വദേശീയബോധത്തിന്റെ അടിത്തറ.....ഐക്യരാഷ്ട്രസഭയുടെ നിരവധി ദൗത്യങ്ങളില്‍ പങ്കാളിയായി പ്രവര്‍ത്തിച്ചതിന്റെ പ്രായോഗിക അനുഭവത്തില്‍ നിന്നു കൂടിയായിരുന്നു അദ്ദേഹത്തിന്റെ സാര്‍വദേശീയ രാഷ്ട്രീയ കാഴ്ചപ്പാട് രൂപപ്പെട്ടത്. നിരവധി ലേഖനങ്ങളിലൂടെ അദ്ദേഹം ഈ കാഴ്ചപ്പാട് ജനങ്ങളോട് വിശദീകരിച്ചു. നിരവധി വേദികളില്‍ പ്രസംഗിച്ചു. ഏറ്റവുമൊടുവില്‍ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലും അദ്ദേഹം വ്യത്യസ്തനായി നിന്നു.

ആശയങ്ങളുടെ സമ്പന്നത കൊണ്ടാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. സമീപകാലത്ത് ഗാസയിലെ ഇസ്രയേല്‍ ആക്രമണം, നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം എന്നിവ സംബന്ധിച്ച ചാനല്‍ ചര്‍ച്ചകള്‍ ശ്രദ്ധേയമായിരുന്നു.
മൂല്യാധിഷ്ഠിതമായ ഒരു ലോകസമൂഹത്തിനു വേണ്ടി ജീവിതാവസാനം വരെ പ്രവര്‍ത്തിച്ച പ്രൊഫ. നൈനാന്‍ കോശിയുടെ വിയോഗം മൂലമുള്ള നഷ്ടം കേരളത്തിന് സമീപകാലത്തെങ്ങും നികത്താന്‍ കഴിയില്ല.
jayan 2015-03-13 13:41:16
പ്രൊഫ്‌. ന്യ്നാൻ കോശി എന്ന അത്ഭുത പ്രതിഭയെപ്പറ്റിയുള്ള  ലേഖകന്റെ അന്വേഷണത്വര സ്ലാഖനീയമാണ്. അദ്ദേഹത്തെപ്പറ്റി കൂടുതലായി അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. വേരുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീയർക് കൂടുതൽ ഉള്കാഴ്ച നല്കുന്ന ഇത്തരം ലേഖനങ്ങൾ തികച്ചും പ്രശംസ അര്ഹിക്കുന്നു. അന്തരിച്ച മഹാ വ്യക്തിക്ക് മുന്നില് ആയിരം പ്രണാമങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക